Follow KVARTHA on Google news Follow Us!
ad

സി പി ഐക്ക് യുഡിഎഫിലേക്ക് സ്വാഗതമേകി കോണ്‍ഗ്രസ് മുഖപത്രം

ഇടതുമുന്നണിയിലെ പ്രമുഖ ഘടകകക്ഷിയായ സി പി ഐയെ ചാക്കിട്ട് പിടിക്കാന്‍ കോണ്‍ഗ്രസ് തന്ത്രങ്ങള്‍ Thiruvananthapuram, LDF, Congress, Election, Kerala,
തിരുവനന്തപുരം: (www.kvartha.com 02/07/2015) ഇടതുമുന്നണിയിലെ പ്രമുഖ ഘടകകക്ഷിയായ സി പി ഐയെ ചാക്കിട്ട് പിടിക്കാന്‍ കോണ്‍ഗ്രസ് തന്ത്രങ്ങള്‍ മെനയുന്നു. അരുവിക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം മുഖപ്രസംഗം പ്രസിദ്ധീകരിച്ചു.

വ്യാഴാഴ്ചത്തെ വീക്ഷണം പത്രത്തിലുള്ള  മുഖപ്രസംഗത്തിലാണ് സിപിഎമ്മിന്റെ കളങ്കിത ബന്ധത്തില്‍ നിന്നു സിപിഐ പുറത്തു വരണമെന്ന പരാമര്‍ശമുള്ളത്. എല്‍ഡിഎഫില്‍ സിപിഎം തടിച്ചുകൊഴുത്തപ്പോള്‍ സിപിഐ എല്ലും തോലുമായി മാറിയെന്നും മുങ്ങുന്ന കപ്പലായ എല്‍ഡിഎഫില്‍ നിന്ന് സിപിഐ രക്ഷപ്പെടണമെന്നും മുഖപ്രസംഗം നിര്‍ദേശിക്കുന്നു.

സിപിഎമ്മിനോളം തന്നെ ചീഞ്ഞുനാറാത്ത പാര്‍ട്ടി എന്ന നിലയില്‍ സിപിഐ കപ്പലില്‍ നിന്നും രക്ഷപ്പെടേണ്ടതാണ്. സിപിഎം നേതാക്കളെപ്പോലെ വാക്കുകളില്‍ വിഷം ചീറ്റാത്തവരും ശരീരഭാഷയില്‍ ധാര്‍ഷ്ട്യം പ്രകടിപ്പിക്കാത്തവരുമാണ് സിപിഐക്കാര്‍. 1969 മുതല്‍ പത്തു വര്‍ഷക്കാലം കോണ്‍ഗ്രസ് മുന്നണിയില്‍ നിന്ന് ഭരണം നടത്തിയ ഗൃഹാതുര ചിന്ത രഹസ്യമായി മനസ്സില്‍ സൂക്ഷിക്കുന്നവരാണ് സി പിഐക്കാരെന്ന് മുഖപ്രസംഗത്തിലുണ്ട്.

വലുപ്പചെറുപ്പമില്ലാത്ത, സമത്വത്തോടെയുള്ള ഐക്യമുന്നണി സംസ്‌കാരം ആവോളം ആസ്വദിച്ച അക്കാലം സിപിഐക്ക് വിസ്മരിക്കാനാവില്ലെന്നും മുന്നണിയില്‍ രണ്ടാം കക്ഷിയായിരുന്നിട്ടും രണ്ടു തവണ മുഖ്യമന്ത്രിസ്ഥാനം സി. അച്യുതമേനോനും പി.കെ. വാസുദേവന്‍ നായര്‍ക്കും നല്‍കുന്നതില്‍ കോണ്‍ഗ്രസിന് വൈമുഖ്യമുണ്ടായിരുന്നില്ലെന്നും മുഖപ്രസംഗം ഓര്‍മപ്പെടുത്തുന്നു.

