Follow KVARTHA on Google news Follow Us!
ad

പാന്റ്‌സിന്റെ സിബ്ബില്‍ പൂട്ടിടാന്‍ പറ്റുമോ?

പ്രകൃതിയുടെ വിളിയാണ് മലമൂത്ര വിസര്‍ജനം. അക്കാര്യം സ്വകാര്യതയോടെ ചെയ്യാനാണ് വ്യക്തികള്‍ ഇഷ്ടപ്പെടുന്നത്. അതിന് Kookanam-Rahman, Article, Road, Singapore, Goverment, India, Woman,
കൂക്കാനം റഹ്‍മാന്‍

(www.kvartha.com 14.04.2014)
പ്രകൃതിയുടെ വിളിയാണ് മലമൂത്ര വിസര്‍ജനം. അക്കാര്യം സ്വകാര്യതയോടെ ചെയ്യാനാണ് വ്യക്തികള്‍ ഇഷ്ടപ്പെടുന്നത്. അതിന് സാധ്യമല്ലാത്ത സന്ദര്‍ഭങ്ങളാണ് യാത്രകള്‍. പ്രകൃതി വിളി ശക്തിപ്പെട്ടാല്‍ സ്ഥലകാല ബോധമില്ലാതെ മനുഷ്യര്‍ അക്കാര്യം നിര്‍വഹിക്കും. പെരുവഴിയെന്നോ, പൊതുനിരത്തെന്നോ ശ്രദ്ധിക്കാതെ കണ്ണടച്ച് കാര്യം സാധിക്കും. ഇങ്ങിനെ ചെയ്യുന്നത് തെറ്റാണെന്ന പൂര്‍ണബോധ്യത്തോടെയാണ് സഹിക്കാന്‍ സാധിക്കാത്തപ്പോള്‍ മനുഷ്യര്‍ പൊതുസ്ഥലത്ത് മല മൂത്ര വിസര്‍ജനം നടത്തുന്നത്.

ഇതിന് പരിഹാരം കാണാന്‍ കഴിയില്ലേ? റോഡില്‍ തുപ്പുന്നതു പോലും ശിക്ഷാര്‍ഹമായ കാര്യമാണെന്ന് ജനത്തെ ബോധ്യപ്പെടുത്തി ശുചിത്വ പരിപാലനം നടത്തുന്ന സിങ്കപ്പൂരിനെ പോലെയുളള നിരവധി രാഷ്ട്രങ്ങളുണ്ട്. നമ്മുടെ രാജ്യത്ത് ശുചിത്വ പരിപാലനത്തിന് കര്‍ക്കശമായ നിയമം നടപ്പാക്കിയാല്‍ മാറ്റമുണ്ടാകില്ലേ? നിയമം മാത്രം പോര. നാഷണല്‍ ഹൈവേയിലും സ്റ്റേറ്റ് ഹൈവേകളിലും പ്രാദേശിക സര്‍ക്കാരുകളുടെ ഉത്തരവാദിത്തത്തിലുളള റോഡുകളിലും പത്തുകിലോ മീറ്റര്‍ ഇടവിട്ടെങ്കിലും മൂത്രപ്പുര ഉണ്ടാക്കണം. മൂത്രപ്പുര മാത്രം പോര. അത് ശുചിയായിവെക്കാനും ശ്രദ്ധിക്കാനും ചുമതലക്കാരും ഉണ്ടാകണം. അല്ലെങ്കില്‍ മൂത്രപ്പുര ഇല്ലാത്തതിനേക്കാള്‍ പ്രയാസമായിരിക്കും ഫലം.

