Follow KVARTHA on Google news Follow Us!
ad

ഭഗവാന്‍ വസ്ത്രം നോക്കിയിരിക്കുകയല്ല

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചു സ്ത്രീകള്‍ക്ക് കയറാമെന്ന തീരുമാനമെടുത്തHigh Court, Letter, Email, District Collector, Criticism, Guruvayoor Temple, Supreme Court of India, Women, Kerala,
അഭിമുഖം/കെ എന്‍ സതീഷ്
(ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍)

(www.kvartha.com 09.12.2016) ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചു സ്ത്രീകള്‍ക്ക് കയറാമെന്ന തീരുമാനമെടുത്ത ശേഷം എനിക്ക് കിട്ടുന്ന ബഹുഭൂരിപക്ഷം ഇ മെയിലുകളും കത്തുകളുമൊക്കെ അഭിനന്ദിച്ചുകൊണ്ടുള്ളതു മാത്രമാണ്. തീരുമാനം നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് ക്ഷേത്രം ഭരണസമിതി കത്ത് അയച്ചെങ്കിലും അതനുസരിച്ച് തീരുമാനം മാറ്റാന്‍ എനിക്ക് അധികാരമില്ല. തീരുമാനം അങ്ങനെ മാറ്റാനുള്ളതുമല്ല. അതുകൊണ്ട് കത്തിനോടു പ്രതികരിച്ചില്ല.

ഞാന്‍ വ്യക്തിപരമായ ഇഷ്ടത്തിനനുസരിച്ച് ചെയ്യുന്ന കാര്യമാണെങ്കില്‍ സാവകാശം,സമയമെടുത്ത് ചെയ്യാം. പക്ഷേ, ഹൈക്കോടതി പറഞ്ഞത് നടപ്പാക്കുകയാണ് ഞാന്‍ ചെയ്തത്. ആ വിവരം കോടതിയെ അറിയിക്കുകയും ചെയ്തു. ഒരുമാസം കോടതി അനുവദിച്ചു,അതിനുള്ളില്‍ ഹിയറിംഗ് നടത്തി തീരുമാനവുമെടുത്തു. ഏതുകാര്യത്തിലും ഉന്നയിക്കുന്ന വാദഗതിയോട് യോജിക്കുന്ന രേഖകള്‍ വേണം. വെറുതേ ഒരു കത്ത് തന്നിട്ടു കാര്യമില്ല. കോടതി വിധി നടപ്പാക്കുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. നാളെയൊരിക്കല്‍ അത് ചോദ്യം ചെയ്യപ്പെട്ടേക്കാം. അന്ന് ഞാന്‍ മറുപടി പറയേണ്ടി വരും.

ഇതേ വിഷയത്തില്‍ ഗുരുവായൂര്‍ ക്ഷേത്രം ഭരണസമിതിയുടെ തീരുമാനം തള്ളിക്കൊണ്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയുണ്ട്. അതെല്ലാം എന്റെ മുന്നില്‍ വന്നു. തീരുമാനമെടുക്കുമ്പോള്‍ അതൊക്കെ പരിഗണിച്ചു. എല്ലാ നിയമവശങ്ങളും നോക്കി, വളരെ സൂക്ഷ്മമായി ശ്രദ്ധിച്ചാണ് തീരുമാനമെടുത്തത്. അതൊരു ബാഹ്യപ്രേരണകൊണ്ട് മാറ്റാന്‍ പറ്റില്ല. മാറ്റണമെങ്കില്‍ പരാതിയുള്ളവര്‍ക്ക് അനുകൂലമായ കോടതി വിധി വരണം.

ക്ഷേത്രം ഭരണസമിതിക്ക് രാജാവിന്റെ അധികാരമുണ്ട് എന്നൊക്കെ പ്രചരിപ്പിക്കുന്നവരുണ്ട്. അത് തെറ്റാണ്. കൊട്ടാരവുമായുള്ള കേസില്‍ ഡിവിഷന്‍ ബെഞ്ച് വളരെ കൃത്യമായി പറഞ്ഞത്, ഭരണഘടന നിലവില്‍ വന്നതോടെ രാജാധികാരങ്ങളെല്ലാം സര്‍ക്കാരില്‍ നിക്ഷിപ്തമാണ എന്നാണ്. ഹിന്ദു റിലീജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആക്ടിലും റൂളര്‍ എന്നത് സര്‍ക്കാരായി മാറി. അത് കണ്ടില്ലെന്നു നടിക്കാന്‍ എനിക്ക് കഴിയില്ല.

