Follow KVARTHA on Google news Follow Us!
ad

മരുഭൂമിയില്‍ വിരിഞ്ഞ ഇന്‍ഡോ - ശ്രീലങ്കന്‍ പ്രണയത്തിനു സൗദി പൗരന്റെ കാരുണ്യത്തില്‍ മംഗല്യ സാഫല്യം

ഗള്‍ഫ് രാജ്യങ്ങളിലെ സ്‌പോണ്‍സര്‍മാരുടെ പീഡനക്കഥകള്‍ നാം ഒരുപാടു കേട്ടിട്ടുണ്ട്. പ്രത്യേകിച്ചും വീട്ടു ജോലിക്കാരോടുള്ള മോശമായ പെരുമാറ്റങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍..!!. തൊഴിലുടമയുടെ Gulf, Wedding, India, Sri Lanka, Love, Marriage, Sponsor
ജിഹാദുദ്ദീന്‍ അരീക്കാടന്‍
twitter.com/ akjihad

(www.kvartha.com 29.11.2015) ഗള്‍ഫ് രാജ്യങ്ങളിലെ സ്‌പോണ്‍സര്‍മാരുടെ പീഡനക്കഥകള്‍ നാം ഒരുപാടു കേട്ടിട്ടുണ്ട്. പ്രത്യേകിച്ചും വീട്ടു ജോലിക്കാരോടുള്ള മോശമായ പെരുമാറ്റങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍..!!. തൊഴിലുടമയുടെ പീഡനക്കഥ ചിത്രീകരിക്കുന്ന സിനിമയും നോവലുമൊക്കെ മലയാളത്തില്‍ പുറത്തിറങ്ങിക്കഴിഞ്ഞു. അതേസമയം കേട്ട മോശം കഥകള്‍ക്കു പുറമെ കേള്‍ക്കാത്ത നല്ല കഥകളും ധാരാളം ഈ മരുഭൂമിക്ക് പറയാനുണ്ട്.

എന്നാല്‍ എന്തു കൊണ്ടോ; നന്മയുടെ വാര്‍ത്തകള്‍ ചര്‍ച്ച ചെയ്യുന്നത് വളരെ അപൂര്‍വമായേ കാണാറുള്ളൂ. അത്തരത്തിലുള്ള ഒരു നല്ല വാര്‍ത്ത സൗദി സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

സൗദിയിലെ റഫ്ഹ എന്ന പ്രദേശത്തുള്ള തുവൈരിശ് അശ്ശം രീ എന്ന സൗദി പൗരന്റെ വേലക്കാരിയാണ് ശ്രീലങ്കക്കാരിയായ നവാറ. റിയാദില്‍ ജോലി ചെയ്യുകയായിരുന്ന തന്റെ സഹോദരന്റെ സഹ പ്രവര്‍ത്തകനായിരുന്ന ഇന്ത്യക്കാരനെ രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സഹോദരന്‍ മുഖേന നവാറ പരിചയപ്പെട്ടത്. പരിചയം പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു. പക്ഷേ അപ്രതീക്ഷിതമായി കാമുകനു ജോലി ഉപേക്ഷിച്ചു ഇന്ത്യയിലേക്ക് തിരിച്ചു പോകേണ്ടി വന്നു.

