» » » » » » » » കേരളത്തിന്റെ സ്വന്തം സിവില്‍ സര്‍വീസിനെ എന്തിനാണ് പേടിക്കുന്നത്?

സമകാലികം/ എസ് എ ഗഫൂര്‍

(www.kvartha.com 08.01.2017) കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് അഥവാ കെഎഎസ് രൂപീകരിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സെക്രട്ടേറിയറ്റ് ജീവനക്കാര്‍ എതിര്‍ക്കുകയാണല്ലോ. കഴിഞ്ഞ ദിവസം സിപിഎം അനുകൂല സെക്രട്ടേറിയറ്റ് അസോസിയേഷന്‍ കെഎഎസിനെതിരേ തലസ്ഥാന നഗരത്തില്‍ പ്രകടനം നടത്തി. മറ്റു പാര്‍ട്ടികളുടെ സെക്രട്ടേറിയറ്റ് സംഘടനകള്‍ ഒരു ദിവസത്തെ പണിമുടക്ക് തന്നെ നടത്തി.

എന്നാല്‍ കെഎഎസുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. 1967ലെ ഇഎംഎസ് സര്‍ക്കാര്‍ മുതല്‍ കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വരെ തൊട്ടപ്പോള്‍ പൊള്ളി കൈ പിന്‍വലിച്ച കാര്യത്തിലാണ് പിണറായി സര്‍ക്കാരും തൊടുന്നത്. സെക്രട്ടേറിയറ്റിലെ മുതിര്‍ന്ന തസ്തികകളിലേക്ക് സ്ഥാനക്കയറ്റം വഴിയല്ലാതെ നേരിട്ട് യുവജനങ്ങള്‍ക്ക് എത്താന്‍ അവസരമൊരുക്കുകയാണ് കെഎഎസിലൂടെ ഉന്നം വയ്ക്കുന്നത്.

Kerala, Thiruvananthapuram, Article, Protest, Secretariat, Pinarayi vijayan, Job, Civil Service, Politics, Government, Samakalikam, SA Gafoor, Who is strongly oppose Kerala Administrative Service


എന്നാല്‍ തങ്ങളുടെ സ്ഥാനക്കയറ്റ സാധ്യതകള്‍ക്ക് തടയിടാനാണ് കെഎഎസ് ഇടയാക്കുകയെന്ന് സെക്രട്ടേറിയറ്റ് ജീവനക്കാര്‍ ഭയക്കുന്നു. ഒരേ പാര്‍ട്ടികളുടെ യുവജന വിഭാഗങ്ങള്‍ എതിര്‍ക്കുകയും സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സംഘടനകള്‍ മുഖാമുഖം നില്‍ക്കുകയാണ് ഈ വിഷയത്തില്‍. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് എന്ന ഐഎഎസിന് സമാന്തരമായി മിക്ക സംസ്ഥാനങ്ങളിലും സ്വന്തം സിവില്‍ സര്‍വീസുണ്ട്്. തുടക്കത്തില്‍ അവിടെയൊക്കെയും എതിര്‍പ്പുകള്‍ ഉണ്ടാകാതിരുന്നിട്ടില്ല. എന്നാല്‍ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങാതെ, മെച്ചപ്പെട്ട സിവില്‍ സര്‍വീസിനു വേണ്ടിയുള്ള ഇഛാശക്തിയോടെ സര്‍ക്കാരുകള്‍ തീരുമാനമെടുക്കുകയാണ് ചെയ്തത്. പിണറായി വിജയന്‍ സര്‍ക്കാരും അത് ചെയ്യുമെന്ന് പ്രത്യാശിക്കാം.

