Follow KVARTHA on Google news Follow Us!
ad

പോള്‍സണ്‍ പാവറട്ടി: നര്‍മത്തിന്റെ നന്മയറിഞ്ഞ ഗള്‍ഫ് പ്രവാസി

'ഒരു കഥ, അല്ലെങ്കില്‍ ഒരു നോവല്‍ ആര്‍ക്കും എഴുതാം. സ്വന്തം ജീവിത കഥ' എന്ന ഒരു സിനിമ ഡയലോഗിനെ ഓര്‍മിപ്പിക്കുന്നതാണ് പോള്‍സണ്‍ പാവറട്ടിയുടെ കഥയെഴുത്ത്. താനെഴുതുന്നത് വലിയൊരു സാഹിത്യ സൃഷ്ടിയല്ലെന്ന് Article, Malayalees, Writer, Book, Paulson Pavaratty, Gulf, Comedy, OM Abdulla
-ഒ.എം. അബ്ദുല്ല

(www.kvartha.com 30/05/2015) 'ഒരു കഥ, അല്ലെങ്കില്‍ ഒരു നോവല്‍ ആര്‍ക്കും എഴുതാം. സ്വന്തം ജീവിത കഥ' എന്ന ഒരു സിനിമ ഡയലോഗിനെ ഓര്‍മിപ്പിക്കുന്നതാണ് പോള്‍സണ്‍ പാവറട്ടിയുടെ കഥയെഴുത്ത്. താനെഴുതുന്നത് വലിയൊരു സാഹിത്യ സൃഷ്ടിയല്ലെന്ന് സ്വയം വിലയിരുത്തുകയും എന്നാല്‍ ഓരോ വ്യക്തിയും അവരുടെ സ്വന്തം ജീവിതാനുഭവങ്ങള്‍ വെള്ളം ചേര്‍ക്കാതെ കടലാസിലേക്ക് പകര്‍ത്തിയാലത് ഒന്നാന്തരം കഥകളായി മാറുമെന്ന് ഉറച്ച് വിശ്വസിക്കുകയും ചെയ്യുന്നു. പരനിന്ദയോ പരിഹാസമോ ഇല്ലാത്ത, തുളുമ്പുന്ന ചിരിയും തുടിക്കുന്ന നന്മയും നിറഞ്ഞ നര്‍മമാണ് അദ്ദേഹത്തിന്റെ എഴുത്ത്.

യു.എ.ഇയില്‍ പ്രവാസത്തിന്റെ ഇരുപത്തിയെട്ടാമത്തെ വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴും, കഥാകൃത്തും നാടക  ടെലിഫിലിം അഭിനേതാവും സംവിധായകനും ഗാന രചയിതാവും എഴുത്തുകാരനുമായ പോള്‍സണ്‍ പാവറട്ടിയുടെ മനസില്‍ ചെയ്തു തീര്‍ക്കാനുള്ള ഒത്തിരി കാര്യങ്ങളുടെ നീണ്ട ലിസ്റ്റാണുള്ളത്. പ്രവാസികളുടെ ജീവിത പ്രശ്‌നങ്ങളെ ആസ്പദമാക്കി കഥകളെഴുതണം, നാട്ടില്‍ സ്വന്തം നിലയില്‍ പാവപ്പെട്ടവരുടെ ഇടയില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തണം തുടങ്ങിയവ ലിസ്റ്റില്‍ ചിലത് മാത്രം.

സുഹൃത്തുക്കളുടേയും അഭ്യൂദയകാംക്ഷികളുടേയും പ്രോത്സാഹനത്തോടെ പ്രസിദ്ധീകരിച്ച നാല്‍പതോളം ചെറുകഥാ സമാഹാരമായ 'ചിരി വിടര്‍ത്തും ഓര്‍മകള്‍ ' എന്ന ആദ്യ പുസ്തകത്തിനു ശേഷം പ്രവാസ സാഹിത്യ മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു വരികയാണിദ്ദേഹം. ജീവിതത്തിലുണ്ടായ മണ്ടത്തരങ്ങളും അബദ്ധങ്ങളും മാത്രം കോര്‍ത്തിണക്കിക്കൊണ്ടുള്ള രസകരമായ ഒരു സൃഷ്ടിയാണ് ഈ പുസ്തകം.

