Follow KVARTHA on Google news Follow Us!
ad

അടിയുടുപ്പുകള്‍ ഇരുമ്പുലോഹം കൊണ്ട്... എന്നിട്ടും ഈ യുവതിക്ക് രക്ഷയില്ല

സ്ത്രീകള്‍ സ്വയം രക്ഷയ്ക്കായി പല മാര്‍ഗങ്ങളും സ്വീകരിച്ചുവരുന്നുണ്ട്. സേഫ്റ്റിപിന്‍ പ്രയോഗം, കുരുമുളക് സ്‌പ്രേ തുടങ്ങി പലതും പ്രയോഗിച്ച് പരാജയപ്പെട്ടവരാണ് പെണ്‍സമൂഹം. ദേഹമാസകലം Kookanam Rahman, Article, Woman, Protest,
കൂക്കാനം റഹ്‌മാന്‍

(www.kvartha.com 21/01/2016) സ്ത്രീകള്‍ സ്വയം രക്ഷയ്ക്കായി പല മാര്‍ഗങ്ങളും സ്വീകരിച്ചുവരുന്നുണ്ട്. സേഫ്റ്റിപിന്‍ പ്രയോഗം, കുരുമുളക് സ്‌പ്രേ തുടങ്ങി പലതും പ്രയോഗിച്ച് പരാജയപ്പെട്ടവരാണ് പെണ്‍സമൂഹം. ദേഹമാസകലം വസ്ത്രം മൂടി നടന്നാലും രക്ഷയില്ല. ഇനി പുതിയൊരു രക്ഷമാര്‍ഗം കണ്ടുപിടിച്ചേ പറ്റു. പുരുഷന്മാരെ ലജ്ജിപ്പിക്കാന്‍ പ്രതീകാത്മകമായി ഒരു സംഭവം സംഘടിപ്പിക്കാന്‍ അഫ്ഗാന്‍ കാരി സ്ത്രീ തീരുമാനിച്ചു. സ്ത്രീകള്‍ക്കുനേരിടേണ്ടി വരുന്ന പീഡനങ്ങളെ തടയാനുള്ള പ്രതികാത്മകമായ ഒരു ശ്രമമായിരുന്നു അത്. കുബ്ര ഖദേമി എന്ന സ്ത്രീ തിരക്കേറിയ കാബൂള്‍ പട്ടണത്തിലൂടെ പത്തുമിനുട്ട് നീണ്ടുനില്‍ക്കുന്ന ഒറ്റയാള്‍ പ്രകടനമാണ് പ്ലാനിട്ടത്. അവര്‍ പരിചയക്കാരനായ ഇരുമ്പുപണിക്കാരനെ സമീപിച്ചു. തന്റെ മാറിടത്തിന്റെയും നിതംബത്തിന്റെ അളവ് എടുത്തു നല്‍കി. അദ്ദേഹം യഥാവിധി അത്തരമൊരു പടച്ചട്ട തയ്യാറാക്കി. മാറിലും നിതംബത്തിലും ഇരുമ്പു പടച്ചട്ടയണിഞ്ഞാണ്. നഗരവീഥിയിലൂടെ കുബ്ര ഖദേമി എന്ന സ്ത്രീ നടന്നുനീങ്ങിയത്.

ആള്‍ക്കൂട്ടം സ്തംഭിച്ചു നിന്നു പോയി. ഇതെന്തൊരുകാഴ്ച എന്നവര്‍ അത്ഭുതപ്പെട്ടു. കുബ്ര പറയുന്നു 'ദേഹമാസകലം മൂടുന്ന ബുര്‍ക്കധരിച്ചിട്ടും, ദേഹം മുഴുവന്‍ മൂടുന്ന നൈലോണ്‍ നിര്‍മ്മിത വസ്ത്രമണിഞ്ഞു നടന്നിട്ടും പുരുഷന്മാരുടെ ലൈംഗികാതിക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സ്ത്രീകള്‍ക്ക് പറ്റുന്നില്ല. ഞങ്ങള്‍ സ്ത്രീകള്‍ എല്ലാം സഹിക്കുകയാണ്. ഞങ്ങള്‍ ശബ്ദമില്ലാത്തവരായിപ്പോയി. ഇനി ഇത് സഹിക്കാന്‍ വയ്യ. അതിനാലാണ് പ്രതിഷേധിക്കാനൊരു മാര്‍ഗം കണ്ടെത്തിയത്.'

