Follow KVARTHA on Google news Follow Us!
ad

തീരുമാനം എന്റേതാണ്

വ്യക്തിത്വങ്ങള്‍ വ്യത്യസ്തതയുള്ളതാണ്. വ്യത്യസ്തമായ വ്യക്തിത്വമുള്ളവരെക്കുറിച്ച് അറിയാനും, പഠിക്കാനും താല്‍പര്യമുണ്ടാവുക സ്വാഭാവികം. എന്റെ Kookkanam Rahman, Article, Education, Gopika, Kodeeswaran, Student, School, TC, Father.
കൂക്കാനം റഹ്‌മാന്‍

(www.kvartha.com 12/04/2015) വ്യക്തിത്വങ്ങള്‍ വ്യത്യസ്തതയുള്ളതാണ്. വ്യത്യസ്തമായ വ്യക്തിത്വമുള്ളവരെക്കുറിച്ച് അറിയാനും, പഠിക്കാനും താല്‍പര്യമുണ്ടാവുക സ്വാഭാവികം. എന്റെ മുന്നിലിരിക്കുന്നത് ഗോപിക എന്ന പെണ്‍കുട്ടിയാണ്. അവള്‍ ഒരു പരാതിയുമായി വന്നതാണ്. 'എനിക്ക് നവോദയ വിദ്യാലയത്തില്‍ പഠിക്കാന്‍ താല്‍പര്യമില്ല, സാര്‍ അച്ഛനോട് പറയണം. അവിടുന്ന് ടി.സി. വാങ്ങണം. എന്റെ പഴയസ്‌കൂളില്‍ തന്നെ ചേര്‍ന്ന് പഠിക്കണം.'

അവളുടെ നിശ്ചയദാര്‍ഢ്യം എന്നില്‍ കൗതുകമുണ്ടാക്കി. അവളാരാണെന്നറിയാന്‍ താല്‍പര്യമുണ്ടായി. എല്ലാരംഗങ്ങളിലും പ്രാവിണ്യം തെളിയിച്ചുകൊണ്ടിരിക്കുന്നവളാണിവള്‍. എല്‍.കെ.ജി. പഠിക്കുമ്പോള്‍ മുതല്‍ നൃത്തരംഗത്ത് സജീവസാന്നിധ്യമാണ്.

അവളെക്കുറിച്ച് കൂടുതല്‍ പറയുന്നതിന് മുന്നേ അവളുടെ പരാതി പരിഹരിച്ചുകൊടുത്തകാര്യം സൂചിപ്പിക്കാം. അച്ഛനെക്കണ്ടു. ഫാര്‍മസിസ്റ്റായി ജോലി ചെയ്യുന്നു. മകളുടെ പരാതിയെക്കുറിച്ചുസംസാരിച്ചു. അവളുടെ ഇഷ്ടത്തിന് വിടുന്നതാണ് കൂടുതല്‍ പ്രായോഗികമെന്നും സൂചിപ്പിച്ചു. അച്ഛന് കാര്യം ബോധ്യപ്പെട്ടു. അടുത്ത ദിവസം നവോദയ സ്‌കൂളില്‍ നിന്ന് ടി.സി. വാങ്ങി കക്കാട്ട് ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വീണ്ടും ചേര്‍ത്തു.

ഗോപിക ഇത്തവണ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതി. പരീക്ഷയുടെ അവസാന ദിവസം അച്ഛനുമമ്മയുമൊപ്പം അവള്‍ എന്നെ കാണാന്‍ വന്നു. സന്തോഷവതിയാണ്. ശുഭാപ്തി വിശ്വാസമുള്ളകുട്ടിയാണ്. എല്ലാവിഷയത്തിനും എ പ്ലസ് കിട്ടുമെന്ന് അവള്‍ ഉറപ്പിച്ചു പറഞ്ഞു. ഇതുതന്നെയാണ് ഗോപികയില്‍ നിന്ന് നമുക്ക് പഠിക്കാനുള്ളത്. ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും ഉണ്ടാവണം ജീവിതത്തില്‍.

