Follow KVARTHA on Google news Follow Us!
ad

ജസ്റ്റിസ് ഫോറം നേതാക്കള്‍ മഅ്ദനിയെ സന്ദര്‍ശിച്ചു; ഫോറം പിരിച്ചുവിട്ടിട്ടില്ലെന്ന്

പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയെ ബംഗളൂരു Thiruvananthapuram, Bangalore, Bomb Blast, Justice, PDP, Abdul-Nasar-Madani, Kerala,
  • കെവാര്‍ത്ത റിപോര്‍ട്ട് പിഡിപി നിഷേധിച്ചില്ല

തിരുവനന്തപുരം: (www.kvartha.com 20/05/2015) പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയെ ബംഗളൂരു സ്‌ഫോടനക്കേസില്‍ നിയമപരമായും സാമ്പത്തികമായും സഹായിക്കുന്നതിന് രൂപീകരിച്ച മഅ്ദനി ജസ്റ്റിസ് ഫോറത്തിന്റെ പ്രവര്‍ത്തനം നിലച്ച വിവരം പുറത്തുവന്നതിന് പിന്നാലെ, സംഘടനയുടെ നേതാക്കള്‍ മഅ്ദനിയെ സന്ദര്‍ശിച്ചു. ഫോറം ജനറല്‍ സെക്രട്ടറിയും ജമാഅത്തെ ഇസ്ലാമി നേതാവുമായ എച്ച് ഷഹീര്‍ മൗലവി, മുന്‍ എംപിയും ഫോറം ചെയര്‍മാനുമായ ഡോ. സെബാസ്റ്റിയന്‍ പോള്‍ എന്നിവരുടെ നേതൃത്വത്തിലാണ് 'ഫോറം ടീം'ശാസ്താംകോട്ടയ്ക്കടുത്ത് അന്‍വാറുശ്ശേരിയിലെത്തി മഅ്ദനിയെ കണ്ടത്.

ഫോറം പിരിച്ചുവിട്ടെന്നും കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി പിഡിപിയുടെ പ്രാദേശിക ഘടകങ്ങളാണ് കേസ് നടത്താന്‍ പണം സംഘടിപ്പിക്കുന്നതെന്നും കഴിഞ്ഞ ദിവസം കെവാര്‍ത്ത പുറത്തുവിട്ടിരുന്നു. അതിനിടെ സാമൂഹിക മാധ്യമങ്ങളിലും പുറത്തും വന്‍ ചര്‍ച്ചയായി മാറിയ ആ വാര്‍ത്ത നിഷേധിച്ചുകൊണ്ട് തിങ്കളാഴ്ച ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള പത്രത്തിലൂടെ ഷഹീര്‍ മൗലവിയുടേയും സെബാസ്റ്റിയന്‍ പോളിന്റേയും പ്രസ്താവന പുറത്തുവരികയായിരുന്നു. എന്നാല്‍ മഅ്ദനിയുടെ കേസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ടെന്നോ ഇനിയും പ്രവര്‍ത്തിക്കുമെന്നോ അതിലും സൂചനകളോന്നുമുണ്ടായിരുന്നുമില്ല.

അതിനുശേഷം ചൊവ്വാഴ്ച വൈകിട്ടാണ് ഇവര്‍ അന്‍വാറുശ്ശേരിയിലെത്തിയത്. ഫോറം ഇനി നിയമപരമായും സാമ്പത്തികമായും മഅ്ദനിയെ സഹായിക്കുമെന്ന വാഗ്ദാനമൊന്നും ആ കൂടിക്കാഴ്ചയിലും ഉണ്ടായില്ല. മറിച്ച്, പൊതുസമൂഹത്തില്‍ മഅ്ദനിക്ക് ധാര്‍മിക പിന്തുണ നല്‍കുന്ന ഒരു വേദിയായി തുടരുമെന്നാണത്രേ അറിയിച്ചത്. അതേസമയം, ഫോറം നിര്‍ജീവമായത് അതിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് എത്തിയ സാഹചര്യത്തിലാണ് എന്ന് ഫോറത്തിന്റ മറ്റൊരു ഭാരവാഹി കെവാര്‍ത്തയോടു പറഞ്ഞു.