ഷാര്‍ജ സെന്റ് മൈക്കില്‍ ചര്‍ച്ചിലെ വികാരി ഫാദര്‍ വര്‍ഗീസ് ചെമ്പോളി അവതാരികയെഴുതിയ മേല്‍ പുസ്തകത്തെ പരിചയപ്പെടുത്തി പ്രശസ്ത തിരക്കഥ കൃത്ത് കലൂര്‍ ഡെന്നിസ് എഴുതിയതിങ്ങനെയാണ്;  'ബാല്യത്തിന്റെ നിഷ്‌കളങ്കതയും കൗമാരത്തിന്റെ ചപലതയും യൗവനത്തിന്റെ ഹൃദയത്തുടിപ്പുകളും ഇവയില്‍ സമ്മേളിക്കുന്നു; ആ സമ്മേളനം നടക്കുന്നതാകട്ടെ, നര്‍മത്തിന്റെ വട്ടമേശയിലും!'

ദുബൈയിലെ 'ഡേവീസ് ഗ്രൂപ്പ്' എന്ന ഒരു ബ്രിട്ടീഷ് കമ്പനിയില്‍ അക്കൗണ്ട്‌സ് മാനേജരായി ജോലി ചെയ്തുവരുന്ന ഇദ്ദേഹം ഇതിനകം 'ഹേയ് ഭായ്, ഇത് ദുബൈ', 'അയാള്‍ പറഞ്ഞ കഥ' എന്നീ രണ്ട് ടെലി സീരിയലുകളില്‍ അഭിനയിക്കുകയും തിരക്കഥയെഴുതുകയും ചെയ്തിട്ടുണ്ട്. രണ്ടും കൈരളി ടിവിയാണ് ടെലികാസ്റ്റ് ചെയ്തത്. 'മരുഭൂമിയിലെ മെഴുകുതിരികള്‍', 'ബൈ മിസ്‌റ്റെയ്ക്ക്',' 'ക്രുവല്‍ ജോക്ക്', 'ബി കെയര്‍ഫുള്‍' തുടങ്ങി ഏതാനും ഹൃസ്വ സിനിമകളും വീഡിയോ ആല്‍ബങ്ങളും നിര്‍മിക്കുകയും സംവിധാനം ചെയുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

പ്രശസ്ത തിരക്കഥാകൃത്ത് ഡോ. ഇക്ബാല്‍
കുറ്റിപ്പുറം പോള്‍സണ്‍ പാവറട്ടിയെ പൊന്നാടി ചാര്‍ത്തി
അനുമോദിക്കുന്നു
ഇരുപത്തഞ്ചോളം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ദുബൈയില്‍ എത്തുന്നതിനു മുമ്പ് ഒരു അധ്യാപകന്‍ കൂടിയായിരുന്ന ഇദ്ദേഹം ഒത്തിരി വിദ്യാര്‍ത്ഥികളെ കലാ - കായിക  സാംസ്‌കാരിക വേദികളില്‍ കൈപിടിച്ചുയര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. കലാ - സാഹിത്യ മികവിന് ദുബൈയിലെ മലയാളി കൂട്ടയ്മകള്‍ ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

തൃശൂര്‍ ജില്ലയിലെ പാവറട്ടിയാണ് പോള്‍സന്റെ ജന്മദേശം. ബെറ്റ്‌സിയാണ് ഭാര്യ. ബെന്‍സണ്‍ പോള്‍, ബെന്‍സി പോള്‍, ബെന്ന പോള്‍ എന്നിവര്‍ മക്കളുമാണ്. പാവറട്ടിയിലെ ഫെതര്‍ ടച്ച് ബിസിനസ് ഗ്രൂപ്പിന്റെ ഉടമ കൂടിയാണ് പോള്‍സണ്‍ പാവറട്ടി. ഫെതര്‍ ടച്ച് ഗ്രൂപ്പിന്റെ കീഴില്‍ ഡിജിറ്റല്‍ മീഡിയ (റെക്കോര്‍ഡിംഗ് സ്റ്റുഡിയോ), ലേഡീസ് ബ്യൂട്ടി പാര്‍ലര്‍, ലേഡീസ് ടൈലറിംഗ്, റോസറി മേകിംഗ് എന്നീ സ്ഥാപങ്ങളുണ്ട്.

പോള്‍സണ്‍ പാവറട്ടിയുടെ ഇമെയില്‍: tipaulson@yahoo.com.



Keywords: Article, Malayalees, Writer, Book, Paulson Pavaratty, Gulf, Comedy, OM Abdulla.