Follow KVARTHA on Google news Follow Us!
ad

ഒരുമ്മയും മകനും പിന്നെ സംസം കിണര്‍തട സംസ്‌കാരവും

ജനരഹിത ഊഷരഭൂമി, ജലരഹിതമായ കരിമ്പാറക്കൂട്ടങ്ങള്‍, സാര്‍ത്ഥവാഹക സംഘം പോലും തിരിഞ്ഞുനോക്കാത്ത മണല്‍ക്കാടുകള്‍! ഹസ്രത്ത് Article, Hajj, Mecca, Kanthal Soopi Madani, Water, Zam Zam, Ibrahim (A),Ismaeel (A), History.
കന്തല്‍ സൂപ്പി മദനി
   
(www.kvartha.com 06.09.2016) ജനരഹിത ഊഷരഭൂമി, ജലരഹിതമായ കരിമ്പാറക്കൂട്ടങ്ങള്‍, സാര്‍ത്ഥവാഹക സംഘം പോലും തിരിഞ്ഞുനോക്കാത്ത മണല്‍ക്കാടുകള്‍! ഹസ്രത്ത് ഇബ്രാഹിം(അ) ന്റെയും കുടുംബത്തിന്റെയും ആഗമനത്തിനു മുമ്പ് പരിശുദ്ധ മക്കയുടെ അവസ്ഥയായിരുന്നു ഇത്. ചതുര്‍ ദിക്കുകളിലും കട്ടിയേറിയ പാറകളാല്‍ സൃഷ്ടിക്കപ്പെട്ട മാമലകള്‍, ജബല്‍ ഉമറെന്നും, ജബല്‍ അലിയെന്നും, ജബല്‍ കഅ്ബയെന്നും പിന്നീട് നാമകരണം നല്‍കപ്പെട്ട പര്‍വ്വതങ്ങളാല്‍ ആവൃതമായ മക്കയിലെ നടുവില്‍ കാലപ്പഴക്കത്താലും, പ്രകൃതിദുരന്തത്താലും തകര്‍ന്നടിഞ്ഞ ഒരു 'തറ'ക്ക് സമീപം അങ്ങകലെ മദ്ധ്യേഷ്യയിലെ ഫലസ്തീനില്‍ നിന്നും സാഹസികമായി കടന്നുവന്ന ആ കുടുംബം കുടില്‍ കെട്ടി. ജീവിതം മുഴുക്കെ പരീക്ഷണങ്ങളാല്‍ വലയം പ്രാപിച്ച, പ്രസ്തുത കുടുംബവും കുടുംബനാഥനും തീതുപ്പുന്ന പകലോനിനു ചുവട്ടിലും ചുട്ടുപഴുത്ത കരിമ്പാറക്കൂട്ടങ്ങള്‍ക്കു നടുവിലുമായി വീണ്ടും പരീക്ഷിതരാവുകയാണ്.

