Follow KVARTHA on Google news Follow Us!
ad

അരുവിക്കരയില്‍ ഐ ഗ്രൂപ്പിന്റെ കൊലമാസ്

വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം നീങ്ങുകയാണ്. അന്തരിച്ച മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ ഒഴിവിലേക്ക് ആര്യനാട്ട് ശക്തരായ പോരാളികളെ കളത്തിലേക്കിറക്കാനുള്ള തയാറെടുപ്പിലാണ് മൂന്ന് മുന്നണികളും Article, Politics, G. Karthikeyan, Election, Congress, CPM, BJP, Aruvikkara, Leeda A.L
ലീദ എ.എല്‍

(www.kvartha.com 29/09/2015) വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം നീങ്ങുകയാണ്. അന്തരിച്ച മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ ഒഴിവിലേക്ക് ആര്യനാട്ട് ശക്തരായ പോരാളികളെ കളത്തിലേക്കിറക്കാനുള്ള തയാറെടുപ്പിലാണ് മൂന്ന് മുന്നണികളും. മുന്‍ മന്ത്രിയും സ്പീക്കറുമായ എം. വിജയകുമാറിനെ അരുവിക്കരയുടെ വികസന നായകനായി ചിത്രീകരിച്ച് സി.പി.എം ഒരു പടി നേരത്തേ എറിഞ്ഞു കഴിഞ്ഞു. എന്നാല്‍ കാര്‍ത്തികേയന്റെ ഭാര്യ എം.ഡി. സുലേഖയെ അനുകമ്പ വോട്ട് പ്രതീക്ഷിച്ച് കളത്തിലേക്കിറക്കാനുള്ള തത്രപാടിലാണ് കോണ്‍ഗ്രസ്. പക്ഷേ ഇപ്പോഴും ടീച്ചറുടെ മുഖം തെളിഞ്ഞിട്ടില്ല. ബി.ജെ.പിയും ഒ. രാജഗോപാലല്ലാതെ പേരിനെങ്കിലും നിറുത്താന്‍ കൊള്ളാവുന്ന സ്ഥാനാര്‍ഥിയെ തേടിയുള്ള ഓട്ടത്തിലാണ്.

പക്ഷേ അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാകുന്നത് സി.പി.എമ്മിനും ഉമ്മന്‍ചാണ്ടിക്കുമാണ്. ഇത്രയും അഴിമതി ആരോപണങ്ങള്‍ നിറഞ്ഞ മന്ത്രിസഭ ഒരു പക്ഷേ കേരളചരിത്രത്തില്‍ തന്നെ ആദ്യമാണ്. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും ബാര്‍കോഴയില്‍ യു.ഡി.എഫ് മന്ത്രിമാര്‍ക്കെതിരെയും  തെളിവുണ്ടായിട്ടും അതിനെ വോട്ടാക്കി മാറ്റാന്‍ സാധിച്ചില്ലെങ്കില്‍ അത് സി.പി.എമ്മിനെയും എല്‍.ഡി.എഫിനെയും സംബന്ധിച്ച് ചിന്തിക്കാന്‍ കഴിയാത്തത്ര ആഘാതമായി മാറും. സമയം ഇപ്പോള്‍ എല്‍.ഡി.എഫിന് അനുകൂലമാണ്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് കോട്ടയായ അരുവിക്കരയില്‍ സി.പി.എം സ്ഥാനാര്‍ഥിയായ എ. സമ്പത്ത് വന്‍ ലീഡാണ് നേടിയത്.

4000 വോട്ടുകളാണ് സി.പി.എം കോണ്‍ഗ്രസിന്റെ മണ്ഡലത്തില്‍ നിന്ന് അധികം പിടിച്ചെടുത്തത്. ഈ വോട്ടുകള്‍ സഹതാപ തരംഗത്തില്‍ ഒഴുകിപ്പോയെന്ന് ഒരിക്കലും സി.പി.എമ്മിന് പറയാന്‍ കഴിയില്ല. സഹതാപ തരംഗത്തെപ്പോലും വിലങ്ങിടാനുള്ള അഴിമതികളാണ് യു.ഡി.എഫ് മന്ത്രിമാരുടെ മേല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നത്. എന്നിട്ടും അവിടെ നിന്ന് വിജയകുമാറിനെപ്പോലുള്ള തദ്ദേശവാസി തോറ്റാല്‍ സി.പി.എം നേതൃത്വം ഒരിടക്കാലത്തിനുശേഷം വീണ്ടും വിചാരണകള്‍ക്ക് വിധേയമാകും. അത് നേതൃത്വത്തെ സംബന്ധിച്ച് അത്ര സുഖവും ആയിരിക്കില്ല. പ്രത്യേകിച്ച് ജനറല്‍ സെക്രട്ടറിയായി യെച്ചൂരി ചുമതലയേറ്റ സ്ഥിതിക്ക്.

