Follow KVARTHA on Google news Follow Us!
ad

ആ നിര്‍ണായക ചോദ്യത്തിന് ഉത്തരമായി; പക്ഷേ, ഇത് ആരെയും അപകീര്‍ത്തിപ്പെടുത്താനുള്ള ലൈസന്‍സ് അല്ല

നവമാധ്യമങ്ങളെ വേട്ടയാടി കരിനിമയമത്തിന് ആയുസെത്ര എന്ന ചോദ്യംThiruvananthapuram, Report, Allegation, UPA, Narendra Modi, Kerala,
തിരുവനന്തപുരം: (www.kvartha.com 25.03.2015) നവമാധ്യമങ്ങളെ വേട്ടയാടി കരിനിമയമത്തിന് ആയുസെത്ര എന്ന ചോദ്യം ഞങ്ങള്‍ ഉയര്‍ത്തിയതിന്റെ കൃത്യം അറുപതാംപക്കം ഉത്തരമുണ്ടായിരിക്കുന്നു, ആയുസില്ല ഇനി. ഐടി നിയമത്തിലെ 66( എ) വകുപ്പ് റദ്ദാക്കിയ സുപ്രീംകോടതി വിധിയാണു കാരണം.

ഈ വകുപ്പിനെതിരെ രാജ്യവ്യാപകമായി ഉയര്‍ന്നുവരുന്ന എതിര്‍സ്വരങ്ങള്‍ ചൂണ്ടിക്കാട്ടുകയും ഒപ്പം നില്‍ക്കുകയും ചെയ്തുകൊണ്ട് കെവാര്‍ത്ത ആ പ്രസക്തമായ ചോദ്യം ഉന്നയിച്ചു വിശദ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് 2015 ജനുവരി 15നാണ്.

മാര്‍ച്ച് 24 ആയപ്പോഴേക്കും ആശ്വാസത്തിന്റെയും അതേസമയം നിയമത്തിന്റെ സാധ്യതകളെ ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്ക് തിരിച്ചടിയായും വിധി വന്നു. നവമാധ്യമങ്ങള്‍ മുഖേനയുള്ള അപകീര്‍ത്തി എന്ന ഏകപക്ഷീയ ആരോപണത്തെ സാധൂകരിച്ച് കേസെടുക്കുന്ന ഐടി വകുപ്പ് 66 (എ)യും കേരള പോലീസ് നിയമത്തിലെ 118 (ഡി)യും റദ്ദാക്കാനാണല്ലോ കോടതി വിധി.

അതേസമയം, വകുപ്പുകള്‍ റദ്ദാക്കിയതിന്റെ പേരില്‍ സമൂഹമാധ്യമങ്ങള്‍ വഴിയോ ഇന്റര്‍നെറ്റിലെ മറ്റു സാധ്യതകള്‍ ഉപയോഗിച്ചോ ആര്‍ക്കും ആരെയും ഏതുവിധവും അപകീര്‍ത്തിപ്പെടുത്താം എന്നതരം പ്രചാരണം തെറ്റാണ്; തിരുത്തേണ്ടതും. അതു നടപ്പില്ല എന്നതിനും അങ്ങനെ ചെയ്യുന്നവര്‍ക്ക് നിയമ നടപടി നേരിടേണ്ടിവരും എന്നതിനും തെളിവ് ഐടി നിയമത്തിലെ 69, 79 എന്നീ വകുപ്പുകള്‍ തുടരാം എന്ന കോടതി നിര്‍ദേശമാണ്.

സാമൂഹികാന്തരീക്ഷത്തിനു കുഴപ്പമുണ്ടാക്കുന്നവിധം ആര്‍ക്കും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അവകാശമുണ്ടായിരിക്കില്ല എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. വ്യക്തികളുടെ സ്വകാര്യതയെയും അന്തസിനെയും ദോഷകരമായി ബാധിക്കുന്ന കുപ്രചാരണങ്ങള്‍ ആര് നടത്തിയാലും അതിനെ കര്‍ശനമായി നേരിടാന്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ പ്രസക്ത വകുപ്പുകള്‍ മതിയാകും എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിവാദ ഐടി നിയമം പ്രാബല്യത്തില്‍ വന്നപ്പോള്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അത് വകവച്ചില്ല. പിന്നീട് രാജ്യവ്യാപകമായി നവമാധ്യമങ്ങള്‍ക്കെതിരെ ഈ നിയമം ഉപയോഗിക്കപ്പെടുകയും ചെയ്തു.  മുഖ്യധാരാ ദിനപത്രങ്ങളുടെയോ ടിവി ചാനലുകളുടെയോ അല്ലാത്ത സ്വതന്ത്ര വാര്‍ത്താ പോര്‍ട്ടലുകള്‍ സര്‍ക്കാരുകള്‍ക്കും ഭരണാധികാരികള്‍ക്കും മറ്റുമെതിരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അതിനെ ഐടി നിയമത്തിലെ വിവാദ വകുപ്പുകൊണ്ട് നേരിടുന്ന രീതി വ്യാപകമായി.

