Follow KVARTHA on Google news Follow Us!
ad

ഇനിയുണ്ടാവുമോ ഈ മഴ നമുക്കൊന്നു നനയുവാന്‍ ?

നഷ്ടപ്പെട്ടൊരു നല്ല മഴക്കാലത്തിന്റെ ഓര്‍മ്മകളിലേക്ക് അറിയാതെ പൊയ്‌പ്പോകുന്നു ചിലപ്പോഴെങ്കിലും; വറുതിയുടെ Rain, Naseema Sali, Rainy moments of life and writing, Article, Rain, Column
വെയില്‍ച്ചില്ലകളിലെ മഞ്ഞോര്‍മ്മകള്‍! - 1:
നസീമ സലീം

(www.kvartha.com 01/12/2016) നഷ്ടപ്പെട്ടൊരു നല്ല മഴക്കാലത്തിന്റെ ഓര്‍മ്മകളിലേക്ക് അറിയാതെ പൊയ്‌പ്പോകുന്നു ചിലപ്പോഴെങ്കിലും; വറുതിയുടെ കനല്‍ച്ചില്ലുകള്‍ തുളച്ചുകയറുന്ന പുതിയകാലത്തിന്റെ വരണ്ട പാടങ്ങളില്‍ നില്‍ക്കെ...!
ഒരു മഴയുടെ തീപ്പൊള്ളല്‍ ആദ്യമേറ്റതു അമ്മയുടെ കണ്ണുകളില്‍ നിന്നാണ്. ഒരു കോടതി വിധിയുടെ ഒറ്റ വാക്കില്‍ കൈ വിട്ടു പോയേക്കാവുന്ന വിശാലമായ കൃഷിയിടവും വീടും....

ഒടുവില്‍ കാല്‍ കുത്താന്‍ ഒരുപിടി മണ്ണും തരില്ലെന്ന ബന്ധുക്കളുടെ ധൃതരാഷ്ട്രനീതി  കാറ്റില്‍ പറക്കെ കൈവിട്ട സ്വപ്‌നങ്ങള്‍ തിരിച്ചുപിടിച്ച്മക്കളെ ചിറകോട് ചേര്‍ത്ത്‌നിര്‍ത്തെ ഒരു നനുത്ത കുളിര്‍മഴ നെറുകിലേക്ക് പെയ്തിറങ്ങി. പിന്നെ പരിഹാസത്തിന്റെ ശരമഴ  പൊതിഞ്ഞത് കവിതകള്‍ പുറത്തറിഞ്ഞു  തുടങ്ങിയ ആദ്യ നാളുകളില്‍, എഴുത്തിന്റെ കൂമ്പ് നുള്ളാന്‍ പാഞ്ഞു വന്നവ......

ഇന്ന് മഴപ്പെയ്ത്തിന്റെ താളവട്ടവും കൊള്ളുന്നവന്റെ പ്രകൃതവും മാറി മറിഞ്ഞിരിക്കുന്നു. നിസ്സംഗത മുഖമുദ്രയാക്കിയ  പ്രകൃതിയും മനസ്സും. പുലരിത്തുടക്കത്തിലോ പകലറുതിയിലോ രാത്രിയാമങ്ങളില്‍ ഏതെങ്കിലും ഒന്നിലോ ഈ മണ്‍ കുംഭത്തെ മുക്കിക്കളയാനുള്ള മഹാപ്രളയങ്ങ ളെപ്പോലും നേരിടാന്‍ പറ്റുന്നത്ര നിസ്സംഗത!

മഴ ഉണര്‍ത്തുന്ന ഗൃഹാതുരത്വം കൈ പിടിച്ചു നടത്തുന്നത് ഇടുക്കി ജില്ലയിലെ മഞ്ഞു പൊതിഞ്ഞ കുന്നിന്‍ ചരിവുകളിലൂടെയാണ്. നറുമണം പടര്‍ത്തി മലനിരകളെ പൊതിയുന്ന കാപ്പിപ്പൂക്കള്‍ക്കും കടുംപച്ച്ചയിലകളുടെ മറവില്‍ മഞ്ഞകലര്‍ന്ന വെളുപ്പ് നിറം പൂണ്ട  തിരികള്‍ ചൂടിനില്‍ക്കുന്ന കുരുമുളകുകൊടികള്‍ക്കും മീതെ നേര്‍ത്ത നൂലുപോലെ  പെയ്തിറങ്ങുന്ന നാല്‍പ്പതാം നമ്പര്‍ മഴ..... കാലം കവര്‍ന്നെടുത്ത ഇടുക്കിയിലെ കര്‍ഷകരുടെ  സൌഭാഗ്യങ്ങളില്‍ ഒന്ന്.......!

