Follow KVARTHA on Google news Follow Us!
ad

വിദ്യാഭ്യാസ കച്ചവടത്തിനു കുടപിടിക്കുന്നതാര്..?

വിദ്യാഭ്യാസം ഓരോ പൗരന്റെയും അവകാശം ആണ്. തുല്യമായി അത് സര്‍വര്‍ക്കും ലഭിക്കുന്നു എന്നു ഉറപ്പുവരുത്തേണ്ടത് നമ്മുടെ സര്‍ക്കാരുകള്‍ ആണെന്ന് എടുത്തു പറയേണ്ടത്തില്ല. Article, Education, Business, Colleges, Management, Kerala, Corporate, Un Aided, Teachers, Students, Low Salary, Merit, Admission, Praveen Vishnu.
പ്രവീണ്‍ വിഷ് ണു

(www.kvartha.com 23.07.2016) വിദ്യാഭ്യാസം ഓരോ പൗരന്റെയും അവകാശമാണ്. തുല്യമായി അത് സര്‍വര്‍ക്കും ലഭിക്കുന്നു എന്നു ഉറപ്പുവരുത്തേണ്ടത് നമ്മുടെ സര്‍ക്കാരുകള്‍ ആണെന്ന് എടുത്തു പറയേണ്ടതില്ല. ഇത് ഉറപ്പുവരുത്തുന്നതിന് വേണ്ടി സര്‍ക്കാര്‍ അണ്‍ എയ്ഡഡ് സ്‌കൂള്‍ മേഖലയിലെ വിവിധ തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും എതിരെ കര്‍ശന നടപടി കൈക്കൊള്ളുകയുണ്ടായി. ആ പ്രവര്‍ത്തി അങ്ങേയറ്റം പ്രശംസനീയമാണ്.

എന്നാല്‍ നാടിന്റെ വിവിധ പ്രദേശങ്ങളിലായി, യാതൊരു ദൂര പരിധി പോലും ഇല്ലാതെ ആരംഭിക്കുന്ന സ്വാശ്രയ കോളജ് മാനേജ്‌മെന്റുകള്‍ നടത്തുന്ന ചൂഷണങ്ങളിലും മറ്റു പോരായ്മകളിലും മാറി മാറി വരുന്ന സര്‍ക്കാരുകളുടെ ഭാഗത്തു നിന്നും ഒരുതരത്തിലുള്ള നടപടികളും ഉണ്ടാകുന്നില്ല എന്നത് അങ്ങേയറ്റം വേദനാജനകമാണ്.

ഇത്തരം കോളജുകള്‍ അവ നിലകൊള്ളുന്ന പ്രദേശത്തിന്റെ സമഗ്രമായ പുരോഗതിയില്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്നുണ്ട്. എങ്കിലും ഭൂരിഭാഗവും ഈ സാമൂഹിക പ്രതിബദ്ധത മറന്നു കൊണ്ട് ഈ മേഖലയില്‍ നിന്നു ലഭിക്കുന്ന കൊള്ള ലാഭത്തിനു പിന്നാലെ ഓടുകയാണ്. മുടക്കുമുതല്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ തിരിച്ചു ലഭിക്കുന്നു എന്നതും മറ്റ് സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളെ പോലെ ബാധ്യതകള്‍ ഏറ്റെടുക്കേണ്ട എന്നതും ഈ മേഖലയുടെ ആകര്‍ഷണം ആണ്.

പകുതിയോളം സീറ്റുകളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കു പ്രവേശനം നല്‍കണം എന്നു മാത്രമാണ് ആകെയുള്ള വ്യവസ്ഥ. എന്നാല്‍ ഏകജാലക സംവിധാനം നിലവില്‍ വന്നതിനാല്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികളും സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് ഒടുക്കേണ്ടി വരും എന്നതാണ് അവസ്ഥ.

അതായത് സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ കോളജുകളിലെ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ കേവലം നൂറു രൂപയ്ക്കടുത്ത് ഒരു സെമസ്റ്ററിനു ഫീസ് അടക്കുമ്പോള്‍ സ്വാശ്രയ കോളജുകളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നേടിയ ഒരു വിദ്യാര്‍ത്ഥി ഓരോ സെമസ്റ്ററിനും 10,000 ത്തോളം രൂപയാണ് ഫീസ് ഇനത്തില്‍ നല്‍കേണ്ടത്.

മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം ലഭിച്ചാലും ഒരു തരത്തിലുള്ള ഫീ ഇളവും ലഭിക്കുന്നില്ല എന്നതും വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിച്ചാല്‍ സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കാനുള്ള സാധ്യതയും വിരളമാണ്. അതായത് മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥി നല്‍കേണ്ട അതേ ഫീസ് തന്നെ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥിയും ഒടുക്കണ്ടി വരും എന്നു ചുരുക്കം. മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടണമെങ്കില്‍ കുറഞ്ഞത് 25,000 മുതല്‍ 50,000 രൂപ വരെ തലവരി പണം നല്‍കേണ്ടതുണ്ട്. മൊത്തത്തില്‍ വിദ്യാഭ്യാസ കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ള ലാഭം നേടുവാനുള്ള സകല വാതിലുകളും തുറന്നു കിടക്കുന്നു എന്ന് സാരാംശം.

അനുവദിക്കപ്പെട്ട സമയത്തിനകത്ത് പ്രസ്തുത വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടാതിരിക്കുകയും ഒഴിവു വന്ന സീറ്റുകളിലേക്ക് മറ്റു വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ സര്‍വകലാശാല മൗനസമ്മതം നല്‍കുകയും ചെയ്യുന്നതിലൂടെ തത്വത്തില്‍ മാനേജ്‌മെന്റ് മെറിറ്റ് അനുപാതം 75:25 എന്ന തോതില്‍ ആവുകയാണ് പതിവ്. അങ്ങനെ മുക്കാല്‍ ഭാഗം സീറ്റുകളും മാനേജ്‌മെന്റിനു കീഴില്‍ വരുമെന്നതും തുച്ഛമായ തുക മാത്രം സര്‍വകലാശാലയില്‍ അടച്ചാല്‍ മതിയെന്നതും ഈ മേഖലയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു.

അധ്യാപക - അനധ്യാപക ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞ വേതനം പോലും നല്‍കേണ്ടതില്ല എന്നതും ഈ മേഖലയിലേക്ക് കടന്നു വരുന്ന മാനേജ്‌മെന്റുകള്‍ തന്നെ സമ്മതിക്കുന്നു. കോളജ് അധ്യാപകരാകുവാന്‍ വേണ്ട അടിസ്ഥാന യോഗ്യതയായ 'നെറ്റ്' പരീക്ഷ പാസ്സായ അധ്യാപകര്‍ക്ക് യുജിസി നിഷ്‌കര്‍ഷിക്കുന്ന വേതനം നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് ഈ വേതനം ഇതു വരെ ലഭിച്ചിട്ടില്ല എന്നത് എടുത്തു പറയേണ്ടതാണ്. ഇതേ ജോലി ചെയ്യുന്ന സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ അധ്യാപകര്‍ 50,000 മുതല്‍ ശമ്പളം വാങ്ങുന്നിടത്താണ് അണ്‍ എയ്ഡഡ് കോളജുകളിലെ അധ്യാപകര്‍ 10,000 രൂപയ്ക്കും താഴെ വേതനത്തില്‍ ജോലി ചെയ്യുന്നത്.

മാത്രമല്ല, മാനേജമെന്റിനു അനിഷ്ടം തോന്നിയാല്‍ ഏതു നിമിഷവും പുറത്താക്കാം എന്ന സ്ഥിതിയും സര്‍വ സാധാരണമാണ്. അണ്‍ എയ്ഡഡ് കോളജ് മേഖലയിലെ അധ്യാപകര്‍ അസംഘടിതരാണ് എന്നത് കൊണ്ടും, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ മേഖലയില്‍ ശക്തമായ സ്വാധീനം ചെലുത്താത്തതിനാലും മാനേജ്‌മെന്റുകള്‍ തന്നിഷ്ടത്തോടെ പ്രവര്‍ത്തിക്കുന്ന സാഹചര്യവുമാണ് നിലവിലുള്ളത്. ശമ്പള വര്‍ധനവിന് സമ്മര്‍ദം ചെലുത്താന്‍ പോലും സാധിക്കാതെ അടിമകളാക്കപ്പെടുന്ന അധ്യാപകരാണ് എല്ലാ കോളജുകളിലും ഉള്ളത്.

കൊല്ല പരീക്ഷയ്ക്ക് ശേഷമുള്ള അവധി ദിനങ്ങളടക്കം പ്രസ്തുത ശമ്പളത്തില്‍ പെടുമെങ്കിലും അധ്യാപകര്‍ക്ക് ഏപ്രില്‍, മെയ് മാസങ്ങളില്‍ അവധി വേതനം നല്‍കാറില്ല. ഫലത്തില്‍ 10 മാസം ശമ്പളം മാത്രമേ അധ്യാപകര്‍ക്ക് ലഭിക്കുന്നുള്ളൂ എന്നതും ഈ മേഖലയിലെ അധ്യാപകര്‍ നേരിടുന്ന പ്രതിസന്ധിയാണ്.

Keywords: Article, Education, Business, Colleges, Management, Kerala, Corporate, Un Aided, Teachers, Students, Low Salary, Merit, Admission, Praveen Vishnu.