Follow KVARTHA on Google news Follow Us!
ad

നടപടി നേരിട്ടവര്‍ വീണ്ടും നേതൃനിരയിലേക്ക്; തൊടുപുഴ സി.പി.എമ്മില്‍ അഴിച്ചുപണി വരും

v M.P. Showkathali Thodupuzha, CPM, Thodupuzha, DYFI, Kerala.
തൊടുപുഴ: (www.kvartha.com 25.10.2014) നടപടിക്ക് വിധേയരായി പാര്‍ട്ടിയില്‍ നിന്നും പുറത്തു പോയവരും സ്ഥാനങ്ങള്‍ ലഭിക്കാതെ തഴയപ്പെട്ടവരും വീണ്ടും സി.പി.എം തൊടുപുഴ ഏരിയാ നേതൃത്വത്തിലേക്ക്. മുന്‍ നഗരസഭാ ചെയര്‍മാന്‍ എം.പി ഷൗക്കത്തലി, ഇടവെട്ടി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, ഡി.വൈ.എഫ്.ഐ മുന്‍ ഏരിയാ സെക്രട്ടറി വി.ബി ദിലീപ് എന്നിവരാണ് വിവിധ ലോക്കല്‍ സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടത്.

വി.എസ് പ്രിന്‍സ് ഇടവെട്ടിയിലും ഷൗക്കത്തലി മുതലക്കോടത്തും ദിലീപ് മണക്കാട്ടുമാണ് ലോക്കല്‍ സെക്രട്ടറിമാരായത്. തൊടുപുഴ ഏരിയാ നേതൃത്വത്തിന്റെ അടുത്തയാളായ ഇടവെട്ടി പഞ്ചായത്തംഗം ടി.എം മുജീബിനെ പരാജയപ്പെടുത്തിയാണ് പ്രിന്‍സ് ലോക്കല്‍ സെക്രട്ടറിയായത്.

ഒരുകാലത്ത് തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ ഏറ്റവും ജനകീയനായ സി.പി.എം. നേതാവായിരുന്നു ഷൗക്കത്തലി. ആദ്യ മുനിസിപ്പല്‍ കൗണ്‍സിലില്‍ തന്നെ അദ്ദേഹം അംഗമായി. പിന്നീട് പാര്‍ട്ടിയിലെ വിഭാഗീയതയെത്തുടര്‍ന്ന് പുറത്താകുകയായിരുന്നു. 1995 ലെ മുനിസിപ്പല്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി വന്‍ ഭൂരിപക്ഷത്തോടെയാണ് വിമതനായി ഷൗക്കത്തലി ചെയര്‍മാനായത്. ഇത് പാര്‍ട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു.

പ്രൊഫ കൊച്ചുത്രേസ്യ തോമസായിരുന്നു ഔദ്യോഗിക സ്ഥാനാര്‍ത്ഥി. 2000 ത്തിലെ തെരഞ്ഞെടുപ്പില്‍ മുസ്‌ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച അദ്ദേഹം വീണ്ടും മുനിസിപ്പല്‍ ചെയര്‍മാനായി. 2010 ലെ തെരഞ്ഞെടുപ്പിന് മുമ്പ് ലീഗ് ബന്ധം ഉപേക്ഷിച്ച്  വീണ്ടും സി.പി.എമ്മുമായി അടുത്തു. എല്‍.ഡി.എഫ്. സ്വതന്ത്രനായി മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് മത്സരിച്ചെങ്കിലും നിലവിലെ മുനിസിപ്പല്‍ ചെയര്‍മാന്‍ എ.എം. ഹാരിദിനോട് പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് സജീവ സി.പി.എം. പ്രവര്‍ത്തകനായി. നിലവിലുള്ള ലോക്കല്‍ സെക്രട്ടറിയും മുതലക്കോടം സഹകരണ ബങ്ക് പ്രസിഡന്റുമായ വി.ബി. ജമാലിനെ മത്സരിപ്പിക്കാന്‍ ഒരു വിഭാഗം ശ്രമിച്ചെങ്കിലും ഭൂരിപക്ഷം അംഗങ്ങളും എതിര്‍പ്പുമായി രംഗത്തു വന്നതോടെയാണ് ഷൗക്കത്തലിയെ ഏകകണ്ഠമായി തെരഞ്ഞെടുത്തത്.

