Follow KVARTHA on Google news Follow Us!
ad

ഉമ്മന്‍ ചാണ്ടിയുടെ മേധാവിത്വത്തിനെതിരെ സുധീരന്‍-രമേശ് അച്ചുതണ്ട് രൂപപ്പെടുന്നു

സംസ്ഥാന മന്ത്രിസഭാ പുന:സംഘടനാകാര്യത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും ആഭ്യന്തര മന്ത്രി New group in congress against Oommen Chandy
തിരുവനന്തപുരം: (www.kvartha.com 01.08.2014) സംസ്ഥാന മന്ത്രിസഭാ പുന:സംഘടനാകാര്യത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ സ്വീകരിച്ച നിലപാടിനു തുടര്‍ച്ചയായി സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ മാറ്റം. ഗ്രൂപ്പില്ലാത്ത നേതാവായി ഉയര്‍ത്തിക്കാണിച്ചിരുന്ന സുധീരനും ഐ ഗ്രൂപ്പും ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കുന്ന എ ഗ്രൂപ്പിനെതിരേ കൂട്ടായി നിലകൊള്ളാനുള്ള ഒരുക്കത്തിലാണ്.

ഐ ഗ്രൂപ്പ് മന്ത്രിമാരില്‍ ചിലരെ മാറ്റാനും ജി കാര്‍ത്തികേയനെ മന്ത്രിസഭയില്‍ കൊണ്ടുവരാനും ഉദ്ദേശിച്ച് ഉമ്മന്‍ ചാണ്ടി നടത്തിയ നീക്കത്തിന്റെ മുനയൊടിച്ച ആത്മവിശ്വാസത്തിലാണ് ഈ നീക്കം. അതേസമയം, ഉമ്മന്‍ ചാണ്ടിയും സംഘവും മറുനീക്കവും ആരംഭിച്ചിട്ടുണ്ട്. മോഡി തരംഗത്തില്‍ രാജ്യവ്യാപകമായി കോണ്‍ഗ്രസ് ഒലിച്ചുപോയപ്പോള്‍ മാനക്കേടുണ്ടാകാത്ത വിധത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിനെ പിടിച്ചുനിര്‍ത്തിയ നേതാവാണ് ഉമ്മന്‍ ചാണ്ടി എന്ന് എ ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു.

അതുകൊണ്ടുതന്നെ മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന് സ്വന്തം മന്ത്രിസഭ പുനസംഘടിപ്പിക്കാന്‍ അധികാരമുണ്ടെന്നും അവര്‍ വാദിക്കുന്നു. ഇതിന് ഹൈക്കമാന്‍ഡിന്റെ സാങ്കേതിക അനുമതി മാത്രം മതി, അല്ലാതെ കെപിസിസിയുടെയോ മറ്റാരുടെയെങ്കിലും അനുവാദം വേണ്ട എന്നും അവര്‍ പറയുന്നു. മന്ത്രിസഭ, ഉമ്മന്‍ ചാണ്ടി തീരുമാനിക്കുന്നതു പ്രകാരം പുനസംഘടിപ്പിക്കുകതന്നെ ചെയ്യും എന്ന വെല്ലുവിളിയാണ് എ ഗ്രൂപ്പ് കെപിസിസി പ്രസിഡന്റിനും ഐ ഗ്രൂപ്പിനും നേരെ ഉയര്‍ത്തുന്നത്. ഇതോടെ, ഉമ്മന്‍ ചാണ്ടിക്കെതിരായ ശക്തി സമാഹരണത്തിന് കൈകോര്‍ത്തുനില്‍ക്കാനുള്ള സുധീരന്‍ - രമേശ് അജണ്ട കൂടുതല്‍ സജീവമായിട്ടുമുണ്ട്.

കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശനും ഷാനിമോള്‍ ഉസ്്മാനും ഉള്‍പ്പെടെയുള്ള സുധീരന്‍ വിരുദ്ധര്‍ എ ക്യാമ്പിനൊപ്പം നില്‍ക്കും എന്ന പ്രതീക്ഷയാണ് എ ഗ്രൂപ്പിന്. എന്നാല്‍ താല്‍ക്കാലികമായ അധികാര താല്‍പര്യങ്ങള്‍ക്കുവേണ്ടി ഏതെങ്കിലും ഗ്രൂപ്പിനൊപ്പം നില്‍ക്കാന്‍ തയ്യാറല്ല എന്ന് സതീശനും ഷാനിമോളും വ്യക്തമാക്കിയതായും സൂചനയുണ്ട്.

സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയ ചേരിതിരിവുകള്‍ക്ക് ഇടയാക്കാവുന്ന കൂട്ടുകെട്ടാണ് സുധീരനും രമേശും കൈകോര്‍ക്കുന്നതിലൂടെ ഉണ്ടാവുക. പക്ഷേ, സുധീരന്റെ വിശ്വാസ്യത വന്‍തോതില്‍ ചോര്‍ന്നുപോകാന്‍ അത് ഇടയാക്കും എന്ന് അദ്ദേഹവുമായി അടുത്തുനില്‍ക്കുന്ന ടി.എന്‍. പ്രതാപന്‍ അടക്കമുള്ളവര്‍ താക്കീതു ചെയ്തിട്ടുണ്ട്.

പ്രതാപന്‍ ഐ ഗ്രൂപ്പുമായുള്ള ബാന്ധവത്തില്‍ കൂടെ നില്‍ക്കാനും തയ്യാറല്ല. എന്നാല്‍ തന്നെ ബാര്‍ പ്രശ്‌നത്തിന്റെ പേരില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന ഇറക്കാന്‍ പോലും ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നു എന്നാണു സുധീരന്റെ ഉള്‍പാര്‍ട്ടി ആരോപണം. ഈ സാഹചര്യത്തില്‍ രമേശുമായി കൈകോര്‍ക്കുന്നതില്‍ തെറ്റില്ലെന്നും അല്ലെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസിനെ ഉമ്മന്‍ ചാണ്ടി വിഴുങ്ങും എന്നുമാണത്രേ അദ്ദേഹത്തിന്റെ നിലപാട്. ഇതിനോട്, സുധീരനെ പിന്തുണയ്ക്കുന്ന എ കെ ആന്റണി എന്തു നിലപാട് സ്വീകരിക്കും എന്നതു നിര്‍ണായകമാണ്. ആന്റണിയാകട്ടെ കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയുമാണ്.
Oommen Chandy, Kerala, V.M Sudheeran, Ramesh Chennithala, Shanimol Usman, T.N. Prathapan, Congress, A Group, I Group, New group in congress against Oommen Chandy

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Oommen Chandy, Kerala, V.M Sudheeran, Ramesh Chennithala, Shanimol Usman, T.N. Prathapan, Congress, A Group, I Group, New group in congress against Oommen Chandy.

Post a Comment