എക്‌സിക്യുട്ടീവ് ഓഫീസര്‍ എക്‌സ് ഒഫീഷ്യോ അംഗം പോലുമല്ലെങ്കിലും ക്ഷേത്രം ഭരണസമിതി നല്ലതാണ്, മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ അവര്‍ക്ക് സാധിക്കും. അവരുടെ ജോലികള്‍ സുപ്രീംകോടതി കൃത്യമായി പറഞ്ഞിട്ടുണ്ട്. അവര്‍ തീരുമാനമെടുത്ത് മിനുട്‌സാക്കി തരുമ്പോള്‍ ഞാന്‍ നടപ്പാക്കുന്നുവെന്നു മാത്രം. തീരുമാനമെടുത്താല്‍ മിനുട്‌സാക്കി തരണം.

അവരുടെ കത്ത് എനിക്ക് കിട്ടുന്നത് നവംബര്‍ 29ന് ആണ്. കോടതി പറഞ്ഞ കാലാവധി 28ന് അവസാനിച്ചിരുന്നു. കോടതിയലക്ഷ്യക്കേസ് വന്നാല്‍ ഞാന്‍ ശിക്ഷ വാങ്ങേണ്ടി വരും. അതൊഴിവാക്കാനാണ് 28നു മുമ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 28ന് ഉത്തരവ് ഇറക്കിയത്. ബ്രാഹ്മണ സഭയ്ക്കു മാത്രമാണ് ഏറ്റവും ശക്തമായ എതിര്‍പ്പ്. ഇവരെല്ലാവരും തന്നെ മുണ്ട് വാടകയ്ക്കു കൊടുക്കലും കച്ചവടവുമൊക്കെ നടത്തിയിരുന്നവരാണ്. അവരുടെ ഭാഗത്തുനിന്ന് നേരത്തേതന്നെ എതിര്‍പ്പുണ്ടായിരുന്നു. ഒരു മുണ്ടിന് 50 രൂപയാണ് വാടകയായി വാങ്ങിയിരുന്നത്. തിരിച്ചുകിട്ടുമ്പോള്‍ അതേ മുണ്ട് അടുത്തയാള്‍ക്കും കൊടുക്കും.

ക്ഷേത്രത്തിലെത്തുന്ന സ്ത്രീകള്‍ ഇങ്ങനെ മുഷിഞ്ഞ മുണ്ടുടുത്ത് കയറുന്ന സ്ഥിതി ഒഴിവാക്കാന്‍ പുതിയ മുണ്ട് തന്നെ വേണമെന്ന് നിര്‍ദേശിച്ചു. 40 രൂപയ്ക്ക് ദേവസ്വം സ്വന്തമായി മുണ്ട് വില്‍ക്കാന്‍ സജ്ജീകരണമുണ്ടാക്കി. അന്നുതൊട്ടേ ഇവര്‍ക്ക് എതിര്‍പ്പാണ്. ഇവരുടെ കൊള്ള ലാഭം ഇല്ലാതായതാണ് കാരണം. ബഹുഭൂരിപക്ഷം പെണ്‍കുട്ടികളും ചുരിദാറാണ് ധരിക്കുന്നത്. അവര്‍ക്ക് ഓടേണ്ടിവന്നാല്‍ ഓടാനും ബസില്‍ കയറാനുമൊക്കെ വളരെ സൗകര്യപ്രദമായ വസ്ത്രമാണ്. ഒട്ടും ആഭാസകരമല്ല.

എന്നാല്‍ ലെഗ്ഗിന്‍സോ ജീന്‍സോ ഒന്നും ധരിച്ചുവരാന്‍ പാടില്ലെന്ന് ഉത്തരവില്‍ പറഞ്ഞിട്ടുമുണ്ട്. കുറച്ചുസമയമെടുക്കും കാര്യങ്ങള്‍ എല്ലാവര്‍ക്കും മനസിലാകാന്‍. ചുരിദാര്‍ ഇന്ത്യയില്‍ എല്ലായിടത്തും സ്വീകരിക്കപ്പെട്ടതാണ്. അതൊരു വിദേശ വസ്ത്രമല്ല. ലെഗ്ഗിന്‍സും ജീന്‍സും വിദേശ വസ്ത്രങ്ങളാണെന്നു പറയാം. കോടതിയില്‍ ചുരിദാറിന് അനുകൂലമായി തീരുമാനമെടുത്ത സര്‍ക്കാര്‍ അതിന്റെ അടിസ്ഥാനത്തില്‍ എന്റെ തീരുമാനം വന്നപ്പോഴും കൂടെനിന്നു. കാലാനുസൃതമായ മാറ്റത്തെ സര്‍ക്കാര്‍ പിന്തുണച്ചു. കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കിയായിരുന്നു ദേവസ്വം മന്ത്രിയുടെ പ്രതികരണം. ഉത്തരവിന്റെ പകര്‍പ്പ് ചീഫ് സെക്രട്ടറിക്ക് അയച്ചുകൊടുത്തിരുന്നു.

