Follow KVARTHA on Google news Follow Us!
ad

ജയലളിതയുടെ കോടിക്കണക്കിന് വിലവരുന്ന സ്വത്തുക്കള്‍ ഉറ്റതോഴി ശശികല കൈവശപ്പെടുത്തി; നീക്കം നടത്തിയത് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞപ്പോള്‍?

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍chennai, Chief Minister, hospital, Treatment, Election, Cabinet, National,
ചെന്നൈ: (www.kvartha.com 08.12.2016) അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ ഉറ്റതോഴി ശശികല കൈവശപ്പെടുത്തിയതായി തമിഴ്‌നാട്ടില്‍ അഭ്യൂഹം. ശശികലയുടെ നേതൃത്വത്തില്‍ ഒരു ട്രസ്റ്റ് രൂപീകരിച്ച് സ്വത്തുകള്‍ ആ പേരിലാക്കിയെന്നുള്ള അഭ്യൂഹങ്ങളാണ് ഉയരുന്നത്. ജയലളിത അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോള്‍ ഇതിനുള്ള നീക്കം നടത്തിയതായും അതുവഴി സ്വത്തുകള്‍ ശശികലയുടേയും കൂട്ടാളികളുടേയും കൈവശം എത്തിയെന്നുമാണ് അഭ്യൂഹം.

Sasikala Claim Jayalalitha property as her heir, Chennai, Chief Minister, hospital, Treatment, Election, Cabinet, National.

ആശുപത്രി കിടക്കയിലായിരുന്നപ്പോള്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ജയലളിത സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പിനുപകരം വിരലടയാളം പതിപ്പിക്കുകയായിരുന്നുവെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ആ സമയത്തുതന്നെയായിരുന്നു ജയലളിതയുടെ പേരിലുള്ള സ്വത്തുക്കള്‍ ട്രസ്റ്റിന്റേയോ അല്ലാതേയോ ശശികല സ്വന്തമാക്കിയതെന്നാണ് ആക്ഷേപം. എന്നാല്‍, ഇക്കാര്യം അണ്ണാ ഡി.എം.കെ നേതാക്കളോ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ സ്ഥിരീകരിച്ചിരുന്നില്ല.

അപ്പോളോ ആശുപത്രിയില്‍ ജയലളിത കിടന്ന മുറിയില്‍ ഡോക്ടര്‍മാര്‍ക്കുകൂടാതെ ശശികലയ്ക്ക് മാത്രമായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത് . ജയലളിതയുടെ ബന്ധുക്കളെയോ പാര്‍ട്ടിയിലേയോ മന്ത്രിസഭയിലേയോ ഉന്നതരെപ്പോലും കടത്തിവിട്ടിരുന്നില്ല. തന്റെ സ്വത്തുക്കള്‍ സംബന്ധിച്ച് ജയലളിത വില്‍പത്രം എഴുതിയിട്ടില്ലെന്നും തുടര്‍ന്ന് അത് എങ്ങനെ കൈകാര്യം ചെയ്യുമെന്നും അവകാശ തര്‍ക്കം മുറുകുമെന്നുമുള്ള വാര്‍ത്തകള്‍ക്കിടെയാണ് ശശികലയെ സംബന്ധിച്ച അഭ്യൂഹം പുറത്തുവരുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നല്‍കിയ സത്യവാങ്മൂലം പ്രകാരം ജയലളിതയ്ക്ക് 117.3 കോടി രൂപയുടെ സ്വത്താണുള്ളത്. ജയലളിതയുടെ പേരിലല്ലാതെയും ചില സ്വത്തുക്കള്‍ കൂടിയുണ്ടെന്നും പറയപ്പെടുന്നു. പോയസ് ഗാര്‍ഡനിലെ വസതിയായ വേദനിലയത്തിന് നിലവില്‍ 90 കോടി രൂപയുടെ വിലമതിക്കുമെന്നും പറയപ്പെടുന്നു.
ജയലളിതയുടെ നിര്യാണത്തിനുശേഷം പാര്‍ട്ടിയും ഭരണവും കൈപിടിയിലൊതുക്കാന്‍ ശശികല കരുക്കള്‍ നീക്കുന്നതായുള്ള സൂചനളും പുറത്തുവന്നിട്ടുണ്ട്. ജയലളിത ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോഴും കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് ശശികലയായിരുന്നു. മരണചടങ്ങളും തുടര്‍ന്ന് മുഖ്യമന്ത്രിയെ നിശ്ചയിച്ചതടക്കം ശശികലയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്നും വിവരമുണ്ട്. പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കിയതിനുപിന്നിലും ശശികലയായിരുന്നു. 

പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദത്തിലേക്ക് ശശികല പിടിമുറുക്കിയതായും സൂചനയുണ്ട്. തുടര്‍ന്ന് ജയലളിതയുടെ മണ്ഡലമായ ആര്‍.കെ. നഗറില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ശശികല മത്സരിക്കുമെന്നും കേള്‍ക്കുന്നുണ്ട്. തുടര്‍ന്ന് പനീര്‍ശെല്‍വത്തെ മാറ്റി ഭരണത്തിന്റെ തലപ്പത്തേക്കും എത്തുമെന്നും അഭ്യൂഹമുണ്ട്. ഇതിനുള്ള കരുനീക്കങ്ങള്‍ അണിയറയില്‍ സജീവമാണ്. അണ്ണാ ഡി.എം.കെയുടെ 135 എം.എല്‍.എമാരില്‍ 100 പേരുടെ പിന്തുണ ശശികല ഉറപ്പാക്കിയത്രേ.

അതേസമയം, ജയലളിത പുറത്താക്കിയിരുന്ന ശശികലയുടെ ഭര്‍ത്താവ് നടരാജന്‍ വീണ്ടും രംഗത്തെത്തി അണിയറ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു തുടങ്ങി. ജയലളിതയുടെ സംസ്‌ക്കാര ചടങ്ങ് നടക്കുമ്പോള്‍ മറീന ബീച്ചില്‍ നടരാജന്‍ മുന്‍നിരയിലുണ്ടായിരുന്നു. ജയലളിത അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്നപ്പോള്‍തന്നെ നടരാജന്‍ അണിയറ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നുവെന്നാണ് സൂചന. 1989 വരെ നടരാജന്‍ ജയലളിതയുടെ ഉപദേഷ്ടാവിന്റെ റോളിലായിരുന്നു. പിന്നീട് 91ല്‍ ജയലളിത നടരാജനെ പുറത്താക്കി.

രണ്ടുതവണ ശശികലയേയും ജയലളിത പുറത്താക്കിയിരുന്നു. പിന്നീടുള്ള മടങ്ങിവരവില്‍ ജയലളിതയുടെ അപ്രീതിക്ക് പാത്രമായ നടരാജനെ ഒഴിവാക്കിയായിരുന്നു ശശികലയുടെ തിരിച്ചുവരവ്. പിന്നീട് നടരാജനെക്കുറിച്ച് വിവരമൊന്നും ഇല്ലായിരുന്നു. എന്നാല്‍, ഇപ്പോഴത്തെ മടങ്ങിവരവ് നടരാജനുമായി ശശികല ബന്ധം തുടര്‍ന്നിരുന്നുവെന്നതിന്റെ സൂചനയാണ്. 

ജയലളിതയുടെ നിര്യാണത്തോടെ പ്രതിസന്ധിയിലായ പാര്‍ട്ടിയും ഭരണവും കൈപിടിയിലൊതുക്കാനും ജയലളിതയുടെ സ്വത്തുക്കള്‍ കൈപിടിയിലാക്കാനുമുള്ള ചില അണിയറ നീക്കങ്ങള്‍ അടുത്ത ദിവസങ്ങളിലുണ്ടാകുമെന്നാണ് സൂചന.