കേരളം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശുചിത്വ പരിപാലനത്തില്‍ ഏറെ മുന്നിലാണ്. പക്ഷേ വ്യക്തി ശുചിത്വത്തിലാണ് കേരളീയന്റെ പ്രഥമ പരിഗണന. അതുകഴിഞ്ഞേ പരിസര ശുചിത്വത്തെക്കുറിച്ച് അവര്‍ ചിന്തിക്കൂ. എന്നിട്ട് പോലും ഹൈവേകളില്‍ കാറ് നിര്‍ത്തി ടിപ്പ്‌ടോപ്പില്‍ വസ്ത്രമണിഞ്ഞ മാന്യന്മാര്‍ യാതൊരു ഉളുപ്പുമില്ലാതെ റോഡരുകില്‍ കാര്യം സാധിച്ചു പോവുന്നത് കാണുമ്പോള്‍ വിഷമം തോന്നുന്നു. പിന്നെ സാധാരണ തൊളിലാളികളുടെയും മറ്റും കാര്യം പറയണോ?

മലയാളിക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. പണികഴിഞ്ഞോ മറ്റോ പോകുന്ന ഒരു കൂട്ടം പുരുഷന്മാരുണ്ടെങ്കില്‍ വഴിയരികിലെ മതില്‍ കണ്ടാല്‍ അവിടെ വെച്ചു കാച്ചും. ഒരാള്‍ക്ക് മൂത്രശങ്ക ഉണ്ടായാല്‍ കൂടെയുളളവരെല്ലാം കൂടി സമൂഹ മൂത്രമൊഴിക്കല്‍ കര്‍മം അവിടെ വെച്ചു തന്നെ നിര്‍വഹിക്കും.

മൂത്രമൊഴിച്ചാല്‍ അവയവ ശുദ്ധിവരുത്തുന്ന ഏര്‍പാടൊന്നും ഇത്തരക്കാരില്‍ കാണാറില്ല. കാര്യം കഴിഞ്ഞ ഉടനെ സ്ഥലം കാലിയാക്കും. ലൈംഗികാവയവത്തിന് അസുഖം പിടിപെടാന്‍ സാധ്യതയേറും ഇതുമൂലമെന്ന് ഇവര്‍ അറിയുന്നേയില്ല. വൃത്തിഹീനമായി നടക്കുന്ന ഇത്തരം പുരുഷന്മാരുടെ ഭാര്യമാരാണ് ഇതുമൂലം ക്ലേശിക്കേണ്ടിവരിക.

പെണ്‍കുട്ടികളും സ്ത്രീകളുമാണ് പൊതുഇടങ്ങളില്‍ മൂത്രപ്പുരകളില്ലാത്തതിനാല്‍ ബുദ്ധിമുട്ടുന്നവര്‍. രാവിലെ ഓഫീസിലേക്കോ, ജോലി സ്ഥലത്തേക്കോ ചെന്നാല്‍ വൈകിട്ടു വീട്ടിലെത്തുന്നതുവരെ മൂത്രം പിടിച്ചു നിര്‍ത്തുന്ന സ്ത്രീകളുണ്ട്. ദാഹം തോന്നിയാലും വെളളം കുടിക്കാന്‍ മടിക്കുന്ന സ്ത്രീകളുണ്ട്. വെളളം കുടിച്ചാല്‍ മൂത്രശങ്ക തോന്നും. അതിന് സൗകര്യമില്ല. പിന്നെ എന്തു ചെയ്യും? രണ്ടുതരത്തില്‍ ഇവര്‍ രോഗം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരായിത്തീരുന്നു. മൂത്രമൊഴിക്കാതിരുന്നാല്‍ മൂത്ര സഞ്ചിക്ക് കേടുവരും. വെളളം കുടിക്കാതിരുന്നാല്‍ വൃക്ക സംബന്ധമായ രോഗവും പിടിപെടും.

ഇക്കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതിയില്‍ വന്ന ഒരു പരാതിയില്‍ ജഡ്ജിമാര്‍ നടത്തിയ നിസഹായത അറിഞ്ഞപ്പോഴാണ് മൂത്രശങ്ക ഉണ്ടാക്കുന്ന ഭയാനകത മനസിലായത്. തങ്ങളുടെ മതില്‍ക്കെട്ടില്‍ വഴിപോക്കര്‍ മൂത്രമൊഴിക്കുന്നത് തടയാനുളള നടപടിക്കാണ് ദല്‍ഹിയിലെ ഒരു റസിഡന്‍സ് അസോസിയേഷന്‍ കോടതിയെ സമീപിച്ചത്. അസോസിയേഷന്‍ പ്രവര്‍ത്തകര്‍ വഴിയാത്രക്കാര്‍ മതിലില്‍ മൂത്രമൊഴിക്കുന്നത് തടയാന്‍ പല വഴികളും നോക്കി. എല്ലാം പരാജയപ്പെട്ടപ്പോഴാണ് നിയമത്തിന്റെ വഴി തേടിയത്.

