Follow KVARTHA on Google news Follow Us!
ad

ഹാരിസ് ബീരാന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ സഹോദരപുത്രന്‍; ലീഗില്‍ ബാര്‍ വിവാദം കത്തുന്നു

കേരളത്തിലെ മദ്യലോബിക്കുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ അഭിഭാഷക സംഘത്തില്‍ ഉള്‍പ്പെട്ടതിന്റെ പേരില്‍ Haris Beeran, Muslim League, Kunhalikutty, V. K Ibrahim Kunju, Kerala, Bar issue, Haris Beeran for bar owners; deep controversy in League
തിരുവനന്തപുരം: (www.kvartha.com 16.09.2014) കേരളത്തിലെ മദ്യലോബിക്കുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ അഭിഭാഷക സംഘത്തില്‍ ഉള്‍പ്പെട്ടതിന്റെ പേരില്‍ പര്‍ട്ടിയില്‍ നിന്ന് അച്ചടക്ക നടപടി നേരിടുന്ന ലീഗ് നേതാവ് ഹാരിസ് ബീരാന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ അടുത്ത ബന്ധു. ലീഗ് നോമിനിയായി മുമ്പ് അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായി പ്രവര്‍ത്തിച്ച വി.കെ. ബീരാന്റെ മകനാണ് ഹാരിസ് ബീരാന്‍.

ബീരാന്റെ സഹോദരനാണ് ഇബ്രാഹിംകുഞ്ഞ്. ലീഗിന്റെ പ്രമുഖ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വലംകൈയായി അറിയപ്പെടുന്ന ഇബ്രാഹിംകുഞ്ഞിന്റെ സഹോദരപുത്രന്‍, ഇബ്രാഹിംകുഞ്ഞും കുഞ്ഞാലിക്കുട്ടിയും അറിയാതെ ബാറുടമകളുടെ വക്കാലത്ത് ഏറ്റെടുക്കില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ലീഗിലും യുഡിഎഫിലും അഭിഭാഷക വൃത്തങ്ങളിലും ഇത് സംസാരമായിട്ടുണ്ട്. ലീഗിന്റെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന കേരള മുസ്്‌ലിം കള്‍ച്ചറല്‍ സെന്റര്‍ ( കെഎംസിസി) ഡല്‍ഹി യൂണിറ്റിന്റെ ഭാരവാഹിയാണ് ഹാരിസ്. ബാറുടമകള്‍ക്കു വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായതിന്റെ പേരില്‍ ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് അദ്ദേഹത്തോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ്, ഇബ്രാഹിം കുഞ്ഞും കുഞ്ഞാലിക്കുട്ടിയും അറിയാതെ ഹാരിസ് ഈ വിവാദ തീരുമാനമെടുക്കാന്‍ ഇടയില്ലെന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമാകുന്നു. സര്‍ക്കാരിന്റെ പുതിയ മദ്യനയത്തെ പൂര്‍ണമായി പിന്തുണയ്ക്കുന്ന ലീഗ്, നേരത്തേ 418 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കതിരിക്കുന്ന കാര്യത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെ ശക്തമായി പിന്തുണച്ചു രംഗത്തു വന്നിരുന്നു. അതേ ലീഗിന്റെ നേതാവായ മന്ത്രി ബന്ധു ബാറുകാരുടെ വക്കാലത്ത് ഏറ്റെടുത്ത് സുപ്രീംകോടതിയില്‍ ഹാജരായത് ലീഗിലും മുന്നണിയിലും വിവാദത്തിനു തിരികൊളുത്തിയിരിക്കുകയാണ്.

ഹാരിസ് ബീരാന്‍ ബാറുടമളുടെ വക്കാലത്തില്‍ നിന്ന് പിന്മാറുകയും കഴിഞ്ഞ ദിവസം ഹാജരായതിന് പാര്‍ട്ടിയോടു മാപ്പു പറയുകയും വേണമെന്ന നിലപാടാണ് യൂത്ത് ലീഗ് നേതൃത്വത്തിന് എന്ന് അറിയുന്നു. എന്നാല്‍ വക്കാലത്തില്‍ നിന്നു പിന്മാറിയാല്‍ അച്ചടക്ക നടപടിയില്‍ നിന്ന് പിന്മാറാനാണ് പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നതെന്ന സംശയം പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായിട്ടുണ്ടെന്നാണു വിവരം. മാപ്പു പറയുകയും വാങ്ങിയ ഫീസ് തിരികെക്കൊടുക്കുകയും വേണമെന്ന നിലപാടിലേക്ക് ലീഗിലെ യുവ നേതൃത്വം എത്തുന്നതോടെ പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിലപാട് നിര്‍ണായകമാവുകയും ചെയ്യും.

പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിക്കു വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകാന്‍ ലീഗ് നേതൃത്വം ഹാരിസ് ബീരാന് അനുമതി നല്‍കിയിരുന്നു. മഅ്ദനിക്ക് നിയമപരമായ സഹായങ്ങള്‍ നല്‍കാന്‍ ലീഗ് നേതൃത്വം ഔദ്യോഗികമായി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. അഡ്വ. പ്രശാന്ത് ഭൂഷണും ഹാരിസ് ബീരാനുമാണ് ഇപ്പോള്‍ മഅ്ദനിക്കു വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകുന്നത്. മഅ്ദനിയുമായും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമായും ലീഗിന് ആശയപരമായി ശക്തമായ എതിര്‍പ്പുണ്ടായിരിക്കെത്തന്നെ, മനുഷ്യാവകാശ പ്രശ്‌നം എന്ന നിലയിലാണ് അവര്‍ മഅ്ദനിയുടെ ജയില്‍വാസത്തെയും അദ്ദേഹത്തിനെതിരായ കേസിനെയും കാണുന്നത്.

എന്നാല്‍ അതുമായി യാതൊരു താരതമ്യവുമുള്ളതല്ല ബാറുടമകളുടെ കേസ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹാരിസ് ബീരാനെതിരായ നടപടി നീക്കം. ബാറുടമകളുമായോ മദ്യവുമായോ യാതൊരുവിധത്തിലുമുള്ള അനുഭാവം കാണിക്കാന്‍ ലീഗിന് സാധിക്കില്ലെന്ന് ഹാരിസ് ബീരാനു നല്‍കിയ നോട്ടീസില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Haris Beeran, Muslim League, Kunhalikutty, V. K Ibrahim Kunju, Kerala, Bar issue, Haris Beeran for bar owners; deep controversy in League.

Post a Comment