Follow KVARTHA on Google news Follow Us!
ad

പിന്നെയും ബലാല്‍സംഗം ചെയ്യപ്പെടുന്ന നീതി

കേരളം കേട്ട് ഞെട്ടിത്തെറിച്ച ലൈംഗിക പീഡനകഥകളിലെ നായികമാര്‍ക്കെല്ലാം ഇന്നും ദുരിതമാണ്. എന്നാല്‍ പീഡനകഥകളിലെ പ്രതികളും വി ഐ പികളുമായ വില്ലന്‍മാരെല്ലാം എല്ലാം Ottappettavarude Nilavilikal, Hamza Alungal, Molestation, Victim, Law, Accused, Again justice is raped.
ഹംസ ആലുങ്ങല്‍

പത്തും ഇരുപതും വര്‍ഷം മുമ്പ് നടന്ന ലൈംഗിക
പീഡനകേസുകളിലെ ഇരകളെ ഇപ്പോഴും വിചാരണചെയ്ത്
സമൂഹം മാറ്റി നിര്‍ത്തുമ്പോള്‍ ഉന്നതരായ 'പ്രതികള്‍' എന്നും
മാന്യന്‍മാരായി ഉന്നതങ്ങളില്‍ ജീവിക്കുന്നു. ഇരകളുടെ നിലവിളികളിതാ..... 

(www.kvartha.com 21/05/2015) കേരളം കേട്ട് ഞെട്ടിത്തെറിച്ച ലൈംഗിക പീഡനകഥകളിലെ നായികമാര്‍ക്കെല്ലാം ഇന്നും ദുരിതമാണ്. എന്നാല്‍ പീഡനകഥകളിലെ പ്രതികളും വി ഐ പികളുമായ വില്ലന്‍മാരെല്ലാം എല്ലാം മറന്ന് സുഖവാസത്തിലുമാണ്. സൂര്യനെല്ലി, വിതുര, കവിയൂര്‍, കിളിരൂര്‍, കൊട്ടിയം, അടിമാലി, മൂവാറ്റുപുഴ, പറവൂര്‍... ഇവയെല്ലാം കേരളത്തിന്റെ വ്യത്യസ്ത ജില്ലകളില്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളാണെങ്കിലും നമ്മെ എല്ലായ്‌പ്പോഴും അലോസരപ്പെടുത്തുന്നു ഈ സ്ഥലനാമങ്ങള്‍. പ്രത്യേകിച്ചും പെണ്‍മക്കളുള്ള മാതാപിതാക്കള്‍ക്കും സഹോദരിയെ സ്‌നേഹിക്കുന്ന സഹോദരങ്ങള്‍ക്കും ഒരു ഭീതിയാണ് ഈ പേരുയര്‍ത്തുന്ന ഓര്‍മകള്‍.

കഴിഞ്ഞ ആഴ്ചയിലാണ് പറവൂര്‍ പീഡനത്തിലെ പെണ്‍കുട്ടി പോലീസിന്റെ ശല്യം ദുസഹമായതിനെത്തുടര്‍ന്ന് പരാതിയുമായെത്തിയത്. ഏതു സമയത്തും പോലീസ് സംരക്ഷണമാകുമ്പോള്‍ സൈ്വര്യ ജീവിതവും സ്വകാര്യ ജീവിതവും നഷ്ടപ്പെടുകയാണെന്നായിരുന്നു അവളുടെ പരാതി. സ്വന്തം അച്ഛനും അമ്മയും വരെ അവളെവിറ്റു കാശാക്കുന്നതില്‍ മത്സരിച്ചു. എന്നിട്ടും ജീവിതത്തോട് പൊരുതാന്‍ ഉറച്ച ആ പെണ്‍കുട്ടിയക്കാണ് പോലീസ് സഹായം ഉപകാരത്തേക്കാള്‍ ഉപദ്രവമായി മാറുന്നത്.
1996 ഫെബ്രുവരിയിലായിരുന്നു സൂര്യനെല്ലി എന്ന ആ മലയോര ഗ്രാമം (കു)പ്രസിദ്ധിയാര്‍ജിച്ചു തുടങ്ങിയത്. അതുവരെ നമുക്കും സുപരിചിതമായിരുന്നില്ല പെണ്‍വാണിഭമെന്ന വാചകം. ഒറ്റപ്പെട്ട സംഭവങ്ങളിലാകട്ടെ ഇത്രയും കലാകാരന്‍മാര്‍ ഒന്നിച്ച് അണിനിരന്നിട്ടുമുണ്ടായിരുന്നില്ല.