മാമ്പഴച്ചുനയുടെ മണം വിതറുന്ന മീനത്തിന്റെ കനല്‍ചൂടിലേക്ക്  തിരുതകൃതിയില്‍  മാനം  കുടം കമഴ്ത്തി വീഴ്ത്തുന്ന വേനല്‍മഴ .....പുതുമണ്ണിന്റെ  ആര്‍ദ്രസുഗന്ധം പ്രസരിക്കുന്ന തൊടിയിലേക്ക് ഇറങ്ങിയോടാന്‍ കൊതിപ്പിക്കുന്ന അനുസരണക്കേടുകള്‍ക്ക്‌മേല്‍,പാമ്പുകളുടെ വിളയാട്ടത്തെ ഭയന്ന് അമ്മ പെയ്യിക്കുന്ന ചൂരല്‍മഴ.

മേല്‍ക്കൂര ശരിപ്പെടുത്താന്‍ പൊളിച്ചടുക്കിയ ഓടിന്‍ കൂന കാണ്‍കെ ഒന്ന് പറ്റിക്കണമെന്നു ചൊല്ലി പട്ടികകള്‍ക്കിടയിലൂടെ ചാടിവീണ് സര്‍വതും നനച്ചു തിരിച്ചോടിപ്പോവുന്ന മേടത്തിലെ വികൃതിമഴ .....സമയബോധമില്ലാത്ത മഴനീതിയെചൊല്ലി അമ്മയുടെ പഴിമഴ ....പുസ്തകം  നനച്ചതിന് വിവിധവര്‍ണങ്ങളില്‍ കാത്തുവച്ച  ചോക്കുപൊട്ടുകളെ മുക്കിക്കളഞ്ഞതിന്  എന്റെ  വക സങ്കടമഴ......

ഊണ് കഴിഞ്ഞുള്ള ഉച്ചമയക്കത്തി ലേക്ക് വെടിപടഹവും തീപ്പന്തവുമായെത്തി ഞെട്ടിച്ച് ,തേന്‍വരിക്കയുടെ നറുമധുരത്തിലേക്ക് ആഴ്ന്നിറങ്ങി  മധുരം കളഞ്ഞ് നിരാശപ്പെടുത്തി     ഞാനൊന്നുമറിഞ്ഞില്ലേയെന്നു ചൊല്ലി ഒടിപ്പോവുന്ന ഇടവപ്പാതിമഴ ....മധുരം കൂട്ടാന്‍ കരിമ്പിന്‍ശര്‍ക്കര ചേര്‍ത്ത് തേങ്ങാപ്പാലില്‍ പുഴുങ്ങി ഏലക്കായ മേമ്പൊടി തൂകി ചക്കപ്പായസം വിളമ്പുന്ന അമ്മക്കിളിയുടെ വാല്‍സല്യമഴ....!    

മാമ്പഴപ്പുളിശേരിയുടെ പുളിരസങ്ങളിലേക്ക് ,മാമ്പഴത്തെരളിയുടെ കിനിയുന്ന ഇനിപ്പിലേക്ക്, മഞ്ഞയിലും ചുവപ്പിലും മക്കളെ പെററ് തെളിഞ്ഞു ചിരിക്കുന്ന കശുമാവിന്റെ ചില്ലകളിലേക്ക് ഇടയ്ക്കിടെ എത്തിനോക്കുന്ന മിഥുനമഴ! കശുവണ്ടി കക്കാന്‍ പുലരും മുമ്പേ തൊടിയില്‍ നിരക്കുന്ന കള്ള പിള്ളേര്‍ക്ക് നേരെ പ്രാര്‍ത്ഥനാമുറിയില്‍ നിന്നും തൊടിയിലെക്കോടി മുത്തശ്ശി പെയ്യിക്കുന്ന  ശകാരമഴ!