കുരങ്ങന്റെ ഹൃദയം കൈക്കലാക്കാന്‍ ശ്രമിച്ച മുതലയെപ്പോലെ സിപിഐയില്‍ നിന്നും മുഖ്യമന്ത്രിസ്ഥാനം തട്ടിപ്പറിക്കുകയായിരുന്നു സിപിഎമ്മിന്റെ ലക്ഷ്യമെന്നും ഹൃദയം വൃക്ഷക്കൊമ്പിലാണെന്നു പറഞ്ഞു മുതലയെ കബളിപ്പിച്ചു രക്ഷപ്പെട്ട കുരങ്ങന്റെ കൗശലം പാവം സിപിഐക്കാര്‍ക്ക് ഇല്ലാതെ പോയെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് മുന്നണിയില്‍ കിരീടം ധരിച്ചു തിളങ്ങിയ ആ ശിരസ്സില്‍ സിപിഎം വെച്ചുകൊടുത്തത് അവജ്ഞയുടെയും അവഗണനയുടെയും കുപ്പക്കൊട്ടകളായിരുന്നുവെന്നും വീക്ഷണം കുറ്റപ്പെടുത്തുന്നു. തിന്നും കുടിച്ചും കൂത്താടിയും സിപിഎം തടിച്ചുകൊഴുത്തപ്പോള്‍ സിപിഐ എല്ലും തോലുമായി അകാല വാര്‍ധക്യത്തിലേക്കെറിയപ്പെട്ടു. ഒന്നു ചീഞ്ഞു മറ്റൊന്നിനു വളമാവുന്നതുപോലെ സിപിഐ ചീഞ്ഞു സിപിഎം വളര്‍ന്നുവെന്ന്   മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

പ്രത്യയശാസ്ത്ര പ്രതിബദ്ധതയില്ലാത്ത കോര്‍പറേറ്റ് ദല്ലാളന്‍മാരുടെ കൂട്ടായ്മ മാത്രമായി സിപിഎം അധഃപതിച്ചിരിക്കുകയാണെന്നും, ശുദ്ധമായ ഇടതുപക്ഷ വിചാരങ്ങളും പതിതപക്ഷ വികാരങ്ങളും മതനിരപേക്ഷ ദര്‍ശനങ്ങളും സംരക്ഷിക്കണമെങ്കില്‍ സിപിഎമ്മിന്റെ കളങ്കിത ബന്ധത്തില്‍ നിന്നും സിപിഐ പുറത്ത് ചാടണമെന്നും മുഖപ്രസംഗം ആഹ്വാനം ചെയ്തു.  ആധുനിക കേരള വികസന ചരിത്രത്തില്‍ അച്യുതമേനോന്‍ കൊത്തിവെച്ച വികസന കാലത്തിന്റെ പൈതൃകം സിപിഐ ഏറ്റുവാങ്ങണം.

പൂര്‍വകാലത്തിന്റെ അഭിമാനസ്മൃതികളുമായി ആര്‍എസ്പി തിരിച്ചുവന്നെങ്കില്‍ എന്തുകൊണ്ട് സിപിഐക്കും ആ മാര്‍ഗ്ഗം സ്വീകരിച്ചുകൂടായെന്നു ചോദിക്കുന്ന വീക്ഷണം മുഖപ്രസംഗം അരുവിക്കരയില്‍ മുഴങ്ങുന്ന മരണമണി ഇടതുമുന്നണിയുടെ സര്‍വനാശത്തിന്റെ മുന്നറിയിപ്പാണെന്ന് തിരിച്ചറിയാനുള്ള വിവേകം സിപിഐക്ക് ഉണ്ടാകട്ടെ എന്ന് പ്രത്യാശിച്ചുകൊണ്ടാണ് അവസാനിക്കുന്നത്.
Veekshanam editorial welcomes CPI to UDF, Thiruvananthapuram, LDF, Congress,


Keywords: Veekshanam editorial welcomes CPI to UDF, Thiruvananthapuram, LDF, Congress, Election, Kerala.