Follow KVARTHA on Google news Follow Us!
ad

കമലിന്റെ പക്ഷത്ത് നില്‍ക്കാന്‍ മനസ്സില്ലെങ്കിലോ...; മമ്മൂട്ടിയും മുമ്പ് ഒരു കാര്യം പറഞ്ഞിട്ടുണ്ട്

ദേശീയഗാനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തല്‍ക്കാലത്തേക്ക് അടങ്ങിയിരിക്കുന്നതുകൊണ്ട് ചില കാര്യങ്ങള്‍ തുറന്നു SA Gafoor, Article, Samakalikam, Deshiyaganam, Theater, Kamal, Column: Who said thate there should be a fraction for the people
സമകാലികം 

എസ് എ ഗഫൂര്‍

(www.kvartha.com 26/12/2016) ദേശീയഗാനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തല്‍ക്കാലത്തേക്ക് അടങ്ങിയിരിക്കുന്നതുകൊണ്ട് ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞാലോ എന്ന് വിചാരിക്കുകയാണ്. ഇത് ആര്‍ക്കൊക്കെ കൊള്ളുന്നു എന്നതും ആരുടെയൊക്കെ ചെയ്തികളുടെ പൊള്ളത്തരങ്ങള്‍ പൊളിച്ചടുക്കുന്നുവെന്നതും ഈയുള്ളവന്റെ ഉത്കണ്ഠയല്ല. മറിച്ച്, ചില കാലങ്ങളില്‍ ചില കാര്യങ്ങള്‍ വലിയ സാമൂഹിക വിപ്ലവ പ്രവര്‍ത്തനങ്ങളായി വാഴ്ത്തപ്പെടുമ്പോള്‍ ആ വിപ്ലവ ബലൂണിന്റെ പള്ളയ്ക്ക് സൂചിമുന കൊണ്ട് ഒരു കുത്ത് കുത്താനുള്ള സ്വഭാവിക ദൗത്യം നിറവേറ്റുക മാത്രമാണ് നിറവേറ്റുന്നത്.
 SA Gafoor, Article, Samakalikam, Deshiyaganam, Theater, Kamal, Column: Who said that there should be a fraction for the people, Samakalikam - 1

സെപ്റ്റംബര്‍ 11 ആക്രമണത്തിനു ശേഷം ആഗോള ഭീകരതക്കെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ നടത്തിയ വലിയ മുന്നേറ്റത്തില്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് ലോകത്തോട് ചോദിച്ചത് ഓര്‍മയുണ്ടോ. നിങ്ങള്‍ ആരുടെ പക്ഷത്താണ്, ഭീകരതയുടെ പക്ഷത്തോ അതോ ഞങ്ങളുടെ പക്ഷത്തോ. എന്നുവച്ചാല്‍ അമേരിക്കയുടെ പക്ഷത്തല്ലാത്ത എല്ലാവരും ഭീകരതയുടെ പക്ഷത്താണ് എന്ന്. അമേരിക്കയുടെ പക്ഷത്തു നിന്നില്ലെങ്കില്‍ ഭീകരതയുടെ പക്ഷത്തായിപ്പോയേക്കുമല്ലോ എന്ന ആധികൊണ്ട് അന്നു ലോകമെമ്പാടും പലരും കൂട്ടത്തോടെ പതറിപ്പോയി.

ഇതിപ്പോള്‍ അതിന്റെയൊരു മിനി പതിപ്പാണ്. സിനിമാ തിയേറ്ററില്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാത്തവരെല്ലാം ദേശവിരുദ്ധരാണെന്ന് സംഘപരിവാര്‍ മുതല്‍ ഉഴവൂര്‍ വിജയന്‍ വരെ പറയുന്നു. എഴുന്നേറ്റു നില്‍ക്കാതിരുന്നതിനെ അനുകൂലിക്കാത്തവരെല്ലാം സംഘ്പരിവാറിനെ അനുകൂലിക്കുന്നവരാണെന്ന് മറുപക്ഷം പറയുന്നു. വേറെ പണിയൊന്നുമില്ലാത്തതുകൊണ്ടും ചലച്ചിത്ര മേളയ്ക്കു പോയില്ലെങ്കില്‍ സാംസ്‌കാരിക പ്രവര്‍ത്തകരായി അംഗീകരിക്കപ്പെടുകയില്ല എന്ന് ആശങ്കപ്പെട്ടും ഐഡി കാര്‍ഡും കഴുത്തിലിട്ട്് ബാഗും തൂക്കി തെക്കുവടക്ക് നടക്കുന്ന കുറേ അഭിനവ സിനിമാ പ്രേമികള്‍ മുതല്‍ മേളയെ നല്ല സിനിമാ കാണാനുള്ള ഒന്നാന്തരം അവസരമായി കാണുന്നവര്‍ വരെയുണ്ട് അക്കൂട്ടത്തില്‍.

