Follow KVARTHA on Google news Follow Us!
ad

പീഡാനുഭവങ്ങള്‍ സമ്മാനിച്ചവര്‍ മഅ്ദനിയുടെ സഹതടവുകാര്‍ ആകുമ്പോള്‍

ജാമ്യം ലഭിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് ഒരു ദിവസം പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ Thiruvananthapuram, Kerala, Abdul-Nasar-Madani, B.S.Yeddyurappa, Jayalalitha, Karnataka, Jail, Police, Goverment, Court,
തിരുവനന്തപുരം:(www.kvartha.com 28.09.2014) ജാമ്യം ലഭിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് ഒരു ദിവസം പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ തന്നെ സന്ദര്‍ശിച്ച ചില സാമൂഹ്യപ്രവര്‍ത്തകരോട് അബ്ദുന്നാസര്‍ മഅ്ദനി ഒരു സംഭവം പറഞ്ഞു: രാഷ്ട്രീയത്തില്‍ തിരിച്ചടികള്‍ മാത്രം തുടര്‍ച്ചയായി നേരിട്ടുകൊണ്ടിരിക്കെ മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ കേരളത്തിലെ ഒരു പ്രമുഖ ജ്യോല്‍സ്യനെ സമീപിച്ചു. പ്രശനങ്ങള്‍ കേള്‍ക്കുകയും അതിനു പിന്നിലെ കാരണങ്ങള്‍ തേടുകയുമായിരുന്നു ഉദ്ദേശം.

ഒടുവില്‍ ജ്യോല്‍സന്‍ യെദ്യൂരപ്പയോടു പറഞ്ഞു, താങ്കള്‍ ഒരു നിരപരാധിയെ വേദനിപ്പിക്കാന്‍ കാരണക്കാരനായിരിക്കുന്നു. അതിനു ദൈവം തരുന്ന ശിക്ഷയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ജയിലിലെ ചില ഉന്നതരില്‍ നിന്നും അവരുമായി അടുപ്പമുള്ള തടവുവാകാരില്‍ നിന്നും കേട്ടത് വിശദീകരിക്കുകയാണ് മഅ്ദനി ചെയ്തത്. അപ്പോള്‍ യെദ്യൂരപ്പ അഴിമതി കേസില്‍ അതേ ജയിലില്‍ എത്തിയിട്ടുണ്ടായിരുന്നില്ല. പക്ഷേ, മഅ്ദനിയെ അറസ്റ്റ് ചെയ്തപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന് പിന്നീട് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുകയും പാര്‍ട്ടിയില്‍ ഒറ്റപ്പെടുകയും ചെയ്തു. ഏതായാലും പിന്നീട് ജയിലിലായതും ജാമ്യത്തില്‍ പുറത്തെത്തിയ ശേഷം ബിജെപിയുടെ അവഗണന സഹിക്കാനാകാതെ രാജിവച്ച് പാര്‍ട്ടി സ്വന്തം പാര്‍ട്ടി രൂപീകരിച്ചതും ചരിത്രം. ആ പാര്‍ട്ടിക്ക് ഗതി കിട്ടാതെ സംഘ്പരിവാര്‍ പാളയത്തിലേക്ക് നിസ്സഹായനായി തിരിച്ചുപോയ യെദ്യൂരപ്പ അവിടുത്തെ പുറംപോക്കില്‍ വിലകെട്ടവനായി നില്‍ക്കുന്നത് ചരിത്രത്തിന്റെ ബാക്കിയും സമകാലിക യാഥാര്‍ത്ഥ്യവും.

വിശുദ്ധ റമദാന്‍ മാസത്തില്‍ കര്‍ണാടക പൊലീസ് കേരളത്തില്‍ വന്നു തമ്പടിച്ച് മഅ്ദനിയെ ബംഗലൂരു കേസില്‍ അറസ്റ്റു ചെയ്തതിന് കാര്‍മികത്വം വഹിച്ച മുഖ്യമന്ത്രിയായിരുന്നു യെദ്യൂരപ്പ. വികലാംഗനും രോഗിയുമായ മഅ്ദനി ജയിലില്‍ ദുരിതം അനുഭവിക്കുന്ന കാലത്തുതന്നെ അവിടുത്ത തടവുകാരില്‍ ഒരാളായി യെദ്യൂരപ്പയും എത്തിയത് സ്വാഭാവിക ദൈവഹിതം. അതും രാഷ്ട്രീയത്തടവുകാരനായല്ല, അഴിമതിക്കേസില്‍പെട്ട് അപമാനിതനായി.

