Follow KVARTHA on Google news Follow Us!
ad
Posts

'ഓപ്പറേഷന്‍ ഹൈ സ്പീഡ് 'താരമായി; കൊലപാതകി നരേന്ദ്രനെ പൊലീസ് കീഴടക്കിയത് എങ്ങനെയെന്നറിയേണ്ടേ?

ഡ്രൈക്ലീനിങ് സ്ഥാപന ഉടമയേയും മാതാപിതാക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ അന്യസംസ്ഥാനക്കാരനും സ്ഥാപനത്തിലെ ജീവനക്കാരനുമായ നരേന്ദ്രകുമാറിനെ(26) ഉത്തര്‍പ്രദേശിലെ Police, Murder case, Accused, Operation High speed, Arrested, Murder,
കോട്ടയം: (www.kvartha.com 23.05.2015) ഡ്രൈക്ലീനിങ് സ്ഥാപന ഉടമയേയും മാതാപിതാക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ അന്യസംസ്ഥാനക്കാരനും സ്ഥാപനത്തിലെ ജീവനക്കാരനുമായ നരേന്ദ്രകുമാറിനെ(26) ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലെ ചേരിയില്‍ നിന്ന് കേരള പോലീസിലെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത് അതിവിദഗ്ധമായി. ഇന്‍വെസ്റ്റിഗേറ്റീവ് സിനിമകളേയും ഡിക്ടടീവ് നോവലുകളെയും വെല്ലുന്നരീതികളിലൂടെയായിരുന്നു കോട്ടയം പാമ്പാടി സി.ഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം ക്വട്ടേഷന്‍ മാഫിയകളും കള്ളന്മാരും അടങ്ങുന്ന ചേരിയില്‍ നിന്ന് നരേന്ദ്രകുമാറിനെ പൊക്കിയത്.

തുടര്‍ന്ന് പ്രതിക്കായി പൊലീസ് വലവിരിച്ചത് ഇങ്ങനെ....

മെയ് 17, പാറമ്പുഴ, കൊലപാതകം നടന്ന വീട്, സമയം 7.50

തിരുവഞ്ചൂര്‍ പാറമ്പുഴക്ക് സമീപം തുരുത്തേല്‍ക്കവലയില്‍ ഡ്രൈക്ലീനിങ്ങ് സ്ഥാപന ഉടമ പ്രവീണ്‍ലാല്‍ (28) മാതാപിതാക്കളായ ലാലസന്‍(72) പ്രസന്നകുമാരി(54) എന്നിവരെ ഡ്രൈ ക്ലീനിങ് സ്ഥാപനത്തില്‍ അതിക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സ്ഥാപനത്തിലെ തൊഴിലാളികളെയും അയല്‍ക്കാരെയും ചോദ്യം ചെയ്തു. ഇവരെ ചോദ്യം ചെയ്യുന്നതിനിടെയാണ് മൂന്ന് മാസം മുമ്പ് സ്ഥാപനത്തില്‍ ജോലിക്ക് ചേര്‍ന്ന ജയ്‌സിങ് എന്ന അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ലെന്നറിഞ്ഞത്. ഇയാളുടെ ഐ.ഡിയും അനുബന്ധ രേഖകളും വീട്ടില്‍ നിന്നും അപ്രത്യക്ഷമായതോടെ പ്രതി ജയ്‌സിങ് തന്നെന്ന് പൊലീസ്് ഉറപ്പിച്ചു. ഉടന്‍ തന്നെ ഇയാളെ തെരയുന്നതിനായി ഒരു സംഘത്തെ കോട്ടയം റെയില്‍വേ സ്റ്റേഷനിലേക്കും ബസ് സ്റ്റാന്‍ഡിലേക്കും വിട്ടു. ഒപ്പം പ്രതിയെ കണ്ടാല്‍ തിരിച്ചറിയുന്നതിനായി ഡ്രൈ ക്ലീനിങ് സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനായ ജോയിയെയും കൂട്ടി. തുടര്‍ന്ന് വീടുമുഴുവന്‍ അരിച്ചുപെറുക്കിയ പൊലീസ്, മോഷണശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിലെത്തി. എന്നാല്‍ കൊലചെയ്യപ്പെട്ട മൂന്നുപേരുടെയും മൊബൈല്‍ഫോണ്‍ നഷ്ടമായെന്നു കണ്ടതോടെ സൈബര്‍ സെല്ലിന്റെ സഹായം തേടി. ഇതോടെ ഈ ഫോണിലേക്കായി തുടര്‍ന്നുള്ള അന്വേഷണം.

