Follow KVARTHA on Google news Follow Us!
ad

ജിഷ കൊലപാതകം: കണ്ണൂരില്‍ പിടിയിലായ ആള്‍ക്ക് രേഖാചിത്രവുമായി സാമ്യം

പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകവുമായി ബThrissur, Kannur, Police, Secret, hospital, Injured, Student, Complaint, Visit, Kerala,
പെരുമ്പാവൂര്‍ : (www.kvartha.com 04.05.2016) പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ പിടിയിലായ ആള്‍ക്ക് പോലീസ് തയാറാക്കിയ രേഖാചിത്രവുമായി സാമ്യം.

തൃശൂരിലെ രഹസ്യകേന്ദ്രത്തില്‍ ഇയാളെ ചോദ്യം ചെയ്യുകയാണ്. കണ്ണൂരിലെ ഹോട്ടലില്‍ ജോലി ചെയ്തുവരുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. രണ്ടുദിവസം മുമ്പാണ് ഇയാള്‍ പാചകക്കാരനായി ഹോട്ടലില്‍ ജോലിയില്‍ പ്രവേശിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴുപേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.

കുറുപ്പംപടി കനാല്‍ പുറമ്പോക്കു ഭൂമിയിലെ അടച്ചുറപ്പില്ലാത്തെ ചെറിയ വീട്ടില്‍ ഏപ്രില്‍ 28 നാണ് ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജിഷയെ കൊലപ്പെടുത്തിയ ശേഷം പ്രതി പീഡിപ്പിച്ചതായാണു ഫൊറന്‍സിക് വിദഗ്ധരുടെ പ്രാഥമിക നിഗമനം. ഈ ശ്രമം പരാജയപ്പെട്ടതിനാലാകാം മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചു സ്വകാര്യ ഭാഗങ്ങളില്‍ പരിക്കേല്‍പിച്ചതെന്നും പോലീസ് അനുമാനിക്കുന്നു.

കൊലനടന്ന ഏപ്രില്‍ 28ന് ഉച്ചയ്ക്കു ശേഷം ഇവരുടെ വീടിന്റെ പരിസരത്തു കണ്ട യുവാവിനെക്കുറിച്ച് അയല്‍വാസി നല്‍കിയ വിവരണവും ജിഷയുടെ മാതാവ് രാജേശ്വരി (49) നല്‍കിയ മൊഴിയുമാണു പ്രതിയെക്കുറിച്ച് സൂചന കിട്ടാന്‍ പോലീസിനെ സഹായിച്ചത്. കൊല നടത്തിയത് ഒരാളാണെന്നാണു പോലീസ് നല്‍കുന്ന വിവരം.

അതേസമയം, യുവതിയെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയ ഒരാളെക്കുറിച്ച് മുമ്പ് ജിഷയുടെ മാതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഒരു പഞ്ചായത്ത് അംഗത്തിന്റെ ബന്ധുവിനെതിരെയാണ് പരാതി നല്‍കിയിരുന്നത്. യുവതിയോട് അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് അന്ന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, മാനസികാസ്വാസ്ഥ്യം ഉള്ള മാതാവ് രാജേശ്വരി നല്‍കിയ പരാതി പൊലീസ് വിശ്വാസത്തില്‍ എടുത്തില്ലെന്നാണ് ആക്ഷേപം. എന്നാല്‍, ഇത്തരമൊരു പരാതി കിട്ടിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

സംഭവത്തില്‍ പട്ടികജാതി ഗോത്ര കമ്മിഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് സര്‍ക്കാരിന് നിര്‍ദേശവും നല്‍കിയിരുന്നു. ഡിജിപിക്കും ഹോം സെക്രട്ടറിക്കുമാണ് ജസ്റ്റിസ് പി.എന്‍. വിജയകുമാറിന്റെ നിര്‍ദേശം നല്‍കിയത്. ഇത്തരം അക്രമങ്ങള്‍ തടയാന്‍ പ്രത്യേക മൊബൈല്‍ സ്‌ക്വാഡ് ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേസ് മധ്യമേഖല ഐജി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ക്രൂരവും മൃഗീയവുമായ കൊലപാതകം കേരളത്തെ നടുക്കിയെന്നും പ്രതികരിക്കുകയുണ്ടായി. ജിഷയുടെ വീട് ചൊവ്വാഴ്ച ഉച്ചയ്ക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സന്ദര്‍ശിച്ചിരുന്നു.

