Follow KVARTHA on Google news Follow Us!
ad

അയ്യേ... ആരാണ് ആദ്യം ആണത്തം കാട്ടുക: മാണിയോ ജോര്‍ജ്ജോ?

ഗവണ്‍മെന്റ് ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട പി സി ജോര്‍ജ്ജ് കേരള കോണ്‍ഗ്രസ് ( എം) എന്ന പാര്‍ട്ടിയില്‍ നിന്നൊന്നു പുറത്താക്കിക്കിട്ടാന്‍ കെഞ്ചി നടപ്പാണല്ലോ Article, Chief Whip, P.C George, Kerala Congress (m), MLA, UDF, K.M. Mani, P.C Thomas, Suspension, L.K. Advani.
എസ്.എ. ഗഫൂര്‍

(www.kvartha.com13/04/2015) ഗവണ്‍മെന്റ് ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട പി സി ജോര്‍ജ്ജ് കേരള കോണ്‍ഗ്രസ് ( എം) എന്ന പാര്‍ട്ടിയില്‍ നിന്നൊന്നു പുറത്താക്കിക്കിട്ടാന്‍ കെഞ്ചി നടപ്പാണല്ലോ. വേറൊന്നുമല്ല ഈ അസാധരണമായ ആഗ്രഹത്തിനു കാരണം. ആ പാര്‍ട്ടിയില്‍ ഇനി നിന്നിട്ടു കാര്യമില്ല. പുറത്തുപോകുന്നതാണ് ഉചിതം. പക്ഷേ, സ്വയം പുറത്തുപോയാല്‍ പിന്നെ എംഎല്‍എ എന്ന നിലയില്‍ മറ്റൊരു പാര്‍ട്ടിയുടെയും ഭാഗമാകാനാകില്ല.

ജനപ്രാതിനിധ്യ നിയമം എന്നൊരു കുരുക്കുണ്ട്. ഏത് പാര്‍ട്ടിയുടെ ഭാഗമായാണോ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചു വിജയിച്ചത്, ആ പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടിയുടെ ഭാഗമായിരിക്കണം. അഥവാ പുറത്തുപോവുകയാണെങ്കില്‍ ആ പാര്‍ട്ടിയിലെ ആകെ പാര്‍ലമെന്ററി പാര്‍ട്ടി അംഗങ്ങളുടെ പകുതി വേണം. അതായത് ഒമ്പത് മാണി ഗ്രൂപ്പിന്റെ ഒമ്പത് എംഎല്‍എമാരില്‍ നാലരപ്പേര്‍ക്ക് ഒന്നിച്ചു മാത്രമേ പുറത്തുപോയി വേറെ പാര്‍ട്ടിയോ വേറെ ഏതെങ്കിലും പാര്‍ട്ടിയുടെ ഭാഗമോ ആകാന്‍ പറ്റുകയുള്ളു. നാലര എന്നത് നടപ്പില്ലാത്തതിനാല്‍ അഞ്ച് വേണം. പക്ഷേ, നാലു പേര്‍ ഉണ്ടെങ്കിലും പ്രശ്‌നം നിയമക്കുരുക്കിലെങ്കിലും ഇടാം. പക്ഷേ, പി സി ജോര്‍ജ്ജ് ഒറ്റയ്ക്കാണ്. അതുകൊണ്ട് സ്വയം പുറത്തുപോയാല്‍ അയോഗ്യനാകും. പുറത്താക്കിയാല്‍ കേരള കോണ്‍ഗ്രസ് സെക്കുലര്‍ എന്ന പുതിയ ( പഴയ) പാര്‍്ട്ടിയുടെ ഏക എംഎല്‍എ ആകാം.

