Follow KVARTHA on Google news Follow Us!
ad

സുരക്ഷിത സ്ത്രീ പരിഷ്‌കൃത സമൂഹത്തിന്റെ പ്രതീകം

സിനിമാ ചിത്രീകരണത്തിന് എത്താന്‍ ഒറ്റയ്ക്കു കാറില്‍ യാത്ര ചെയ്ത പ്രമുഖ നടിക്കു നേരേ ഉണ്ടായ Actress, Cinema, Entertainment, House Wife, attack, Police, Threatened, Article,
സമകാലികം/ എസ് എ ഗഫൂര്‍

(www.kvartha.com 19.02.2017) സിനിമാ ചിത്രീകരണത്തിന് എത്താന്‍ ഒറ്റയ്ക്കു കാറില്‍ യാത്ര ചെയ്ത പ്രമുഖ നടിക്കു നേരേ ഉണ്ടായ അതിക്രമം വലിയ വാര്‍ത്തയും ചര്‍ച്ചയുമായത് സ്വാഭാവികം. അറിയപ്പെടുന്ന നടിക്ക് ഇതാണ് അനുഭവമെങ്കില്‍ സാധാരണക്കാരുടെ സ്ഥിതി എന്താകും എന്ന പരിഹാസ്യമായ ചോദ്യങ്ങള്‍ വരെ ചാനല്‍ ചര്‍ച്ചകളില്‍ കേട്ടു. നടിമാര്‍ക്കും സെലിബ്രിറ്റീസിനും എതിരേയല്ല സാധാരണക്കാരായ വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ക്കു നേരേയാണ് ദിവസേനയെന്നോണം പലതരം അതിക്രമങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് നടിയാണോ സാധാരണക്കാരിയാണോ എന്നതല്ല സ്ത്രീയാണോ എന്നതാണ് അക്രമികള്‍ക്ക് വിഷയം.

സ്ത്രീയുടെ ശരീരമാണ് ഉന്നം. തക്കത്തിനു കിട്ടിയാല്‍ അതില്‍ അധീശത്വം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന വികല മാനസികാവസ്ഥയുള്ള ക്രിമിനലുകള്‍ വാഴുന്നു. നടിയാണോ സാധാരണക്കാരിയാണോ എന്ന വ്യത്യാസമില്ലാതെ സ്ത്രീയുടെ മാനം രക്ഷിക്കുക എന്നതുതന്നെയാണ് പോലീസിന്റെയും പൊതു സമൂഹത്തിന്റെയും ഉത്തരവാദിത്തം. അതുകൊണ്ട് കേരളത്തിലെ സ്ത്രീകള്‍ സുരക്ഷിതരല്ലാതായി മാറിക്കൊണ്ടിരിക്കുന്നു എന്ന അതീവ ഗൗരവമുള്ള യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞും അംഗീകരിച്ചും അതിശക്തമായ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ കാര്യങ്ങള്‍ പിടിവിട്ടു പോകാന്‍ വലിയ താമസമൊന്നുമില്ല.

ഒറ്റയ്ക്കായാലും പലര്‍ കൂടിയായാലും പകലായാലും രാത്രിയായാലും സ്ത്രീക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാനും സ്വന്തം താമസ സ്ഥലത്തോ ജോലി സ്ഥലത്തോ ഭയമില്ലാതെ കഴിയാനും കഴിയണം. അവര്‍ക്ക് ഭീഷണി ഉയര്‍ത്തി ലൈംഗികാസക്തിയോടെ സമീപിക്കുന്ന പുരുഷന്മാര്‍ അതില്‍ നിന്ന് പിന്‍മാറണമെങ്കില്‍ രണ്ടു കാര്യങ്ങള്‍ ഉറപ്പായും നടക്കേണ്ടിയിരിക്കുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിലെ പ്രതികളെ ഒരു സ്വാധീനത്തിനും വഴങ്ങാതെ വേഗത്തില്‍ പിടികൂടുക എന്നതാണ് ആദ്യത്തെ കാര്യം. കേസുകളിലെ തുടര്‍ നടപടികള്‍, അതായത് കുറ്റപത്രം സമര്‍പ്പിക്കുന്നതു വരെയുള്ള നടപടികളില്‍ വിട്ടുവീഴ്ചയില്ലാതിരിക്കാനും ശ്രദ്ധിക്കണം. കോടതിയിലെത്തുന്ന കേസുകളില്‍ അതിവേഗ വിചാരണയും കടുത്ത ശിക്ഷയും ഉറപ്പാക്കുക എന്നതാണ് രണ്ടാമത്തെ കാര്യം.