ദേശീയഗാനം ആലപിച്ചപ്പോള്‍ ഇരുന്നവരെ പോലീസ് കൊണ്ടുപോയപ്പോള്‍ ഒന്നും ചെയ്യാനാകാതിരുന്നിട്ട് പിന്നെ വലിയ വര്‍ത്തമാനം പറഞ്ഞ കമല്‍ ആണ് അവരുടെ നേതാവ്. കമലിനെ കമാലുദ്ദീനാക്കി വെള്ളം കലക്കി മീന്‍ പിടിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ കമലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയാണ് ദേശസ്‌നേഹം പ്രഖ്യാപിച്ചത്. അപ്പോഴാണ് ആ ചോദ്യം വ്യക്തമായി ഉയര്‍ന്നുകേട്ടത്. നിങ്ങള്‍ കമലിന്റെ പക്ഷത്തോ അതോ സംഘ്പരിവാറിനൊപ്പമോ? കമലിനെ മതേതര ജനാധിപത്യ മുന്നേറ്റത്തിന്റെ പ്രതീകമായി അംഗീകരിച്ച് കൂടെ നിന്ന് മുദ്രാവാക്യം വിളിക്കാത്തവരെല്ലാം ഒറ്റയടിക്ക് ആര്‍എസ്എസ് ആയി മുദ്രയടിക്കപ്പെടുന്ന അവസ്ഥ.

അതുകൊണ്ടാണ് ഈ ചെറുകുറിപ്പിലെ ചോദ്യങ്ങള്‍ പ്രസക്തമാകുന്നത് എന്ന് ഇതെഴുതുന്നയാള്‍ വിചാരിക്കുന്നു. ഒന്നാമതായി, ദേശീയഗാനം ആലപിക്കുന്ന സമയത്ത് എണീറ്റു നിന്നാല്‍ എന്താ കുഴപ്പം? (അമേരിക്കയുടെ റഷ്യയുടെയോ പാക്കിസ്ഥാന്റെയോ അല്ല, ഇന്ത്യയുടെ ദേശീയഗാനമാണല്ലോ തിയേറ്ററുകളില്‍ ആലപിക്കുന്നത്). രണ്ടാമതായി, തീയേറ്റര്‍ പോലെ സകലമാന കാളികൂളി പടങ്ങളും പ്രദര്‍ശിപ്പിക്കുന്ന ഒരു സ്ഥലത്ത് ദേശീയ ഗാനം ആലപിച്ച് അതിനെ അപമാനിക്കുകയാണ് എന്ന നിരീക്ഷണം തിയേറ്ററിനു പുറത്ത് വ്യാപക പ്രചാരണമാക്കാനുള്ള അസരമല്ലേ ആ 'എഴുനേറ്റുനില്‍ക്കാതിരിക്കല്‍' വിവാദത്തിലൂടെ കളഞ്ഞുകുളിച്ചത് (കാര്യങ്ങള്‍ ശരിയായി മനസിലാക്കാതെ സംഘ്പരിവാറിന്റെ കൂടെപ്പോലും ഈ വിഷയത്തില്‍ നിന്നവരുണ്ട്. എ പടം കളിക്കുന്നിടത്തും ആലപിച്ച് വില കെടുത്താനുള്ളതാണോ നമ്മുടെ ദേശീയ ഗാനം എന്ന ചോദ്യം അവരുടെ മുന്നില്‍ ശരിയായി ഉന്നയിക്കപ്പെട്ടില്ല. വിവാദം ഉണ്ടായപ്പോള്‍ ഒരു പക്ഷത്തുള്ളവരെല്ലാം ദേശവിരുദ്ധരാണ് എന്ന മട്ടില്‍ പ്രചരിപ്പിക്കാന്‍ സംഘപരിവാറിന് അവസരം ലഭിച്ചു. ദേശീയഗാനമായി ജനഗണമന അല്ല വന്ദേമാതരം ആണ് വേണ്ടത് എന്നു പറഞ്ഞ അതേ സംഘപരിവാര്‍).

മൂന്നാമത്തെ ചോദ്യം ഇതാണ്, ആരാണ് ഈ കമല്‍? കേരളത്തില്‍ ഇതുവരെ എന്നെങ്കിലും ഏതെങ്കിലും സാമൂഹിക പ്രശ്‌നത്തില്‍ ഇദ്ദേഹം ഇടപെട്ട് നിലപാട് പറഞ്ഞതായി കേട്ടിട്ടുണ്ടോ. ഒന്നും മിണ്ടാതെ തന്ത്രപരമായ മൗനം നിലനിര്‍ത്തി സ്വന്തം താരപദവി സംരക്ഷിക്കുന്ന മമ്മൂട്ടി പോലും ഒരു ഘട്ടത്തില്‍ ഗുജറാത്ത് കൂട്ടക്കൊലയെ വ്യംഗ്യമായി അപലപിച്ചിട്ടുണ്ട്. ഗുജറാത്തില്‍ ഡിവൈഎഫ്‌ഐ ഉണ്ടായിരുന്നെങ്കില്‍ അവിടെ കലാപം ഉണ്ടാകില്ലായിരുന്നു എന്ന് ഡിവൈഎഫ്‌ഐ സമ്മേളനത്തില്‍ പറഞ്ഞത് ഓര്‍ക്കുക.

