Follow KVARTHA on Google news Follow Us!
ad

'ശകുനി മാമന്‍' ഇനി നിയമത്തിന്റെ കുരുക്കിലേക്ക്

ഏത് കൊലകൊമ്പനാകട്ടെ, ഒരിക്കല്‍ എന്തായാലും പാളും, എറിയുമ്പോഴാണെങ്കിലും എയ്യുമ്പോഴാണെങ്കിലും വീശുമ്പോഴാണെങ്കിലും വീArticle, Justice Markandey Katju, Facebook, FB post, Controversy, Case, Pakistan, India, Attack, America, Complaints, Bihar, Controversy over Markandey Katju Facebook post.
അസ്‌ലം മാവില 

(www.kvartha.com 29.09.2016) ഏത് കൊലകൊമ്പനാകട്ടെ, ഒരിക്കല്‍ എന്തായാലും പാളും, എറിയുമ്പോഴാണെങ്കിലും എയ്യുമ്പോഴാണെങ്കിലും വീശുമ്പോഴാണെങ്കിലും വീരവാദം മുഴക്കുമ്പോഴാണെങ്കിലും. അങ്ങിനെ ഒരു വയ്യാവേലിയില്‍ അകപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ പരമോന്നത നീതിപീഠത്തില്‍ ഇരുന്നിരുന്ന ജസ്റ്റിസ് കട്ജു. നിയമമൊക്കെ കലക്കിക്കുടിച്ചത് കൊണ്ട് കടിച്ചു പിടിച്ചു ഇപ്പോഴത്തെ വിവാദത്തില്‍ നിന്ന് തലയൂരുമായിരുക്കും. പക്ഷെ, പെട്ടിരിക്കുന്നത് ഒന്നൊന്നര നിയമക്കുരുക്കിലാണ്. ചെറിയ കേസൊന്നുമല്ല, രാജ്യദ്രോഹം തന്നെ. സെക്ഷന്‍ 124 (എ), 500, 501 ആന്‍ഡ് 505 ഐപിസി. കേസ് കൊടുത്തതാകട്ടെ ബീഹാറില്‍ നിന്നുള്ള എം.എല്‍.സി. ശ്രീ നീരജ് കുമാറും.

സംഭവം ഇങ്ങനെ. ഒരു യുദ്ധമുഖത്തിന്റെ അടുത്താണല്ലോ ഇപ്പോള്‍ ഇന്ത്യയും പാകിസ്ഥാനും. രണ്ടു രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളാകട്ടെ ഐക്യരാഷ്ട്ര സഭയില്‍ കൊണ്ടുപിടിച്ച വാഗ്വാദത്തിലുമാണ്. ഇരു രാജ്യങ്ങളിലെ മുഖ്യധാരാമാധ്യമങ്ങളും പൊതുജനങ്ങളും ഇപ്പോള്‍ പ്രധാന വര്‍ത്തമാനായി ചര്‍ച്ച ചെയ്യുന്നതും ഇതൊക്കെ തന്നെ.

അതിര്‍ത്തിയില്‍ വെടിയൊച്ച കേള്‍ക്കുന്നതിനനുസരിച്ചു രണ്ടു രാജ്യങ്ങളിലെയും ഓഹരി ഇടിഞ്ഞു കൊണ്ടിരിക്കുന്നു. വെടിവെച്ചത് തലേദിവസമോ രണ്ടു ദിവസമോ മുമ്പോ ആകാം. പക്ഷെ, അത് പത്രസമ്മേളനം നടത്തുകയോ ട്വീറ്റ് ചെയ്യുമ്പോഴോ ആണ് വിപണി ഇടിയാന്‍ തുടങ്ങുന്നത്. ചൈനയൊക്കെ മിനുട്ട് വെച്ചാണ് അഭിപ്രായം മാറ്റിക്കൊണ്ടിരിക്കുന്നത്. ഒരു യുദ്ധമുണ്ടാകില്ലെന്നു അമേരിക്കക്ക് നന്നായി അറിയാം. ഇരുകൂട്ടരെയും പിരികേറ്റി യുദ്ധ സമാന അന്തരീക്ഷമുണ്ടാക്കി ഉള്ള നേരത്തു ആയുധ കച്ചവടത്തിന്റെ കോണ്‍ട്രാക്ട് പേപ്പറില്‍ എങ്ങിനെ ഒപ്പീടക്കാമെന്നാണ് അവര്‍ ഇപ്പോള്‍ നോക്കുന്നത്. ന്യൂയോര്‍ക്കിലിരുന്ന് ഒരു അമേരിക്കക്കാരി അതിനു പറ്റിയ പ്രസ്താവനകളുണ്ടാക്കി കാലത്തും വൈകിട്ടും റിലീസും ചെയ്തുകൊണ്ടിരിക്കുന്ന തിരക്കിലുമാണ്.