തീകുണ്ഠത്തിലെറിയപ്പെട്ട് തീഷ്്ണമായ പരീക്ഷണം നേരിടുകയും ജീവിതത്തിന്റെ സായംസന്ധ്യ വരെ ഒരനന്തിരവന്റെ തന്തിയാനാവാന്‍ ഭാഗ്യമില്ലാതെ വിഷമിക്കുകയും ചെയ്ത ഹസ്രത്ത് ഇബ്്‌റാഹിം നബി(അ), ഭാര്യ ഹാജറ, പ്രായാധിക്യകാലത്ത് ലഭ്യമായ ചോരപ്പൈതല്‍ ഇസ്മാഈല്‍ എന്നിവര്‍ ചെങ്കടല്‍ താണ്ടി മണല്‍ക്കൂനകളും കാട്ടുവള്ളികളും മുള്‍ചെടികളും പിന്നിട്ട് അപരിചിതത്വം മാത്രം മുറ്റിയൊഴുകുന്ന, ജീവനുള്ളതിന്റെയൊന്നും കണികപോലും കാണാത്ത സ്വഫാ മര്‍വ മാമല താഴ്‌വാരത്ത് ഒരുദിവസം എത്തിപ്പെട്ടപ്പോള്‍ പാവം ഹാജറാ ബീവിക്കറിയില്ലായിരുന്നു താനൊരു ദുര്‍ഘടനിമിഷത്തെ, ജീവനും മരണത്തിനുമിടയിലെ ഒരു നൂല്‍പാലത്തിലൂടെയുള്ള സഞ്ചാരത്തെ ഇവിടെ വെച്ച് അഭിമുഖീകരിക്കുകയാണെന്ന്! മാസത്തിലേറെക്കാലം യാത്ര ചെയ്ത് പരീക്ഷീണിതരായ പ്രവാചക ശ്രേഷ്ഠര്‍ പത്‌നിയും പൊന്നുമോനുമൊത്ത് സുഖാഡംബര 'ഹണിമൂണ്‍' ജീവിതത്തിന് വേണ്ടി ഊഷരഭൂമിയായ ഈപാറക്കൂട്ടങ്ങള്‍ക്കു നടുവിലെത്തിയതല്ലെന്നുറപ്പ്.

ഏതോ ഒരദൃശ്യ ശക്തിയില്‍ നിന്നും എന്തോ ചില തീരുമാനങ്ങളുടെ പുലര്‍ച്ചക്കുവേണ്ടിയുള്ള നിമിത്ത യാത്രയായിരുന്നു അതെന്നു വ്യക്തം. കുറഞ്ഞ ദിവസത്തേക്ക് മാത്രമുള്ള റൊട്ടിയും വെള്ളവും ഉമ്മയ്ക്കും മകനും നല്‍കി അപരിചിതത്വത്തിന്റെ കരിമ്പുടം വരിഞ്ഞുമുറുക്കിയ പരിസരവും, മൂകത തളം കെട്ടിയ അന്തരീക്ഷവും, മര്‍ത്ത്യന്റേത് പോയിട്ട് മൃഗത്തിന്റെയെങ്കിലും പാദം പതിഞ്ഞ അടയാളമില്ലായ്മയും ഇതില്‍നിന്നെല്ലാം ഉടലെടുത്ത ഉള്‍ഭയവുമുള്ള ഒരു സാഹചര്യത്തില്‍ അവരിരുവരെയും ഉപേക്ഷിച്ച് ഇബ്്‌റാഹിം നബി തിരിച്ചു ജന്മനാട്ടിലേക്ക് നടക്കാനൊരുങ്ങവെ ഭീതിയും, വെപ്രാളവും ഒപ്പം ഈ പുരുഷ ചിത്തത്തിന്റെ ചാഞ്ചല്യമില്ലായ്മയിലുള്ള ആശ്ചര്യവും സമ്മിശ്രമായ, ദയനീയത മുറ്റിനില്‍ക്കുന്ന മുഖത്തോടെ ഹാജറഉമ്മ പ്രവാചകശ്രേഷ്ഠരാകുന്ന തന്റെ ഭര്‍ത്താവിനോട് ചോദിച്ചുപോയി. 'അല്ല, ഇതെന്തു ചെയ്തി? അബലയും ചപലയുമായ ഈ വനിതയെയും കമിഴ്ന്നുകിടക്കാന്‍ പോലും പ്രായമാകാത്ത ചോരപ്പൈതലിനെയും ഉപേക്ഷിച്ച് അങ്ങ് തിരിഞ്ഞു നടക്കുന്നതെങ്ങോട്ട്?

