Follow KVARTHA on Google news Follow Us!
ad

കന്നുകാലിയുടെ നാമത്തിലെ മനുഷ്യക്കുരുതികള്‍

പശുത്തോല്‍ കടത്തിയെന്നാരോപിച്ച് ഗുജറാത്തില്‍ ചമാര്‍ വിഭാഗക്കാരായ ദളിത് യുവാക്കളെ തുണിയിരിഞ്ഞ് കെട്ടിയിട്ടു മര്‍ദ്ദിച്ച സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധം കത്തുന്നു. ഓര്‍മ്മവരുന്നത് പതിമൂന്ന് വര്‍ഷം മുമ്പ്
-അമല തമ്പായി

(www.kvartha.com 22/07/2016)
പശുത്തോല്‍ കടത്തിയെന്നാരോപിച്ച് ഗുജറാത്തില്‍ ചമാര്‍ വിഭാഗക്കാരായ ദളിത് യുവാക്കളെ തുണിയിരിഞ്ഞ് കെട്ടിയിട്ടു മര്‍ദ്ദിച്ച സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധം കത്തുന്നു. ഓര്‍മ്മവരുന്നത് പതിമൂന്ന് വര്‍ഷം മുമ്പ് നടന്ന ഒരു ക്രൂരസംഭവമാണ്. ഹരിയാനയിലെ ജഝറില്‍ സമാനമായ കുറ്റം ആരോപിച്ച് അഞ്ച് ചമാര്‍ യുവാക്കളെ പോലീസിനു മുന്നിലിട്ട് തല്ലിച്ചതച്ചും തീവച്ചും കൊന്ന സംഭവം.

2002 ഒക്ടോബര്‍ 15നായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. ഗുര്‍ഗാപോല്‍ ജില്ലയിലെ ബാദ്ഷാപൂര്‍ ഗ്രാമത്തിലെ ചമാര്‍ വിഭാഗത്തില്‍പ്പെട്ട ദളിത് കുടുംബങ്ങളുടെ ഉപജീവന മാര്‍ഗമായിരുന്നു തുകല്‍ വില്‍പന. ചത്ത കന്നുകാലികളുടെ തൊലിയുരിച്ച് വിറ്റും ചെരിപ്പ് നിര്‍മ്മിച്ചുമൊക്കെയായിരുന്നു സവര്‍ണര്‍ ഹീനരരെന്ന് ആക്ഷേപിച്ച് മാറ്റിനിര്‍ത്തിയിരുന്ന ചമാര്‍വിഭാഗക്കാര്‍ ജീവിതം പുലര്‍ത്തിയിരുന്നത്. പ്രദേശത്തെ ഗോശാലകളിലെ ചത്ത കന്നുകാലികളുടെ തോലെടുത്ത് വില്‍പ്പന നടത്തുന്നതിനു ലൈസന്‍സ് ദേവേന്ദ്ര എന്ന ദളിതനായിരുന്നു. ഇയാളില്‍ നിന്നും തുകല്‍ വാങ്ങുന്നതിനായിരുന്നു കര്‍ണാലുകാരനായ തുകല്‍ കച്ചവടക്കാരന്‍ കൈലാഷ് ഗ്രാമത്തിലെത്തിയത്. വാടകയ്‌ക്കെടുത്ത മിനിലോറിയില്‍ തുകലും കയറ്റി കര്‍ണാലിലേക്ക് മടങ്ങിയ കൈലാഷിനൊപ്പം ബാക്കി പണം വാങ്ങാന്‍ ദേവേദന്ദ്ര അനുജന്‍ വീരേന്ദ്രയെ അയച്ചു. ബന്ധു ദയാചന്ദും ഒപ്പം പോയി. മടക്കയാത്രയില്‍ ഫാറൂഖ് നഗറില്‍ നിന്നും കൈലാഷ് വിലകൊടുത്ത് വാങ്ങിയ ഒരു ചത്ത പശുവിന്റെ ശരീരാവശിഷ്ടങ്ങളുടെ പേരിലാണ് മിനിലോറി ഡ്രൈവര്‍ ടോട്ടറാമിനും ക്ലീനര്‍ രാജുവിനുമൊപ്പം മൂന്നുപേരെയും മരണം കൊണ്ടു പോകുന്നത്.