ഒരു വര്‍ഷമായി നിര്‍ജീവമല്ലെന്നും ഏതാനും മാസങ്ങളായി മാത്രമാണ് അങ്ങനെ സംഭവിച്ചതെന്നും അദ്ദേഹം വിശദീകരിക്കുന്നു. ''മഅ്ദനിക്ക് നീതി കിട്ടുകയായിരുന്നു ലക്ഷ്യം. അദ്ദേഹത്തിനു ജാമ്യം കിട്ടിക്കഴിഞ്ഞു. ഇനി ജയിലിലേക്ക് പോകേണ്ടിവരില്ല. ഇപ്പോഴാകട്ടെ താല്‍ക്കാലികമായി കേരളത്തിലേക്കു വരാന്‍ സാധിച്ചു.'' പേരു വെളിപ്പെടുത്തരുത് എന്ന നിബന്ധനയോടെ അദ്ദേഹം പറഞ്ഞു. അതിനിടെ, മഅ്ദനി ജസ്റ്റിസ് ഫോറം കുറേക്കൂടി വിശാലമായ ലക്ഷ്യങ്ങളോടെ വിക്റ്റിംസ് ഫോറമാക്കി മാറ്റുകയും നീതി നിഷേധിക്കപ്പെടുന്ന മുഴുവനാളുകള്‍ക്കു വേണ്ടിയും നിലകൊള്ളണമെന്നും മഅ്ദനി തന്നെ നേരത്തേ നിര്‍ദേശിച്ചിരുന്നു. അത് നടപ്പായിട്ടില്ല.

മാതാപിതാക്കളെ കാണാന്‍ അഞ്ചു ദിവസത്തേക്ക് ജാമ്യ വ്യവസ്ഥകളില്‍ ഇളവു ചെയ്ത സുപ്രീംകോടതി വിധിയിലെ സന്തോഷം പങ്കുവച്ചാണ് ഫോറം ഭാരവാഹികള്‍ മഅ്ദനിയെ കണ്ടത്. ഇപ്പോഴത്തെ വിവാദവുമായി ബന്ധപ്പെട്ട വാര്‍ത്തയേക്കുറിച്ചു വിശദീകരിക്കാനും ശ്രമിച്ചു. പിഡിപിയിലെ ചില നേതാക്കളാകാം ഈ വാര്‍ത്തയ്ക്കു പിന്നില്‍ എന്ന തരത്തിലുള്ള സംശയമാണ് അവര്‍ മഅ്ദനിക്കു മുന്നില്‍ പ്രകടിപ്പിച്ചത്.

തന്നെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന പിഡിപി പ്രവര്‍ത്തകര്‍ തന്റെയും പാര്‍ട്ടിയുടെയും നന്മയ്ക്കു വേണ്ടിയല്ലാതെ പ്രവര്‍ത്തിക്കില്ലെന്ന് മഅ്ദനി വിശദീകരിച്ചു. മഅ്ദനിയുടെ കേസില്‍ ഇനിയും സജീവമാകുമെന്ന ഉറപ്പൊന്നും നല്‍കാതെയാണ് അവര്‍ മടങ്ങിയത്. അതേസമയം, ഫോറത്തിന്റെ പിന്തുണ ഇപ്പോഴും തനിക്ക് ലഭിക്കുന്നുണ്ടെന്നു മാധ്യമങ്ങളോടോ സോഷ്യല്‍ മീഡിയയിലോ പ്രതികരിക്കണം എന്ന ഇവരുടെ അഭ്യര്‍ത്ഥന മഅ്ദനി സ്വീകരിച്ചിട്ടില്ല. അതേസമയം സുപ്രീംകോടതി വിധിയില്‍ സംതൃപ്തി പ്രകടിപ്പിച്ച് ഫേസ്ബുക്കില്‍ അദ്ദേഹം വിശദമായ പോസ്റ്റിടുകയും ചെയ്തിരുന്നു.

ഫോറം വിവാദത്തിലും കെവാര്‍ത്ത പ്രസിദ്ധീകരിച്ചതിനു വിരുദ്ധമായ നിലപാടുണ്ടെങ്കില്‍ അദ്ദേഹം ഫേസ്ബുക്കില്‍ പ്രതികരിക്കുമായിരുന്നു എന്ന് പിഡിപി വൃത്തങ്ങള്‍ സൂചിപ്പിച്ചു. പ്രശ്‌നത്തില്‍ പാര്‍ട്ടി ഔദ്യോഗികമായി പ്രതികരിക്കുന്നത് അനവസരത്തിലായിപ്പോകുമെന്നാണ് അവരുടെ നിലപാട്. മഅ്ദനി കേരളത്തിലുള്ളപ്പോള്‍ ഇത്തരമൊരു വിവാദത്തില്‍ പങ്കുചേരുന്നതിലെ അനൗചിത്യമാണുകാരണം.

