Follow KVARTHA on Google news Follow Us!
ad

സ്ഥാനാര്‍ത്ഥിയാകാന്‍ തീരുമാനിച്ചിട്ടില്ലെന്നു മുനവ്വറലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്; വിവാദം വഴിത്തിരിവില്‍

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്നു വിശദീകരിച്ചു പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്. തങ്ങള്‍ കുടുംബത്തില്‍ നിന്ന് ആരെങ്കിലും Kerala, Thiruvananthapuram, Facebook, Election, Muslim-League, Panakkad, Kvartha, Controversy, Panakkad Munavvar Ali Shihab Thangal
തിരുവനന്തപുരം: (www.kvartha.com 24.07.2015) അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്നു വിശദീകരിച്ചു പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്. തങ്ങള്‍ കുടുംബത്തില്‍ നിന്ന് ആരെങ്കിലും മത്സരിക്കുന്നതു സംബന്ധിച്ചു കൂടിയാലോചനകളൊന്നും നടന്നിട്ടില്ല, മത്സരിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന പ്രചാരണം തെറ്റാണ്, ഇതു സംബന്ധിച്ച വാര്‍ത്ത നിഷേധിക്കുന്നു എന്നീ മൂന്നു കാര്യങ്ങളാണ് പോസ്റ്റിന്റെ കാതല്‍.

കഴിഞ്ഞ ദിവസം കെവാര്‍ത്ത പ്രസിദ്ധീകരിച്ച വാര്‍ത്ത വന്‍ വിവാദമായ സാഹചര്യത്തിലാണ് മുനവ്വറലിയുടെ വിശദീകരണം. അദ്ദേഹത്തിന്റെ നിലപാടിനെ അനുകൂലിച്ചും എതിര്‍ത്തും കമന്റുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. അതേസമയം, വിവാദമായ കെവാര്‍ത്ത റിപോര്‍ട്ടിനോടും സമ്മിശ്ര പ്രതികരണങ്ങളാണു വന്നുകൊണ്ടിരിക്കുന്നത്.

തങ്ങള്‍ വാര്‍ത്ത നിഷേധിച്ചതു സ്വാഭാവികമാണെന്നും അതിനു പിന്നില്‍ പാര്‍ട്ടിയുടെ പലതലങ്ങളിലെ പ്രേരണ ഉണ്ടാകാമെന്നുമാണ് മുസ്്‌ലിം ലീഗ് സംസ്ഥാന നേതൃത്വവുമായി അടുത്തു ബന്ധമുള്ള വിശ്വാസ്യതയുള്ള നേതാവ് പ്രതികരിച്ചത്. പേരു പ്രസിദ്ധീകരിക്കരുതെന്ന് അദ്ദേഹം താല്‍ക്കാലികമായി ഉപാധി വച്ചിരിക്കുന്നതുകൊണ്ട് ഇപ്പോള്‍ ഞങ്ങള്‍ പേരു വെളിപ്പെടുത്തുന്നില്ല. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിനു പത്തു മാസത്തോളം ബാക്കി നില്‍ക്കെ മുസ്്‌ലിം ലീഗില്‍ രൂപപ്പെട്ടിരിക്കുന്ന അടിയൊഴുക്കുകളില്‍ തങ്ങള്‍ കുടുംബത്തിലെ പ്രതിനിധിയുടെ സ്ഥാനാര്‍ത്ഥിത്വവും ഉണ്ടെന്ന വ്യക്തമായ സൂചനയാണുള്ളത്.

മാസങ്ങള്‍ക്കു മുമ്പ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പി.വി അബ്ദുല്‍ വഹാബിനു സീറ്റു കൊടുക്കുന്നതിനെതിരെയും മുനവ്വറലി തങ്ങളിട്ട പോസ്റ്റു വിവാദമായിരുന്നു. പിന്നീടു സമ്മര്‍ദങ്ങളേത്തുടര്‍ന്ന് അദ്ദേഹം അതു പിന്‍വലിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ സ്വന്തം നിലപാടില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ മറ്റൊരു പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. രണ്ടാമത്തെ പോസ്റ്റിനേക്കുറിച്ചും കെവാര്‍ത്ത മുന്‍കൂട്ടി റിപ്പോര്‍ട്ടു ചെയ്തിരുന്നു.

അന്തരിച്ച മുന്‍ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകനായ മുനവ്വറലി തങ്ങള്‍ക്കു സമുദായത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ പിതാവിനെപ്പോലെ തന്നെ സ്വീകാര്യതയുള്ള സാഹചര്യം പരിഗണിച്ച് അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ ആലോചിക്കുന്നതായാണു കെവാര്‍ത്ത കഴിഞ്ഞ ദിവസം റിപോര്‍ട്ടു ചെയ്തത്. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി തുടങ്ങിയ ഉന്നത നേതാക്കള്‍ക്ക് ഇക്കാര്യത്തിലുള്ള ഏകാഭിപ്രായത്തേക്കുറിച്ചും ഞങ്ങള്‍ വ്യക്തമാക്കിയിരുന്നു.

