Follow KVARTHA on Google news Follow Us!
ad

നിങ്ങളും അറിയണം മലപ്പുറത്തെ പ്രവാസി ഹൗസ് ഡ്രൈവറുടെ അനുഭവം

ഒരായിരം പ്രശ്‌നങ്ങളുടെ ദുരിതക്കയത്തില്‍ നിന്നും ഒരു മോചനം. സ്വപ്നം കണ്ടാണ് ഒന്നര വര്‍ഷം മുമ്പ് മലപ്പുറം തിരൂര്‍ സ്വദേശി (പേര് വെളിപ്പെടുത്താന്‍ അനുവാദമില്ല, 25 വയസ്) സൗദിയുടെ മണ്ണിലേക്ക് വിമാനം കയറിയത്... Article, Malappuram, Driving, Car, Dubai, House Driver
റഷീദ് പൂക്കാട്ടുപടി

ഒരായിരം പ്രശ്‌നങ്ങളുടെ ദുരിതക്കയത്തില്‍ നിന്നും ഒരു മോചനം. സ്വപ്നം കണ്ടാണ് ഒന്നര വര്‍ഷം മുമ്പ് മലപ്പുറം തിരൂര്‍ സ്വദേശി (പേര് വെളിപ്പെടുത്താന്‍ അനുവാദമില്ല, 25 വയസ്) സൗദിയുടെ മണ്ണിലേക്ക് വിമാനം കയറിയത്...

റിയാദിലെ എക്‌സിറ്റ് 15ല്‍ സൗദി സ്വദേശിയും, ഭാര്യയും ഒരു ആണ്‍ കുട്ടിയും രണ്ട് പെണ്‍ മക്കളും അടങ്ങുന്ന കുടുംബത്തിലെ ഹൗസ് ഡ്രൈവര്‍ ആയിട്ടുള്ള ജോലിയാണ് ഈ യുവാവിനെ കാത്തിരുന്നത്. ആദ്യത്തെ മൂന്നു മാസത്തോളം വലിയ കുഴപ്പമില്ലാതെ കടന്നു പോയി. പിന്നീടുള്ള നാളുകള്‍ ദുരിതങ്ങള്‍ നിറഞ്ഞതായിരുന്നു.

വീട്ടിലെ പ്രാരാബ്ധങ്ങള്‍ മൂലം അതെല്ലാം സഹിക്കുകയും മറ്റു പ്രാവാസികളേക്കാള്‍ ഹൗസ് ഡ്രൈവര്‍മാരുടെ ജോലിയില്‍ ബുദ്ധിമുട്ടും കഷ്ടപ്പാടുകളും നിറഞ്ഞതാണെന്ന കൂട്ടുകാരുടെ ഉപദേശങ്ങളും ജോലിയില്‍ തുടരാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.

ജീവിതത്തിലെ ഇരുളടഞ്ഞ ദിനങ്ങള്‍ കൊഴിഞ്ഞു പോകവേ, ഒരിക്കല്‍ സ്‌പോണ്‍സറുടെ (കഫീല്‍) മക്കളുടെ ഷോപ്പിംഗ് കഴിഞ്ഞു രാത്രി മടങ്ങമ്പോള്‍ വഴിയില്‍ വച്ച് വണ്ടി കേടാവുകയും ഹൈവേയുടെ അരികില്‍ വണ്ടി ഒതുക്കുകയും ചെയ്തു. പരസഹായത്തിനു ആരുമില്ലാതെ വിഷമിച്ച ആ സമയത്ത് മറ്റൊരു വണ്ടിയില്‍ സ്വദേശികളായ സൗദി പൗരന്മാര്‍ വരികയും സഹായത്തിനു മുന്നിട്ടിറങ്ങുകയും ചെയ്തു. വണ്ടിയുടെ ബോണറ്റ് തുറന്നു ചെക്ക് ചെയ്യാന്‍ തുനിഞ്ഞപ്പോള്‍ വെട്ടക്കുറവു മൂലം തന്റെ മൊബൈലിലെ ടോര്‍ച്ച് ഓണാക്കി കൊടുത്തു.