രാവിലെ 11.30

മരിച്ച പ്രസന്നകുമാരിയുടെ ഫോണിന് സിഗ്നല്‍ കിട്ടി തുടങ്ങിയതായി സൈബര്‍ സെല്‍ ജില്ലാ പൊലീസ് മേധാവിക്ക് വിവരം നല്‍കി. തിരുവനന്തപുരത്തുനിന്നും വരുന്ന ജയന്തി ജനത ട്രെയിനില്‍ നിന്നാണ് സിഗ്നല്‍ എന്നും പ്രതി ജയ്‌സിങ് ട്രെയിനിലുണ്ടെന്നും പൊലീസ് നിരീക്ഷിച്ചു. ഇതോടെ 'ഓപ്പറേഷന്‍ ഹൈ സ്പീഡിന് 'തുടക്കമായി.

'ഓപ്പറേഷന്‍ ഹൈ സ്പീഡ്'

ജയന്തി ജനതയില്‍ നിന്ന് സിഗ്നല്‍ കിട്ടി തുടങ്ങിയതോടെ കൊല്ലം മുതല്‍ എറണാകുളം വരെയുള്ള എല്ലാ റെയില്‍വെ സ്റ്റേഷനിലും പൊലീസും റെയില്‍വെ പൊലീസും ജയ്‌സിങ്ങിനും ഫോണിനുമായി അരിച്ചുപെറുക്കി. പക്ഷേ ലോക്കല്‍ കമ്പാര്‍ട്ടുമെന്റിലെയും റെയില്‍വേ സ്റ്റേഷനിലെയും ആള്‍ത്തിരക്ക് കൃത്യമായ അന്വേഷണത്തിന് തടസ്സമായി. 70 ഓളം പൊലീസുകാര്‍ ഈ അന്വേഷണത്തില്‍ പങ്കുചേര്‍ന്നു. കോട്ടയത്ത് ട്രെയിന്‍ എത്തിയതോടെ ജയ്‌സിങ് ജയന്തി ജനതയില്‍ ഇല്ലെന്ന് പൊലീസ് ഉറപ്പിച്ചു. എന്നാല്‍ സിഗ്നല്‍ അപ്പോഴും ട്രെയിനില്‍ നിന്ന് കിട്ടുന്നതിനാല്‍ നാലംഗ സംഘത്തെ ട്രെയിനില്‍ തുടരാന്‍ ജില്ലാ പൊലീസ് മേധാവി എം.പി ദിനേശ് നിര്‍ദേശിച്ചു. സ്ഥാനപത്തിലെ ജോലിക്കാരന്‍ ജോയിയേയും ഒപ്പം കൂട്ടിയ ട്രെയിനില്‍ നിന്ന് മൊബൈല്‍ഫോണ്‍ കണ്ടെത്തുകയായിരുന്നു ഇവരുടെ പ്രധാന ചുമതല. യാതൊരു തയ്യാറെടുപ്പുമില്ലാതെ, മാറാന്‍ ഒരു ജോടി വസ്ത്രം പോലും ഇല്ലാതെയായിരുന്നു തുടര്‍ന്നങ്ങോട്ട് അന്വേഷണ സംഘത്തിന്റെ യാത്ര.

മെയ് 18 

 ജയന്തി ജനതയില്‍ പല തവണ അന്വേഷിച്ചിട്ടും ഫോണ്‍ കണ്ടെത്താന്‍ സംഘത്തിനായില്ല. ആന്ധ്രാപ്രദേശ് കടന്നതോടെ പലയിടങ്ങളിലും ഫോണില്‍ നിന്ന് സിഗ്നല്‍ കട്ടായത് സംഘത്തെ കുഴക്കി. വൈകുന്നേരത്തോടെ ഫോണില്‍ നിന്ന് യാതൊരു സിഗ്നലും സംഘത്തിന് ലഭിച്ചില്ല. ഇതോടെ സംഘാംഗങ്ങള്‍ ആകെ നിരാശയിലായി. ഫോണ്‍ ചാര്‍ജ് തീര്‍ന്ന് സ്വിച്ച് ഓഫ് ആകുകയോ, അല്ലെങ്കില്‍ യാത്രക്കാരില്ലാരെങ്കിലും ഫോണ്‍ കൈവശപ്പെടുത്തിയോ എന്നും സംശയത്തിലായി പൊലീസ്.