ഇതുകൊണ്ടാണ് മാണി ജോര്‍ജ്ജിനെ പുറത്താക്കാത്തത്. അങ്ങനെ ജോര്‍ജ്ജ് വിലസേണ്ട എന്നുതന്നെയാണ് മാണിയുടെയും കൂട്ടരുടെയും ഉള്ളിലിരിപ്പ്. എന്നാപ്പിന്നെ മാണിയും സംഘവും കളിക്കേണ്ട എന്ന് ജോര്‍ജ്ജും. അതുകൊണ്ട് മാണി ഗ്രൂപ്പിനെ ഒന്നാകെ ചീത്ത വിളിച്ചും മാണിയെ പരട്ടക്കിളവാ എന്നു വിളിച്ചും മാണിയും മകനും ഭൂലോക അഴിമതിക്കാരാണെന്ന് മുഖ്യമന്ത്രിക്ക് കത്തെഴുതിയും മാണി ഗ്രൂപ്പില്‍തന്നെ പൊറുതി തുടരുന്നു ജോര്‍ജ്ജ്. ഈ ശല്യം സമര്‍ത്ഥമായി ഒഴിവാക്കാനുള്ള താല്‍ക്കാലിക നടപടി എന്ന നിലയില്‍ ജോര്‍ജ്ജിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ പോകുവാണത്രേ. സസ്‌പെന്‍ഷന്‍ പുറത്താക്കകല്ല. അതുകൊണ്ട് ജോര്‍ജ്ജിന് വേറെ പാര്‍ട്ടിയില്‍ പോകാനും പറ്റില്ല. എന്നാലോ മാണിയുടെ കമ്മിറ്റികളില്‍ പങ്കെടുക്കാനും സാധിക്കില്ല.

പക്ഷേ, അതും അത്ര എളുപ്പത്തില്‍ കഴിയില്ലെന്നാണു മനസിലാകുന്നത്. സസ്‌പെന്‍ഷനു മുന്നോടിയായി കാരണം കാണിക്കല്‍ നോട്ടീസ് കൊടുക്കണം. അതിനു ജോര്‍ജ്ജ് കൊടുക്കുന്ന മറുപടിയില്‍ മാണിയെയും മകനെയും 'വധിക്കുന്ന' വിവരങ്ങള്‍ ഉണ്ടെങ്കില്‍ അത് പാര്‍ട്ടി രേഖകളുടെ ഭാഗമാകും. മറുപടിയുടെ ആയിരം കൊപ്പിയടിച്ച് മാധ്യമങ്ങള്‍ക്ക് കൊടുക്കാന്‍ ജോര്‍ജ്ജിനെ ആരും പഠിപ്പിക്കേണ്ടാത്തതുകൊണ്ട് ചാനലുകള്‍ ചര്‍ച്ച ചെയ്തു നാറ്റുകയും ചെയ്യും. അതൊക്കെ സഹിച്ചും മറികടന്നും സസ്‌പെന്‍ഡ് ചെയ്താലോ. ജോര്‍ജ്ജ് കോടതിയില്‍ പോകുമെന്നാണു പറയുന്നത്. അതും പുലിവാലാകും.

കോടതി ജോര്‍ജ്ജിനെ തിരിച്ചെടുക്കാന്‍ പറയുക മാത്രമല്ല, അദ്ദേഹം മാണിയെയും മകനെയും കുറിച്ച് പറയുന്നതൊക്കെ അന്വേഷിക്കണം എന്നുകൂടി പറഞ്ഞാലോ. പിന്നെ തീര്‍ന്നു, കഥ. ജോര്‍ജ്ജ് വിജയിക്കും. മാണി മന്ത്രിസഭയില്‍ നിന്നു രാജിവയ്‌ക്കേണ്ടിയും വരും. ഇപ്പോള്‍ തിരിച്ചുവരാന്‍ ഉടുപ്പിട്ട് വഴിയരികില്‍ നില്‍ക്കുന്ന പഴയ 'മകന്‍' പി സി തോമസ് ഏതായാലും പി സി ജോര്‍ജ്ജിനു പകരമാകുകയുമില്ല. മാത്രമല്ല ആ പി സി എന്ന പീസിനെ ഇനി പടിയ്ക്കകത്തു കയറ്റണോ എന്ന് പലവട്ടം ആലോചിക്കാനുമുണ്ട്. പോയ പോക്കില്‍ കുറേ പാര വെച്ചതാണ്. മാത്രമല്ല മാണിജി അഡ്വാനിജിയെ നേരിട്ടു കണ്ട് വെച്ച പാരകളൊക്കെ പഴയ ബിജെപി സഹയാത്രികനായിരുന്ന പി സി തോമസിന് മറക്കാന്‍ പറ്റുന്നതുമല്ല. വഴിയേ പോയ ജോര്‍ജ്ജിനെ എടുത്ത് ജൂബയ്ക്കകത്തിട്ടതുപോലെ ഈ തോമസിനെക്കൂടി എടുത്ത് തോളില്‍വച്ച് വിന വിളിച്ചുവരുത്തണോ എന്നാണ് ആശങ്ക.