ദുലീന പോലീസ് പോസ്റ്റിനു സമീപത്ത് വാഹനം നിര്‍ത്തി ചത്ത പശുവിന്റെ തൊലിയുരിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ ദസറ ആഘോഷം കഴിഞ്ഞ് അതുവഴി വരികയായിരുന്ന വിഎച്ച്പി പ്രവര്‍ത്തകര്‍ പശുവിനെ കൊന്നതായി ആരോപിച്ച് അഞ്ച് പേരെയും മര്‍ദ്ദിച്ച് അവശരാക്കി. മുസ്ലീങ്ങള്‍ പശുവിനെ കൊന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. തുടര്‍ന്ന് പോലീസ് ലോക്കപ്പിലും ക്രൂരമര്‍ദ്ദനം. മൃതപ്രായരായ യുവാക്കളുടെ പേരില്‍ ഗോവധ നിരോധന നിയമ പ്രകാരം കേസും രജിസ്റ്റര്‍ ചെയ്തു പോലീസ്. ഈ സമയം മുസ്ലീം യുവാക്കള്‍ പശുവിനെ കൊന്ന് തൊലിയുരിച്ചുവെന്ന രീതിയില്‍ പ്രദേശത്ത് വ്യാപകപ്രചരണം. സംഘടിച്ചെത്തിയ ആള്‍ക്കൂട്ടം ജില്ലാ മജിസ്‌ട്രേറ്റ്, ഡി എസ് പി, ബി ഡി ഒ, സായുധരായ പോലീസ് സേന തുടങ്ങിയവര്‍ നോക്കി നില്‍ക്കെ യുവാക്കളെ വീണ്ടും ആക്രമിച്ചു. മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ അഞ്ച് പേരുടെയും ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി. ദേഹാസകലം ആഴത്തില്‍ മുറിവേറ്റും പൊള്ളലേറ്റും ചതഞ്ഞും വികൃതമായ മൃതദേഹങ്ങളാണ് തൊട്ടടുത്ത ദിവസം കുടുംബങ്ങള്‍ക്ക് ലഭിക്കുന്നത്. 1989 ല്‍പാര്‍ലമെന്റില്‍ പാസ്സാക്കിയ പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമം നിലനില്‍ക്കെയായിരുന്നു ഈ കൂട്ടക്കൊല. കൊല്ലപ്പെട്ടവരില്‍ ഒരാളായ രാജുവിന് പതിനഞ്ച് വയസായിരുന്നു പ്രായം.

ഇവരില്‍ നിന്നും പിടിച്ചെടുത്ത പശുവിന്റെ അവശിഷ്ടങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു വിധേയമാക്കിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തു വന്നത്. അതിന് 24 ദിവസത്തെ പഴക്കമുണ്ടായിരുന്നു. പോലീസിന്റെ കണ്‍മുന്നില്‍ നടന്ന കൊലപാതകങ്ങളുടെ എഫ്‌ഐആറില്‍ ഒരാളുടെ പോലും പേരുണ്ടായിരുന്നില്ല. ശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് 32 പേരെ പ്രതികളാക്കി പോലീസ് രണ്ടാമതും റിപോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം ഏഴുപേര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ബിജെപിയുടെയും ശിവസേനയുടെയും ഭരണകക്ഷിയായിരുന്ന ഇന്ത്യന്‍ നാഷണല്‍ ലോക്ദളിന്റെയും നേതാക്കളും സജീവപ്രവര്‍ത്തകരുമായിരുന്നു ഇവര്‍. കോടതി വളപ്പില്‍ മുദ്രാവാക്യം വിളിച്ചാണ് ശിക്ഷാവിധി വന്ന ദിവസം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച അന്നത്തെ ദേശീയ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ ചെയര്‍മാനും ബിജെപി നേതാവുമായ ബിസേ സോങ്കര്‍ ശാസ്ത്രിയുടെ പ്രതികരണവും ഞെട്ടിപ്പിച്ചു. ആള്‍ക്കൂട്ടത്തിന് അബദ്ധം പറ്റിയതാണെന്നായിരുന്നു ശാസ്ത്രിയുടെ ഭാഷ്യം. അഞ്ച് പേരും മുസ്ലീങ്ങളാണെന്ന് തെറ്റിദ്ധരിച്ചാണ് ജനക്കൂട്ടം കൊല നടത്തിയതെന്നും ശാസ്ത്രി വിശദീകരിച്ചു. 2002 നവംബര്‍ 28ാം തീയ്യതിയിലെ ടൈംസ് ഓഫ് ഇന്ത്യ ശാസ്ത്രിയുടെ വാക്കുകള്‍ അതേപടി റിപോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ രാഷ്ടീയ പാര്‍ട്ടികളുടെ നേതാക്കളോടും ദളിത് മനുഷ്യാവകാശ സംഘടനാ പ്രതിനിധികളോടും ദുലീന പോലീസ് പോസ്റ്റിലെ ഉദ്യോഗസ്ഥരുടെ പ്രതികരണങ്ങളും ശാസ്ത്രിയുടേതിന് സമാനമായിരുന്നു. രാജ്യത്തിന്റെ വര്‍ത്തമാനവും ഭാവിയും എങ്ങനെയായിരിക്കുമെന്നതിന്റെ ചൂണ്ടുപലകയായിരുന്നു അന്നത്തെ ഈ പ്രതികരണങ്ങളെന്ന് സമകാലിക സംഭവങ്ങള്‍ തെളിയിക്കുന്നു.