സംഘടിതമായും ആസൂത്രിതമായുമാണെങ്കിലും അതല്ല, ഒറ്റയ്ക്കും പെട്ടെന്നുണ്ടാകുന്ന തോന്നല്‍കൊണ്ടുമാണെങ്കിലും പിടിക്കപ്പെടുമെന്നും ജീവിതം ജയിലഴികള്‍ക്കുള്ളിലാകും എന്നുമുള്ള തോന്നല്‍ സമൂഹത്തിന്റെയാകെ അന്തര്‍ധാരയായി നിലനില്‍ക്കണം. എല്ലാ പരിഷ്‌കൃ സമൂഹങ്ങളിലും കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നത് പിടിക്കപ്പെടും എന്ന ഉറപ്പും കനത്ത ശിക്ഷയേക്കുറിച്ചുള്ള പേടിയുമാണ്. അതിന് ഇഛാശക്തിയുള്ള ഭരണകൂടവും അതിന്റെ ഭാഗമായി സ്വാധീനത്തിനോ പ്രലോഭനങ്ങള്‍ക്കോ വഴങ്ങാത്ത നിയമപാലന സംവിധാനവും വേണം. സാമൂഹിക ബോധവും സഹജീവിയുടെ അന്തസ്സിനെ മാനിക്കുന്ന വ്യക്തിത്വവുമുള്ള ആളുകളാണ് എല്ലാവരും എന്ന് കരുതുന്നത് അബദ്ധമാണ്.

എല്ലാവരെയും അങ്ങനെയാക്കാന്‍ സാമൂഹിക ബോധവല്‍ക്കരണ പരിപാടികളാകാം. പക്ഷേ, വിട്ടുവീഴ്ചയില്ലാത്ത നിയമപാലനമാണ് ആദ്യമായി വേണ്ടത്. ഇനി ഒരു സ്ത്രീക്കും ഇതുപോലുള്ള അനുഭവം ഉണ്ടാകരുത് എന്ന് ഓരോ അതിക്രമത്തിനു ശേഷം പ്രതിജ്ഞയെടുത്തിട്ടു കാര്യമില്ല. അടുത്തതാര് എന്ന ഭീതി കേരളത്തിലെ സ്ത്രീ മനസുകളില്‍ നിന്ന് പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയുകതന്നെ വേണം. പിണറായി സര്‍ക്കാരിന് ചെയ്യാന്‍ സാധിക്കേണ്ട ഏറ്റവും അടിസ്ഥാനപരമായ ദൗത്യം അതായിരിക്കണം. സ്വന്തം സ്ത്രീകള്‍ സുരക്ഷിതരാണ് എന്ന് ആത്മവിശ്വാസത്തോടെ തിരിച്ചറിയുന്ന സമൂഹത്തിന്റെ പിന്തുണ താനേ പിന്നാലെ വരും എന്ന് മുഖ്യമന്ത്രിയും ഭരണനേതൃത്വത്തിലെ മറ്റുള്ളവരും തിരിച്ചറിയണം.

Also Read:
സ്വത്ത് പ്രശ്‌നം സംബന്ധിച്ച് ചര്‍ച്ചക്ക് പോയ യുവാക്കളെ മുറിയില്‍ പൂട്ടിയിട്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു; ഒരാളുടെ നില ഗുരുതരം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Women in Kerala should be safe, But how? Actress, Cinema, Entertainment, House Wife, attack, Police, Threatened, Article.