.......പെട്ടിയില്‍നിന്നും പിന്നെയും പുറത്തെടുത്ത് മണത്തുമണത്ത് തിരികെവച്ച പുത്തന്‍യൂണിഫോം നനച്ച്, കാലിലിട്ടാല്‍ നാശമാവുമെന്നുകരുതി പൊതിഞ്ഞുവെച്ച റബ്ബര്‍ചെരിപ്പുകളെ ചെളിയില്‍ കുതിര്‍ത്ത്, കുഞ്ഞിക്കുടയുടെ അതിര്‍ത്തി ഭേദിച്ചു മുഖത്ത് തേച്ച പൌഡര്‍ അത്രയും തൂത്തെറിഞ്ഞ് കുറുമ്പ് കാട്ടിയാലും രാവിലെയും വൈകുന്നേരവും ഒപ്പം നടന്ന്, 'നീ തനിച്ചല്ല, ഞാനുണ്ട് കൂടെ' എന്ന് ഓര്‍മപ്പെടുത്തുന്ന കര്‍ക്കിടകമഴ! പതിവ് പണിക്കാരുടെ പട്ടിണിത്തീ കെടുത്താന്‍ തൊടിയിലെ പാതിമൂത്തകിഴങ്ങുകള്‍ അസ്സലാണെന്നുചൊല്ലി ഒക്കെയും മാന്തി പങ്കിട്ടുകൊടുക്കുന്ന അമ്മയുടെ അലിവുമഴ ...അതിനും മീതെ കറുപ്പന്റെയും തങ്കയുടെയും മക്കളുടെയും പുഞ്ചിരിമഴ.......!      
കര്‍ക്കിടകത്തിന്റെ കണ്ണീര്‍ക്കടല്‍ നീന്തിക്കടക്കെ മത്തനും കുമ്പളവും ചീരയും ചേനയും കായക്കുലകളും ഏന്തി മെല്ലെ മെല്ലെ നാണിച്ചും, ഫലസമ്പ ന്നതയിലും അഹങ്കാരലേശമില്ലാതെ ചിണുങ്ങിച്ചിനുങ്ങിപ്പെയ്യുന്ന ചിങ്ങമഴ .......തൊടിയില്‍, പുഴയോരത്ത് മുറ്റത്ത് മനസ്സില്‍, നാട്ടുചെടികളുടെ, കാട്ടുപൊന്തകളുടെ നെറുകില്‍ എവിടെയും പൊലിച്ചുതിളങ്ങുന്ന പൂമഴ....

ഊഞ്ഞാലാട്ടങ്ങളില്‍, വറുത്തുപ്പേരിയുടെ കരുമുരുപ്പില്‍, ചൂടുള്ള നാടന്‍കുത്തരിച്ചോറ് നാക്കിലയോട് കിന്നാരം പറയെ ഉയര്‍ന്നു പൊങ്ങുന്ന നവ്യസുഗന്ധത്തില്‍, ഒത്തുചേരലുകളുടെ, ഒരുമയുടെ ഊഷ്മളതയില്‍ ചുറ്റും പ്രസരിക്കുന്ന നനുത്ത സൗഹൃദത്തിന്റെ തേന്മഴ.... ഓണമഴ...! കുതിച്ചൊഴുകുന്ന പെരിയാറിന്റെഇരുകരകളിലും മീന്‍പിടിക്കാനെത്തുന്ന ചെറുപ്പക്കാരുടെ ചൂണ്ടക്കമ്പുകളുടെ ഇളക്കത്തിനൊത്ത് ഇളകിമറിയുന്ന  സന്തോഷമഴ! ശ്വാസം വിടാനിടതരാതെ അലറിക്കുതിച്ചെത്തി നടുക്കിവിറപ്പിച്ച്, കന്നിമഴയുടെ ഉദാസീനതയെപ്പരിഹസിച്ച്‌കൊണ്ട് അട്ടഹസിച്ച്  മണ്‍വിടവുകളിലൂടെ ഊര്‍ന്നിറങ്ങി ഉറുമ്പുകളെപ്പോലും കുടിയിറക്കി തുലാമഴ...! ശര്‍ക്കരയും തേങ്ങാപ്പൂളും, കൊണ്ടാട്ടങ്ങളും മാങ്ങാത്തെരളിയും  മൂടക്കിട്ട ചക്കക്കുരുവും ഉണക്കിവച്ച കശുവണ്ടിയും കപ്പയും ഉപ്പുമാങ്ങയും അണിയറയില്‍ നിന്നും അരങ്ങത്ത്ഇറങ്ങേ ഈര്‍പ്പം പൊതിഞ്ഞ  അകത്തളങ്ങളില്‍ നാട്ടുമണങ്ങളുടെ നറുമഴ,,,,,,,!