'ഉള്ളം പിടയ്ക്കുന്ന ആ മഹാമനീഷി അത് തന്റെ മുഖഭാവത്തില്‍ പ്രകടമാക്കാതെ പ്രതികരിച്ചത് ഇപ്രകാരമായിരുന്നു. 'സ്വയം തീരുമാനങ്ങളും നയനിലപാടുകളും എനിക്കില്ലെന്നും ഉടയവന്റേത് മാത്രമാണതെല്ലാമെന്നും നിനക്കറിയാമല്ലോ? നാം ഇവിടെ വന്നതും ഇപ്പോള്‍ നിങ്ങളെ തനിച്ചാക്കി ഞാന്‍ തിരിച്ചുപോകുന്നതും അവന്റെ കല്‍പ്പന പ്രകാരം തന്നെയാണ്. എല്ലാം അവനില്‍ ഭാരമേല്‍പ്പിക്കുന്നു. നമുക്ക് സഹിക്കാം...സഹനരാവാം..'അപ്പോള്‍ ഭാര്യയാകുന്ന മഹതിയുടെ പ്രതികരണം 'എങ്കില്‍ എനിക്ക് സമാധാനം.. നിങ്ങള്‍ പൊയ്‌ക്കോളൂ.. നാഥന്‍ നമ്മോടൊപ്പമുണ്ട്' എന്ന അചഞ്ചല വിശ്വാസത്തോടു കൂടിയുള്ളതായിരുന്നു.

ദിവസങ്ങളേ പിന്നിട്ടുള്ളൂ. ഉമ്മയുടെ കരുതല്‍ ശേഖരം കാലിയായി. ചുണ്ട് നനയ്ക്കാനുള്ള ദാഹജലം പോലുമില്ല. സൂര്യതാപമേറ്റ് വിയര്‍ത്തുകുളിച്ചു. ജലാംശങ്ങള്‍ ശരീരത്തില്‍നിന്നും കുറഞ്ഞുവന്നു. തദനുസൃതം കുഞ്ഞിനുള്ള അമ്മിഞ്ഞിപ്പാലും നിലച്ചു. രക്തചംക്രമണം പോലും നിശ്ചലമാകുന്ന അവസ്ഥ!. തൊണ്ടവറ്റി വാവിട്ടു കരയാന്‍ പോലുമാകാതെ കാലിട്ടടിച്ചു പിടയുന്ന പൈതല്‍ പൂമോന്റെ വിളറിയ മുഖഭാവം കൂടിയായപ്പോള്‍ നൊന്ത്‌പെറ്റ ആ ഉമ്മയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായി. അന്നവും പാനീയവും അന്വേഷിച്ചുചെല്ലാന്‍ ഒരിടവും തന്റെ മുന്നിലില്ലെന്നു ഉമ്മയുറപ്പിച്ചു: മരണം ആസന്നമാണെന്നും!

തന്റെ ഭര്‍ത്താവാകുന്ന പ്രവാചകര്‍ക്ക് അവരുടെ ജീവിതസന്ധ്യയില്‍ തന്നിലൂടെ ലഭിച്ച മുലപ്പാല്‍ ഗന്ധമുള്ള, എന്റെ കുഞ്ഞുമോനെ മാറോട് ചേര്‍ത്ത് മരണം പുല്‍കുകയേ ഇനി നിവൃത്തിയുള്ളൂ. മരണത്തെ മുഖാമുഖം കാണുന്ന നിമിഷം! ചിന്തകളുടെ നെരിപ്പോടുകളുതിര്‍ത്ത ഹൃദയവുമായി ഒരു പാഴ് ശ്രമമെന്നറിയാമായിരുന്നിട്ടും നൊന്ത് പെറ്റ മകന്റെ ജീവനെങ്കിലും രക്ഷപ്പെട്ടെങ്കിലോ എന്ന അത്യാര്‍ത്തിയോടെ ആ ഉമ്മ ചെങ്കുത്തായ സ്വഫയില്‍ ചെന്നു കയറി. നാലുപാടും നയനം പായിച്ചു. നിരാശ നിഴലിച്ച മുഖത്തോടെ ഇറങ്ങി ധൃതിയില്‍ മുന്നോട്ടു നടന്നു. നേരെ മുന്നില്‍ ദൃശ്യമായ മര്‍വയിലും അങ്ങിനെയൊന്ന് കയറി നോക്കി. ഫലം ശൂന്യം. അവിടന്നിറങ്ങി സ്വഫയില്‍ വീണ്ടും. ഇപ്രകാരം സപ്ത വട്ടം ആവര്‍ത്തിച്ചു. എല്ലാം വെറുതെയാണെന്നറിയാമെങ്കിലും ഒരു ശ്രമം മാത്രമായിരുന്നു ഈ കയറ്റിറക്കങ്ങള്‍.