എന്നാല്‍ നവാറക്ക് കാമുകനെ മറക്കാനായില്ല. തന്റെ ഉള്ളില്‍ ഇന്ത്യക്കാരനോടുള്ള പ്രണയം അവള്‍ സ്‌പോണ്‍സറെ അറിയിച്ചു. തനിക്കയാളെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞു. എന്നാല്‍ തന്റെ വേലക്കാരിയെ മകളെപ്പോലെ സ്‌നേഹിക്കുന്ന സ്‌പോണ്‍സര്‍ ധൃതിയില്‍ ഒരു വിവാഹം ചെയ്തു കൊടുക്കുകയല്ല ചെയ്തത്. ആദ്യം ഇന്ത്യക്കാരന് ഒരു വിസ അയച്ചു കൊടുത്ത് സൗദിയിലേക്ക് കൊണ്ടു വന്ന് തന്റെ ഹൗസ് ഡ്രൈവറായി നിയമിച്ചു. തന്റെ വേലക്കാരിക്ക് യോജിച്ച ഭര്‍ത്താവാണോ എന്ന് ഉറപ്പു വരുത്തുന്നതിനായി തന്റെ ഇന്ത്യന്‍ ഡ്രൈവറുടെ സ്വഭാവ വിശേഷങ്ങള്‍ കഴിഞ്ഞ എട്ടു മാസങ്ങളോളം സ്‌പോണ്‍സര്‍ നിരീക്ഷിച്ചു.

തുടര്‍ന്ന്, സാഹചര്യങ്ങള്‍ അനുയോജ്യമെന്നു കണ്ട സ്‌പോണ്‍സര്‍ വിവാഹാലോചനക്കായി വേലക്കാരിയുടെ ശ്രീലങ്കയിലുള്ള വീട്ടിലേക്ക് പറന്നു. കഴിഞ്ഞ എട്ട് മാസമായി താന്‍ ഇന്ത്യക്കാരനെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും നല്ല സ്വഭാവ ഗുണമുള്ളയാളാണെന്നും അദ്ദേഹം വേലക്കാരിയുടെ വീട്ടുകാരെ ബോധ്യപ്പെടുത്തി. സ്‌പോണ്‍സറില്‍ പൂര്‍ണ വിശ്വാസമുള്ള വീട്ടുകാര്‍ വിവാഹം നടത്തിക്കൊടുക്കാനുള്ള ഉത്തരവാദിത്വം സ്‌പോണ്‍സറെ ഏല്‍പ്പിച്ചു.

സന്തോഷത്തോടെ തിരിച്ചു വീട്ടിലെത്തിയ സ്‌പോണ്‍സര്‍ രണ്ടു പേരുടെയും വിവാഹം സ്വന്തം ചെലവില്‍ തന്നെ നടത്തിക്കൊടുത്തു. തന്റെ വീടിന്റെ മുകള്‍ നിലയിലുള്ള വിശാലമായ ബെഡ് റൂം വധൂ വരന്മാര്‍ക്കായി നീക്കി വെക്കുകയും ചെയ്തു. സ്‌പോണ്‍സറെക്കുറിച്ച് പറയുമ്പോള്‍ നവാറക്ക് നൂറുനാവാണു. തന്നെ ഒരു മകളെപ്പോലെയാണു സ്‌പോണ്‍സര്‍ കരുതുന്നതെന്നും തനിക്ക് അദ്ദേഹം പിതാവിനെപ്പോലെയാണ് എന്നും യുവതി പറയുന്നു.

തങ്ങള്‍ക്ക് ഒരു ജീവിതം ഒരുക്കിത്തന്ന സ്‌പോണ്‍സറുടെ സ്മരണക്കായി, തങ്ങള്‍ക്കൊരു ആണ്‍കുട്ടി ജനിക്കുകയാണെങ്കില്‍ ആ കുട്ടിക്ക് സ്‌പോണ്‍സറുടെ പേരിടാനാണു ദമ്പതികളുടെ തീരുമാനം. ഗദ്ദാമക്കഥകളും ആടു ജീവിതക്കഥകളും മുഖ്യ ധാരയില്‍ ഇടം നേടുമ്പോള്‍ ഇത്തരത്തിലുള്ള നിരവധി നന്മകളുടെ കഥകള്‍ എന്തു കൊണ്ടോ വിസ്മരിക്കപ്പെടുന്നു...

Indo - Srilankan wedding in KSA


Keywords: Gulf, Wedding, India, Sri Lanka, Love, Marriage, Sponsor.