Follow KVARTHA on Google news Follow Us!
ad

ഒരാളെ എങ്ങിനെ തീവ്രവാദിയാക്കാം ?

സാധാരണ ഗതിയില്‍ പത്രക്കാരെയാണ് ജനങ്ങള്‍ കഥയെഴുത്തുകാരായി (കളവെഴുത്തുകാരായി) കാണുന്നത്. Article, Terrorism, Police, Airport, Mangalore, Medias, Story, News, Fake, Bomb, Natives, Uppala, Abdul Kader, Tab
മനോജ് പി

(www.kvartha.com 14.09.2014) സാധാരണ ഗതിയില്‍ പത്രക്കാരെയാണ് ജനങ്ങള്‍ കഥയെഴുത്തുകാരായി (കളവെഴുത്തുകാരായി) കാണുന്നത്. അത് കൊണ്ട് തന്നെ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ പലതും തൊണ്ട തൊടാതെ വിഴുങ്ങാന്‍ ഇപ്പോള്‍ ആരും തയ്യാറാകുന്നുമില്ല. ചാനലുകളുടെയും മറ്റു പത്ര മാധ്യമങ്ങളുടെയും വിശ്വാസം കുറഞ്ഞ് വരുന്ന ഒരു കാലമാണിത്. പക്ഷേ അവരെ തോല്‍പ്പിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ പകര്‍ന്നു കൊടുക്കുന്ന പോലീസ് തന്നെ വലിയൊരു കഥയെഴുത്തുകാരായാലോ!

ആ കഥ, സ്റ്റോറി ഉണ്ടാക്കുന്ന പത്രക്കാര്‍ക്ക് പറഞ്ഞ് കൊടുക്കുകയും ചെയ്താല്‍ പിന്നീടുണ്ടാകുന്ന കഥ പ്രത്യേകം പറയേണ്ടതുണ്ടോ!. മംഗലാപുരം വിമാനത്താവളത്തില്‍ വന്‍ സ്‌ഫോടക വസ്തുക്കളുമായി ഉപ്പള സ്വദേശി പിടിയിലായതും ക്ഷണ നേരം കൊണ്ട് സ്‌ഫോടക വസ്തു തകരാറിലായ ടാബ് ആണെന്ന് മനസ്സിലാവുകയും ചെയ്ത കഥയാണ് ഇവിടെ പറഞ്ഞു വരുന്നത്.

മല എലിയെ പ്രസവിച്ചു എന്നും പുലിയായി വന്നത് എലിയായി മാറിയെന്നും പറയുന്നത് പോലെയായി സംഗതി. ശനിയാഴ്ച രാത്രി വൈകി ജെറ്റ് എയര്‍വെയ്‌സില്‍ ദുബൈയിലേക്ക് പോകാന്‍ മംഗലാപുരം ബജ്‌പെ വിമാനത്താവളത്തിലെത്തിയ കാസര്‍കോട് ഉപ്പള മുട്ടം ഗേറ്റിലെ മുഹമ്മദ് അബ്ദുല്‍ ഖാദര്‍ (35) ആണ് കഥയിലെ നായകന്‍. അപ്രതീക്ഷിതമായാണ് ഖാദറിന് നായകന്റെ വേഷം കിട്ടിയത്.

നേരത്തെ ദുബൈയിലായിരുന്ന അബ്ദുല്‍ ഖാദര്‍ അവധിയില്‍ വന്ന് വിവാഹം കഴിച്ച ശേഷം ദുബൈയിലേക്ക് തിരിച്ച് പോവുകയായിരുന്നു. അപ്പോഴാണ് അയല്‍വാസിയായ ഒരു സ്ത്രീ അവിടെയുള്ള ബന്ധുവിന് നല്‍കാന്‍ കുറേ ബേക്കറി സാധനങ്ങള്‍ അടങ്ങുന്ന പൊതി കൊടുത്തുവിട്ടത്. അക്കൂട്ടത്തില്‍ തകരാറിലായ ടാബും ഉണ്ടായിരുന്നു. ബേക്കറി സാധനങ്ങളടങ്ങിയ പൊതിയുടെ കൂടെ ടാബ് ഉള്ള കാര്യം അബ്ദുല്‍ ഖാദര്‍ അറിഞ്ഞിരുന്നില്ല. സ്ത്രീയാണെങ്കില്‍ അക്കാര്യം പ്രത്യേകിച്ച് പറഞ്ഞതുമില്ല. ഗള്‍ഫില്‍ നിന്നും വാങ്ങിയ ടാബ് വാറണ്ടി നിലവിലുള്ളതിനാല്‍ അവിടെ നിന്ന് നന്നാക്കികിട്ടും എന്നതിനാലാണ് അബ്ദുല്‍ ഖാദര്‍ വശം കൊടുത്തുവിട്ടത്. സംഭവത്തിന്റെ സത്യാവസ്ഥ കെവാര്‍ത്ത റിപോര്‍ട്ട് ചെയ്തിരുന്നു.