മേയ് 19 ചൊവ്വ, പുലര്‍ച്ചെ 2.00. മുംബൈ സി.എസ്.ടി റെയില്‍വേ സ്റ്റേഷന്‍

ഫോണ്‍ യാത്രക്കാരിലാരെങ്കിലും കൈവശപ്പെടുത്തിയെന്ന നിഗമനത്തില്‍ മുംബൈ റെയില്‍വേ പൊലീസിന്റെ സഹായത്തോടെ ട്രെയിനില്‍ നിന്നിറങ്ങിയ യാത്രക്കാരെ  പരിശോധിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
തുടര്‍ന്ന് സംഘം ജില്ലാ പൊലീസ് മേധാവിയെ ബന്ധപ്പെട്ടെങ്കിലും മുംബൈയില്‍ തുടരാനായിരുന്നു നിര്‍ദേശം. സംഘാംഗങ്ങളുടെ ചെലവിനായി പണം ബാങ്ക് അക്കൗണ്ടിലിട്ടു. മുംബൈയില്‍ എത്തിയ ശേഷം പുതിയ ജോടി വസ്ത്രങ്ങളും സംഘം വാങ്ങി. ഇതിനിടയില്‍ ജയ്‌സിങ്ങ് സ്വന്തം മൊബൈല്‍ ഫോണ്‍ ഓണാക്കിയത് അന്വേഷണത്തിന് വഴിത്തിരിവായി. ഇതോടെ ഈ നംമ്പറിലേക്കായി അന്വേഷണം. ഇതുവഴി പ്രതിയുടെ പേര് നിഹാല്‍സിങ്ങാണെന്നും ഫിറോസാബാദിലാണ് സ്ഥലമെന്നും കണ്ടെത്തി. ഇതോടെ മുംബൈയിലുള്ള സംഘത്തോട് ഉടന്‍ തന്നെ ഫിറോസാബാദിലേക്ക് തിരിക്കാന്‍ നിര്‍ദേശം നല്‍കി. സിനിയര്‍ സി.പി.ഒ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ മറ്റൊരു അന്വേഷണ സംഘത്തിന് കോട്ടയത്ത് രൂപം നല്‍കി വിമാനം വഴി ഡല്‍ഹിയിലേക്കയച്ചു.

മേയ് 20 ബുധന്‍ , ഫിറോസാബാദ്

കോട്ടയത്തുനിന്നുള്ള പൊലീസ് സംഘം ഡല്‍ഹിയിലെത്തി. അവിടെ നിന്നും രാവിലെ ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍. പ്രതിക്ക് വേണ്ടി ഉത്തര്‍പ്രദേശ് പൊലീസിന്റെ സഹായവും തേടി. മുംബൈയില്‍ നിന്നുള്ള സംഘം ഉച്ചയോടെ ഫിറോസാബാദിലെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നിഹാല്‍ സിങ്ങ് എന്നത് ചേരിയിലെ തന്നെ 82 കാരനായ വൃദ്ധനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. എന്നാല്‍ പ്രതിയുടെ മൊബൈലിലേക്ക് വിളിച്ച ആറുപേരില്‍ ഒരാളെ ഉത്തര്‍പ്രദേശ് പൊലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തതോടെ പ്രതിയുടെ യഥാര്‍ഥ പേര് നരേന്ദ്രകുമാറാണെന്നും ആളൊരു നാടോടിയും മോഷ്ടാവാണെന്നും കണ്ടെത്തി. പ്രതിയുടെ യഥാര്‍ഥ പേര് തിരിച്ചറിഞ്ഞതോടെ ഫിറോസാബാദിലെ വോട്ടര്‍ പട്ടിക പരിശോധിച്ച് നരേന്ദ്രന്‍ എന്ന പേരുള്ള 1034 പേരെ ഷോര്‍ട്ട് ലിസ്റ്റു ചെയ്തു. അതിനുശേഷം ഇയാളുമായി മുഖ സാദൃശ്യമുള്ള 10 പേരെ ചുറ്റിപ്പറ്റിയായി അന്വേഷണം. തുടര്‍ന്ന് പ്രതി ചേരിയിലുണ്ടെന്ന് മനസ്സിലാക്കി പ്രതിയുടെ വീട് വളഞ്ഞ് അതിസാഹസികമായി നരേന്ദ്രനെ സംഘം കുടുക്കുകയായിരുന്നു.
Police, Murder case, Accused, Operation High speed, Arrested, Murder,

Keywords: Police, Murder case, Accused, Operation High speed, Arrested, Murder,