പക്ഷേ, കമല്‍ മറ്റ് പല സിനിമാ പ്രവര്‍ത്തകരെയും പോലെ ചുറ്റുപാടും നടക്കുന്ന കാര്യങ്ങളേക്കുറിച്ച് പരിപൂര്‍ണ നിശ്ശബ്ദതയാണ് ഇതുവരെ പാലിച്ചുപോന്നത്. പെണ്‍മാനത്തിനു വില കല്‍പ്പിക്കാത്ത നിരവധിയനവധി പെണ്‍വാണിഭങ്ങളും കൊലകളും മുത്തങ്ങ പോലുള്ള ഭരണകൂട ഭീകരതകളും മഅ്ദനിയുടെ കാര്യത്തിലെപ്പോലുള്ള മനുഷ്യാവകാശ ലംഘനങ്ങളുമൊക്കെ നടന്നപ്പോള്‍ കമലിനെ കണ്ടവരുമില്ല കേട്ടവരുമില്ല. ഇപ്പോള്‍ പിന്നെങ്ങനെയാണോ എന്തോ അദ്ദേഹം ചെറുത്തുനില്‍പ്പിനെ മഹത്തായ പ്രതീകമാകുന്നത്.

എന്തൊക്കെ പരിമിതികള്‍ ഉള്ളപ്പോഴും ലോകത്തു നിലനില്‍ക്കുന്ന ഏറ്റവും മഹത്തായ രാഷ്ട്ര സങ്കല്‍പ്പം ജനാധിപത്യം തന്നെയാണ്. പ്രത്യേകിച്ചും നമ്മുടെ രാജ്യത്തു നിലനില്‍ക്കുന്ന ജനാധിപത്യം. അതിനുള്ളില്‍ നിന്നുകൊണ്ട് നമുക്ക് പ്രതിഷേധിക്കാം, എതിര്‍ക്കാം, വിമര്‍ശിക്കാം, കോലം കത്തിക്കാം.... പക്ഷേ, പക്ഷം പിടിച്ചേ തീരൂ എന്ന് ആരും നിര്‍ബന്ധിക്കരുത്. അത് ആര്‍എസ്എസ് ആയാലും ആര്‍എസ്എസ് വിരുദ്ധരായാലും.

ദേശീയ ഗാനത്തിന്റെ പേരില്‍ ഉണ്ടാകാമായിരുന്ന വലിയ ചര്‍ച്ചയെ വെറും എഴുന്നേറ്റു നില്‍ക്കാതിരിക്കല്‍ മാത്രമാക്കി ചുരുക്കിയവരുടെ പക്ഷത്തു നിന്നൊന്ന് നോക്കൂ. അവരില്‍ എത്ര പേര്‍ നാല് മുദ്രാവാക്യം ഒന്നിച്ചു വിളിച്ചിട്ടുണ്ട്. എണ്ണിക്കൊളൂ, പിന്നെ കള്ളം പറയരുത്.

ഇതൊക്കെ ഒരുതരം ജാഡയല്ലേന്ന്. യഥാര്‍ത്ഥ സാമൂഹിക ചെറുത്തുനില്‍പ്പ് ആവശ്യമുളള നിരവധി പ്രശ്‌നങ്ങള്‍ നമുക്കിടയിലുണ്ട്. അവയിലൊന്നും ഇടപെടാത്തവരുടെ ദേശീയഗാനാലാപന വിരുദ്ധ ക്യാംപെയ്ന്‍ മഹാ കള്ളത്തരമാണ്. ഒന്നു ചോദിച്ചോട്ടെ, ഈ മഹാനായ കമലും കൂട്ടാളികളും കമല്‍ സി ചവറയ്‌ക്കോ നദീറിനോ രാജേഷ് കൊല്ലക്കണ്ടിക്കോ വേണ്ടി എവിടെയെങ്കിലും വാദിക്കുന്നത്, ഒരക്ഷരം പറയുന്നത് നമ്മള്‍ കേട്ടോ?

Keywords: SA Gafoor, Article, Samakalikam, Deshiyaganam, Theater, Kamal, Column: Who said that there should be a fraction for the people, Samakalikam - 1