പക്ഷേ ഇങ്ങനെയൊരു അപകടം വിമാനത്താവളത്തില്‍ പിണയുമെന്ന് അബ്ദുല്‍ ഖാദറോ, അയല്‍ക്കാരിയായ സ്ത്രീയോ, മറ്റാരുമോ കരുതിയതേയില്ല. 'ഭീകരവാദി'യെ പിടികൂടാന്‍ തക്കം പാര്‍ത്ത് കഴിയുകയായിരുന്ന കസ്റ്റംസ്, സി.ഐ.എസ്.എഫ് അധികൃതര്‍ക്ക് മുന്നിലാണ് അബ്ദുല്‍ ഖാദര്‍ ചെന്നുപെട്ടത്. പെട്ടിയില്‍ ഇലക്ട്രോണിക്‌സ് സാധനങ്ങളുണ്ടോ എന്ന അവരുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു അബ്ദുല്‍ ഖാദര്‍ മറുപടി നല്‍കിയത്.

എന്നാല്‍ എയര്‍പോര്‍ട്ടിലെ എക്‌സറേ പരിശോധനയില്‍ പെട്ടിക്കുള്ളില്‍ മറ്റൊരു പെട്ടി കണ്ടെത്തി. നിമിഷ നേരം കൊണ്ട് പെട്ടി ബോംബായും പിന്നീട് ചൂടുള്ള വാര്‍ത്തയായും മാറി. പെട്ടിക്കകത്തുണ്ടായിരുന്ന ടാബും അതിന്റെ ബാറ്ററിയും ക്ലീനിംഗിന് ഉപയോഗിക്കുന്ന ഹൈഡ്രജന്‍ പെറോക്‌സൈഡ് അടങ്ങിയ കുപ്പിയും ബാറ്ററിയെ ടാബുമായി ബന്ധിപ്പിക്കുന്ന വയറും അറബിയിലുള്ള ഒരു സ്വലാത്ത് പുസ്തകവും കണ്ടെത്തിയതോടെ അവര്‍ ഉറപ്പിച്ചു, ഇവന്‍ തീവ്രവാദി തന്നെയെന്ന്.

പിന്നീട് തിരക്കഥ രചിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു അധികൃതര്‍. സംഭവം അറിഞ്ഞ് വിമാനത്താവളത്തിലേക്ക് കുതിച്ച മാധ്യമ പ്രവര്‍ത്തകരോട് സിറിയയിലെ തീവ്രവാദികള്‍ക്ക് കൈമാറാന്‍ കൊണ്ടുപോവുകയായിരുന്നു സ്‌ഫോടക വസ്തുക്കളെന്നുവരെ ചിലര്‍ തട്ടിവിട്ടു. ഇത് പൊടിപ്പും തൊങ്ങലും വെച്ച് എഴുതാന്‍ മാധ്യമങ്ങളും മത്സരിച്ചു. വിമാനത്താവളത്തിലും പരിസരങ്ങളിലും പോലീസ് തന്നെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പിടികൂടിയ പോലീസിന്റെ 'സ്‌ഫോടക വസ്തുക്കള്‍' വിമാനത്താവളത്തിനടുത്ത ഒഴിഞ്ഞ സ്ഥലത്തേക്ക് മാറ്റുകയും പൂഴി നിറച്ച ചാക്കുകള്‍ അട്ടിവെച്ച് സുരക്ഷിതമാക്കി വെക്കുകയും ചെയ്തു. വിവരം ബാംഗ്ലൂരിലെ ബോംബ് ഡിറ്റാച്ച്‌മെന്റ് സ്‌ക്വാഡിനെ അറിയിച്ചു. തുടര്‍ന്ന് ബജ്‌പെ വിമാനത്താവളത്തിന്റെ പുറത്ത് പ്രത്യേക സുരക്ഷാ വലയം തന്നെ തീര്‍ത്തു. വിവിധ സുരക്ഷാ ഏജന്‍സികള്‍ കുതിച്ചെത്തി. അപായ സൂചന നല്‍കുന്ന റിബണ്‍ നാല് ഭാഗത്തും വിരിഞ്ഞു കെട്ടി.