ഇതിനിടയിലാണ് ഒരദൃശ്യ ശക്തിയുടെ അശരീരി കേട്ടത്. മര്‍വയിലേക്ക് കയറവേ ശ്രവിച്ച ഈ ശബ്ദ ഭാഗത്തേക്ക് തിരിഞ്ഞു. ആ ഉമ്മ വിങ്ങിപ്പൊട്ടിയ ഹൃദയവും, വേദനയില്‍ വിറക്കുന്ന ചുണ്ടുകളുമായി ആരോടെന്നില്ലാതെ യാചിച്ചു. 'നിങ്ങള്‍ ആരായാലും നിസ്സഹായയായ എന്നെയും പൊന്നുമോനേയെും ഒരിറ്റ് വെള്ളം തന്നു സഹായിക്കുമോ?' പ്രതികരണം വന്നു. 'നിങ്ങള്‍ മകന്റെയടുത്ത് വേഗം ചെല്ലൂ.. നിങ്ങളുടെ ദൂ:ഖവും വേദനയും കാണേണ്ടവനും അറിയേണ്ടവനും കണ്ടറിഞ്ഞു പരിഹരിച്ചിരിക്കുന്നു. 'കേള്‍ക്കേണ്ട താമസം ഉമ്മ അവിടെനിന്നു തന്നെ ഒന്നെത്തിനോക്കി. തന്റെ നയനങ്ങളെ വിശ്വസിക്കാനാവുന്നില്ല, ഇസ്മാഈയിലിന്റെ ആ കുഞ്ഞിളം പാദച്ചുവട്ടില്‍നിന്നും ജലപ്രവാഹം!

തപിക്കുന്ന മനസ്സുമായി ബീവി ക്ഷിപ്രവേഗത്തില്‍ ഗമിച്ചു. ആശ്ചര്യജനകയായ അവര്‍ പൊന്നുമോനെ വാരിയെടുത്തു. ജലം ഒരു മഴവെള്ളപ്പാച്ചില്‍ കണക്കെ പാറക്കൂട്ടങ്ങളുടെ നടുവിലെവിടെനിന്നോ നിര്‍ഗ്ഗളിക്കുന്നു! നിമിഷനേരം കൊണ്ട് പരിസരമാകെ നനഞ്ഞു കുതിര്‍ന്നു. രശ്മിവാന്റെ കിരണമേറ്റ് അകവും, പുറവും, മലയും, മണലും, മണ്ണും, വിണ്ണും ചുട്ടുപൊള്ളുന്നതിനിടെ, അന്നവും പാനീയവുമില്ലാതെ താനും മകനും മൃത്യുവിന്നരികിലെത്തിയ ആധികൊണ്ട് അസ്വസ്ഥമായ മാനസ്സികാവസ്ഥക്കിടെ തണുത്ത വെള്ളത്തില്‍ തട്ടിയ ഉഷ്ണക്കാറ്റിനേറ്റ മാറ്റം ഉമ്മയിലും മക നിലും ആശ്വാസത്തിന്റെ തണുത്ത തെളിനീര്‍ പകര്‍ന്നു. എന്തൊരു കുളിര്‍മ!. ആ മാതൃ മനസ്സ് നെടുവീര്‍പ്പിട്ടു. ഉടയോന് സ്‌തോത്രങ്ങളുതിര്‍ത്തു. അപ്പോഴും ഈ അത്യത്ഭുത നീരുറവ 'കരകവിഞ്ഞൊഴുകി'ക്കൊണ്ടേയിരുന്നു. ഒരു നിമിഷം, അത്ഭുതത്തില്‍ അന്ധാളിച്ച ഹാജറാ ഉമ്മ പരിസരബോധത്തിലേക്ക് തിരിച്ചുവന്നു. കുഞ്ഞിനെ ഒരല്‍പ്പം മാറ്റിവെച്ചു.