മഞ്ഞുപൊതിയുന്ന പാടവും തോടും കടന്ന് വിശ്രമസങ്കേതത്തില്‍ ശാന്തമായുറങ്ങുന്നതിനിടെ ശരണം വിളികളുടെ ഭക്തിസാന്ദ്രതയിലേക്ക്, അപൂര്‍വമായി എത്തിനോക്കി പരിഭ്രമിപ്പിച്ച് മറയുന്ന വൃശ്ചികച്ചെന്നല്‍ എന്നനാടന്‍പേരുകാരിയായ വൃശ്ച്ചികമഴ!
വിളവെടുപ്പിന്റെ പൂക്കാലത്തിലേക്ക് വരുംകൊല്ലത്തിന്റെ വരുത്തി എഴുതിച്ചേര്‍ത്തുകൊണ്ട് കര്‍ഷകന്റെ നെഞ്ചുപിളര്‍ത്തിപ്പെയ്യുന്ന മകരമഴ... കരളുരുകുന്ന കൃഷീവലരുടെ സ്വപ്നങ്ങള്‍ക്കുമേലുള്ള തീമഴ.

കുടം പോലെ കൊയ്യാന്‍ കാത്തിരിക്കെ ഊഷരഭൂവിലേക്ക് കനിഞ്ഞിറങ്ങുന്ന ഉര്‍വരതയുടെ കുംഭമഴ....!
കാത്തിരിപ്പിനൊടുവിലെ  സാഫല്യനിറവില്‍  എല്ലാ മനസ്സുകളില്‍ നിന്നും ചിറകു നീര്‍ത്തിപ്പറക്കുന്ന നന്ദിമഴ ......!
ഇന്ന് മഴയുടെ പുഴയുടെ മരണതീരത്ത് നില്‍ക്കെ കാലം തെറ്റുന്ന താളംതെറ്റുന്ന മഴപ്പെയ്ത്ത്  പരത്തുന്നത് ...ചുറ്റും  പരിഭ്രമത്തിന്റെ
തീമഴ...........! കാടുവെട്ടി  മലവെട്ടി പുഴവെട്ടി തമ്മില്‍തമ്മില്‍ വെട്ടി തിരക്കിട്ടുപായുന്നവരുടെ തേര് ഉരുളുന്നത് എങ്ങോട്ടാണ് ?വ്യാവസായികപുരോഗതിയുടെ ഉന്നതിയിലേക്ക് കണ്ണുകെട്ടിപ്പായുന്നവര്‍ പ്രകൃതിയെ കുരുതികൊടുക്കെ  അവര്‍ക്ക് നനയാനുള്ളത്  അമ്ലമഴയല്ലാതെ മറ്റെന്താണ് ...?

കേരളീയജീവിതത്തിന്റെ താളക്രമം നിശ്ചയിക്കുന്നത് മഴയായിരുന്നു, ഒരുകാലത്ത്! മഴ മലയാളിക്ക് വെറുമൊരു പ്രകൃതിപ്രതിഭാസമല്ല... അതിനപ്പുറം സ്‌നേഹസാന്ത്വനങ്ങളുടെ ഉറവിടമാണ്, സംസ്‌കാരത്തിന്റെ ഈറ്റില്ലമാണ്, ജീവനും ജീവിതവുമാണ്.... ജീവിതത്തിന്റെ പച്ചപ്പിലേക്ക്  തനിമയിലേക്ക് കൈ പിടിച്ചു നടത്തുന്ന ഉള്‍ക്കാഴ്ച്ചയുള്ള വഴികാട്ടിയാണ്. ജീവിതപ്പാതകളില്‍  കൈത്താങ്ങാവുന്ന പൊതിച്ചോറു തന്നെയുമാണ്.... നെഞ്ചോട് ചേര്‍ത്തു പിടിക്കാതെ മലയാളി വഴിയില്‍ തട്ടിത്തൂവിയ  പൊതിച്ചോറ്....! ഒക്കെയും മഴപ്പെയ്ത്തിന്റെ കാലഭേദങ്ങള്‍..! ജീവിതത്തിലെന്നപോലെ കവിതകളിലും മഴ പെയ്തിറങ്ങുന്നു...
മഴേ! നീയെന്റെഹൃദയതാളം
നിന്റെ മൌനങ്ങളിലാണ് ഞാനെന്‍
സങ്കടങ്ങള്‍ നിറച്ച് വയ്ക്കുന്നത്
നീ ശ്രുതിയിടുമ്പോഴാണ്  ഞാന്‍
ലയിച്ചു പാടുന്നത്....!