പഠനത്തില്‍ മാത്രമൊതുങ്ങുന്നതല്ല ഗോപികയുടെ ടാലന്റ്. പ്രസംഗം, കവിതയെഴുത്ത്, നാടകാഭിനയം, ചിത്രരചന, ചെണ്ടവിദഗ്ധ, എന്നിവയിലെല്ലാം ഇക്കാലത്തിനിടയില്‍ പ്രാഗത്ഭ്യം തെളിയിക്കുകയും വിവിധ തലങ്ങളില്‍ സമ്മാനിതയായിട്ടുമുണ്ട്.

ഗോപിക
ഏഷ്യാനെറ്റില്‍ 'നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍' എന്ന പരിപാടിയില്‍ പങ്കെടുത്തത് മറക്കാനാവാത്തൊരനുഭവമാണെന്ന് ഗോപിക പറയുന്നു. ചെന്നൈയില്‍ നൂറ് കണക്കിന് മത്സരാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തിയ ഓഡീഷന്‍ ടെസ്റ്റും അതില്‍ നിന്ന് പത്ത് ടീമുകളെ സെലക്ട് ചെയ്തതും സമ്മാനമായി ആറ് ലക്ഷത്തി നാല്പതിനായിരം രൂപ ലഭിച്ചതും വല്ലാത്ത സുഖമുള്ളൊരുഓര്‍മയാണെന്ന് ഗോപിക പറഞ്ഞു. കക്കാട്ട് സ്‌കൂളില്‍ 8ാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ഈ പ്രോഗ്രാമില്‍ പങ്കെടുത്തത്. അച്ഛനുമമ്മയ്ക്കുമൊപ്പമാണ് ചെന്നൈയില്‍ ചെന്നത്. മൂന്നുനാല് ദിവസം അവിടെ തങ്ങി. അടിപൊളിയായിരുന്നു ഭക്ഷണവും താമസവും എന്നും ഗോപിക കൂട്ടിച്ചേര്‍ത്തു. സുരേഷ് ഗോപിയില്‍ നിന്നാണ് തുക ഏറ്റുവാങ്ങിയത്. അതോടുകൂടി സ്‌കൂളിലും നാട്ടിലും ശ്രദ്ധിക്കപ്പെടുന്നവളായിമാറി ഗോപിക.


തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ സ്ഥാപനവും ഗോപികയുടെ നൃത്ത വൈദഗ്ധ്യം കണ്ടെത്തി. ലക്ഷ ദ്വീപില്‍ പത്തുദിവസം നീണ്ടുനില്‍ക്കുന്ന നൃത്ത പരിപാടി നടത്തുന്നതിന് പ്രസ്തുത സ്ഥാപനം അവസരമൊരുക്കിക്കൊടുത്തു. കവരത്തി, അമിനി, ആന്ത്രോത്ത് എന്നീ ദ്വീപുകളിലായിരുന്നു പരിപാടി അവതരിപ്പിച്ചത്. 2014 ഡിസംബര്‍ മാസത്തിലാണ് അതിനുള്ള അവസരമുണ്ടായത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ കലാകാരന്മാരുമായി പരിചയപ്പെടാനും, ലക്ഷദ്വീപിനെക്കുറിച്ച് നേരിട്ടറിയാനും ഈ പരിപാടിമൂലം അവസരമുണ്ടായി.

