Follow KVARTHA on Google news Follow Us!
ad

ഷാഹിദ കമാലിനെ സിപിഎം പരിഗണിക്കുന്നു; വനിതാ വികസന കോര്‍പറേഷന്‍ അധ്യക്ഷയാക്കും

സംസ്ഥാനത്തെ കോര്‍പറേഷനുകളുടെയും ബോര്‍ഡുകളുടെയും അധ്യക്ഷThiruvananthapuram, CPM, Election, Kollam, LDF, Minister, kasaragod, Lok Sabha, KPCC, Kerala,
തിരുവനന്തപുരം: (www.kvartha.com 18.07.2016) സംസ്ഥാനത്തെ കോര്‍പറേഷനുകളുടെയും ബോര്‍ഡുകളുടെയും അധ്യക്ഷ പദവികളും ഡയറക്ടര്‍ ബോര്‍ഡ് അംഗത്വവും വീതംവയ്പ്പിന് അന്തിമ പട്ടിക തയ്യാറാകുന്നു. കോണ്‍ഗ്രസില്‍ നിന്ന് സിപിഎമ്മില്‍ എത്തിയ മുന്‍ മഹിളാ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ഷാഹിദാ കമാലിനാണ് വനിതാ വികസന കോര്‍പറേഷന്‍ അധ്യക്ഷ സ്ഥാനം എന്നാണു വിവരം.

എന്നാല്‍ സിപിഎമ്മില്‍ നിന്നുതന്നെ ചില പ്രമുഖ വനിതാ നേതാക്കള്‍ ഇതിനു വേണ്ടി ഇപ്പോഴും ശ്രമം തുടരുകയാണ്. ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിനു പകരം ഡയറക്ടര്‍ ബോര്‍ഡ് അംഗമാക്കാം എന്ന സിപിഎം വാഗ്ദാനം ഷാഹിദ കമാല്‍ സ്വീകരിച്ചിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് ഷാഹിദ സിപിഎമ്മില്‍ ചേര്‍ന്നത്. തെരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയില്‍ എല്‍ഡിഎഫിന് മികച്ച വിജയം ലഭിക്കുകകൂടി ചെയ്തതോടെ ഷാഹിദയെ അവഗണിക്കാന്‍ സിപിഎമ്മിനു മടിയുണ്ട്.

മറ്റെല്ലായിടത്തും ഉണ്ടായ ഇടതു തരംഗത്തിന്റെ ഭാഗമാണ് അതെന്നു പറഞ്ഞ് അവരെ കയ്യൊഴിയാനും പാര്‍ട്ടി തയ്യാറല്ല. അതിന്റെ ഭാഗമായാണ് സാമൂഹിക നീതി വകുപ്പിനു കീഴിലുള്ള വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണാക്കാന്‍ ശ്രമിക്കുന്നത്. സാമൂഹിക നീതി മന്ത്രി കെ കെ ഷൈലജയ്ക്കും ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്നാണു സൂചന.

മഹിളാ കോണ്‍ഗ്രസിന്റെ ദേശീയ സെക്രട്ടറിയാക്കിയെങ്കിലും ഷാഹിദയ്ക്ക് കേരളത്തിലെ പാര്‍ട്ടിയില്‍ കാര്യമായ സ്വാധീനമുണ്ടായിരുന്നില്ല. എന്നാല്‍ 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്ട് മല്‍സരിക്കാന്‍ ഷാനിമോള്‍ ഉസ്മാന്‍ വിസമ്മതിച്ചതോടെയാണ് കാര്യങ്ങള്‍ മാറിയത്. പകരം ഷാഹിദ കമാലിന് കോണ്‍ഗ്രസ് ആ സീറ്റ് കൊടുത്തു. സിപിഎമ്മിലെ പി കരുണാകരനോട് പരാജയപ്പെട്ടെങ്കിലും ഷാഹിദ ശ്രദ്ധിക്കപ്പെട്ടു.

എന്നാല്‍ കെപിസിസി പുന:സംഘടനയിലോ മഹിളാ കോണ്‍ഗ്രസ് പുന:സംഘടനയിലോ
അവര്‍ക്ക് പദവികളൊന്നും ലഭിച്ചുമില്ല. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കുമെന്നു കരുതിയെങ്കിലും അവരെ കോണ്‍ഗ്രസ് തഴഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥിയാക്കില്ല എന്നുറപ്പായതോടെയാണ് സിപിഎമ്മിലേക്കു പോയത്.

എന്നാല്‍ അവരെ സ്ഥാനാര്‍ത്ഥിയാക്കി പരീക്ഷിക്കാന്‍ സിപിഎം വിസമ്മതിച്ചു. അധികാരത്തിലെത്തിയാല്‍ ഏതെങ്കിലും ബോര്‍ഡിലോ കോര്‍പറേഷനിലോ അധ്യക്ഷയാക്കാം എന്നായിരുന്നു വാഗ്ദാനം. അതാണ് ഇപ്പോള്‍ പാലിക്കാന്‍ പോകുന്നത്. സിപിഎം നേതാക്കളായ പി കെ സൈനബ, സുജാ സൂസന്‍ ജോര്‍ജ് എന്നിവരിലാരെങ്കിലുമാകും വനിതാ വികസന കോര്‍പറേഷന്‍ അധ്യക്ഷയാകുന്നത് എന്ന സൂചനകളെ മറികടന്നാണ് ഷാഹിദ കമാല്‍ സ്ഥാനം നേടുന്നത്.

Keywords: Former Congress Leader Shahida Kamal will be appointed as KSWDC, Thiruvananthapuram, CPM, Election, Kollam, LDF, Minister, kasaragod, Lok Sabha, KPCC, Kerala.