ഷൗക്കത്തലിയെ വീണ്ടും നേതൃനിരയിലേക്ക് എത്തിക്കാനായത് തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ സി.പി.എമ്മിന് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. മുന്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ എം.പി.എം. ജാഫര്‍ഖാന്റെ സഹോദരനാണ് ഷൗക്കത്തലി. പ്രസിദ്ധ സിനിമാ താരം ആസിഫലി  മകനാണ്.

M.P. Showkathali Thodupuzha, CPM, Thodupuzha, DYFI, Kerala
എം.പി. ഷൗക്കത്തലി
കാരിക്കോട് ബാങ്ക് പ്രസിഡന്റായിരിക്കെ നല്‍കിയ ചില വായ്പകള്‍ അനധികൃതമാണെന്ന് ആരോപിച്ചാണ് പ്രിന്‍സിനെതിരെ നടപടിയുണ്ടായത്. തുടര്‍ന്ന് വര്‍ഷങ്ങളോളം പാര്‍ട്ടി ബന്ധമില്ലാതിരുന്ന പ്രിന്‍സ് കഴിഞ്ഞ സമ്മേളനത്തോടെയാണ് സജീവമായത്. ഡി.വൈ.എഫ്.ഐ  ഏരിയാ സെക്രട്ടറിയായിരുന്നിട്ടും  വി.ബി ദിലീപിനെ ഏരിയാ കമ്മിറ്റിയില്‍ ഉള്‍്‌പ്പെടുത്താന്‍ ഔദ്യോഗിക നേതൃത്വം തയ്യാറായിരുന്നില്ല. പുതിയ സമ്മേളനത്തോടെ മൂവരും ഏരിയാ കമ്മിറ്റിയില്‍ തിരിച്ചെത്തുന്നത് ഔദ്യോഗിക നേതൃത്വത്തിന് ക്ഷീണമായി.

ചിറ്റൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തേക്കും കടുത്ത മല്‍സരമായിരുന്നു. ഇവിടെ നിലവിലുളള സെക്രട്ടറി എ.ജി സുകുമാരനെ പരാജയപ്പെടുത്തി എം.ജി സുരേന്ദ്രന്‍ സെക്രട്ടറിയായി. വെങ്ങല്ലൂരില്‍ എം.എം റഷീദും കോലാനിയില്‍ പി.എന്‍.ഷിബുവുമാണ് സെക്രട്ടറിമാര്‍. ഇവരൊന്നും  നിലവിലെ നേതൃത്വത്തോട് അടുപ്പമുളളവരല്ല. തൊടുപുഴ വെസ്റ്റ് ലോക്കല്‍ സെക്രട്ടറി സ്ഥാനം കെ.ആര്‍ ഷാജി നിലനിര്‍ത്തിയതു മാത്രമാണ് ഔദ്യോഗിക പക്ഷത്തിന് ആശ്വാസം പകരുന്നത്.

നേതൃത്വത്തിലുളളവരുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടും ബ്ലേഡ് മാഫിയ ബന്ധങ്ങളും ലോക്കല്‍ സമ്മേളനങ്ങളില്‍ ചൂടേറിയ ചര്‍ച്ചക്ക് വഴിവെച്ചു. മൂന്നു ടേം പൂര്‍ത്തിയാക്കിയ വി.വി. മത്തായി ഏരിയാ സെക്രട്ടറി സ്ഥാനം ഒഴിയുമ്പോള്‍ കെ.ആര്‍. ഷാജിയെ തല്‍സ്ഥാനത്ത് എത്തിക്കാനാണ് നിലവിലുളള നേതൃത്വത്തിന്റെ നീക്കം. എന്നാല്‍ പുതിയ ലോക്കല്‍ സെക്രട്ടറിമാര്‍ ഭൂരിപക്ഷവും എതിര്‍പക്ഷത്തായതിനാല്‍ ഇതിനുളള സാധ്യത കുറവാണ്. മണക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയായ ടി.ആര്‍. സോമനെ സെക്രട്ടറിയാക്കാനാണ് ഇവരുടെ ശ്രമം. ഇത് വിജയിക്കുമെന്നാണ് സൂചന.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: M.P. Showkathali Thodupuzha, CPM, Thodupuzha, DYFI, Kerala.

Post a Comment