» » » » » » » » » » » » 'മുഈനുദ്ദീന്‍ ആ സംഘടനയുമായി ഒരിക്കലും ബന്ധപ്പെടില്ല, മകനെ ആരെങ്കിലും ചതിച്ചതായിരിക്കാം'; ദാഇഷ് ബന്ധമാരോപിച്ച് എന്‍ ഐ എ അറസ്റ്റു ചെയ്ത കാസര്‍കോട് സ്വദേശിയുടെ മാതാപിതാക്കള്‍ക്ക് പറയാനുള്ളത്

ന്യൂഡല്‍ഹി: (www.kvartha.com 16/02/2017) 'മുഈനുദ്ദീന്‍ ആ സംഘടനയുമായി ഒരിക്കലും ബന്ധപ്പെടില്ല, അത് ഞങ്ങള്‍ക്ക് ഉറപ്പാണ്' ദാഇഷ് ബന്ധത്തിന്റെ പേരില്‍ എന്‍ ഐ എ ഡല്‍ഹിയില്‍ വെച്ച് അറസ്റ്റു ചെയ്ത മുഈനുദ്ദീന്‍ പാറക്കടവത്തിന്റെ പിതാവ് കാഞ്ഞങ്ങാട് ലക്ഷ്മി നഗര്‍ തെരുവത്തെ അബ്ദുല്ലയ്ക്കും മാതാവ് സഫിയയ്ക്കും പറയാനുള്ളത് മകനെ കുറിച്ച് നല്ലതു മാത്രം. നാട്ടില്‍ ഇടക്കിടെയുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ മുഈനുദ്ദീന്റെ കൂട്ടുകാരില്‍ പലരും കേസില്‍ പെട്ടപ്പോള്‍ മുഈനുദ്ദീനും ഇതിലൊന്നും പെടരുതെന്ന് കരുതിയാണ് 19-ാം വയസില്‍ തന്നെ സഹോദരന്മാരായ മഹ് മൂദും റഷീദും അബൂദാബിയിലേക്ക് കൊണ്ടുപോയത്. അവിടെ ഇവരുടെ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ സെയില്‍സ്മാനായി പ്രവര്‍ത്തിക്കുകയായിരുന്നു മുഈനുദ്ദീന്‍.

മാസങ്ങള്‍ക്കു മുമ്പ് കണ്ണൂരിലെ ചില സംഘങ്ങളെ ക്യാമ്പ് നടത്തിയതിന്റെ പേരില്‍ പോലീസും എന്‍ ഐ എയും അറസ്റ്റു ചെയ്തപ്പോള്‍ ഇവര്‍ക്ക് വെസ്റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫര്‍ വഴി പണമയച്ചു കൊടുത്തത് മുഈനുദ്ദീനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എന്‍ഐഎ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മുഈനുദ്ദീനെ അബുദാബി എല്‍ട്രാ റോഡിലെ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ വെച്ച് അബൂദാബി പോലീസ് അറസ്റ്റു ചെയ്ത് എന്‍ഐഎയ്ക്ക് കൈമാറി ഡല്‍ഹിയിലെത്തിച്ചത്.മുഈനുദ്ദീന് മാസങ്ങള്‍ക്ക് മുമ്പ് ഒരു ദിവസം കൂട്ടുകാരോടൊപ്പം സ്ഥലം കാണാനായി ബഹ്‌റൈനില്‍ പോയിരുന്നതായി പിതാവ് അബ്ദുല്ല പറയുന്നു. പിറ്റേ ദിവസം തന്നെ മകന്‍ ജോലി സ്ഥലത്തെത്തിയിരുന്നു. ഇതിനു ശേഷമാണ് എന്‍ഐഎയുടെ എറണാകുളത്തെ ഒരു ഉദ്യോഗസ്ഥനും ഹൊസ്ദുര്‍ഗ് പോലീസിലെ ചില ഉദ്യോഗസ്ഥരും വീട്ടിലെത്തി മുഈനുദ്ദീനെ കുറിച്ച് അന്വേഷിച്ചത്. തങ്ങള്‍ മകനെ ബന്ധപ്പെടുകയും ഫോണ്‍ എന്‍ഐഎ ഉദ്യോഗസ്ഥനെ ഏല്‍പിക്കുകയും ചെയ്തിരുന്നു. അവര്‍ മകനുമായി ചില കാര്യങ്ങള്‍ സംസാരിച്ചിരുന്നു. മകന്‍ ജോലി ചെയ്യുന്ന സ്ഥലവും ഫോണ്‍ നമ്പറുമടക്കം ഇവര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു.