മുനവ്വറലി തങ്ങള്‍ വാര്‍ത്ത നിഷേധിച്ച് നല്‍കിയ ഫേസ്ബുക്ക് പോസ്റ്റിന് താഴെത്തന്നെ, തങ്ങള്‍ അധികാര രാഷ്ട്രീയത്തിലേക്ക് വരരുതെന്ന് പറയുന്നവര്‍ക്കൊപ്പം, തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ എണ്ണവും ഏറെയാണ്.

തങ്ങള്‍ കുടുംബത്തില്‍ നിന്ന് ആരെങ്കിലും ജനപ്രതിനിധിയാകുന്നതിനെ എതിര്‍ക്കാന്‍ ലീഗ് പ്രവര്‍ത്തകരില്‍ ഒരു വിഭാഗം തുനിയുന്നതിന് അര്‍ത്ഥമില്ലെന്നാണ് മറിച്ചു നിലപാടുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്. പാര്‍ലമെന്ററി രംഗത്തു പ്രവര്‍ത്തിക്കുകയും ഭരണപക്ഷത്തും പ്രതിപക്ഷത്തും മാറിമാറി നിലകൊള്ളുകയും ചെയ്യുന്ന, നിരവധി എംഎല്‍എമാരും എംപിമാരും തദ്ദേശ സ്വയംഭരണ ജനപ്രതിനിധികളുമുള്ള പാര്‍ട്ടിയായ ലീഗിന്റെ സംസ്ഥാന പ്രസിഡണ്ടും മലപ്പുറം ജില്ലാ പ്രസിഡണ്ടും തങ്ങള്‍ കുടുംബത്തില്‍ നിന്നുള്ളവരാണെന്നും ഫേസ്ബുക്ക് കമന്റുകളിലും മറ്റു പ്രതികരണങ്ങളിലും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ശിഹാബ് തങ്ങളും അദ്ദേഹത്തിന്റെ പിതാവ് പൂക്കോയ തങ്ങളും പ്രസിഡണ്ട് സ്ഥാനം വഹിച്ചു. ഇപ്പോഴത്തെ സംസ്ഥാന പ്രസിഡണ്ട് ഹൈദരലി തങ്ങള്‍ ജില്ലാ പ്രസിഡണ്ടായിരുന്നു. ഇപ്പോഴത്തെ ജില്ലാ പ്രസിഡണ്ട് സാദിഖലി ശിഹാബ് തങ്ങളാകട്ടെ മുസ്്‌ലിം യൂത്ത് ലീഗിന്റെ സംസ്ഥാന പ്രസിഡണ്ടായിരിക്കുകയും കേരളയാത്ര നയിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയൊക്കെയായിരിക്കെ ജനാധിപത്യത്തിലെ ഉന്നത പദവികളില്‍പ്പെടുന്ന നിയമസഭാ സാമാജികനോ പാര്‍ലമെന്റ് അംഗമോ ആകുന്നതിനെ എതിര്‍ക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഏതായാലും മുസ്ലിം ലീഗിന് സംസ്ഥാന രാഷ്ട്രീയത്തില്‍ പൊതുവേയും യുഡിഎഫില്‍ പ്രത്യേകിച്ചും പ്രാധാന്യം വര്‍ധിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ തങ്ങള്‍ കുടുംബത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയേച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ പുതിയ വഴിത്തിരിവുകളിലേക്കു കടക്കുമെന്നാണു സൂചന. കോണ്‍ഗ്രസ് നേതൃത്വും ക്രൈസ്തവ സഭാ നേതൃത്വത്തിനു നല്‍കുന്ന അമിത പരിഗണനയേക്കുറിച്ചു ലീഗ് നേതൃത്വം തുറന്നടിച്ച സാഹചര്യത്തിലും ഈ ചര്‍ച്ചയ്ക്കു പ്രത്യേകതയുണ്ടെന്നു വിലയിരുത്തപ്പെടുന്നു.

ലീഗിനോടു വിയോജിപ്പുള്ളവര്‍ പോലും ആദരിച്ചിരുന്ന മുഹമ്മദലി ശിഹാബ് തങ്ങളുടെ മകനായ മുനവ്വറലിക്കു നല്‍കുന്ന മുന്തിയ പരിഗണന ലീഗിനു ഗുണകരമാകുമെന്നാണു പൊതുധാരണ. പിതാവിനെപ്പോലെ തന്നെ ഉന്നത വിദ്യാഭ്യാസവും സമവായ നിലപാടുകളും മുനവ്വറലി തങ്ങളുടെയും പ്രത്യേകതകളാണ്.

Candidature: Panakkad Munavvar Ali Shihab Thangal's facebook post


Keywords: Kerala, Thiruvananthapuram, Facebook, Election, Muslim-League, Panakkad, Kvartha, Controversy, Panakkad Munavvar Ali Shihab Thangal, Candidature: Panakkad Munavvar Ali Shihab Thangal's facebook post.