സ്ത്രീയെന്നാല്‍ 'മുന്നും പിന്നു'മാണെന്ന പുരുഷ കാഴ്ചപ്പാട് തകര്‍ക്കാനായിട്ടൊരു പ്രതിഷേധമായിരുന്നു ഇത്. അപമാനിക്കപ്പെടുന്ന സ്ത്രീകള്‍ക്കു വേണ്ടിയുള്ള തീക്ഷണമായൊരു സന്ദേശമായിരുന്നു ഇത്. ഏത് തരം സ്ത്രീ ചെറുത്തു നില്‍പിനേയും കായികമായി നേരിടുന്ന പുരുഷ മനസ്സ് ഇവിടേയും കുബ്ര ഖദേമിയെ വെറുതെ വിട്ടില്ല. അവരുടെ നേര്‍ക്ക് കല്ലും ചീമുട്ടയും വലിച്ചെറിഞ്ഞു. അട്ടഹാസങ്ങളും പരിഹാസവചനങ്ങളുമായി പുരുഷന്മാര്‍ അവരെ പിന്തിരിഞ്ഞോടിച്ചു. ഇപ്പോഴും ഫോണ്‍ വഴിയും ഈമെയില്‍ വഴിയും അവര്‍ക്കുനേരെ കൊലവിളി നടത്തിക്കൊണ്ടിരിക്കുന്നു.

അജ്ഞാത കേന്ദ്രത്തില്‍ നിന്ന് ബി. ബി. സിക്ക് നല്‍കിയ സന്ദേശത്തിലാണ് കുബ്ര തന്റെ വികാരം പങ്കുവെച്ചത്. ഇത്തരമൊരു പടച്ചട്ട തയ്യാറാക്കാന്‍ ആഴ്ചകളോളമെടുത്തു. ഇരുമ്പുപണിക്കാരന്‍ ആശ്ചര്യത്തോടെയാണ് ഈ ദൗത്യം ഏറ്റെടുത്തത്. ഒരു സ്ത്രീയെന്നാല്‍ ഈ രണ്ടുഭാഗങ്ങള്‍ മാത്രമാണെന്നും അവളെ എന്തും ചെയ്യാന്‍ ഞങ്ങള്‍ക്കാവുമെന്നുമുള്ള പുരുഷകാഴ്ചപ്പാട് തകര്‍ക്കലായിരുന്നു എന്റെ സമര ലക്ഷ്യം.

കേവലം അഞ്ചുവയസ്സുകാരിയായ കുബ്രയെന്ന പെണ്‍കുട്ടി ഒരു പൂമ്പാറ്റയുടെ സൗന്ദര്യമാസ്വദിച്ച് തൊടിയില്‍ നില്‍ക്കുയായിരുന്നു. അന്നാണൊരുപുരുഷന്‍ അവളെ ആ ഭാഗങ്ങളില്‍ നുള്ളിനോവിച്ചത്. അന്നവള്‍ ഉറക്കെ നിലവിളിച്ചു. നിലവിളി ആരും ശ്രദ്ധിച്ചില്ല. അവളെ ആരും സഹായിക്കാന്‍ വന്നില്ല. കേട്ടവര്‍ അവളെയാണ് കുറ്റപ്പെടുത്തിയത്. അന്ന് മനസ്സില്‍ കരുതിയതാണ് തന്റെ അടിയുടുപ്പുകള്‍ ഇരുമ്പുലോഹം കൊണ്ട് നിര്‍മ്മിക്കണമെന്ന്. ഇതൊക്കെ ഓര്‍മ്മിച്ചായിരുന്നു ഒരു പുതിയ പ്രതിഷേധത്തിനിറങ്ങിത്തിരിച്ചത്. ഇതിന്റെ പേരില്‍ ഇന്നും അവള്‍ പഴികേള്‍ക്കുകയും വധ ഭീഷണി നേരിടുകയും ചെയ്യുന്നു...

.........................................................................................................................................................