എന്നാല്‍ പിഡിപി നേതാക്കളാരും കെവാര്‍ത്ത റിപോര്‍ട്ട് നിഷേധിക്കുന്നില്ല. മഅ്ദനി ഫോറവുമായി ബന്ധപ്പെട്ട വസ്തുത പുറത്തുവന്നതോടെ അസംതൃപ്തരായ ചിലര്‍ റിപോര്‍ട്ട് മഅ്ദനിയുടെ കേസിനെ ബാധിക്കുമെന്ന തരത്തില്‍ ഫേസ്ബുക്കില്‍ പ്രചരണം നടത്തിയിരുന്നു. പിഡിപി പ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും ആ പ്രചരണത്തിന് പിന്നിലെ അജണ്ട തിരിച്ചറിയുകയും ചിലര്‍ ഇത്തരം പ്രചരണങ്ങളെ ചെറുക്കുന്നതോടൊപ്പം മഅ്ദനി ജസ്റ്റിസ് ഫോറത്തിന്റെ പിന്നാമ്പുറം തുറന്നുകാട്ടുകയും ചെയ്തു.

സ്‌ഫോടനാത്മകമായ വാര്‍ത്തയാണ് കെവാര്‍ത്ത പുറത്തുവിട്ടതെന്നാണ് ചിലരുടെ പ്രതികരണം. പിഡിപിയുടെ സാന്നിധ്യം ജമാഅത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് കേരളത്തില്‍ വളരാന്‍ തടസമാണെന്ന വിലയിരുത്തല്‍ നേരത്തേ തന്നെ ജമാഅത്തെ ഇസ്ലാമിക്കുള്ളിലുണ്ട്. അതുകൊണ്ടുതന്നെ പിഡിപിയുടെ ചെയര്‍മാനായ മഅ്ദനിക്കു വേണ്ടി നിലകൊള്ളുന്നതില്‍ ജമാഅത്തെ ഇസ്ലാമിയിലെ ഒരു വിഭാഗം ശക്തമായ വിയോജിപ്പു പ്രകടിപ്പിച്ചിരുന്നു. അതാണ് വിവാദ കത്തില്‍ എത്തിയത്.

കേരളത്തിലെ സാമൂഹിക, മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ശക്തമായ നിലപാടെടുക്കുന്ന സെബാസ്റ്റ്യന്‍ പോള്‍ വിവിധ സംഘടനകളുടെ തലപ്പത്തുണ്ട്. മഅ്ദനി വിഷയത്തിലും സെബാസ്റ്റ്യന്‍ പോളിന് പ്രത്യേകം താല്‍പര്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് സെബാസ്റ്റ്യന്‍ പോള്‍ ഫോറത്തിന്റെ തലപ്പത്ത് വന്നത്. എന്നാല്‍ ന്യൂനപക്ഷ വിഭഗത്തിന്റെ പിന്തുണ ആര്‍ജിക്കുന്നതിനും ഇതുവഴി രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നതിനുമുള്ള ശ്രമങ്ങള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഭാഗത്തുനിന്നും ഉണ്ടായതായി പിഡിപിയും പരോക്ഷമായി ആരോപിക്കുന്നുണ്ട്. വലനയാതെ മീന്‍പിടിക്കാനുള്ള ഇത്തരം തന്ത്രങ്ങള്‍ മുമ്പും ജമാഅത്തെ ഇസ്ലാമി പയറ്റിയിട്ടുണ്ടെന്നും ഉദാഹരണസഹിതം ഫേസ്ബുക്ക് ചര്‍ച്ചകളില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നു.


Also Read:
ചെമ്പരിക്കയില്‍ കടലാക്രമണം രൂക്ഷം, തീരദേശവാസികള്‍ ഭീതിയില്‍

Keywords: Thiruvananthapuram, Bangalore, Bomb Blast, Justice, PDP, Abdul-Nasar-Madani, Kerala.