ഇതിങ്ങനെ ചൂടുപിടിച്ചു വരുമ്പോഴാണ് ജസ്റ്റിസ് കട്ജു തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഒരു പ്രസ്താവന പോസ്റ്റ് ചെയ്യുന്നത്. 'പാക്‌സിതാനികളേ, ബീഹാര്‍ കൂടി ഏറ്റെടുക്കുമെങ്കില്‍, കശ്മീര്‍ നിങ്ങളങ്ങെടുത്തോളൂ. എന്നിട്ട് മൊത്തം പ്രശ്‌നം എന്നെന്നേക്കുമായി തീര്‍ത്തേക്ക്'. പറഞ്ഞതിന്റെ ധ്വനി ഇതാണ്: ബീഹാറിനെ തലയില്‍ കെട്ടിവെച്ചു തരുമെന്ന് കേട്ടാല്‍, 'പച്ചകള്‍' ''അയ്യോ ഞങ്ങള്‍ക്കൊന്നും വേണ്ടേ, ഞങ്ങളൊന്നും മിണ്ടിയില്ലേ'' എന്നും പറഞ്ഞു കശ്മീര്‍ വിവാദം എന്നെന്നേക്കുമായി നിര്‍ത്തി സ്ഥലം കാലിയാക്കുമെന്ന്. ബീഹാരികളുടെ കൂമ്പ് നോക്കി ഇമ്മാതിരി താങ്ങിയാല്‍ വാതം പിടിച്ച ഭയ്യ പോലും ഒന്ന് തടികുടഞ്ഞു എഴുന്നേല്‍ക്കില്ലേ? ഭരണകക്ഷിയായ ജെഡിയുടെ കാര്യം പിന്നെ പറയാനുണ്ടോ? പാര്‍ട്ടിയുടെ ഔദ്യോഗിക വക്താവ് നീരജ് കുമാറിനെ അങ്ങിനെയാണ് അവര്‍ രംഗത്തിറക്കിയിരിക്കുന്നത്.

ഇട്ട പോസ്റ്റ് ഒന്ന് കൂടി വായിച്ചത് കൊണ്ടാണോ രാജ്യദ്രോഹ കേസായത് കൊണ്ടാണോ അതിലെ നര്‍മ്മം ആസ്വദിക്കാന്‍ പറ്റിയ നാട്ടുകാരല്ലാത്തത് കൊണ്ടാണോ എന്നറിയില്ല ജസ്റ്റിസ് മാര്‍കണ്ടേയ കട്ജു ഉടനെ മലക്കം മറിഞ്ഞു മറുപോസ്റ്റിട്ടു. നിങ്ങള്‍ ഒരു തമാശ പറയാനും എന്നെ സമ്മതിക്കില്ലേ?. അദ്ദേഹത്തിന് മൊത്തം ജോക്കാണല്ലോ.

