Follow KVARTHA on Google news Follow Us!
ad

മുസ്ലിം ലീഗിന് വേണ്ടി മതത്തെ വ്യാഖ്യാനിക്കലല്ല പണ്ഡിതന്മാരുടെ ജോലി; സംഘപരിവാര്‍ രാഷ്ട്രീയത്തോടുള്ള എതിര്‍പ്പ് ലീഗുകാരില്‍ നിന്ന് പഠിക്കേണ്ട ഗതികേട് സുന്നികള്‍ക്കില്ല: ലീഗിനെതിരെ കടുത്ത വിമര്‍ശനവുമായി കാന്തപുരം വിഭാഗം

മുസ്ലിം ലീഗിന്റെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കനുസരിച്ചു മതത്തെ വ്യാഖാനിക്കലോ നിലപാടുകളെടുക്കലോ അല്ല മതപണ്ഡിതന്മാരുടെ ജോലിയെന്ന് കാന്തപുരം നേതൃത്വം നല്‍കുന്ന മര്‍കസില്‍ നിന്നും പഠിച്ചിറങ്ങിയ മതപണ്ഡിതന്മാരുടെ Kerala, Kozhikode, Muslim-League, Kanthapuram A.P.Aboobaker Musliyar, Politics, Civil code, Markaz, Saqafi Shoora.
കോഴിക്കോട്: (www.kvartha.com 10.11.2016) മുസ്ലിം ലീഗിന്റെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കനുസരിച്ചു മതത്തെ വ്യാഖ്യാനിക്കലോ നിലപാടുകളെടുക്കലോ അല്ല മതപണ്ഡിതന്മാരുടെ ജോലിയെന്ന് കാന്തപുരം നേതൃത്വം നല്‍കുന്ന മര്‍കസില്‍ നിന്നും പഠിച്ചിറങ്ങിയ മതപണ്ഡിതന്മാരുടെ കൂട്ടായ്മയായ സഖാഫി ശൂറ അഭിപ്രായപ്പെട്ടു. സംഘപരിവാര്‍ രാഷ്ട്രീയത്തോടുള്ള എതിര്‍പ്പ് മുസ്ലിം ലീഗുകാരില്‍ നിന്ന് പഠിക്കേണ്ട ഗതികേട് സുന്നികള്‍ക്കില്ലെന്നും യോഗം വ്യക്തമാക്കി.

മത നിയമങ്ങളോട് പ്രതിബദ്ധതയുള്ള പണ്ഡിതന്മാരെ ലീഗിന്റെ ആഗ്രഹത്തിനനുസരിച്ച് കിട്ടാത്തതിലുള്ള ജാള്യത മറക്കാനാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരെയുള്ള ലീഗ് നേതാക്കളുടെ പ്രസ്താവനകള്‍. ലീഗിന്റെ തണല്‍ ആവശ്യമില്ല എന്ന് തിരിച്ചറിഞ്ഞുകൊണ്ട് തന്നെയാണ് സുന്നി സംഘടനകള്‍ മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ നിലപാടെടുത്തത്. സംഘപരിവാര്‍ രാഷ്ട്രീയത്തോടുള്ള എതിര്‍പ്പ് മുസ്ലിം ലീഗുകാരില്‍ നിന്ന് പഠിക്കേണ്ട ഗതികേട് സുന്നികള്‍ക്കില്ല. ഇന്ത്യയിലെ ഇരുപത്തിരണ്ട് സംസ്ഥാനങ്ങളിലെ മുസ്ലിംകള്‍ക്കിടയില്‍ മത-വിദ്യഭ്യാസ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ, ദേശീയ തലത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ കുറിച്ചു ഇപ്പോള്‍ മാത്രം ആലോചിച്ചു തുടങ്ങിയ ഒരു സംഘടന ദേശീയ രാഷ്ട്രീയം പഠിപ്പിക്കാം എന്ന് കരുതുന്നത് പരിഹാസ്യമാണ്.

മുത്തലാഖ് വിഷയത്തില്‍ മതപണ്ഡിതന്മാര്‍ അഭിപ്രായം പറയട്ടെ എന്ന് കാത്തിരിക്കുന്നവര്‍ മറ്റേതൊക്കെ കാര്യങ്ങളില്‍ മതപണ്ഡിതന്മാരുടെ അഭിപ്രായം അനുസരിക്കും എന്ന് കൂടി വ്യക്തമാക്കണം. ശരീഅത്തെന്നാല്‍ വിവാഹവും വിവാഹ മോചനവും മാത്രമാണെന്ന തെറ്റിധാരണയാണ് ചിലര്‍ക്കുള്ളത്. ഏകസിവില്‍ കോഡിന് വേണ്ടി വാദിക്കുന്നവരില്‍ മാത്രമല്ല, അതിനെ പ്രതിരോധിക്കുന്നു എന്നവകാശപ്പെടുന്നവരില്‍ ചിലര്‍ക്കും ഇതേ നിലപാടാണ് എന്നതാണ് കൗതുകകരം. സഖാഫി ശൂറ വിലയിരുത്തി.

സലഫികളോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ സ്വന്തം പ്രസിഡന്റ് ഉള്‍പ്പെടുന്ന മതപണ്ഡിതന്മാരുടെ കൂട്ടായ്മയുടെ തീരുമാനം മുഖവിലക്കെടുക്കാത്തവരാണ് ഇപ്പോള്‍ മുതലാഖിന്റെ കാര്യത്തില്‍ പണ്ഡിതന്മാരുടെ അഭിപ്രായത്തിനു വേണ്ടി കാത്തുനില്‍ക്കുന്നത്. മതപണ്ഡിതന്മാരെ കുറിച്ചുള്ള പഴയ ഫ്യുഡല്‍ ബോധങ്ങളാണ് ഇക്കൂട്ടരെ ഇപ്പോഴും നയിക്കുന്നത്. വോട്ടുബാങ്കും സലഫികളുടെ സംരക്ഷണവുമാണ് ഐക്യകൂട്ടായ്മകളിലൂടെ ഇവര്‍ ലക്ഷ്യമിടുന്നത്.

മലബാറിലെ നാലോ അഞ്ചോ ജില്ലകളില്‍ ഉള്ള അണികളെ കൂടെ നിര്‍ത്താന്‍ വേണ്ടിയുള്ള രാഷ്ട്രീയ ഗിമ്മിക്കല്ല സുന്നികളെ സംബന്ധിച്ചടുത്തോളം ശരീഅത്ത് സംരക്ഷണം. അത് ഒരു മുസ്ലിമിന്റെ വ്യക്തിപരവും സാമൂഹികവുമായ സമഗ്ര ജീവിത മേഖലകളെയും കുറിച്ചു നിലപാടുകള്‍ ഉള്ള ഒരു മാര്‍ഗ രേഖയാണ്. ശൂറ അഭിപ്രായപ്പെട്ടു.

മര്‍കസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മുഹമ്മദ് അലി സഖാഫി വള്ളിയാട്, ശുകൂര്‍ സഖാഫി വെണ്ണക്കോട്, സമദ് സഖാഫി മായനാട്, അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, നാസര്‍ സഖാഫി കരീറ്റിപ്പറമ്പ്, ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര്‍, ലത്തീഫ് സഖാഫി പെരുമുഖം, സാബിത് അബ്ദുല്ല സഖാഫി വാവാട് എന്നിവര്‍ പ്രസംഗിച്ചു.


Keywords: Kerala, Kozhikode, Muslim-League, Kanthapuram A.P.Aboobaker Musliyar, Politics, Civil code, Markaz, Saqafi Shoora.