ഒമ്പതാം ക്ലാസുകാരിയായ ഒരു പെണ്‍കുട്ടിക്ക് കൂടുതലെന്തറിയാന്‍? എന്നാല്‍ അതില്‍ പിന്നെ അവള്‍ അറിഞ്ഞു. അനുഭവിച്ചു. ഇപ്പോഴും ഉമിത്തീയില്‍ എരിഞ്ഞുകൊണ്ടേയിരിക്കുകയാണ്. കേസില്‍ 215 സാക്ഷികളായിരുന്നു. അതില്‍ 97 പേരെ വിസ്തരിച്ചു. 2004 നവംബര്‍ 15നാണ് വിചാരണ തുടങ്ങിയത്. നീതിന്യായ വ്യവസ്ഥയിലെ ചരിത്ര സംഭവമെന്നാണ് സൂര്യനെല്ലി കേസിലെ കോടതി വിധിയെ വിശേഷിപ്പിച്ചത്. സംഭവത്തില്‍ 35 പേര്‍ക്ക് കഠിനതടവും പിഴയും ലഭിച്ചു. പിന്നെയും പലപ്പോഴായി കേസിന്റെ നാള്‍വഴികളെക്കുറിച്ചും പ്രതികളുടെ ഇടപെടലിനെക്കുറിച്ചും ഇരയുടെ നിലവിളികളെക്കുറിച്ചും നമ്മള്‍ കേട്ടു. ഇരയായ പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ ജോലി നല്‍കി. നഷ്ടപരിഹാരവും അനുവദിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം പ്രതികളേയും കുറ്റാരോപിതരേയും ജനം മറന്നു. ചിലര്‍ ശിക്ഷിക്കപ്പെട്ടു. ചിലര്‍ ഉന്നത സ്ഥാനങ്ങളിലേക്കുയര്‍ത്തപ്പെട്ടു. എന്നാല്‍ ആ പെണ്‍കുട്ടിയുടെ സ്ഥിതിയോ? അവളുടെ കുടുംബത്തിന്റെ മാനസിക നിലയോ?

അഞ്ച് വര്‍ഷം അഞ്ച് പോലീസുകാരുടെ സംരക്ഷണയിലായിരുന്നു പിന്നീടവളുടെ ജീവിതം. കോടതിയിലേക്കല്ലാതെ വീടിനു പുറത്തേക്ക് ആ കുട്ടിയിറങ്ങിയിട്ടില്ല. തുടര്‍ന്ന് പഠിച്ചില്ല. ജീവിതത്തില്‍ അവള്‍ മാത്രമല്ല ഒറ്റപ്പെട്ടത്. മാതാപിതാക്കളേയും ബന്ധുക്കള്‍ ബഹിഷ്‌കരിച്ചു. അച്ഛന്റെ അമ്മയുടെ മരണം പോലും അവരെ ആരും അറിയിച്ചില്ല. അവളുടെ സഹോദരി അഞ്ച് വര്‍ഷത്തിനിടെ വീട്ടിലേക്ക് വരികയുണ്ടായില്ല. കേരളത്തിന് പുറത്തണ് നാണക്കേട് മൂലം സഹോദരി കഴിഞ്ഞു കൂടിയത്. ഇടക്ക് അവളെക്കുറിച്ച് കേട്ടത് സര്‍ക്കാര്‍ സഹായം കൊണ്ട് പണിത വീടും മറ്റും ഉപേക്ഷിച്ച് മനസ്സമാധാനം തേടി എങ്ങോ പോയി എന്നാണ്.