ഇരുകൈ കൊണ്ടും കിട്ടാവുന്ന പൂഴിയും ചരല്‍ കഷ്ണങ്ങളും പെറുക്കിയെടുത്ത് ഒരു തടാകം സൃഷ്ടിച്ചു. അതൊന്നും വകവെക്കാതെ ജലം അതി ശീഘ്രം അതിശക്തമായിതന്നെ ഒഴുകിക്കൊണ്ടിരിക്കവെ സന്തോഷാതിരേകത്താല്‍ ആ വനിത ഉറക്കെയുറക്കെ വിളിച്ചു പറഞ്ഞു... 'സമീ...സമീ' അടങ്ങു... വെള്ളമേ.. അടങ്ങൂ...'അത്ഭുതമെന്നു പറയട്ടെ ആ ജലപ്രവാഹം അനുസരണയുള്ള കുട്ടിയെപ്പോലെ ശാന്തമായി. അതുനിമിത്തം 'സംസം'എന്ന നാമകരണം ആ ജലത്തിനു ലഭിക്കുകയും അങ്ങനെ സ്വര്‍ഗ്ഗത്തില്‍ നിന്നും ഉത്ഭൂതമായ യൂഫ്രട്ടീസ്, നൈല്‍ നദികളുടെ കൂട്ടത്തില്‍ സംസമും ഒരംഗമായി ചരിത്രത്തിലിടം പിടിക്കുകയും ചെയ്തുവെന്നുമാത്രമല്ല, മറ്റുള്ളവയെക്കാള്‍ സ്ഥാനത്തില്‍ ഈ നീരുറവ ഒരുപടി മു ന്നിലാവുകയും ചെയ്തു.

ഈ കൊച്ചുതടാകത്തിനു സമീപം മതിവരുവോളം വെള്ളമുപയോഗിച്ചു ഉമ്മയും മകനും കഴിഞ്ഞുകൂടി. അന്നവും അന്നജവുമെല്ലാമായി അവര്‍ക്ക് ഈ വെള്ളം മതിയായി. ഭുജിക്കാന്‍ അവര്‍ക്ക് മറ്റൊന്നും ആവശ്യമായി വന്നില്ല. ദിവസങ്ങള്‍ പിന്നിടുന്തോറും പരിസരങ്ങള്‍ക്ക് മാറ്റംവന്നു. എവിടെ നിന്നോ കാക്കക്കൂട്ടങ്ങള്‍ പാനജലത്തിനായി ചിറകിട്ടടിച്ച് പറന്നുവന്നു. അന്തരീക്ഷത്തില്‍ വട്ടമിട്ടുപറക്കുന്നവയുടെ എണ്ണം കൂടിക്കൂടിവന്നു. ഇത് ശ്രദ്ധയില്‍പെട്ട സാര്‍ത്ഥം തങ്ങളുടെ സഞ്ചാരം അതു വഴിയാക്കി. ഈ ജലധാരയുടെ ഉടമകളായ പറക്കമുറ്റാത്ത കുഞ്ഞിനേയും ഉമ്മയേയും അവര്‍ സമീപിച്ചു. അവരുടെ സമ്മതത്തോടെ യാത്രാസംഘം മതിവരുവോളം അമൃതപാനി ഉപയോഗിച്ചു. പതിയെപ്പതിയെ ഒറ്റയും തെറ്റയുമായി അതിനു ചുറ്റും കുടിലുകള്‍ പൊങ്ങിവന്നു.