വ്യക്തിപരമായും രാഷ്ട്രീയപരമായും ഉമ്മന്‍ചാണ്ടിക്കും എ ഗ്രൂപ്പിനും അഗ്നിപരീക്ഷയാണ് ഈ ഉപതെരഞ്ഞെടുപ്പ്. ഒരു പക്ഷേ അരുവിക്കരയില്‍ യു.ഡി.എഫ് തോറ്റാല്‍ ജനഹിതം മാനിക്കുന്നുവെന്നും പരിശോധിക്കുമെന്നുള്ള കെട്ടാപ്പോക്ക് ന്യായങ്ങള്‍ പറഞ്ഞ് ജനങ്ങളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും രക്ഷപ്പെടാമെങ്കിലും തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി കസേരയില്‍ വെച്ചുപൊറിപ്പിക്കാന്‍ ഐ ഗ്രൂപ്പ് തയാറാകില്ല. അതിന്റെ ആദ്യവെടി അജയ് തറയില്‍ പൊട്ടിക്കുകയും ചെയ്തു.

അഴിമതിക്കാരായ മന്ത്രിമാര്‍ ഭരണത്തില്‍ ഇരിക്കും കാലം അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയം മരീചിക മാത്രമായിരുക്കുമെന്നാണ് തറയില്‍ ഫേസ്ബുക്കിലൂടെ തുറന്നടിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മന്‍മോഹന്‍സിംങിന്റെ ഭരണംകൊണ്ട് മാത്രം മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചെന്നും അരുവിക്കരയില്‍ യു.ഡി.എഫ് നേരിടാന്‍ പോകുന്നത് അഗ്നിപരീക്ഷയാണെന്നും തറയില്‍ പറയുന്നു. ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലാകെ കോണ്‍ഗ്രസും യു.പി.എയും തകര്‍ന്നടിഞ്ഞിട്ടും കേരളത്തില്‍ മാത്രമാണ് കോണ്‍ഗ്രസിന് മാന്യമായ വിജയം അവകാശപ്പെടാനുണ്ടായത്. അത് ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ നേട്ടമായാണ് എ ഗ്രൂപ്പ് അവകാശപ്പെട്ടത്. ഇതിനെ ഖണ്ഡിക്കുകയായിരുന്നു തറയില്‍.

എന്നാല്‍ സംഭവം വിവാദമായതോടെ പോസ്റ്റ് പിന്‍പലിച്ച് ഫോട്ടോഷോപ്പാണെന്നും പോലീസില്‍ പരാതി നല്‍കിയെന്നും തറയില്‍ പറഞ്ഞെങ്കിലും 'പൊളിറ്റിക്കല്‍ അരിത്തമാറ്റിക്‌സും ആയാറാം ഗയാറാം 'എന്നപേരില്‍ എല്‍.ഡി.എഫില്‍ നിന്ന് ഘടകകക്ഷികളെ ചാക്കിട്ടുപിടിക്കുന്നതിനെതിരെ ഒരു വിഭാഗം നടത്തുന്ന ശ്രമങ്ങളെ വിമര്‍ശിക്കുന്ന പോസ്റ്റും ഇപ്പോഴും അജയ് തറയിലിന്റെ ഫേസ്ബുക്കില്‍ പിന്‍വലിക്കാതെ കിടക്കുന്നുണ്ട്.