മാധ്യമ ആഘോഷങ്ങളുടെ ആദ്യ ഇരയുടെ അനുഭവമാണിതെങ്കില്‍ വിതുര കേസിലും സമാനമായ വിധിയെ തന്നെയാണ് ഈ പെണ്‍കുട്ടിക്കും ഏറ്റുവാങ്ങേണ്ടി വന്നത്. ഇന്നും അവള്‍ അനുഭവിച്ച് കൊണ്ടേയിരിക്കുന്നതും സമാനമായ ദുരിതങ്ങള്‍ തന്നെ. മാധ്യമ വിചാരണയുടെ പാഠങ്ങളാണ് തന്നെ ഇത്രയേറെ തകര്‍ത്തുകളഞ്ഞതെന്ന് അവള്‍ പറഞ്ഞിട്ടുണ്ട്. കേസിലെ ഉന്നതനും തലയൂരി. കിളിരൂര്‍ കേസില്‍ ശാരി എസ് നായരുടെ മരണമാണുണ്ടായതെങ്കില്‍ അവളെ ഓര്‍മിപ്പിക്കാന്‍ ഒരു കുഞ്ഞ് മാതാപിതാക്കള്‍ക്കൊപ്പം വളരുന്നുണ്ട്. ആ കുഞ്ഞിന്റെ ചിത്രം നിരന്തരം കാണിക്കാന്‍ ചാനലുകള്‍ക്കോ പത്രങ്ങള്‍ക്കോ യാതൊരൂ മടിയുമില്ല.

കവിയൂര്‍ കേസ് ഒരു കുടുംബത്തിന്റെ കൂട്ടമരണത്തിലാണൊടുങ്ങിയത്. പൂമത്ര മഹാദേവ ക്ഷേത്രത്തിലെ മേല്‍ശാന്തി നാരായണന്‍ നമ്പൂതിരി ഭാര്യ ശോഭ, മക്കളായ അനഘ, അഖില, അക്ഷയ് എന്നിവരാണ് മരിച്ചത്. കേസന്വേഷണം എങ്ങും എത്തിയിട്ടില്ല. മാധ്യമങ്ങള്‍ കുറേ ആഘോഷിച്ചു. അത്ര തന്നെ.
2005 ജനുവരി 31നായിരുന്നു കൊട്ടിയം കേസിലെ ഇരയായ പെണ്‍കുട്ടി ഷൈനിയെ സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

പാങ്ങോട് സൈനിക ക്യാമ്പില്‍ വെച്ച് ഷൈനി പീഡിപ്പിക്കപ്പെട്ടു എന്നതാണ് കേസ്. ഉന്നതരായ പോലീസുകാരും പ്രമുഖരും പ്രതികളായിരുന്നു. കേസില്‍ 24 പ്രതികളാണ് ഉണ്ടായിരുന്നത്. അവരില്‍ ഇരുപത് പേരെയും അറസ്റ്റ് ചെയ്തു. വ്യക്തമായ തെളിവുകള്‍ ഈ കേസിലുണ്ടായിട്ടും അന്വേഷണത്തില്‍ പുരോഗതിയൊന്നുമില്ല. ഈ സംഭവവും മാധ്യമങ്ങള്‍ കുറേ കൊണ്ടാടി.

മറ്റൊരു പത്രത്തിന്റെ ഞായറാഴ്ച സ്റ്റോറിയായി വന്നതായിരുന്നു കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ ഉദ്യോഗസ്ഥയെ ബസ്സിനുള്ളില്‍ നിന്ന് പീഡിപ്പിച്ച കഥ. പി ഇ ഉഷ എന്ന് പിന്നെ അവരെ ലോകം വിളിച്ചു. വല്ലാതെ ആഘോഷിച്ചു കളഞ്ഞു പത്രം ആ സ്റ്റോറി. എന്നാല്‍ ഇന്ന് എന്താണ് അവരുടെ അവസ്ഥ? സ്വന്തം ഭര്‍ത്താവ് പോലും തള്ളിപ്പറഞ്ഞില്ലേ? നാണക്കേട് മൂലം ആ ബന്ധം പോലും ഉപേക്ഷിച്ചു പോകുകയായിരുന്നു അയാള്‍. ഇന്ന് ഇതേക്കുറിച്ച് സംസാരിക്കാന്‍ പോലും താത്പര്യമില്ലാതെയാണ് തകര്‍ന്ന മനസ്സുമായി അവര്‍ കഴിഞ്ഞുകൂടുന്നത്.