പശുവിന്റെ നാമത്തിലുള്ള മനുഷ്യ പീഡനം ഗുജറാത്തോടെ അവസാനിക്കുന്നില്ല എന്നതിന് ജഝറിനു പുറമേ നിരവധി തെളിവുകളുണ്ട്. 2016 മാര്‍ച്ച് 18നാണ് ഝാര്‍ഖണ്ഡിലെ ലതേഹറില്‍ മജ്‌ലൂം അന്‍സാരിയെന്ന കന്നുകാലി കച്ചവടക്കാരനെയും സഹായി 12 വയസ്സുകാരന്‍ ഇംതിയാസ് ഖാനെയും ഗോസംരക്ഷണ സമിതിക്കാര്‍ തല്ലിക്കൊന്ന് മരത്തില്‍ കെട്ടിത്തൂക്കുന്നത്.

2015 സെപ്തംബറിലാണ് വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചുവെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖെന്ന വയോധികനെ ഭാര്യയുടെയും മകളുടെയും മുമ്പിലിട്ട് തല്ലിക്കൊല്ലുന്നത്. അക്രമത്തില്‍ അഖ്‌ലാക്കിന്റെ മകനും ഗുരുതരമായി പരിക്കേറ്റു. പിന്നാലെ ഒക്ടോബറില്‍ ഹിമാചല്‍ പ്രദേശിലെ നഹാനില്‍ കന്നുകാലിക്കടത്തു നടത്തിയെന്നാരോപിച്ച് ട്രക്ക് ഡ്രൈവറായ യുവാവിനെയും ജമ്മു കശ്മീരില്‍ പതിനാറുകാരനെയും സംഘപരിവാറുകാര്‍ കൊലപ്പെടുത്തി. ഹിമാചല്‍ പ്രദേശിലെ സിര്‍മൗര്‍ ജില്ലയിലെ ലവാസ് ചൗക്കി മേഖലയിലാണു ഉത്തര്‍പ്രദേശിലെ സഹാറന്‍പുര്‍ സ്വദേശി നോമന്‍ എന്ന ട്രക്ക് ഡ്രൈവര്‍ കൊല്ലപ്പെടുന്നത്. കന്നുകാലികളെ കൊണ്ടുപോകുകയായിരുന്ന ട്രക്കിനെ ഒരുകൂട്ടം ആളുകള്‍ ആക്രമിക്കുകയായിരുന്നു.