കഴിഞ്ഞ കുറെ ദിവസങ്ങളായി ജസ്റ്റിസ് കട്ജു ഫെയിസ്ബുക്കില്‍ കൈമെയ് മറന്നു പോസ്റ്റിവിടുന്നതും ഇതൊക്കെ തന്നെയല്ലോ. അത്‌കൊണ്ട് തന്നെ കട്ജുവായിരുന്നു മീഡിയക്കാര്‍ക്ക് താരം. ഡോ. സാക്കിര്‍ നായിക്കിനെ വാദപ്രതിവാദത്തിനു വെല്ലുവിളിച്ചതും മദര്‍ തെരേസയെക്കുറിച്ചു പറഞ്ഞതും. അമിതാഭ് ബച്ചന്റെ തലക്കകത്തു ആള്‍താമസമില്ലെന്നു കണ്ടെത്തിയതും മറ്റും വായിച്ചു ദിവസങ്ങള്‍ മാത്രമേ ആയുള്ളൂ. അതിനു മുമ്പും കട്ജു വിവാദപ്രസ്താവനകള്‍ നടത്തി വാര്‍ത്തയില്‍ ഇടം നേടാറുണ്ട്. മോദിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് അദ്ദേഹത്തിന് ന്യൂസ് റേഞ്ചു കൂട്ടുന്നത്. 2013 മുതലുണ്ട്. നിയമജ്ഞന്‍ കൂടിയായ ജെയ്റ്റിലിയായിരുന്നു മോദിയുടെ പക്ഷം ചേര്‍ന്ന് കട്ജുവിനെ പ്രതിരോധിക്കുക.  അതിന്നും തുടരുകയും ചെയ്യുന്നു.

ഏതായാലും ഇപ്രാവശ്യം കട്ജു കുറച്ചു വിയര്‍ക്കുമെന്നാണ് തോന്നുന്നത്. പ്രശ്‌നമൊന്നടങ്ങികിട്ടാന്‍ ഓണ്‍ലൈനില്‍ തന്നെ അദ്ദേഹം  ക്ഷമയും ചോദിച്ചു നോക്കി.  തമാശയോ? എന്ത് തമാശ? എന്ത് ക്ഷമ? ബിഹാരികള്‍ തിരിച്ചടിച്ചതോടെ മുന്‍ സുപ്രീം കോടതി ന്യായാധിപനിപ്പോള്‍  ''ഏതായാലും നനഞ്ഞു ഇനി കുളിച്ചു തന്നെ കയറാ''മെന്ന മട്ടിലാണ്. ബീഹാറിന്റെ സംരക്ഷകാനാകാന്‍ ഇവിടെവേറെ ആണുങ്ങളുണ്ടെന്ന്   മുഖ്യമന്ത്രി നിതീഷ് പറഞ്ഞു തീര്‍ന്നില്ല. ആ ഉരുളയ്ക്കു കട്ജു നല്‍കിയ ഉപ്പേരി ഞാന്‍ രക്ഷകനായ കൃഷ്ണനല്ല, മറിച്ചു ശകുനിമാമനാണ്.  ബിഹാറികളെല്ലാം കൂടി അങ്ങ് ഐക്യരാഷ്ട്രസഭയില്‍ പരാതിയും കൊടുത്തേക്കാനും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നുണ്ട്. വരും ദിനങ്ങളില്‍ ജസ്റ്റിസ് കട്ജു സോഷ്യല്‍ മീഡിയാസ്വാദകര്‍ക്കും ട്രോളന്മാര്‍ക്കും ചാകര തന്നെ സമ്മാനിക്കും, തീര്‍ച്ച. ഒരു കാര്യത്തില്‍ മാത്രം മുന്‍ സുപ്രീം കോടതി ജഡ്ജും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനുമായ ജസ്റ്റിസ് കട്ജുവിന് പേടിക്കേണ്ട ആവശ്യമില്ല. കേസ് വാദിക്കാന്‍ വേറെ ആളെ തെരയുന്ന കാര്യത്തില്‍.

വിഷയം ഇപ്പോള്‍ അന്താരാഷ്ട്ര തലത്തിലെത്തിയതോടെ അദ്ദേഹത്തിന്റെ എഫ്ബി പേജ് സന്ദര്‍ശകര്‍ കൂടിക്കൂടി വരികയാണ് എന്നാണ് റിപോര്‍ട്ട്. ജസ്റ്റിസ് കട്ജു തന്റെ പേജില്‍ കുറിക്കുന്നതിന് ഒരു കുറവും വരുത്തിയിട്ടില്ല.
Article, Justice Markandey Katju, Facebook, FB post, Controversy, Case, Pakistan, India, Attack, America, Complaints, Bihar, Controversy over Markandey Katju Facebook post.

Keywords:  Article, Justice Markandey Katju, Facebook, FB post, Controversy, Case, Pakistan, India, Attack, America, Complaints, Bihar, Controversy over Markandey Katju Facebook post.