ആര്‍ട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനക്കാര്‍ സംസ്ഥാന തലത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പ്രബന്ധരചനാ മത്സരത്തില്‍ ഗോപിക സില്‍വര്‍മെഡല്‍ നേടി. മുപ്പത്തയ്യായിരത്തോളം പേര്‍ മാറ്റുരുച്ചുനോക്കിയ പ്രസ്തുത മത്സരത്തില്‍ സില്‍വര്‍മെഡല്‍ നേടാന്‍ കഴിഞ്ഞതും ഗോപിക അഭിമാനപൂര്‍വം ഓര്‍ക്കുന്നു. 'ലഹരിവിരുദ്ധ കേരളം' എന്ന വിഷയമായിരുന്നു രചനയ്ക്ക് നല്‍കപ്പെട്ടത്. സംസ്ഥാനതലമത്സരം എറണാകുളത്തുവെച്ചാണ് നടന്നത്.


സ്‌കൗട്ട് ആന്‍ഡ് ഗൈഡ് പ്രവര്‍ത്തനത്തിലും ഗോപികമുന്നില്‍ തന്നെ. രാഷ്ട്രപതിയുടെ രാജ്യപുരസ്‌കാര അവാര്‍ഡിനും ഗോപിക അര്‍ഹയായിട്ടുണ്ട്. ശാസ്ത്ര സെമിനാറുകളില്‍ പങ്കെടുത്ത് സംസ്ഥാനതലത്തില്‍ എ ഗ്രേഡ് നേടിയിട്ടുണ്ട്. ശാസ്ത്രമേളകളിലും, യൂറീക്ക, ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിലും മികച്ച വിദ്യാര്‍ത്ഥിയായി ഗോപികയ്ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്.

പങ്കെടുക്കുന്ന പരിപാടികളിലും, ഏര്‍പ്പെടുന്ന പ്രവൃത്തികളിലും വിജയം കൈവരിക്കാന്‍ കഴിയുന്നത് ആത്മവിശ്വാസം കൊണ്ടാണ്. ഇന്നത്തെ കൗമാരപ്രായക്കാരായ കുട്ടികളില്‍ ദൃശ്യമാവാത്തതും ആത്മവിശ്വാസമാണ്. തീരുമാനം എന്റേതാവണം, അച്ഛനുമമ്മയ്ക്കും അക്കാര്യത്തില്‍ ഇടപെടേണ്ട ആവശ്യമില്ല. ശരിയായ തീരുമാനം മാത്രമെ ഞാനെടുക്കൂ. നിര്‍ബന്ധപൂര്‍വം എന്നെക്കൊണ്ട് ഒരു കാര്യവും ചെയ്യിക്കരുത്. ഇതാണ് ഗോപികയുടെ മനോബലം. അതുകൊണ്ടുതന്നെയാണ് സര്‍ക്കാര്‍ ചെലവില്‍ പഠിക്കാന്‍ അവസരം കിട്ടിയ നവോദയ വിദ്യാലയത്തില്‍ നിന്ന് പഴയ സ്‌കൂളിലേക്കു തിരിച്ചുവരാന്‍ ഗോപികയ്ക്ക് കഴിഞ്ഞത്.

ആണായി ജനിക്കണമായിരുന്നു എന്നൊരു ആഗ്രഹം ഗോപികയ്ക്ക് ഉണ്ടായിരുന്നു. എന്നാല്‍ സ്വതന്ത്രമായി നടക്കാമായിരുന്നു. ഏതുരാത്രിയിലും എവിടെയും ചെന്ന് കാര്യങ്ങള്‍ ചെയ്യാനുള്ള അവസരം അതുമൂലം ലഭിക്കുമായിരുന്നു. 'നീ പെണ്ണാണ്..... ശ്രദ്ധിക്കണം.....' എന്ന ഭയപ്പെടുത്തലുകള്‍ കേള്‍ക്കാതെ ജീവിക്കാമായിരുന്നു. ഇന്നത്തെ പെണ്‍കുട്ടികള്‍ ഇങ്ങിനെ ചിന്തിച്ചു പോകുന്നതില്‍ ഗോപികയെപോലുള്ള പെണ്‍കുട്ടികളെ കുറ്റപ്പെടുത്താന്‍ പറ്റുമോ?