ഇരകള്‍ക്ക് നീതി എവിടെയും അകലെയാണ്. അതുവരെയുള്ള കാത്തിരിപ്പ്. കോടതി മുറികളിലും മാധ്യമങ്ങളിലും നടക്കുന്ന വിചാരണകള്‍. കുടുംബത്തിലും സമൂഹത്തിലും ഒറ്റപ്പെടുകയാണവര്‍. പ്രതികളേക്കാള്‍ വേട്ടയാടപ്പെടുന്നതും ഇരകളാണ്. ഇതിലൂടടെ ഇരയുടെ ബന്ധു എന്ന മേല്‍വിലാസം പോലും പലര്‍ക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. അവരെ സമൂഹം തിരിച്ചറിയുന്നതും അവര്‍ക്ക് അരോചകങ്ങളാണ് സൃഷ്ടിക്കുന്നത്. അതേ സമയം പ്രതികള്‍ ഉന്നതരാണെങ്കില്‍ അവര്‍ക്കൊരു മാനക്കേടുമാകുന്നില്ല. എല്ലാം അവരുടെ രാഷ്ട്രീയ ഭാവി നശിപ്പിക്കാന്‍ നടത്തിയ ഗൂഢാലോചനകളായി അവ മാറുന്നു.
അങ്കമാലിയിലെ എം എല്‍ എ ആരോപണവിധേയനായ കേസില്‍പോലും ഇരയാണ് വിചാരണചെയ്യപ്പെട്ടത്. അദ്ദേഹം പുല്ലുപോലെ ഇറങ്ങിപ്പോന്നു. കോടതിപോലും ഇരക്കെതിരെ തിരിയുന്ന സാഹചര്യവും ഉണ്ടായി.

കേസുകള്‍ കീറിമുറിക്കപ്പെടുന്നതിനിടയില്‍, വിഴുപ്പലക്കലുകളുടെ അതിര്‍ത്തികള്‍ തകര്‍ന്നടിയുമ്പോള്‍ പുതുതലമുറ അതെങ്ങനെ സ്വീകരിക്കുമെന്നൊന്നും ആരും ആലോചിക്കുന്നില്ല. അടുത്ത കാലത്ത് കുട്ടികള്‍ കുറ്റവാളികളായ നിരവധി സംഭവങ്ങളില്‍ അവരെ അതിന് പ്രേരിപ്പിച്ചത് പുതിയകാല സിനിമകളും വാര്‍ത്തകളുമായിരുന്നു. പെണ്‍വാണിഭ കേസുകളിലെ പല ആരോപണങ്ങള്‍ക്കും  നീര്‍കുമിളയുടെ ആയുസ്സ് മാത്രമാണെന്നറിയാത്തവരല്ല അതാഘോഷിക്കുന്നത്.

മാധ്യമങ്ങള്‍ക്ക് ഇത്തരം കേസുകള്‍ കൈകൈര്യം ചെയ്യുന്നതിന് മാര്‍ഗരേഖ അത്യാവശ്യമായിത്തീര്‍ന്നിട്ടുണ്ടെന്ന് പറയാതിരിക്കാനാകില്ല. കോടതി മുറികള്‍ പോലെ വിചാരണക്കോടതികളായി വാര്‍ത്താ മുറികള്‍ മാറുന്നുവെന്നത് എത്രയൊക്കെ നിഷേധിച്ചാലും സമ്മതിക്കേണ്ടിവരുന്നു. ഒരു നിയന്ത്രണരേഖ അത്യാവശ്യമായി തീര്‍ന്നിരിക്കുന്നു ദൃശ്യമാധ്യമങ്ങള്‍ക്ക്. ആരെന്ത് ആരോപണം വിളമ്പിയാലും  അതേറ്റ് പറയുന്ന മെഗാഫോണ്‍ മാത്രമാകുന്നതെന്തിനാണ് ചാനലുകള്‍?

ഒറ്റപ്പെട്ടവരുടെ നിലവിളികള്‍

ഭാഗം 1:
അവിവാഹിത അമ്മമാരുടെ ധര്‍മസങ്കടങ്ങള്‍

ഭാഗം 2:
സെക്‌സ് ടൂറിസത്തിന്റെ ഇരകള്‍
Ottappettavarude Nilavilikal, Hamza Alungal, Molestation, Victim, Law, Accused, Again justice is raped.

Keywords: Ottappettavarude Nilavilikal, Hamza Alungal, Molestation, Victim, Law, Accused, Again justice is raped.