ഇതിനിടെയാണ് വീണ്ടും പ്രതിഷേധം ശക്തമായത്. നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ അധികാരമേറ്റ എന്‍ഡിഎ സര്‍ക്കാരിന്, പ്രത്യേകിച്ചു മോഡിക്ക് ഏറ്റവും ഗുണകരമായത് സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളിലൂടെയുള്ള പ്രചണ്ഡമായ പ്രചാരണമായിരുന്നു. ഭരണത്തിനു പുറത്തായിരിക്കുമ്പോള്‍ കരിനിയമത്തെ എതിര്‍ക്കുകയും ഭരണത്തിലെത്തുമ്പോള്‍ അതിന്റെ ശക്തരായ നടത്തിപ്പുകാരായി മാറുകയും ചെയ്യുന്ന രീതിയാണ് ബിജെപി സ്വീകരിച്ചത്. എന്നാല്‍ പരമോന്നത നീതിപീഠം ജനപക്ഷത്തുനിന്നു.

അറിയാനും അറിയിക്കാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും പൗരന് അവകാശം ഉറപ്പാക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ വകുപ്പ് 19(1)ന്റെ ലംഘനമാണ് ഐടി നിയമത്തിലെ വിവാദ വകുപ്പ് എന്ന വിമര്‍ശനമാണു പ്രധാനമായി ഉയര്‍ന്നത്. ദിനപത്രങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍ എന്നിവയ്ക്ക് ആരെയും വിമര്‍ശിക്കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാനും സംപ്രേഷണം ചെയ്യാനും സാധിക്കുന്നത് ഭരണഘടനയുടെ ഈ വകുപ്പ് പ്രകാരമാണ്. ഇന്ത്യന്‍ ഭരണഘടനയില്‍, മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച വേറെ പ്രത്യേക വകുപ്പുകള്‍ ഇല്ലതാനും. പരമ്പരാഗത മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ അവകാശം നല്‍കുന്ന അതേ വകുപ്പിന്റെ ആനുകൂല്യമാണു നവമാധ്യമങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നത്.

നവമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ച് ആരെങ്കിലും ആരുടെയെങ്കിലും സ്വകാര്യതയെയോ അന്തസിനെയോ ഇടിച്ചുതാഴ്ത്തിയാല്‍ അത്തരക്കാര്‍ക്കതിരെ നടപടിയെടുക്കാന്‍ ഐടി നിയമത്തില്‍ ഉള്‍പ്പെടുത്തിയ വകുപ്പാണ് ഉത്തരവാദിത്തത്തോടെ നടത്തുന്ന നവമാധ്യമ പ്രവര്‍ത്തനത്തിനും എതിരായി ഉപയോഗിക്കപ്പെട്ടത്. ഈ കരിനിയമത്തെക്കുറിച്ച് രാജ്യവ്യാപക ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരാനും നവമാധ്യമങ്ങള്‍ക്കു കഴിഞ്ഞു. അതിന്റെകൂടി ഫലമാണ് സുപ്രീംകോടതി വിധി.

അതേസമയം, മറ്റു മാധ്യമങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആളുകളിലേക്ക് ഏതു സമയത്തും കൂടുതല്‍
ഇറങ്ങിച്ചെല്ലുകയും അവരുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാവുകയും ചെയ്യുന്ന ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകള്‍ കുറേക്കൂടി വിവേകവും മിതത്വവും കാണിക്കണമെന്ന അഭിപ്രായം ഉള്ളില്‍ നിന്നുതന്നെ ഉയര്‍ന്നുതുടങ്ങിയിട്ടുമുണ്ട്.

ഇതിനെ കൂട്ടായ സ്വയംവിമര്‍ശനമായി ഏറ്റെടുക്കാന്‍ സാധിച്ചതാണു കരിനിയമത്തെ ചെറുക്കാനുള്ള ധാര്‍മികാവകാശത്തിന് ശക്തി വര്‍ധിച്ചത്. പക്ഷേ, ഇനിയും അക്കാര്യത്തില്‍ ഏറെ മുന്നോട്ടുപോകാനുണ്ട്.
Thanks to SC for upholding the right of the people and social media, Thiruvananthapuram, Report, Allegation, UPA, Narendra Modi, Kerala.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ഫാത്വിമയുടെ മരണം: ജയന്റ് വീല്‍ ഉടമയും ഓപ്പറേറ്ററും അറസ്റ്റില്‍

Keywords: Thanks to SC for upholding the right of the people and social media, Thiruvananthapuram, Report, Allegation, UPA, Narendra Modi, Kerala.

Post a Comment