അതേസമയം കൊലപാതകം നടന്ന് ആറു ദിവസം കഴിഞ്ഞിട്ടും കുറ്റക്കാരെ കണ്ടെത്താന്‍ പോലീസിന് കഴിയാത്തതിനെ തുടര്‍ന്ന് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളിലേക്കും പരിചയക്കാരിലേക്കും പോലീസിന്റെ അന്വേഷണം നീണ്ടിരുന്നു. കൊലപാതകം നടന്ന സമയവും മൊഴികളും പരിഗണിച്ചാണ് വീട്ടുകാരെ അറിയുന്നവരാകും കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്. ഡെല്‍ഹിയില്‍ നിര്‍ഭയയ്ക്ക് സമാനമായ രീതിയില്‍ ക്രൂരമായായിരുന്നു ജിഷയെ കൊലപ്പെടുത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കും അഞ്ചു മണിക്കും ഇടയിലാണ് കുറുപ്പംപടി വട്ടോലിക്കനാലിനു സമീപത്തെ ഒറ്റമുറിവീട്ടില്‍ നിയമ വിദ്യാര്‍ത്ഥിനിയായ ജിഷ കൊലചെയ്യപ്പെട്ടത്. മാതാവും ജിഷയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ജിഷയുടെ മൂത്ത സഹോദരി മുത്തശ്ശിക്കൊപ്പമായിരുന്നു താമസം.

ഇടക്ക് വീട്ടുജോലിക്ക് പോകാറുള്ള രാജേശ്വരി 27ന് ജോലിക്ക് പോയി രാത്രി എട്ടുമണിയോടെ മടങ്ങി എത്തിയപ്പോഴാണ് പുറത്തു നിന്നും മുറി പൂട്ടിയിരിക്കുന്നത് കണ്ടത്. വാതില്‍ തുറന്നപ്പോള്‍ മകളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴുത്തിലും, മാറിലും, തലയിലും മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള മുറിവുകള്‍ ഉണ്ടായിരുന്നു. അടിവയറ്റില്‍ ഏറ്റ മര്‍ദ്ദനത്തില്‍ ആന്തരീകാവയവങ്ങള്‍ പുറത്തുവന്ന നിലയിലാണ് കാണപ്പെട്ടത്. ശരീരത്തില്‍ 30 ഓളം മുറിവുകളുമുണ്ടായിരുന്നു.

വീട്ടിലെത്തിയ ആരോടോ ജിഷ ഉച്ചത്തില്‍ സംസാരിച്ചുവെന്ന് പോലീസിന് മൊഴി ലഭിച്ചിരുന്നു.
ഇതാണ് വീട്ടുകാരെ പരിചയമുള്ളവരിലേക്ക് അന്വേഷണം നീളാനുള്ള കാരണം. ഇവരുടെ വീടിനു സമീപത്ത് മതില്‍ കെട്ടാന്‍ വന്ന അന്യസംസ്ഥാന തൊഴിലാളികള്‍ വീട്ടുകാരുമായി അടുപ്പത്തിലായിരുന്നു. ഇവരിലേക്കും അന്വേഷണം നീണ്ടിരുന്നു.

പൂര്‍വവൈരാഗ്യസാധ്യതയും പോലീസ് പരിഗണിച്ചിരുന്നു. ജിഷ കൊല്ലപ്പെടുമ്പോള്‍ അമ്മ ജോലിക്ക് പോയിരുന്നു. വീട്ടില്‍ ആരുമില്ലാത്ത സമയം മനസിലാക്കിയ ആരോ ആണ് കൊലപാതകത്തിന് പിന്നിലെന്ന് ജിഷയുടെ സഹോദരിയും സംശയിച്ചിരുന്നു. ജിഷയുടെ മൃതദേഹം കണ്ട മാനസികാസ്വാസ്ഥ്യമുള്ള അമ്മയുടെ മൊഴി വ്യക്തമല്ലാത്തത് അന്വേഷണത്തെ സാരമായി ബാധിച്ചിരുന്നു.
Thrissur, Kannur, Police, Secret, hospital, Injured, Student, Complaint, Visit, Kerala.


Also Read:
ഉപ്പള സോങ്കാലില്‍ രണ്ട് വീടുകള്‍ക്ക് നേരെ ആക്രമണം; പോലീസ് അന്വേഷണം തുടങ്ങി

Keywords: Thrissur, Kannur, Police, Secret, hospital, Injured, Student, Complaint, Visit, Kerala.