Follow KVARTHA on Google news Follow Us!
ad

ചേരിതിരിഞ്ഞുള്ള വിവാദ ചര്‍ച്ചകള്‍ക്കു പകരം ഈ നല്ല സിനിമക്കായി ഒരുമിച്ചു നില്‍ക്കണം; 'ആമി'യില്‍ വിവാദമുണ്ടാക്കുന്നവര്‍ക്ക് മഞ്ജു വാര്യരുടെ മറുപടി

കമലാ സുരയ്യയുടെ ജീവിത കഥ പറയുന്ന 'ആമി' സിനിമയില്‍ താന്‍ നായികയായി അഭിനയിക്കുന്നതിനെതിരെ ഉണ്ടായ വിവാദങ്ങള്‍ക്ക് മറുപടിയുമായി മഞ്ജു വാര്യര്‍. കഴിഞ്ഞ ദിവസം Kochi, Entertainment, Manju Warrier, Controversy, Film, Trending, Manju Warrier replays
കൊച്ചി: (www.kvartha.com 16.02.2017) കമലാ സുരയ്യയുടെ ജീവിത കഥ പറയുന്ന 'ആമി' സിനിമയില്‍ താന്‍ നായികയായി അഭിനയിക്കുന്നതിനെതിരെ ഉണ്ടായ വിവാദങ്ങള്‍ക്ക് മറുപടിയുമായി മഞ്ജു വാര്യര്‍. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പേജിലൂടെ നിരവധി പേര്‍ മഞ്ജുവിനെതിരെ തിരിഞ്ഞിരുന്നു. 'ഇനി മതം മാറാന്‍ മാത്രം ബാക്കി' എന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ചിലര്‍ ഉന്നയിച്ചതോടെ നടി ഇവര്‍ക്ക് മറുപടിയുമായി ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്ത് വരികയായിരുന്നു.


കമല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നേരത്തെ ബോളിവുഡ് നടി വിദ്യാബാലനെയായിരുന്നു നായികയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചിത്രീകരണം തുടങ്ങുന്നതിന് അഞ്ച് ദിവസം മുമ്പ് വിദ്യാബാലന്‍ ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു. പിന്നീട് പലപേരുകളും ഉയര്‍ന്നെങ്കിലും അവസാനം മഞ്ജു വാര്യര്‍ക്ക് നറുക്ക് വീഴുകയായിരുന്നു. ഇതോടെയാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ മഞ്ജു വാര്യര്‍ക്കെതിരെ 'സൈബര്‍ യുദ്ധം' പ്രഖ്യാപിച്ചത്. എന്നാല്‍ വിമര്‍ശകരേക്കാള്‍ കൂടുതല്‍ ആള്‍ക്കാര്‍ മഞ്ജുവിനെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു.

മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന 'ആമി' എന്ന സിനിമയില്‍ മാധവിക്കുട്ടിയായി അഭിനയിക്കാനൊരുങ്ങുകയാണ്. ഇതിനകം ഈ ചിത്രത്തെച്ചൊല്ലി ധാരാളം വാദപ്രതിവാദങ്ങളും പ്രചാരണങ്ങളും ഉയര്‍ന്നതുകൊണ്ട് ഒരു കാര്യം വ്യക്തമാക്കട്ടെ. ഞാന്‍ ഇതില്‍ അഭിനയിക്കുന്നത് എന്റെ രാഷ്ട്രീയത്തിന്റെ പ്രഖ്യാപനമായിട്ടല്ല. ചിത്രത്തിന്റെ സംവിധായകന്‍ കമല്‍സാറിനെ ചുറ്റിയുളള രാഷ്ട്രീയചര്‍ച്ചകളിലെ പക്ഷംചേരലായി ഇതിനെ വ്യാഖ്യാനിക്കുകയുമരുത്. കമല്‍ സാര്‍ എനിക്ക് ഗുരുതുല്യനാണ്. അദ്ദേഹത്തിന്റെ 'ഈ പുഴയും കടന്നും', 'കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്തും' പോലെയുള്ള സിനിമകള്‍ എന്റെ അഭിനയജീവിതത്തിലെ എക്കാലത്തെയും വലിയ ഭാഗ്യങ്ങളാണ്. കമല്‍ സാറിന്റെ രാഷ്ട്രീയമല്ല, അദ്ദേഹത്തിലെ കലാകാരനോടുള്ള ആദരവും ഇരുപതുവര്‍ഷത്തിനുശേഷം ഒപ്പം പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയതിലുള്ള ആവേശവുമാണ് ഇപ്പോള്‍ ഉള്ളില്‍.