മുന്‍ കലക്ടറും ക്ഷേത്രം ഭരണസമിതി അംഗവുമായ ബിജു പ്രഭാകര്‍ കാര്യങ്ങള്‍ മനസിലാക്കാതെയാണ് പ്രതികരിച്ചത്. എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് ഇത്തരമൊരു തീരുമാനമെടുക്കാന്‍ അധികാരമുണ്ടോ ഇല്ലയോ എന്ന് തീരുമാനിച്ചത് ഹൈക്കോടതിയാണ്. എന്നോടു പറഞ്ഞിട്ടാണ് ചെയ്തത്. അതിനെതിരായി സംസരിക്കാന്‍ ബിജു പ്രഭാകറിന് ആര് അധികാരം കൊടുത്തു. എന്റെ ബാച്ച് മേറ്റ് തന്നെയാണ് അദ്ദേഹം. കലക്ടര്‍ എന്ന നിലയിലാണ് നേരത്തേ ക്ഷേത്രം ഭരണസമിതിയില്‍ വന്നത്. കൃഷി ഡയറക്ടറായിട്ടും തുടരുകയാണ്.

ഇപ്പോഴത്തെ കലക്ടര്‍ വരാത്തതുകൊണ്ട് സര്‍ക്കാര്‍ പ്രതിനിധി മുന്‍ കലക്ടര്‍ തന്നെ. ഭരണസമിതിയുടെ മുന്‍ ചെയര്‍പേഴ്‌സണിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് തുടരുന്നത്. എക്‌സിക്യുട്ടീവ് ഓഫീസറെ വിമര്‍ശിക്കാന്‍ അദ്ദേഹത്തിന് യാതൊരു അധികാരവുമില്ല. സര്‍ക്കാരിന്റെ പ്രതിനിധി എന്ന നിലയില്‍ മാനിക്കുന്നു. പക്ഷേ, അദ്ദേഹത്തിന്റെ ഇടപെടല്‍ അനാവശ്യമാണ്, കാര്യമില്ലാത്തതാണ്, വിവേകമില്ലാത്തതാണ്; പരിഹാസ്യവുമാണ്. എന്നിട്ട് അടുത്ത ദിവസം പറയുന്നു, ഞാന്‍ ചുരിദാറിനെ അനുകൂലിക്കുന്നു എന്ന്. വ്യക്തിപരമായ അഭിപ്രായം അതാണത്രേ. അപ്പോള്‍ ഭരണസമിതിയില്‍ പറയുന്നത് വ്യക്തിപരമായ തോന്നലുകളല്ലേ, ഒരേ കാര്യത്തില്‍ രണ്ട് അഭിപ്രായമുണ്ടാകുമോ.

പൂജാവിധികളൊക്കെ മാറ്റുമ്പോള്‍ ദേവപ്രശ്‌നം നടത്തി മാത്രമേ തീരുമാനമെടുക്കാന്‍ കഴിയുകയുള്ളു. പക്ഷേ, ഇത് പൂര്‍ണമായും മറ്റൊരു കാര്യമാണ്. ഭഗവാന്‍ വസ്ത്രം നോക്കിയിരിക്കുകയല്ല. രാജകുടുംബത്തിന് ക്ഷേത്രം ഭരണത്തില്‍ പങ്കൊന്നുമില്ല. പക്ഷേ, എല്ലാവരുടെയും അഭിപ്രായം കേള്‍ക്കുന്നതിന്റെ ഭാഗമായി അവരുടെ അഭിപ്രായവും ചോദിച്ചു. അവര്‍ പറയുന്നത് നടപ്പാക്കുന്ന ഉദ്യോഗസ്ഥനല്ല ഞാന്‍. ന്യായാന്യായങ്ങളെല്ലാം നോക്കണം.

Also Read:
രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്; ഇനി ഒരു അശ്രദ്ധ കൊണ്ട് ദുരന്തം വിളിച്ചു വരുത്തരുത്

Keywords: Lord will not concerned on devotees dress code, High Court, Letter, Email, District Collector, Criticism, Guruvayoor Temple, Supreme Court of India, Women, Kerala.