Follow KVARTHA on Google news Follow Us!
ad

കാന്തപുരം വിഭാഗം 2004 ല്‍ മഞ്ചേരിയില്‍ എതിര്‍ത്തത് കെ പി എ മജീദിനെ മാത്രമാണോ? വേറെയുമുണ്ടായിരുന്നു കാരണങ്ങള്‍

മലപ്പുറം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 2004 ആവര്‍ത്തിക്കുമെന്ന പ്രതീക്ഷ സി പി എമ്മിന് ഇല്ല. പാര്‍ട്ടി നേതൃത്വവും 2004ല്‍ മഞ്ചേരിയായിരുന്ന ഇന്നത്തെ മലപ്പുറം മണ്ഡലത്തില്‍ നിന്ന് ഇടതുമുന്നണി സ്ഥാനാKerala, Politics, Thiruvananthapuram, Malappuram, kanthapuram, Samastha, Election-2017, P.K Kunjalikutty, CPM, Muslim-League, DYFI, News, CPM is very much awarethis time on Kanthapuram Sunni's stand at Malappuram
തിരുവനന്തപുരം: (www.kvartha.com 19.03.2017) മലപ്പുറം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 2004 ആവര്‍ത്തിക്കുമെന്ന പ്രതീക്ഷ സി പി എമ്മിന് ഇല്ല. പാര്‍ട്ടി നേതൃത്വവും 2004ല്‍ മഞ്ചേരിയായിരുന്ന ഇന്നത്തെ മലപ്പുറം മണ്ഡലത്തില്‍ നിന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി വിജയിച്ച മുന്‍ എം പി ടി കെ ഹംസയും നേരേ തിരിച്ചാണ് പറയുന്നതെങ്കിലും.

മലപ്പുറത്ത് ഭൂരിപക്ഷമുള്ള മുസ്‌ലിം വോട്ടുകളില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലേക്കാള്‍ ഇടിച്ചു കയറ്റം നടത്താനാകും എന്നാണ് പാര്‍ട്ടി കരുതുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇ അഹമ്മദിനോട് മല്‍സരിച്ച പി കെ സൈനബ സി പി എം സംസ്ഥന സമിതി അംഗമാണെങ്കിലും വനിതാ സ്ഥാനാര്‍ത്ഥിയെ ഉള്‍ക്കൊള്ളാന്‍ സി പി എമ്മിനോട് അടുപ്പമുള്ള മുസ്ലിം വിഭാഗങ്ങള്‍ പോലും തയ്യാറായിരുന്നില്ല. എന്നാല്‍ ഇത്തവണ സ്ഥാനാര്‍ത്ഥിയായ ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് എം ബി ഫൈസലിന് അതിനേക്കാളേറെ വൊട്ടുകള്‍ പിടിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍.

2004ല്‍ കെ പി എ മജീദിനെതിരെ മല്‍സരിച്ച ടി കെ ഹംസയ്ക്കു വേണ്ടി കാന്തപുരം വിഭാഗം സുന്നികള്‍ സജീവമായി തെരഞ്ഞെടുപ്പു രംഗത്തുണ്ടായിരുന്നു. അവര്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് വീടുകള്‍ തോറും കയറിയിറങ്ങി ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രചരണം നടത്തി. ഫലം വന്നപ്പോള്‍ സി പി എമ്മിനെപ്പോലും അമ്പരപ്പിച്ച ഇടതുതരംഗമാണ് ഈ ഇടപെടല്‍ മൂലം ഉണ്ടായതെന്ന് എതിരാളികൾ പോലും വെളിപ്പെടുത്തിയ കാര്യമാണ്.


കെ പി എ മജീദ് മുജാഹിദ് അനുകൂലിയായതുകൊണ്ടാണ് കാന്തപുത്തിന്റെ ഈ ഇടപെടല്‍ ഉണ്ടായത് എന്നാണ് അന്നുമിന്നും പ്രചരിപ്പിക്കുന്നത്. ഇടതുകേന്ദ്രങ്ങളും അത് വിശ്വസിക്കുന്നു. എന്നാല്‍ ലീഗിന് അറിയാവുന്ന മറ്റൊരു പ്രധാന ഘടകം കാന്തപുരത്തിന്റെ തീരുമാനത്തെ സ്വാധീനിച്ചിരുന്നു.


2001ല്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയ എ കെ ആന്റണി സര്‍ക്കാരിന്റെ ഹജ്ജ് കമ്മിറ്റിയിലും വഖഫ് ബോര്‍ഡിലും ഉള്‍പ്പെടെ കാന്തപുരം വിഭാഗത്തിന് പരിഗണന നല്‍കുന്നതിനെ മുസ്‌ലിം ലീഗ് എതിര്‍ത്തത് കാന്തപുരത്തെ ചൊടിപ്പിച്ചിരുന്നു. പരമ്പരാഗതമായി ലീഗ് വിരുദ്ധരായ ജമാഅത്തെ ഇസ്‌ലാമിക്കുപോലും പ്രാതിനിധ്യം നല്‍കിയപ്പോഴായിരുന്നു ഈ അവഗണന.