അവര്‍ ഉച്ചയോടെ എത്തി 'സ്‌ഫോടക വസ്തുക്കള്‍' പരിശോധിക്കുകയും 'നിര്‍വീര്യമാക്കുകയും' ചെയ്തു. ബോംബ് സ്‌ക്വാഡിന്റെ പരിശോധന കാണാന്‍ ചാനലുകളുടെ വലിയൊരു പട തന്നെ വിമാനത്താവള പരിസരത്ത് എത്തിയിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസിന് ഏറെ വിയര്‍ക്കേണ്ടി വന്നു. ഖാദര്‍ പിടിയിലായതറിഞ്ഞ് അയാള്‍ക്ക് ടാബ് കൊടുത്തുവിട്ട ഉപ്പളയിലെ സ്ത്രീ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി വസ്തുത വെളിപ്പെടുത്തുകയായിരുന്നു. അത് പോലീസിന് വിശ്വാസമായെങ്കിലും സ്‌ഫോടക വസ്തുക്കളെ ആ നിലയില്‍ തന്നെ കണ്ട് കൈകാര്യം ചെയ്യാനായിരുന്നു അവര്‍ ശ്രമിച്ചത്. മകന്റെ നിരപരാധിത്വം തെളിയിക്കാന്‍ പിതാവ് എം.കെ മുഹമ്മദ് ഹാജിയും വിമാനത്താവളത്തില്‍ എത്തിയിരുന്നു.

നിരപരാധിയായ ഒരു ചെറുപ്പക്കാരനെ പോലീസും ചില മാധ്യമങ്ങളും ചേര്‍ന്ന് എത്ര പെട്ടെന്നാണ് ഭീകരവാദിയാക്കിയത്. അതും സിറിയ എന്ന രാജ്യം നേരില്‍ കണ്ടിട്ടുപോലുമില്ലാത്ത ഒരാളെ. സ്‌ഫോടക വസ്തുക്കളുമായി വിമാന യാത്രക്കാരനെ പിടികൂടിയെന്ന വാര്‍ത്ത മറ്റു യാത്രക്കാരെയും നാട്ടുകാരെയും ആകെ ആശങ്കയിലാഴ്ത്തിയിരുന്നു. അബ്ദുല്‍ ഖാദര്‍ വിമാനത്താവളത്തില്‍ പിടിയിലായെന്ന വാര്‍ത്ത വീട്ടുകാരെയും നാട്ടുകാരെയും ഒന്നടങ്കം സങ്കടപ്പെടുത്തി.

പോലീസിന്റെ തീവ്രവാദ കഥകള്‍ ഒരുപാട് കേട്ടറിഞ്ഞ നമ്മുടെ മുന്നില്‍ ഒരു കള്ളക്കഥയുടെ മുഖംമൂടി അഴിഞ്ഞു വീഴുകയാണ്. യാത്രക്കാരനില്‍ നിന്ന് സംശയം തോന്നിപ്പിക്കുന്ന വസ്തുക്കള്‍ പിടികൂടേണ്ടതും അന്വേഷണം നടത്തേണ്ടതും സുരക്ഷാ ഉദ്യോഗസ്ഥരുടെ ജോലിയാണ്. പക്ഷേ വസ്തുത ബോധ്യപ്പെടുന്നതിന് മുമ്പ് തന്നെ ഭീകരവാദ ബന്ധമുള്ള കഥകള്‍ മെനഞ്ഞ് അത് പ്രചരിപ്പിക്കുന്ന രീതി കടുത്ത മനുഷ്യാവകാശ ലംഘനമാണ്.

ഈ കഥയുടെ അടിസ്ഥാനത്തില്‍ നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത പലരും ഇങ്ങനെയാണോ തീവ്രവാദിയായതെന്ന് പൊതുജനം സംശയിച്ചാല്‍ അതില്‍ തെറ്റുപറയാനും കഴിയില്ല. അബ്ദുല്‍ നാസര്‍ മഅ്ദനിയെ അടക്കം ഇത്തരത്തിലാണ് പോലീസ് ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ പ്രതിയാക്കിയതും ജയിലിലടച്ചതുമെന്ന് നേരത്തെ തന്നെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളടക്കം തെളിവ് സഹിതം റിപോര്‍ട്ട് ചെയ്തിരുന്നതാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

റിപ്പയര്‍ ചെയ്യാന്‍ കൊണ്ടുപോയ ടാബ് വിമാനത്താവളത്തില്‍ പിടികൂടി; പ്രചരിച്ചത് സ്‌ഫോടനാത്മകമായ കഥകള്‍

Keywords: Article, Terrorism, Police, Airport, Mangalore, Medias, Story, News, Fake, Bomb, Natives, Uppala, Abdul Kader, Tab, How fabricate a terrorist. 

Post a Comment