കുറച്ചു നേരത്തെ പരിശോധനയ്‌ക്കൊടുവില്‍ ഒരു വയര്‍ കണക്ഷന്‍ വിട്ടു കിടക്കുകയാണെന്നും അത് അടിയില്‍ ചെന്ന് കണക്ട് ചെയ്യാന്‍ പറയുകയും ചെയ്തു. ഈ സമയം തന്റെ മൊബൈല്‍ സ്വദേശി പൗരന്റെ അടുത്ത് കൊടുക്കുകയും വണ്ടിയുടെ അടിയില്‍ കിടന്നു വയര്‍ ശരിയാക്കുകയും ചെയ്തു. തുടര്‍ന്നു വണ്ടി സ്റ്റാര്‍ട്ടാവുകയും രാത്രി ഏറെ വൈകിയതിനാലും സ്വദേശി പൗരന്‍മാരായതിനാലും പെട്ടന്ന് അവിടെ നിന്നും വണ്ടി എടുത്തു പോന്നു.

വണ്ടി പാര്‍ക്ക് ചെയ്തു റൂമില്‍ എത്തി മൊബൈല്‍ നോക്കിയപ്പോഴാണ് ഇടിത്തീ പോലെ ഓര്‍മ വന്നത്, സ്വദേശികളുടെ കയ്യില്‍ നിന്നും താന്‍ മൊബൈല്‍ തിരിച്ചു വാങ്ങിയില്ല എന്നത്. മനസില്‍ സങ്കടവും ദേഷ്യവും അതിലുപരി ഭയവും നിഴലിച്ചു നിന്നു. വരുന്നിടത്ത് വെച്ച് കാണാം എന്ന നിലയില്‍ ഉറങ്ങാന്‍ കിടന്നു..!

ഏകദേശം വെളുപ്പിന് മൂന്ന് മണിയോടടുത്തപ്പോള്‍ വാതില്‍ ചവിട്ടി പൊളിക്കുന്ന പോലുള്ള ശബ്ദം കേട്ടിട്ടാണ് ചാടി എണീറ്റത്. വാതില്‍ തുറന്നപാടേ സ്‌പോണ്‍സറുടെ ആക്രോശമായിരുന്നു. കാര്യം തിരക്കിയപ്പോഴാണ് മനസിലായത്, സ്വദേശി പൗരന്മാര്‍ കിട്ടിയ അവസരം മുതലെടുത്തു തുടങ്ങി എന്ന്. തന്റെ മൊബൈലില്‍ നിന്നും സ്‌പോണ്‍സറുടെ ഭാര്യയുടെയും മക്കളുടെയും നമ്പര്‍ കൈക്കലാക്കി അവര്‍ വിളി തുടങ്ങി. മാറി മാറിയുള്ള കോള്‍ വന്നപ്പോള്‍ സ്‌പോണ്‍സര്‍ ഫോണെടുത്തു. അപ്പോള്‍ അവര്‍ പറഞ്ഞു നിങ്ങളുടെ ഡ്രൈവര്‍ തന്നതാണ് ഈ നമ്പര്‍ എന്ന്. കോളറില്‍ കടന്നുപിടിച്ച സ്‌പോണ്‍സര്‍ മൊബൈല്‍ എവിടെ ? എത്ര കാശിനു നീ മൊബൈല്‍ വിറ്റു, എന്റെ പെണ്‍ മക്കളുടെ നമ്പര്‍ ആര്‍ക്കു കൊടുത്തു, എത്ര കാശ് തന്നു അവര്‍ നിനക്ക്... എന്നിങ്ങനെ അലറി ചോതിക്കുന്നുണ്ടായിരുന്നു.

തന്റെ നിസഹായാവസ്ഥ അറിയാവുന്ന ആ പെണ്‍കുട്ടികളും മൗനം പാലിച്ചപ്പോള്‍ ശകാര വാക്കുകളിലും മര്‍ദനത്തിലും എത്തി കാര്യങ്ങള്‍. തെറ്റ് തന്റെ ഭാഗത്തായിരുന്നു എന്നുള്ള തിരിച്ചറിവില്‍ അതെല്ലാം ഒരക്ഷരം മിണ്ടാതെ ഏറ്റു വാങ്ങുകയായിരുന്നു. എല്ലാവരും പിന്മാറിയപ്പോള്‍ ഏറെ ആലോചിക്കാന്‍ നില്‍ക്കാതെ കിട്ടിയ അവസരത്തില്‍ ആ വീട്ടില്‍ നിന്നും പുറത്തു കടന്നു. കുറച്ചു മാറിയുള്ള വീട്ടിലെ ഹൗസ് ഡ്രൈവറായ കൂട്ടുകാരന്റെ റൂമില്‍ അഭയം തേടി.