ഇതിനൊക്കെ ഇടയില്‍, വലിയ വിലയൊന്നുമില്ലെങ്കിലും വേറെ ചിലതു കൂടിയുണ്ട് കേട്ടോ. അതിനു പണ്ടൊക്കെ രാഷ്ട്രീയ ധാര്‍മികത എന്നാണു പേരുവിളിച്ചിരുന്നത്. ഇപ്പോഴത്തെ ന്യൂ ജനറേഷന്‍ പേര് തീരുമാനിച്ചിട്ടില്ല. രാഷ്ട്രീയത്തില്‍ അങ്ങനെയൊരു വകുപ്പെന്തിനാ എന്ന് കൂലങ്കഷമായി ആലോചിക്കുന്നുമുണ്ട്. പഴയ രീതിവച്ചാണെങ്കില്‍ എംഎല്‍എ സ്ഥാനം നിന്നാലും പോയാലും ജോര്‍ജ്ജ് ആണുങ്ങളെപ്പോലെ രാജിവയ്ക്കണം.

അഴിമതിക്കാരനാണെന്ന് ജോര്‍ജ്ജിന് ഉറപ്പുള്ള മാണിയുടെ കീഴില്‍ വൈസ് ചെയര്‍മാനായും അദ്ദേഹം നയിക്കുന്ന പാര്‍ട്ടിയുടെ എംഎല്‍എ ആയും തുടരുന്നത് അഭിമാനല്ല. ഇനി മാണി സാറിന്റെ കാര്യമാണെങ്കിലോ. ജോര്‍ജ്ജ് എംഎല്‍എ ആയി തുടരുകയോ പുതിയ പാര്‍ട്ടി ഉണ്ടാക്കുകയോ എന്തു വേണേല്‍ ചെയ്യട്ടെ എന്നു തീരുമാനിച്ച് പുറത്താക്കാനുള്ള ആര്‍ജ്ജവം വേണം. നാടുനീളെ ചാനല്‍ മൈക്കിലും അല്ലാത്ത മൈക്കിലും തന്നെയും മകനെയും പാര്‍ട്ടിയെയും ഭള്ള് പറയുന്ന ഒരാളെ അതേ പാര്‍ട്ടിയില്‍ തുടരാന്‍ അനുവദിക്കുന്ന ആ 'നയതന്ത്രം' ഉണ്ടല്ലോ. അയ്യേ, അതിനൊരു വല്ലാത്ത നാറ്റമുണ്ട്. ഛെ, പാലാക്കാരും പൂഞ്ഞാറുകാരും മാത്രമല്ല കേരളം മുഴുവനും രണ്ടു നാറ്റങ്ങള്‍ പേറുന്ന ദുര്‍വിധിയിലാണല്ലോ. നാറുന്നവനെ പേറിയാല്‍ പേറുന്നവനും നാറും എന്നത് പണ്ടേ പറഞ്ഞുറച്ച സത്യമാണ്. യുഡിഎഫിന് നാറ്റം അറിയാന്‍ സാധിക്കാത്തത് എന്താണാവോ.
Article, Chief Whip, P.C George, Kerala Congress (m), MLA, UDF, K.M many, P.C Thomas, suspension, L.K. Advani.

Keywords: Article, Chief Whip, P.C George, Kerala Congress (m), MLA, UDF, K.M. Mani, P.C Thomas, Suspension, L.K. Advani.