ഭാരതത്തില്‍ ജനിച്ച ഏതൊരാളെയും പോലെ 'എന്റെ രാജ്യമാണ് എന്റെ രാഷ്ട്രീയം'. മറ്റൊന്ന് കൂടി. എന്നും രണ്ടുനേരം അമ്പലത്തില്‍ ദീപാരാധന തൊഴുന്നയാളാണ് ഞാന്‍. അതേപോലെ പള്ളിക്കും മസ്ജിദിനും മുന്നിലെത്തുമ്പോള്‍ പ്രണമിക്കുകയും ചെയ്യുന്നു. മാധവിക്കുട്ടിയെന്ന എഴുത്തുകാരി ഒരു ഇതിഹാസമാണ്. അവരെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാനുള്ള അവസരം ഏതൊരു അഭിനേത്രിയേയും പോലെ എന്നെയും കൊതിപ്പിക്കുന്നു. ദയവായി ആമിയെ ഒരു സിനിമയായും എന്റേത് അതിലെ ഒരു കഥാപാത്രമായും മാത്രം കാണുക. സിനിമ ഒരു കലാരൂപമാണ്. അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പല ആശയസംഹിതകളും രാഷ്ട്രീയനിലപാടുകളുമുണ്ടാകാം. അവര്‍ അത് മറന്ന് ഒരേ മനസോടെയും നിറത്തോടെയും പ്രവര്‍ത്തിക്കുന്നത് നല്ലൊരുസിനിമ സൃഷ്ടിക്കാനാണ്. 'ആമി'യിലും അതുതന്നെയാണ് സംഭവിക്കുക. ഇല്ലാത്ത അര്‍ഥതലങ്ങള്‍ നല്‍കി വിവാദമുണ്ടാക്കുന്നവര്‍ ഉദ്ദേശിക്കുന്നത് മറ്റുപലതുമാണ്. അത് തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഈ സിനിമ ഓരോ മലയാളിയുടെയും അഭിമാനമായി മാറുമെന്നും ഇത് ലോകസിനിമയ്ക്കുള്ള മലയാളത്തിന്റെ ഐതിഹാസികമായ സമര്‍പ്പണമാകുമെന്നുമാണ് വിശ്വാസം.

അതുകൊണ്ട് പ്രിയപ്പെട്ടവരേ...എന്നെ മുന്‍നിര്‍ത്തി ചേരിതിരിഞ്ഞുള്ള വിവാദ ചര്‍ച്ചകള്‍ക്കു പകരം ഈ നല്ല സിനിമക്കായി ഒരുമിച്ചു നില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഈ വലിയ വേഷം ഏറ്റെടുക്കുമ്പോള്‍ നിങ്ങളുടെ പിന്തുണമാത്രമാണ് കരുത്ത്. കൂടെയുണ്ടാകണം...

Related News: മഞ്ജുവാര്യര്‍ 'ആമി'യാകുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഒരുവിഭാഗം രംഗത്ത്; വിദ്യബാലന്‍ സ്‌ക്രിപ്റ്റ് വായിച്ച് ഗൂഢലക്ഷ്യം മനസിലാക്കി ഒഴിവാക്കിയ സിനിമ മഞ്ജു ഏറ്റെടുത്തത് ശരിയായില്ലെന്ന് കമന്റുകള്‍, കരിയറിലെ മികച്ച ചിത്രമായിരിക്കും ആമിയെന്ന് പിന്തുണക്കുന്നവര്‍




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Entertainment, Manju Warrier, Controversy, Film, Trending, Manju Warrier replays on Aami's controversy, Kamala Surayya.