തെരഞ്ഞെടുപ്പുകള്‍ അടുത്ത സാഹചര്യത്തില്‍ വിരുദ്ധ മുന്നണികളില്‍ നിന്ന് ഘടകകക്ഷികളെ ക്ഷണിച്ചുകൊണ്ടുവന്ന് പരീക്ഷിക്കുന്നത് മുന്നണി നേതൃത്വത്തിന്റെയും നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയപാര്‍ട്ടിയുടേയും ആത്മവിശ്വാസകുറവിനെയാണ് സൂചിപ്പിക്കുന്നതെന്ന് തറയില്‍ പറയുന്നു. ചുരുക്കത്തില്‍ അരുവിക്കരയില്‍ ഐ ഗ്രൂപ്പ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ കാലുവാരുമെന്നു തന്നെയാണ് തറയില്‍ പറഞ്ഞുവെക്കുന്നത്. കാരണം അരുവിക്കര ഉമ്മന്‍ചാണ്ടി നീന്തിക്കയറിയാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ചെന്നിത്തലക്ക് റിസര്‍വ് ബഞ്ചില്‍ ഇരിക്കേണ്ടിവരുമെന്ന് ഐ ഗ്രൂപ്പ് ഭയപ്പെടുന്നുണ്ട്.

മന്ത്രി മാണിക്കെതിരെ ബാര്‍കോഴക്കേസില്‍ അന്വേഷണം പൂര്‍ത്തിയായതായും അന്തിമ റിപോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നും വിജിലന്‍സ് എസ്.പി ആര്‍. സുകേശന്‍ കോടതിയെ അറിയിച്ചു കഴിഞ്ഞു. മാണി കോഴകൈപ്പറ്റിയതു സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്ന സ്ഥിതിക്ക് ജൂണ്‍ 27ന് മുമ്പു തന്നെ വിധിയുണ്ടാകാനും സാധ്യതയുണ്ട്. വന്നില്ലെങ്കില്‍ ചെന്നിത്തലയുടെ മൗനാനുവാദത്തോടെ തന്നെ വിജിലന്‍സില്‍ നിന്ന് അന്തിമ റിപോര്‍ട്ട് ചോരും. ഇതും യു.ഡി.എഫ് കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തും.

അഴിമതി സര്‍ക്കാരാണിതെന്ന് കോണ്‍ഗ്രസിലെ പ്രബല നേതാക്കള്‍ തന്നെ ടി.വി ചാനലുകള്‍ക്കു മുന്നില്‍ തലകുലുക്കി സമ്മതിക്കുമ്പോള്‍ താഴെക്കിടയിലുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഒരുവിഭാഗം കെ.പി.സി.സി പ്രസിഡണ്ട് വി.എം. സുധീരന് കത്ത് നല്‍കിയിട്ടുണ്ട്. ഇതിന് പരിഹാരമായാണ് എ.കെ. ആന്റണിക്ക് തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല സുധീരന്‍ നല്‍കിയത്.

പക്ഷേ ഇതൊന്നുംകൊണ്ട് അരുവിക്കര നീന്തിക്കയറാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയില്ലെന്നു തന്നെയാണ് ഐ ഗ്രൂപ്പ് കരുതുന്നത്. ഒരു മാസത്തിനിടക്ക് ഈ മന്ത്രിസഭയുടെ അടിവേര് പിഴുതെറിയുന്ന സംഭവങ്ങള്‍ക്ക് കേരള രാഷ്ട്രീയം സാക്ഷ്യം വഹിക്കുമെന്ന് ഐ ഗ്രൂപ്പിലെ പ്രമുഖ നേതാക്കള്‍ തലയില്‍ കൈവച്ച് സത്യം ചെയ്യുമ്പോള്‍ അതിലെന്തോ പന്തികേടില്ലേ?



Keywords:  Article, Politics, G. Karthikeyan, Election, Congress, CPM, BJP,  Aruvikkara, Leeda  A.L.

നല്ല മനസുമായി വീണ്ടും ഖത്തര്‍: റോഹിങ്യ മുസ്ലീങ്ങള്‍ക്ക് അഭയം നല്‍കുന്ന ഇന്തോനേഷ്യയ്ക്ക് 50 മില്യണ്‍ ഡോളര്‍ ധനസഹായംhttp://goo.gl/4029Rx

Posted by Kvartha World News on Saturday, 30 May 2015