മുഖ്യമന്ത്രി എ കെ ആന്റണി അനുകൂലമായിരുന്നുവെങ്കിലും ഇ കെ സുന്നി വിഭാഗത്തിന്റെ സമ്മര്‍ദത്തിനു വഴങ്ങി ലീഗ് നേതൃത്വം കാന്തപുരം വിഭാഗത്തെ അകറ്റി നിര്‍ത്തി എന്ന പ്രതീതി പ്രചരിച്ചു. ഹജ്ജ്, വഖഫ് ചുമതലയുള്ള മന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയെ കാന്തപുരം നേരിട്ട് കണ്ടിട്ടും ഫലമുണ്ടായില്ല. ആ സര്‍ക്കാര്‍ അധികാരത്തില്‍ നിലനില്‍ക്കെത്തന്നെ കിട്ടിയ ആദ്യ അവസരത്തില്‍ ലീഗിന് തിരിച്ചടി കൊടുക്കാന്‍ കാന്തപുരം തീരുമാനിക്കുകയും ചെയ്തു.

പൊന്നാനിയില്‍ മല്‍സരിച്ച ഇ അഹമ്മദിന് കാന്തപുരവുമായി നല്ല ബന്ധമാണുണ്ടായിരുന്നത്. അതുകൊണ്ട് ലീഗിനോട് പകരം വീട്ടാന്‍ കാന്തപുരം സുന്നികള്‍ മഞ്ചേരി തെരഞ്ഞെടുത്തു. അതിനൊപ്പം, ആ തെരഞ്ഞെടുപ്പില്‍ സംസ്ഥാന വ്യാപകമായി യു ഡി എഫിനെതിരേ ഉണ്ടായ വികാരവും മഞ്ചേരിയില്‍ ഇടതുമുന്നണിക്ക് അനുകൂലമായി മാറി. പൊന്നാനിയില്‍ അഹമ്മദ് ജയിച്ചതൊഴിച്ചാല്‍ യു ഡി എഫിന് ഒരു സീറ്റുപോലും ലഭിക്കാതെ പോയ തെരഞ്ഞെടുപ്പായിരുന്നു അത്.

ഇത്തവണ മല്‍സരിക്കുന്നത് കുഞ്ഞാലിക്കുട്ടിയാണെങ്കിലും കാന്തപുരം വിഭാഗത്തിന് ലീഗിനോട് മുമ്പത്തെ ശത്രുത നിലനില്‍ക്കുന്നില്ല. 2006ലെ ഇടതുമുന്നണി സര്‍ക്കാരിന്റെ മാതൃക സ്വീകരിച്ചില്ലെങ്കിലും 2011ലെ യു ഡി എഫ് സര്‍ക്കാരും കാന്തപുരം വിഭാഗത്തിന് ചെറിയരീതിയിലുള്ള പരിഗണന നല്‍കിയതാണ് ഒരു കാരണം.

കാന്തപുരം വിഭാഗവും മുസ്ലിം ലീഗിലെ ഒരു വിഭാഗവും ഇ കെ വിഭാഗത്തിന്റെ കാര്യത്തിൽ തർക്കിക്കുമ്പോഴെല്ലാം മധ്യസ്ഥനായി വർത്തിക്കുകയും കാന്തപുരത്തെ വിമർശിക്കുന്ന കാര്യത്തിൽ മിതത്വം കാട്ടുകയും പൊതുവിഷയങ്ങളിൽ പക്വമാർന്ന നിലപാടെടുക്കുകയും ചെയ്യുന്ന നേതാവെന്ന രീതിയിൽ പി കെ കുഞ്ഞാലിക്കുട്ടിയോട് കാന്തപുരം വിഭാഗത്തിന് പ്രത്യേക ശത്രുതയുമില്ല. ഇതെല്ലാം കൊണ്ട് മിന്നുന്ന ജയപ്രതീക്ഷയാണ് ലീഗിനും കുഞ്ഞാലിക്കുട്ടിക്കുമുള്ളത്. ടി കെ ഹംസയെപ്പോലെ മുതിര്‍ന്ന നേതാവിനെ മല്‍സരിപ്പിക്കാന്‍ സി പി എം തയ്യാറാകാത്തതും അതുകൊണ്ടാണ്.

Keywords: Kerala, Politics, Thiruvananthapuram, Malappuram, kanthapuram, Samastha, Election-2017, P.K Kunjalikutty, CPM, Muslim-League, DYFI, News, CPM is very much awarethis time on Kanthapuram Sunni's stand at Malappuram