ഇങ്ങിനെയൊക്കെയാണെങ്കിലും എനിക്ക് ഭയമൊന്നുമില്ല. ഞാന്‍ എവിടെയും കടന്നുചെല്ലും. എന്നെ സൂക്ഷിക്കാന്‍ എനിക്കറിയും. ഭയം എനിക്കല്ല. അച്ഛനുമമ്മയ്ക്കുമാണ് പ്രശ്‌നം. പ്രണയത്തെക്കുറിച്ച് ചോദിച്ചു. രക്ഷിതാക്കളുടെ മുന്നില്‍ വെച്ചായിരുന്നു എന്റെ ഈ ചോദ്യം. ആദ്യം ഒരു ചിരി. പിന്നെ നിശ്ശബ്ദത. അക്കാര്യം അമ്മ പറയും എന്നായി ഗോപിക.

'ഒരു ആണ്‍കുട്ടി അവളെ ഇഷ്ടപ്പെടുന്നുണ്ട്. ഞങ്ങള്‍ക്കതില്‍ എതിര്‍പ്പൊന്നുമില്ല. കാരണം ഞങ്ങളും തമ്മില്‍ ഇഷ്ടപ്പെട്ട് ജീവിതത്തിലേക്ക് പ്രവേശിച്ചവരാണ്. ചെറുക്കന്റെ രക്ഷിതാക്കള്‍ക്കും ഈ ബന്ധം ഇഷ്ടം തന്നെ. പക്ഷെ ഗോപികയ്ക്കാണ് പ്രശ്‌നം. അവള്‍ക്കത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. അവള്‍ ഉറച്ചുപറയുന്നത് ഇരുപത്തിനാല് കഴിയണം, ജോലികിട്ടണം എന്നിട്ടേ അതേക്കുറിച്ച് ആലോചിക്കാന്‍ പറ്റുയെന്നാണ്.'

Kookkanam Rahman, Article, Education, Gopika, Kodeeswaran, Student, School, TC, Father.
Kookkanam Rahman
(Writer)
അമ്മയാണ് ഇത്രയും പറഞ്ഞത്. ഗോപികയും അതില്‍ ഉറച്ച് നില്‍ക്കുന്നു. ഇതേവരെയുള്ള ജീവിതത്തില്‍ അവളുടെ തീരുമാനം മാത്രമെ നടപ്പായിട്ടുള്ളു. ഇക്കാര്യത്തിലും അതുതന്നെയാണ് ഉണ്ടാവുക. തന്റെ ഇടത്തെക്കുറിച്ച്, നിലപാടുകളെക്കുറിച്ച് കൃത്യമായ ധാരണയും ചിന്തയുമുള്ള ഗോപികയെ പോലുള്ള പെണ്‍കുട്ടികള്‍ മറ്റുപെണ്‍കുട്ടികള്‍ക്ക് തീര്‍ച്ചയായും മാതൃക തന്നെയാണ്.

ഗോപികയുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് അവളെ പ്രോത്സാഹിപ്പിക്കുന്നത് വീട്ടമ്മയായ പ്രീതിയാണ്. അവര്‍ക്കൊരു മുത്തശ്ശിയുണ്ട് എണ്‍പത് പിന്നിട്ട 'അയ്ത്തുമുത്തശ്ശി'. അവരുടെ കൈപിടിച്ചാല്‍ തന്നെ നല്ലൊരുപോസിറ്റീവ് എനര്‍ജികിട്ടുമെന്ന് ഗോപിക പറയുന്നു. അവസരമൊരുക്കിക്കൊടുക്കുന്ന സന്തോഷ്മാഷും മാനസിക പിന്തുനല്‍കുന്ന മനോജ് മാഷും അവള്‍ക്ക് താങ്ങും തണലുമായി നില്‍ക്കുന്നു...

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kookkanam Rahman, Article, Education, Gopika, Kodeeswaran, Student, School, TC, Father.

Post a Comment