ഒക്ടോബര്‍ ഒന്‍പതിനായിരുന്നു ജമ്മു കശ്മീരില്‍ ഷാഹിദ് റസൂര്‍ ഭട്ട് എന്ന കുട്ടിയുടെ മരണത്തിന് ഇടയാക്കിയ സംഭവം. മൂന്നു പശുക്കളുടെ ശവം കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം നിലനിന്നിരുന്നു. ഈ സമയത്താണ് ഷാഹിദും സുഹൃത്ത് ഷൗക്കത്തും ലോറിയില്‍ അവിടെയെത്തുന്നത്. തുടര്‍ന്ന് ഒരു സംഘം ആളുകള്‍ ലോറിയുടെ കണ്ണാടി എറിഞ്ഞുടച്ചു. ഉള്ളിലേക്ക് പെട്രോള്‍ ബോംബ് വലിച്ചെറിഞ്ഞു. ഗുരുതരമായി പരുക്കേറ്റ ഷാഹിദ് ഡല്‍ഹിയിലെ ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്. ഹരിയാനയിലെ പശുവിന് നാലാഴ്ചത്തെ പഴക്കമുണ്ടെന്ന് തെളിഞ്ഞതിനും മുഹമ്മദ് അഖ്‌ലാക്കിന്റെ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന, പശുവിറച്ചിയെന്നു പ്രചരിപ്പിച്ച മാസം ആട്ടിറച്ചിയാണെന്നു തെളിഞ്ഞതിനും സമാനമായി ഷാഹിദ് കൊല്ലപ്പെടാന്‍ ഇടയാക്കിയ പശുക്കള്‍ ചത്തത് ഭക്ഷ്യവിഷബാധ മൂലമാണെന്നും പിന്നീട് പരിശോധനയില്‍ തെളിഞ്ഞു.

പശുകേന്ദ്രീകൃത രാഷ്ട്രീയം സംഘപരിവാര്‍ സംഘടനകളുടെ വര്‍ഗീയ അജണ്ടകളുടെ ഭാഗമാണ്. ജനങ്ങളെ രാജ്യസ്‌നേഹികള്‍/ ദ്രോഹികള്‍ എന്നിങ്ങനെ വേര്‍തിരിക്കാന്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ചിഹ്നങ്ങളില്‍ ഒന്നാണ് പശു. അധികാരത്തിന്റെ തണലിലാണ് സംഘപരിവാര്‍ സംഘടനകള്‍ ഇത്തരം കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത് എന്നതിന് ചരിത്രം തന്നെ തെളിവ്. കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി അധികാരത്തിലിരുന്ന കാലത്തായിരുന്നു ഹരിയാന കൂട്ടക്കൊല. അടല്‍ബിഹാരി വാജ്‌പേയി പ്രധാനമന്ത്രി. സംസ്ഥാന ഭരണം ബിജെപി പിന്തുണയോടെ ഇന്ത്യന്‍ നാഷണല്‍ ലോക്ദളും. മുഖ്യമന്ത്രിക്കസേരയില്‍ ഓംപ്രകാശ് ചൗട്ടാല. ഇന്നു ഗുജറാത്തിലെ സ്ഥിതിയും സമാനം.

ഈ മനുഷ്യക്കുരുതികളുടെയൊക്കെ ഒരു പൊതുസമാനത ഇരകളായ മൈനര്‍മാരുടെ സാനിധ്യമാണ്. ജഝറില്‍ രാജു എന്ന പതിനഞ്ചുകാരനായിരുന്നെങ്കില്‍ കശ്മീരില്‍ ഷാഹിദും ലതേഹാറില്‍ ഇംതിയാസും. ലക്ഷ്യം ഒരു പ്രത്യേക ജനവിഭാഗത്തിനു നേര്‍ക്ക് കേന്ദ്രീകരിച്ചിക്കുന്നുവെന്നത് മറ്റൊരു പ്രധാന വസ്തുത. ദളിതരില്‍ തുടങ്ങി മുസ്ലീങ്ങള്‍ ഉള്‍പെടുന്ന ന്യൂനപക്ഷങ്ങളുടെ ഉന്മൂലനം എന്ന ആത്യന്തിക ലക്ഷ്യം വ്യക്തമാകുന്നു. ദളിത്/ ന്യൂനപക്ഷ വിരുദ്ധ മനോഭാവം രാജ്യത്തിന്റെ പൊതുബോധമാക്കി വളര്‍ത്തിയെടുക്കുന്നതില്‍ ബഹുദൂരം മുന്നോട്ടു പോയിരിക്കുന്നു സംഘപരിവാര്‍ സംഘടനകളും. കന്നുകാലിയുടെ പേരില്‍ നടക്കുന്ന മനുഷ്യക്കുരുതികള്‍ക്ക് വിശ്വാസത്തിന്റെ പരിരക്ഷയുള്ളതായി പ്രഖ്യാപിക്കുന്ന കാലം വിദൂരമല്ല.

Keywords: Massacre in the name of cattle, Article, Murder, Attack, Assault, Amala Thambai