അത് വലിയൊരു സമൂഹവും പുതിയൊരു സംസ്‌കാരത്തിന്റെ നാന്ദിയുമായി. അതിനിടെ വിട്ടേച്ചുപോയ പിതാവ് മകനെയും, ഭാര്യയേയും കാണാനെത്തി മടങ്ങി. കാലങ്ങള്‍ കഴിഞ്ഞു. മറ്റൊരിക്കല്‍ പിതാവ് വന്നത് വയസ്സാന്‍കാലത്ത് തനിക്ക് സൗഭാഗ്യമായി കിട്ടിയ, ഓടിച്ചാടി ഉമ്മയുടെ മടിക്കോന്തല പിടിച്ച് ഇപ്പോള്‍ കുസൃതി കൂട്ടുന്ന മകനെ അറുക്കണമെന്ന ഇലാഹീ കല്‍പ്പന ശിരസാവഹിക്കാന്‍! മണ്ണും, വിണ്ണും, ചേതന, അചേതന വസ്തുക്കളുമെല്ലാം വിറങ്ങലിച്ച നേരമായിരുന്നു അത്. ചരിത്രത്തിന് പകരം വെക്കാനില്ലാത്ത ആ അതി തീക്ഷ്ണമായ പരീക്ഷണത്തിലും മൂവരും വിജയം കണ്ടു.

കഅ്ബാലയമെന്ന ഭുവനത്തിലെ പ്രഥമ ഭവനത്തിന്റെ പുനരുദ്ധാരണമായിരുന്നു ഇബ്്‌റാഹിം നബിയുടെ അടുത്ത ദൗത്യം. ആദം നബി പടുത്തുയര്‍ത്തിയിരുന്ന, നൂഹ്് നബിയുടെ കാലത്ത് നശിച്ചുപോയ, ഇപ്പോള്‍ ഒരു 'തറ'യുടെ അടയാളം മാത്രമുള്ള കഅ്ബയെ റബ്ബിന്റെ ആജ്ഞപ്രകാരം ഇബ്‌റാഹിം(അ) ബാലനായ മകന്‍ ഇസ്മാഈലിനേയും ഒപ്പംകൂട്ടി കെട്ടിപ്പൊക്കി. പ്രസ്തുത ദേവാലയ പ്രദക്ഷിണത്തിനും അതിന്റെ മുറ്റത്തും അവകളോടനുബന്ധിച്ചുമുള്ള ഇതര ആരാധനാകര്‍മ്മങ്ങള്‍ക്കും, വേണ്ടി വിജനതയുടെ ഉഛിയില്‍നിന്നും ആ പ്രവാചകര്‍ ലോകാന്ത്യം വരെയുള്ളവരെ ഉറക്കെയുറക്കെ ക്ഷണിച്ചു.