തലസ്ഥാന നഗരത്തിലെ പ്രധാന കാഴ്ച സെക്രട്ടേറിയറ്റിന്റെ തൂവെള്ള നിറമുള്ള പ്രൗഡിയല്ല. കാണാന്‍ കാഴ്ചബംഗ്ലാവും അപൂര്‍വ്വജീവികളും കോട്ടയ്ക്കകത്തെ കുതിരമാളികയുമുണ്ട്; നേരംപോക്കാന്‍ വിശാലമായ മ്യൂസിയം വളപ്പും. സെക്രട്ടേറിയറ്റിനു മുന്നില്‍ ചെന്നുനിന്നു സെല്‍ഫിയെടുക്കുന്നവരെയും കാണാന്‍ കഴിയില്ല. ഭരണത്തിന്റെയും സമരത്തിന്റെയും മുഖമാണു സെക്രട്ടേറിയറ്റിന്. ഭരിക്കുന്നവരെ ഓരോരോ കാര്യങ്ങള്‍ക്കു കാണാന്‍ വരുന്നവരും പലവട്ടം കയറിയിറങ്ങിയിട്ടും ഫലമുണ്ടാകാതെ സമരത്തിനിറങ്ങിയവരും. ഭരിക്കുന്നവര്‍ നാലു കവാടങ്ങള്‍ക്കും മതില്‍ക്കെട്ടിനും ഉള്ളില്‍. സമരം ചെയ്യുന്നവര്‍ പുറത്തും. അപ്പുറത്തെയും ഇപ്പുറത്തെയും മുഖങ്ങള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കും മാത്രമാണ് ഇടയ്ക്കിടെ മാറ്റം. അവര്‍ ഇവിടേയ്ക്കും ഇവര്‍ അവിടേക്കും ഇടം വച്ചുമാറുന്ന രാഷ്ട്രീയ സമരങ്ങള്‍ എത്രയോ. ഇടതുമുന്നണി ഭരിക്കുമ്പോള്‍ യുഡിഎഫിന്റെ സമരം. യുഡിഎഫ് ഭരണത്തില്‍ ഇടതുസമരം.

'സമരഗേറ്റ്' എന്നൊരു പേരുതന്നെ വീണിട്ടുണ്ട് വടക്കേ കവാടത്തിന്. അതിനു നേരേ അകത്താണ് മുഖ്യമന്ത്രിയുടെ ഓഫീസുള്ള നോര്‍ത്ത് ബ്ലോക്ക്. അവിടെ മുതല്‍ സൗത്ത് ബ്ലോക്കിനു മുന്നിലെ ഗേറ്റ് വരെ നീളുന്ന സമരപ്പന്തലുകള്‍. ചിലപ്പോഴൊക്കെ സമരങ്ങള്‍ സെക്രട്ടേറിയറ്റിനെയാകെ വളയും. ആളുകൂടുമ്പോള്‍ ആള്‍ക്കൂട്ടമാകും. ഗതാഗതതടസവുമുണ്ടാകും. അത് ഒഴിവാക്കാന്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഒരു നിര്‍ദശംവച്ചു: സമരങ്ങള്‍ക്കു വേറൊരു സ്ഥലം കണ്ടെത്തുക. വേണമെങ്കില്‍ നഗരത്തിരക്കില്‍ നിന്നൊഴിഞ്ഞ ശംഖുമുഖത്തോ മറ്റോ ആകാമല്ലോ എന്ന വിശദീകരണവുമുണ്ടായി. മാത്രമല്ല, അതൊരു ചര്‍ച്ചയായി മാറിത്തുടങ്ങുകയും ചെയ്തു. ഭരിക്കുന്നവര്‍ ഇരിക്കുന്നിടത്തല്ലേ സമരം ചെയ്യേണ്ടത് എന്ന മറുചോദ്യം കൊണ്ട് അദ്ദേഹത്തിന്റെയും അനുകൂലികളുടെയും വായടപ്പിച്ചവരില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ടായിരുന്നു.