ഒരു പെണ്‍കുട്ടി അനുഭവിച്ച വേദന പുറത്തറിഞ്ഞപ്പോള്‍ അവളെ സഹായിക്കാനല്ല കുറ്റപ്പെടുത്താനാണ് ആളുകള്‍ തയ്യാറായത്. പെണ്‍കുട്ടി ദരിദ്രകുടുംബത്തില്‍ പിറന്നവളാണ്. ജില്ലയിലെ പേരെടുത്ത ഒരു സര്‍ക്കാര്‍ വിദ്യാലയത്തില്‍ പത്താം ക്ലാസില്‍ പഠിക്കുന്നവളാണ്. സ്‌പോര്‍ട്‌സില്‍ മികവുതെളിയിച്ചു കൊണ്ടിരിക്കുന്ന പെണ്‍കുട്ടിയാണ്. അവളെയാണ് ഒരു നരാധമന്‍ വഴിയാധാരമാക്കാന്‍ ശ്രമിച്ചത്. നാട്ടില്‍ അറിയപ്പെടുന്ന  വ്യക്തിയാണ്. സമൂഹത്തില്‍ നല്ലകാര്യങ്ങള്‍ ചെയ്തു കൊടുക്കുന്ന നേതാവാണ് എന്ന നിലയില്‍ പേരുകേട്ട ആളാണ്.

ഈ പാവം പെണ്‍കുട്ടിയുടെ വീട്ടിലും പലപ്പോഴായി പല കാര്യങ്ങള്‍ക്കും സന്ദര്‍ശനം നടത്തുക പതിവാക്കിയവനാണയാള്‍. വയസ്സ് അമ്പത് പിന്നിട്ടു. പെണ്‍കുട്ടി മാമന്‍ എന്നാണയാളെ വിളിച്ചിരുന്നത്. മാമന്‍ വഞ്ചിക്കില്ലായെന്നാണ് കുടുംബാംഗങ്ങളും കരുതിയത്. പക്ഷേ...

പെണ്‍കുട്ടിക്ക് സ്‌പോര്‍ട്‌സില്‍ പങ്കെടുക്കുന്നതിന് ജഴ്‌സി വേണം വീട്ടുകാര്‍ക്ക് പെട്ടെന്ന് അതുണ്ടാക്കിക്കൊടുക്കാന്‍ പറ്റാത്ത അവസ്ഥയാണ.് മാമന്‍ അത് സാധിച്ചു തരും എന്ന് അവള്‍ കണക്കുകൂട്ടി. കുബ്ര ഖദേമി സൂചിപ്പിച്ച പോലെ പെണ്‍കുട്ടിയുടെ മാറിടത്തിലും, നിതംബത്തിലും കണ്ണുവെച്ച മാമന്‍ ജഴ്‌സിയൊക്കെ പാകത്തിന് ഉണ്ടാക്കിത്തരാന്‍ തയ്യാറാണെന്ന് പെണ്‍കുട്ടിയെ അറിയിച്ചു.

പെണ്‍കുട്ടിക്ക് മാമനെ സംശയമൊന്നുമില്ലായിരുന്നു. അവള്‍ മാമനൊപ്പം അയാളുടെ വീട്ടിലേക്കുചെല്ലുന്നു. ജഴ്‌സി വീട്ടില്‍ തയ്പിച്ച് വെച്ചിട്ടുണ്ട്. വന്നിട്ട് എടുത്തുപോയ്‌ക്കോളൂ എന്ന് കപട സ്‌നേഹത്തോടെയാണ് അയാള്‍ പറഞ്ഞതും വീട്ടിലേക്ക് വരുത്തിയതും. അയാളുടെ ഭാര്യയും മക്കളും വീട്ടിലില്ലാത്ത തക്കം നോക്കിയാണ് പെണ്‍കുട്ടിയെ വീട്ടിലേക്ക് വരുത്തിച്ചത്. ലൈംഗികതയെ കുറിച്ച് കുട്ടിക്ക് അറിയാമെങ്കിലും പ്രായം ചെന്ന മാമന്‍ തന്നെ ചതിക്കില്ലെന്നാണവള്‍ ഉറച്ചു വിശ്വസിച്ചത്. നാട്ടില്‍ അറിയപ്പെടുന്ന ആള്‍, പല സംഘങ്ങളുടെയും തലപ്പത്തിരിക്കുന്ന ആള്‍, തന്റെ അച്ഛനേക്കാള്‍ പ്രായം കൂടിയ വ്യക്തി.... പക്ഷേ കാമഭ്രാന്തിന് ഇതൊന്നും തടസ്സമല്ലല്ലോ?