തദനുസൃതം ഇന്നുവരെയും ഇനി നാളെയും ഇൗ ലോകാവസാനം വരെയും മേല്‍ വിളികേട്ട മനുഷ്യര്‍ ഹജ്ജ്-ഉംറകള്‍ക്കായി കഅ്ബയെന്ന ഭൂകേന്ദ്ര ബിന്ദുവിലെത്തി വട്ടമിടും, അതിന്റെ തിരുമുറ്റത്ത് ശിരസ്സ് നമിക്കും. ഹാജറാബീവി കയറി ഇറങ്ങിയ മലമുകളിലും വഴിത്താരകളിലും അവരും കയറി ഇറങ്ങുകയും നടന്നുനീങ്ങുകയും ചെയ്യൂം. ആ ഉമ്മ ധൃതികൂട്ടി നടന്നിടത്ത് കാലാകാലങ്ങളിലായി അവിടം ചെന്നെത്തുന്നവരും അങ്ങിനെത്തന്നെ ഓടും. 'ഇസ്മാഈല്‍ നബിയുടെ റൂമില്‍' അവര്‍ നിസ്‌കരിക്കും. ഇബ്്‌റാഹിം നബിയുടെ പാദം പതിഞ്ഞ കല്ലിനു പിറകെ ശിരസ്സ് കുനിക്കും. തന്നെയും മാതാപിതാക്കളെയും വഴിപിഴപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കുഞ്ഞു ഇസ്മാഈല്‍ പിശാചിനെ കല്ലെറിഞ്ഞാട്ടിയത് സ്മരിച്ച് മിനായില്‍ ഹാജിമാര്‍ കല്ലെറിയും. ബാല്യത്തിലേക്ക് കടന്നുവന്ന ഇസ്മാഈലിനെ ബലിയറുക്കാന്‍ പിതാവ് ശ്രമിച്ചത് സ്മരിച്ചുകൊണ്ട് ഹാജിമാര്‍ കൂടാര നഗരിയില്‍ വെച്ചു തന്നെ മൃഗബലിയും നടത്തും.

ഇങ്ങിനെ ത്യാഗപങ്കിലമായ ഒരു പ്രവാചക കുടുംബത്തിന്റെ സ്മരണ ജ്വലിച്ചു നില്‍ക്കുന്ന ഹജ്ജും അതിനോടനുബന്ധിച്ച ബലിപെരുന്നാളും നമ്മുടെ ചിന്തകളെ പഞ്ചസഹസ്രാബ്ദങ്ങളുടെ പിന്നിലേക്ക് വലിച്ചു കൊണ്ടുപോകുന്നു. ശൂന്യമായൊരു ഭൂപ്രദേശം നീരുറവയാല്‍ സംസ്‌കാര സമ്പന്നമാവുകയും ആ സ്ഥലവും ജലവും ഭുവനത്തിലെ അതിശ്രേഷ്ഠമായതാവുകയും ചെയ്തതാണ് അതിലേറെ പ്രധാനം!

ചരിത്രം മനുഷ്യ സംസ്‌കൃതിയെ അടയാളപ്പെടുത്തിയേെടത്തെല്ലാം ജലസംസ്‌കാരമെന്ന് വിളിച്ചിട്ടുണ്ട്. സിന്ധുനദീതട സംസ്‌കാരം, നൈല്‍ നദീതട സംസ് കാരം, തുടങ്ങിയവ  ഉദാഹരണം. ജലാശയത്തിനടുത്ത് വസിച്ച് സമൂഹവും സംസ്‌കാരവും വളര്‍ത്തുകയേ ആദിമകാലത്ത് നിവൃത്തിയുണ്ടായിരുന്നുള്ളൂ. എങ്കില്‍ നമുക്ക് 'സംസം കിണര്‍ തട സംസ്‌കാരം' എന്ന് ഈ സാമൂഹിക മുന്നേറ്റത്തെ വിളിച്ചുകൂടേ? സംസം കിണറിന്നരികെ വളര്‍ന്നുവന്നതു പോലൊരു സമൂഹവും സംസ്‌കാരവും മറ്റൊരു ജലാശയ തീരത്തും ഉത്ഭവമായിട്ടില്ലെന്നിരിക്കെ ഈ പരിശുദ്ധ ജലാശയ  സംസ്‌കൃതിയെ നാം എന്തിനു അതില്‍ നിന്നും മാറ്റി  നിര്‍ത്തുകയോ ആ ചരിത്ര താളുകളില്‍ നിന്നും വിസ്മരിക്കുകയോ ചെയ്യണം?

Article, Hajj, Mecca, Kanthal Soopi Madani, Water, Zam Zam, Ibrahim (A),Ismaeel (A), History.

Keywords: Article, Hajj, Mecca, Kanthal Soopi Madani, Water, Zam Zam, Ibrahim (A),Ismaeel (A), History.