അതേ ശക്തിയുടെ തീരുമാനത്തെ മറികടക്കാനാകാതെ നാണംകെട്ട് പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലെ തടവുകാരിയായി എത്തിയിരിക്കുകയാണ് തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയും. അനധികൃത സ്വത്ത് സമ്പാദിച്ച കേസില്‍ കോടതി നാലു വര്‍ഷം തടവ് ശിക്ഷിച്ചതോടെ അവര്‍ മുഖ്യമന്ത്രിയും എംഎല്‍എയും അല്ലാതായിക്കഴിഞ്ഞു. ഇനി പിന്‍ഗാമിയായി ഏത് ബിനാമിയെ വച്ചാലും ജാമ്യം നേടി പുറത്തുവന്ന് പിന്‍സീറ്റ് ഭരണം നടത്തിയാലും ജയലളിത മുഖ്യമന്ത്രിയല്ല; എംഎല്‍എ അല്ലാത്തതുകൊണ്ട് നിയമസഭയിലും കടക്കാന്‍ പറ്റില്ല. മാത്രമല്ല പത്തു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാനും പറ്റില്ല. നാണക്കേട്, മാനസിക പീഡനം... ഒമ്പതര വര്‍ഷം തമിഴ്‌നാട്ടിലെ വിവിധ ജയിലുകളിലായി (ആദ്യം സേലം, പിന്നെ കോയമ്പത്തൂര്‍) മഅ്ദനി പീഡാനുഭവ കാലം അനുഭവിക്കുമ്പോള്‍ ജയലളിതയുടെ ഭരണകാലവും ഉണ്ടായിരുന്നു.

മഅ്ദനിയെ കോയമ്പത്തൂര്‍ കേസില്‍ അറസ്റ്റു ചെയ്തതും തമിഴ്‌നാടിനു കൈമാറിയതും കേരള സര്‍ക്കാരായിരുന്നു. പക്ഷേ, അദ്ദേഹത്തെ ജാമ്യം കിട്ടാതെ, വിചാരണത്തടവുകാരനായി ജയിലില്‍ തന്നെ നീണ്ട കാലം ഇടുന്നതില്‍ ജയലളിതാ സര്‍ക്കാരിന്റെയും കരുണാനിധി സര്‍ക്കാരിന്റെയും കടുത്ത നിലപാടുകള്‍ വലിയ പങ്കാണ് വഹിച്ചത്. ഒടുവില്‍  വിചാരണ പൂര്‍ത്തിയാക്കിയ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി മോചിപ്പിക്കുകയാണു ചെയ്തത്. അപ്പോഴേക്കും ജയില്‍വാസം പതിറ്റാണ്ടിന് അടുത്തെത്തിയിരുന്നു.

കാലം യെദ്യൂരപ്പയെയും ജയലളിതയെയും മഅ്ദനിയുടെ സഹതടവുകാരാക്കി. അതേ അനുഭവം ഉണ്ടായില്ലെങ്കിലും കരുണാനിധിക്ക് സ്വന്തം പാര്‍ട്ടി പിന്തുണയ്ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കാലത്ത് സ്വന്തം മകളുള്‍പ്പെടെ അഴിമതിക്കേസില്‍ മാസങ്ങളോളം ജയില്‍ ശിക്ഷ അനുഭവിക്കുന്നത് കാണേണ്ടി വരികയും ചെയ്തു.

യാദൃശ്ചികമെന്ന് യുക്തിവാദികള്‍ക്കും ദൈവഹിതമെന്ന് വിശ്വാസികള്‍ക്കും പറയാം. പക്ഷേ, സംഭവിച്ച കാര്യങ്ങള്‍ അതേപോലെ നമുക്കു മുന്നിലുണ്ട്, കടുകിട തെറ്റാതെ.
 Thiruvananthapuram, Kerala, Abdul-Nasar-Madani, B.S.Yeddyurappa, Jayalalitha, Karnataka, Jail, Police, Goverment, Court, Mudani's co prisoners; Yediyoorappa yesterday, Yayalalitha today

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Thiruvananthapuram, Kerala, Abdul-Nasar-Madani, B.S.Yeddyurappa, Jayalalitha, Karnataka, Jail, Police, Goverment, Court, Mudani's co prisoners; Yediyoorappa yesterday, Yayalalitha today

Post a Comment