ചിലപ്പോള്‍ നീയെനിക്കമ്മയാകുന്നു
അലസതയുടെ ഉറക്കുപായിലേക്ക്
ചോരുന്ന കൂര തന്‍ വിടവിലൂടൂര്‍ന്ന്
ചൂരല്‍പ്രഹരം നടത്തുമ്പോള്‍.....
അടച്ചിട്ട ജാലകച്ചില്ലുകളില്‍
തപ്തനിശ്വാസങ്ങളാല്‍ മെല്ലെത്തട്ടി
വൈകരുത് ഉണരുവാനെന്നുപദേശിക്കെ
നീയെനിക്കേട്ടനാവുന്നു.....!
             
ആഞ്ഞടിച്ചുമമര്‍ന്നുപെയ്തും
ജീവിതപ്പെരുവഴിയിലെ ദുര്‍ഘടങ്ങള്‍
തന്നാഴവും പരപ്പുമറിയിക്കെ
നീ ഉടപ്പിറന്നവളാകുന്നു....!
വിടര്‍ന്ന കുടയ്ക്കുമേല്‍ ചരലെറിഞ്ഞും
ചാഞ്ഞും ചരിഞ്ഞും ഇടം വലംവെട്ടിയും
'തലയ്ക്കല്‍  മാത്രമല്ല, ശത്രു കടയ്കലുമാവാമെന്നു
പറയാതെപറഞ്ഞു നീ ഗുരുവാകുന്നു.......!
കളിവള്ളമിറക്കാന്‍ കടലൊരുക്കി
പുതു കവിതയ്‌ക്കൊരു കളമൊരുക്കി
മൃദുവിരലാല്‍ കണ്ണീരൊപ്പി
നീ ആത്മസുഹൃത്താകുന്നു.....
തിമിര്‍ത്ത്‌പെയ്തുപൊട്ടിച്ചിരിച്ച്
മിഴി പാതിചിമ്മി മടങ്ങിപ്പോകെ
കഠിനവിരഹത്തിന്‍ തീരാവ്യഥയാവുന്നു......
കുടയില്ലാതെ തനിച്ചാകുന്നവളെ
നനച്ചുവിറപ്പിച്ചു കലിയടക്കി
പതുങ്ങി നിന്ന് പരിഹസിക്കുമ്പോള്‍
മാത്രമാണ് മഴേ.........
നിനക്കെന്റെ 'ബന്ധുക്കളുടെ'
തനിഛായ,,,,,,, ! [ധലിപി പ്രസിദ്ധീകരിച്ച 'വീണ്ടും വധിക്കരുത് എന്ന എന്റെ പുസ്തകത്തില്‍ നിന്ന്]
   
മഴ എല്ലാ കവിഹൃദയങ്ങളിലേക്കും പെയ്തിറങ്ങുന്നത് എത്ര എത്ര വിധത്തിലാണ്‍
തുള്ളിതുള്ളിയായ് പിന്നെ
വെള്ളിക്കമ്പികളായ, ക്കമ്പികള്‍മുറുക്കിയ
ശത തന്ത്രിയും മീട്ടി
മണ്ണിലേക്കിറങ്ങി വ
ന്നീ മഴയൊരു ജിപ്‌സി
പെണ്‍കിടാവിനെപ്പോലെ ....മുറ്റത്ത് നൃത്തം ചെയ്യുന്നതായി തോന്നുന്നത്  മലയാളത്തിന്റെ പ്രിയ കവി ശ്രീ ഓ.എന്‍. വീ യ്ക്കാണ്...                ആയിരം പൊന്‍ കമ്പികള്‍ നിരത്തിമീട്ടി

തന്റെ  മായികശ്രുതി  കാട്ടി
മധുര സ്വരരാഗ ധാരയാല്‍
ധരയുടെ തളരുമാത്മാവിങ്കല്‍
ചാരുപീയൂഷം വാരി  
വര്‍ഷിപ്പോന്‍ വന്നില്ലല്ലോ .....എന്ന് വിലപിച്ചത് ശ്രി പി . ഭാസ്‌കരന്‍ .നവവര്‍ഷം കാത്ത് എന്ന കവിതയില്‍ .
കൊടുംകാറ്റലറിപ്പേമഴ പെയ്തിടു
മിടവപ്പാതിപ്പാതിരയില്‍
ശാരദരജനിയിലെന്നതുപോല്‍, നീ
ശാലിനി നിദ്രയിലമരുമ്പോള്‍ ....എന്ന്
ചങ്ങമ്പുഴ മനസ്വിനിയില്‍ കുറിച്ചിട്ടിരിക്കുന്നു.ഇടവപ്പാതിപ്പേമഴ വിഹ്വലതക്കപ്പുറം  കവിയില്‍ ഉണര്‍ത്തുന്നത് വിരഹമത്രേ...!