ജഴ്‌സി ചോദിക്കാന്‍ ചെന്ന കുട്ടിയെ പറഞ്ഞനുനയിപ്പിച്ച് ആ മനുഷ്യന്‍ എട്ടും പൊട്ടും തിരിയാത്ത പെണ്‍കുഞ്ഞിനെ ചതിച്ചു... അയാള്‍ അവളെ കീഴ്‌പ്പെടുത്തി. കപട സ്‌നേഹം നടിച്ച് രണ്ടോ മൂന്നോ തവണ ഇതാവര്‍ത്തിച്ചു... വീട്ടില്‍ തലകറങ്ങി വീണ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കാര്യം അറിയുന്നത്. പെണ്‍കുട്ടി മൂന്നുമാസം ഗര്‍ഭിണിയാണ്. വീട്ടുകാര്‍ ഞെട്ടി. പെണ്‍കുട്ടി ഒന്നും അറിയാത്ത പോലെ അഭിനയിച്ചു. കാര്യം തിരക്കി. ആരാണിതിന് ഉത്തരവാദിയെന്ന് കുട്ടിതുറന്നു പറഞ്ഞു.

ദരിദ്രാവസ്ഥയില്‍ കഴിയുന്ന വീട്ടുകാര്‍ നിസ്സഹായരാണ്. എന്തു ചെയ്യേണ്ടു എന്നവര്‍ക്കറിയില്ല. അടുത്ത വീട്ടിലെ അകന്ന ബന്ധുക്കളും വിവരം അറിഞ്ഞു. അതില്‍ അല്പം വിദ്യാഭ്യാസം നേടിയ ഒരു പെണ്‍കുട്ടി ഒരു വഴി കണ്ടെത്തി.....

പെണ്‍കുട്ടിയെക്കൊണ്ട് ദുഷ്ടനായ മാമനെ ഫോണില്‍ വിളിപ്പിച്ചു. പെണ്‍കുട്ടിയുടെയും അയാളുടെയും സംസാരം റിക്കാര്‍ഡുചെയ്തു.

'ഞാനെന്തുചെയ്യേണ്ടുമാമാ'
'എന്തുപറ്റി'
'ഞാന്‍ മൂന്നുമാസം ഗര്‍ഭിണിയാണ്'
'അതിന് ഞാനെന്തു വേണം'
'നിങ്ങളല്ലേ ഇതിന് കാരണം'
'.... ആശുപത്രിയിലേക്ക് വരൂ.... ഞാനും വരാം ശരിയാക്കിത്തരാം'
ഈ ശബ്ദരേഖ കൊണ്ട് മാത്രം അയാളെ കുടുക്കാന്‍ പറ്റി.......
1098 ല്‍ വിളിച്ചു പറഞ്ഞു പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടു.
ഇപ്പോള്‍ അയാള്‍ റിമാന്റില്‍ കഴിയുന്നു...... ഇത്രയൊക്കെ ആയിട്ടും ആ പാവം പെണ്‍കുട്ടിയേയും നിസ്സഹായരായ കുടുംബത്തേയും അയാളുടെ ആളുകള്‍ വന്ന് ഭീഷണി മുഴക്കി ഭയപ്പെടുത്തുന്നു.
കുറ്റവാളിയെ സഹായിക്കാന്‍ ആളുകള്‍!! .......
പീഡനത്തിനിരയായി മനസ്സ് പിടഞ്ഞു കഴിയുന്ന പെണ്‍കുഞ്ഞിനെ കുറ്റപ്പെടുത്താന്‍ പലരും!!... ഇത്തരം നീചന്‍മാര്‍ക്കെതിരെ പ്രതിഷേധ പ്രകടനങ്ങളും, പ്രമേയങ്ങളും മതിയോ?.

Kookanam Rahman, Article, Woman, Protest,


Keywords: Kookanam Rahman, Article, Woman, Protest,