അതെ, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ് എന്ന ഈ കൂറ്റന്‍ കെട്ടിടത്തിലാണ് കേരളം ഭരിക്കുന്നവര്‍ ഇരിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടുന്ന തെരഞ്ഞെടുക്കപ്പെട്ട ഭരണ നേതൃത്വം മാത്രമല്ല, ഓഫീസ് അസിസ്റ്റന്റ് മുതല്‍ ചീഫ് സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥ ശൃംഖല കൂടിയാണത്. അധികാരത്തിന്റെ ഏതറ്റത്തും ഇവരിലാരുടെയെങ്കിലുമൊക്കെ സാന്നിധ്യമുണ്ട്. എപ്പോഴും, ഏറ്റക്കുറച്ചിലുകളോടെ. കാലാകാലങ്ങളിലെ കൂട്ടിച്ചേര്‍ക്കലുകളിലൂടെ അനുബന്ധ കെട്ടിടങ്ങളായി പുറത്തേക്കും വ്യാപിച്ചിരിക്കുന്ന സെക്രട്ടേറിയറ്റിനുള്ളില്‍ തുടിക്കുന്നത് കേരളത്തിന്റെ ഹൃദയംതന്നെയാണ്.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള മലയാളിയുടെ ഭാഗധേയം നിര്‍ണയിക്കപ്പെടുന്നത് ഇവിടെ. അതുകൊണ്ടാണ് ഭരണസിരാകേന്ദ്രം എന്ന് പേരുവീണത്. സചിവാലയം, കേന്ദ്ര കാര്യാലയം എന്നൊക്കെയാണ് secretariat എന്ന ഇംഗ്ലീഷ് വാക്കിനു നിഘണ്ടുവിലെ അര്‍ത്ഥം. പക്ഷേ, ഭരണഭാഷ സമ്പൂര്‍ണമായി മലയാളമാക്കുമ്പോഴും സെക്രട്ടേറിയറ്റിനു മാറ്റമില്ല; അധികാരത്തിന്റെ ഗാംഭീര്യത്തിനും. വാക്കിലും നോക്കിലും പ്രവര്‍ത്തിയിലുമുണ്ട് അത്. ഓരോ മലയാളിയും ഒരിക്കലെങ്കിലും കയറിയിറങ്ങിയിരിക്കേണ്ട സ്ഥലമെന്നത് ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലത്തേക്കുറിച്ചുള്ള എന്ന ടൂറിസം പരസ്യം പോലെ അതിശയോക്തിയല്ല.

എംജി റോഡില്‍, സ്റ്റാച്യു ജംഗ്ഷന്‍ ആയി മാറിയ പഴയ പുത്തന്‍ചന്തയിലാണ് സെക്രട്ടേറിയറ്റ്. മാറി വരുന്ന രാഷ്ട്രീയ ഭരണ നേതൃത്വങ്ങള്‍ക്ക് അധികാരത്തിന്റെ അഹങ്കാരം കാട്ടി ജനങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ കഴിയാത്തത് കേരളത്തിന്റെ മാത്രം ജനാധിപത്യ പാരമ്പര്യത്തിന്റെ കരുത്ത്. മുഖ്യമന്ത്രിയും മന്ത്രിമാരും വിരല്‍ത്തുമ്പത്തെന്ന പോലെ അടുത്താണിവിടെ.

പക്ഷേ, ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനത്തിനു സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥപ്പടയേക്കുറിച്ച് ആശങ്കകള്‍ പലതുണ്ട്. അവര്‍ ഏതു തലത്തിലുള്ളവരായാലും. പിടി തരാത്ത പ്രത്യേക വര്‍ഗ്ഗം എന്ന അകല്‍ച്ച. ഇടിച്ചുകയറി അടുക്കാന്‍ കഴിയാത്തത്ര അകലം. അധികാരത്തിന്റെ ഇടനാഴി എന്ന വിശേഷണം പോലും സെക്രട്ടേറിയറ്റുമായിച്ചേര്‍ന്നാണ് രൂപപ്പെട്ടത്. ആ ഇടനാഴികള്‍ പണവും അധികാരത്തില്‍ സ്വാധീനവുമുള്ളവര്‍ക്ക് കൈയും വീശി നടക്കാന്‍ മാത്രമുള്ളവയാണെന്ന ധാരണ ഈ അകലം കൂട്ടി. ആ അകലം കുറയ്ക്കാന്‍ സെക്രട്ടേറിയറ്റില്‍ പുതിയ, മികച്ച പരിശീലനം ലഭിച്ച, യുവരക്തമുള്ള ഉദ്യോഗസ്ഥ വൃന്ദം ഉണ്ടാകേണ്ടിയിരിക്കുന്നു.

Related Article:

About Kvartha Rah

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date