ഒമര്‍ഖയാം റുബൈയ്യാത്തില്‍....
സ്വര്‍ണമണികള്‍ക്ക്  കൂട്ടിരുന്നവരുണ്ട്
മഴയെപ്പോലെ....
കാറ്റിലേക്ക്  തൂവിക്കളഞ്ഞവരുണ്ട്...
വീണ്ടും കിളച്ചിളക്കാന്‍
പ്രേരിപ്പിക്കുംവിധം
സ്വര്‍ണാഭയാര്‍ന്ന മണ്ണിലേക്കല്ലല്ലോ
ഇരുവരും  മടങ്ങുക....!

മഴയോട്
ഒന്ന് തിരിഞ്ഞു നോക്കാന്‍ പറയണം
ഹൃദയം കലങ്ങുന്നുവെന്ന്
നാസാരന്ധ്രങ്ങള്‍
പ്രണയിക്കുന്നുവെന്ന്!......
എന്റെ കണ്ണിനകത്തെ
പുതുമഴപ്പാച്ചിലില്‍
നീ, തുഴയുന്ന തോണി ....
ഞാന്‍ ഓടിക്കയറിയ യാത്രികയും ..എന്ന്  സഹീറ തങ്ങള്‍ ....

മേലെ മേയും മേഘമാല മരങ്ങളില്‍
കൂടുകൂട്ടുന്നു പറവയെപ്പോലവേ
കാരുണ്യവര്‍ഷങ്ങള്‍ പെയ്യുന്നു  ജീവന്റെ
ആദിമൂലാഭിമുഖ്യങ്ങളായ് ഭൂമിയില്‍ എന്ന് കവി എം ഗോവിന്ദന്‍ മേനക എന്ന ബൃഹത്കവിതയില്‍ .......

മഴത്തുള്ളികളും കടലും എന്ന കവിതയില്‍  ശ്രി. വൈലോപ്പിള്ളി.. കരിമുകിലിന്നങ്കം വിട്ടലകടലിന്‍ മാറത്തേയ്ക്കണിമുറിയാതുതിരും തൂമഴനീരിന്‍ മുത്തുകളുടെ ഗാനം ആസ്വദിപ്പിക്കുന്നു.......
വിശ്വവിഹാരിയാം തെന്നല്‍
തെളിക്കുന്നോരശ്വശകടത്തില്‍
വന്നിറങ്ങി
മന്നിന്നനുഗ്രഹമേകുവാന്‍, പൂട്ടിയ
വിണ്ണിന്‍ വിഭവ ഭണ്ഡാരമേറ്റി
മംഗലാത്മാക്കളെ പോരുവിന്‍ പോരുവിന്‍
നിങ്ങള്‍ക്കു തെറ്റിയതില്ല മാര്‍ഗം .....എന്ന്  വരാന്‍ വൈകിയ മഴയെ  ക്ഷണിക്കുന്നു കാലവര്‍ഷം എന്ന കവിതയില്‍ പി കുഞ്ഞിരാമന്‍ നായര്‍.
കര്‍ക്കിടകപ്പശിയില്‍ പൊരിയുന്ന വറുതിക്കാലത്തിന്റെ  പൊള്ളിക്കുന്ന ചിത്രമത്രേ എം എം സചീന്ദ്രന്റെ പെരുമഴ കണ്ടിട്ടുണ്ടോ എന്നാ കവിതയില്‍.......

മഴ പെയ്തിറങ്ങുകയായിരുന്നു കാലത്തിനു മേലും കവിതകളിലും ചിന്തകളിലും പ്രതീക്ഷകളിലും..! ഇനിയുണ്ടാവുമോ ഈ മഴ നമുക്കൊന്നു  നനയുവാന്‍?

Keywords: Rain, Naseema Sali, Rainy moments of life and writing, Article, Rain, Column