മകന്‍ ചിലരുമായി ബന്ധപ്പെട്ടിരുന്നതായി സംശയമുണ്ടെന്ന് മാത്രമാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. വീട്ടിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കു പോലും പണം ചോദിച്ചാല്‍ വല്ലപ്പോഴും അയച്ചുകൊടുക്കുന്ന മുഈനുദ്ദീന്റെ കൈവശം ഒരിക്കലും ഇത്തരം സംഘടനകള്‍ക്ക് കൈമാറാനുള്ള പണം ഉണ്ടാകാനിടയില്ലെന്ന് പിതാവും മാതാവും പറയുന്നു. ആരെങ്കിലും ഏല്‍പിച്ച പണം അവന്‍ ആര്‍ക്കെങ്കിലും കൊടുത്തിരിക്കാം. ഇതിന്റെ പേരില്‍ മകനെതിരെ തീവ്രവാദ ബന്ധം ആരോപിക്കുന്നത് വേദനാജനകമാണെന്നും പിതാവ് കെവാര്‍ത്തയോട് പറഞ്ഞു. സഹോദരങ്ങളുടെ കൂടെ ആയതു കൊണ്ട് കുറച്ച് അവര്‍ ലാളിച്ചിരിക്കാം. എന്നാല്‍ മകന്‍ ഒരിക്കലുംഇത്തരം സംഘടനകളുടെ പിറകെ പോകുമെന്ന് വിശ്വസിക്കുന്നില്ല. രണ്ടു മാസം മുമ്പ് തന്നെ മകനെ അബൂദാബി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തങ്ങള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ മകനെ കസ്റ്റഡിയിലെടുക്കാന്‍ അബൂദാബി പോലീസിന് നിര്‍ദേശം നല്‍കിയത്. പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള മുഇൗനുദ്ദീന്‍ നല്ല ഈശ്വര വിശ്വാസിയാണ്. അതുകൊണ്ടു തന്നെ തെറ്റായ വഴിയില്‍ സഞ്ചരിക്കുമെന്ന് കരുതുന്നില്ല.

അബൂദാബിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത സമയത്തും മകനുമായി സംസാരിച്ചിരുന്നു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നുമാണ് മകന്‍ പറഞ്ഞത്. അവന്റെ വാക്കുകളെ ഞങ്ങള്‍ വിശ്വസിക്കുന്നു. ആരെങ്കിലും വിഷമങ്ങള്‍ പറഞ്ഞാല്‍ സാമ്പത്തിക സഹായമടക്കം എന്തു സഹായവും ചെയ്യുന്ന ശീലം അവനുണ്ട്. ഈ സ്വഭാവം മനസിലാക്കി ആരെങ്കിലും അവനെ ചതിയില്‍പെടുത്തിയിരിക്കാമെന്നാണ് വീട്ടുകാരുടെ വിശ്വാസം.

എന്‍ ഐ എയുടെ ഡല്‍ഹി ഉദ്യോഗസ്ഥര്‍ മകനെ കസ്റ്റഡിയിലെടുത്ത ശേഷം തങ്ങളുമായി സംസാരിച്ചിരുന്നു. രണ്ടു ദിവസത്തിനകം കൊച്ചിയിലെത്തിക്കുമെന്നാണ് അറിയിച്ചത്. നിയമത്തിന്റെയും നീതിയുടെയും ഭാഗത്ത് നിന്നുകൊണ്ട് മകന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പിതാവ് പറഞ്ഞു. മകനെ ഒരു നോക്കു കാണണമെന്ന ആഗ്രഹം മാത്രമാണ് തനിക്കുള്ളതെന്ന് മാതാവ് സഫിയ പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ശസ്ത്രക്രിയകള്‍ കഴിഞ്ഞ് വിശ്രമിക്കുന്ന അബ്ദുല്ലയ്ക്കും സഫിയയ്ക്കും മകനെ കുറിച്ചുള്ള വിഷമം മാത്രമാണ് ശസ്ത്രക്രിയയുടെ വേദനയെക്കാള്‍ പോറലേല്‍പിക്കുന്നത്.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, New Delhi, National, news, arrest, father, New Delhi, Kerala, National, Arrest, NIA, Moeenuddeen's arrest: What Parents say?

About irf Kvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date