അങ്ങനെ ആരോ കൊടുത്ത നമ്പര്‍ മുഖേനയാണ് പ്രവാസികളെ സഹായിക്കാന്‍ ഞങ്ങളുണ്ടാക്കിയ ഡിപ്ലോമാറ്റിക് യൂണിറ്റുമായി ബന്ധപെടുന്നത്. കേസിന്റെ ഗുരുതരാവസ്ഥ മനസിലാക്കിയ ഡിപ്ലോമാറ്റിക് യൂണിറ്റ്, റിയാദിലെ സാമൂഹിക പ്രവര്‍ത്തകനായ ലത്വീഫ് തെച്ചിയുടെ നേതൃത്വത്തില്‍ കേസുമായി മുന്നോട്ടു പോവുകയും, തുടര്‍ന്ന് എംബസിയില്‍ പരാതി കൊടുക്കുകയും എംബസിയില്‍ നിന്നും സ്‌പോണ്‍സറുമായി നേരിട്ട് സംസാരിപ്പിച്ചപ്പോള്‍ അടുത്ത ദിവസം രാവിലെ ആറ് മണിക്ക് വീട്ടില്‍ വരാന്‍ പറയുകയും ചെയ്തു.

അങ്ങനെ ഡിപ്ലോമാറ്റിക് യൂണിറ്റ് അംഗങ്ങള്‍ ആറ് മണിക്ക് യുവാവിനേയും കൂട്ടി സ്‌പോണ്‍സറുമായി സംസാരിച്ചു. യാതൊരു വിധ അനുകൂല നിലപാട് എടുക്കാതിരുന്ന സ്‌പോണ്‍സര്‍ ആദ്യം പറഞ്ഞത് ഇവനെ ഇപ്പോള്‍ തന്നെ ഹുറൂബ് ആക്കുകയും നിങ്ങളെ പോലീസിനെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യിപ്പിക്കും എന്നുമാണ്. തുടര്‍ന്ന് മണിക്കൂര്‍ നീണ്ട അനുരഞ്ജന ചര്‍ച്ച നടത്തുകയും ഒടുവില്‍ അടുത്ത ഡ്രൈവര്‍ വരുന്നവരെ (അന്ന് മുതല്‍ രണ്ട് മാസം) ജോലിയില്‍ തുടരാന്‍ ആവശ്യപ്പെടുകയും അതിനുള്ളില്‍ യാതൊരു പ്രശ്‌നങ്ങളും ഇല്ലാതെ, എക്‌സ്‌പൈറായ പാസ്‌പോര്‍ട്ട് പുതുക്കി നല്‍കി, എക്‌സിറ്റ് കൊടുത്തോളം എന്ന് രേഖാമൂലം എഴുതി തരികയും ചെയ്തു.

പ്രിയ പ്രവാസി സുഹൃത്തുക്കളെ ഇത്തരം സംഭവങ്ങള്‍ വീണ്ടും വീണ്ടും പറയേണ്ടി വരുന്നത് ഒരു ചെറിയ അശ്രദ്ധ മൂലം ജീവിതം ഇരുളടഞ്ഞ ഒത്തിരി പേരും, അവരുടെ മോചനം കാത്തു മരിക്കുന്നതിനു മുമ്പ് തങ്ങളുടെ മക്കളെ ഒരു നോക്ക് കാണാന്‍ കൊതിച്ചു പ്രായമായ മാതാപിതാക്കളും, ഭാര്യ, മക്കള്‍ തുടങ്ങിയവര്‍ കാരുണ്യത്തിന്റെ വാതില്‍ തുറക്കുന്നതും കാത്തു നിയമ പാലകരുടെ മുന്നില്‍ യാചിക്കേണ്ടി വരുന്ന അവസ്ഥ ഓര്‍ത്തിട്ടാണ്.

ഒരായിരം തിരക്കിനിടയില്‍ ഇത്തരം സംഭവങ്ങള്‍ ഒരു ഓര്‍മപ്പെടുത്തലാവട്ടെ, നമ്മുടെ സഹോദരന്മാരുടെ ശ്രദ്ധയിലും ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക എന്ന അപേക്ഷയോടെ ഡിപ്ലോമാറ്റിക് യൂണിറ്റു റിയാദിന് വേണ്ടി റഷീദ് പൂക്കാട്ടുപടി.

 Article, Malappuram, Driving, Car, Dubai, House Driver.

Keywords: Article, Malappuram, Driving, Car, Dubai, House Driver.