Follow KVARTHA on Google news Follow Us!
ad

മാണിയെ സംരക്ഷിക്കാന്‍ മുന്നണിയില്‍ കുഞ്ഞാലിക്കുട്ടി മാത്രം; അത് പ്രത്യുപകാരം

ബാര്‍ കോഴക്കേസില്‍പെട്ട് മന്ത്രിസഭയില്‍ നിന്നു പുറത്തേക്കുള്ള വഴിയില്‍ നില്‍ക്കുന്ന കെ.എം. മാണിയെ രക്ഷിക്കാന്‍ K.M. Mani, Kunhalikutty, Kerala, Bar Issue, Resign, Muslim League, Kerala Congress (M), Ice Cream Case.
തിരുവനന്തപുരം: (www.kvartha.com 26/01/2015) ബാര്‍ കോഴക്കേസില്‍പെട്ട് മന്ത്രിസഭയില്‍ നിന്നു പുറത്തേക്കുള്ള വഴിയില്‍ നില്‍ക്കുന്ന കെ.എം. മാണിയെ രക്ഷിക്കാന്‍ യു.ഡി.എഫ്. ഘടക കക്ഷികള്‍ക്ക് അമിതാവേശമില്ല. ഒരു വര്‍ഷം മാത്രം ബാക്കിയുള്ള സര്‍ക്കാരിന്റെ പ്രതിഛായ കൂടുതല്‍ മോശമാക്കാതെ മാണി രാജിവക്കണമെന്ന ആഗ്രഹം അവര്‍ക്കെല്ലാമുണ്ടുതാനും.

എന്നാല്‍ മുന്നണി സംവിധാനത്തിന്റെ സാമാന്യമര്യാദയനുസരിച്ച് അവരാരും അത പരസ്യമായി പറയുന്നില്ലെന്നുമാത്രം. എന്നാല്‍ മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവും വ്യവസായ മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി മാണിയുമായി എല്ലാ ദിവസവും ഫോണില്‍ ബന്ധപ്പെടുകയും ധാര്‍മിക പിന്തുണ ഉറപ്പു നല്‍കുകയും ചെയ്യുന്നതായാണു വിവരം. കുഞ്ഞാലിക്കുട്ടിയുമായി അടുപ്പമുള്ള മുന്നണി കേന്ദ്രങ്ങള്‍ തന്നെയാണ് ഇത് രഹസ്യമായി വെളിപ്പെടുത്തുന്നത്.

ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടി കുടുങ്ങിയതുമുതല്‍ അദ്ദേഹത്തിനു മാണി നല്‍കുന്ന പിന്തുണയ്ക്കു പ്രത്യുപകാരമാണത്രേ ഇത്. ഒന്നാം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് റജീനയുടെ വെളിപ്പെടുത്തലുകള്‍ പുറത്തുവരികയും ലീഗ് നേതാവും കുഞ്ഞാലിക്കുട്ടി വിരുദ്ധനുമായ എം.കെ. മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷന്‍ ചാനല്‍ അത് ആഘോഷിച്ച് കുഞ്ഞാലിക്കുട്ടിയെ മോശമാക്കുകയും ചെയ്തതിനെത്തുടര്‍ന്ന് അദ്ദേഹം രാജിവയ്‌ക്കേണ്ടിവന്നിരുന്നു.

എന്നാല്‍ റജീന അടക്കമുള്ള സാക്ഷികളെല്ലാം മൊഴിമാറ്റിപ്പറയുകയും കേസ് ദുര്‍ബലമാവുകയും ചെയ്തു. അതേത്തുടര്‍ന്ന് ഉണ്ടായ 'എസ്‌ക്രീം കേസ് അട്ടിമറിക്കല്‍ കേസ്' മാണി- കുഞ്ഞാലിക്കുട്ടി അടുപ്പത്തിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മാണിയുടെ നിര്‍ദേശപ്രകാരം നിയമവകുപ്പും സര്‍ക്കാര്‍ അഭിഭാഷകരും കുഞ്ഞാലിക്കുട്ടിക്കുവേണ്ടി കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്നുവെന്നാണ് കേസ്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വാദിയായ കേസ് ഇപ്പോള്‍ സുപ്രീംകോടതിയിലാണ്. ഈ സര്‍ക്കാര്‍ വന്നശേഷവും ഈ കേസില്‍ കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന നിയമവകുപ്പ് കാര്യമായി സഹായിച്ചിട്ടുമുണ്ടെന്നാണു സൂചന. ഇതിനു പിന്നില്‍ സാമ്പത്തിക ഇടപാടു നടന്നതായി അഭ്യൂഹമുണ്ടെങ്കിലും സ്ഥിരീകരണമില്ല.

ഇതിന്റെയെല്ലാം വിവരങ്ങള്‍ പരസ്പരം നന്നായി അറിയാവുന്നതുകൊണ്ടാണത്രേ മാണിയുടെ പ്രതിസന്ധി കാലത്ത് കുഞ്ഞാലിക്കുട്ടി കൂടെ നില്‍ക്കുന്നത്. എന്നാല്‍ മാണി തുടരുന്നത് ശരിയല്ലെന്ന നിലപാട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കടുപ്പിച്ചാല്‍ കുഞ്ഞാലിക്കുട്ടിക്ക് ഈ പിന്തുണ തുടരാന്‍ കഴിയാതെ വരും. എ.കെ. ആന്റണി മുഖേന ഹൈക്കമാന്‍ഡ് ഉള്ളിലിരിപ്പ് അറിയിച്ച കാര്യം കഴിഞ്ഞ ദിവസം കെവാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരുന്നു.

അതേസമയം, മറ്റു ഘടകകക്ഷി നേതാക്കള്‍ക്ക് മാണി രാജിവയ്ക്കാന്‍ മടി കാണിക്കുന്നതിനോട് രോഷമുണ്ടെന്ന സൂചനകള്‍ വ്യക്തമാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളേക്കുറിച്ച് പ്രചാരണം നല്‍കി അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ടുപിടിക്കാനുള്ള പശ്ചാത്തലം ഒരുക്കേണ്ട സമയമാണ് അടുത്ത ഒരു വര്‍ഷം. ആ സമയമാണ് മാണിയുടെ പേരിലുള്ള പ്രതിഷേധത്തെ ചെറുക്കാനും മാണി വിവാദത്തില്‍ പേരു കളയാനും സര്‍ക്കാരും മുന്നണിയും ഉപയോഗിക്കുന്നതെന്നാണ് അവരുടെ പരാതി. മാണിയില്‍ നിന്ന് അവര്‍ക്കാര്‍ക്കും കുഞ്ഞാലിക്കുട്ടിക്ക് ഉണ്ടായതുപോലുള്ള മെച്ചങ്ങള്‍ ലഭിച്ചിട്ടുമില്ല.
K.M. Mani, Kunhalikutty, Kerala, Bar Issue, Resign, Muslim League, Kerala Congress (M), Ice Cream Case.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: K.M. Mani, Kunhalikutty, Kerala, Bar Issue, Resign, Muslim League, Kerala Congress (M), Ice Cream Case.

Post a Comment