മതിലില്‍ വെണ്ടയ്ക്കാ അക്ഷരത്തില്‍ ഇവിടെ മൂത്രമൊഴിക്കുന്നത് പട്ടികളും കഴുതകളുമാണ് എന്നെഴുതിവെച്ചു. ഇത് കണ്ടിട്ടെങ്കിലും നാണക്കേട് തോന്നി മൂത്രമൊഴിക്കുന്നത് നിര്‍ത്തുമെന്ന് കരുതിയവര്‍ക്ക് തെറ്റി. പഴയപോലെ തന്നെ സംഭവം നടക്കുന്നു. അറ്റകൈക്ക് മതിലില്‍ ദൈവങ്ങളുടെ ചിത്രം വരച്ചു വെച്ചു. ദൈവങ്ങളെ നോക്കി ആളുകള്‍ മൂത്രമൊഴിക്കില്ലാ എന്ന് കരുതിയതും തെറ്റി. ഇത്തരം കാര്യങ്ങളില്‍ കോടതി നിസഹായമാണെന്നാണ് ജഡ്ജിമാര്‍ പറഞ്ഞത്. മൂത്രമൊഴിക്കുന്നത് തടയാന്‍ ദൈവങ്ങള്‍ക്കുപോലും കഴിഞ്ഞില്ലെങ്കില്‍ കോടതി എങ്ങിനെ അതു സാധിക്കുമെന്നും, പാന്‍സിന്റെ സിബ്ബിന് കോടതിക്ക് പൂട്ടിടാനാകുമോ എന്നും കോടതി ആരാഞ്ഞുപോലും..............

ഇത്തരം പരാമര്‍ശങ്ങള്‍ ശുചിത്വബോധം ഉണ്ടാക്കുന്നതിന് പകരം വിപരീതഫലമാണ് സംജാതമാക്കുക. പൊതുസ്ഥലങ്ങളില്‍ നിര്‍ബന്ധപൂര്‍വം മൂത്രപ്പുരകള്‍ നിര്‍മിക്കാനുളള നടപടി സ്വീകരിക്കാന്‍ സര്‍ക്കാരുകളെ ബോധ്യപ്പെടുത്തുകയല്ലേ കോടതികള്‍ ചെയ്യേണ്ടത്? ബസ് സ്റ്റാന്‍ഡുകളിലും, മാര്‍ക്കറ്റുകേന്ദ്രങ്ങളിലും ടോയ്‌ലറ്റുകള്‍ ഉണ്ടായേ തീരൂ. അത് ഏറ്റവും നന്നായി പരിപാലിക്കുകയും വേണം. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയുടേതായി പുതിയകോട്ടയില്‍ ഒരു പൊതുടോയ്‌ലറ്റുണ്ട്. അതിന് സമീപത്തുകൂടി കടന്നു പോകണമെങ്കില്‍ മൂക്കുപൊത്തിപ്പിടിച്ചേ പറ്റൂ. പൊതുസ്ഥാപനങ്ങളും, സൗകര്യങ്ങളും സംരക്ഷിച്ചു നിര്‍ത്താന്‍ കേരള സമൂഹം ഇനിയും പ്രാപ്തി നേടിയിട്ടില്ല. അത്തരം സ്ഥാപനങ്ങളും, കെട്ടിടങ്ങളും സ്വന്തം പോലെ കരുതി സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാനുളള ബോധം കേരളീയരുടെ മനസില്‍ വേരോടിക്കാനുളള ശ്രമവും ഇതോടൊപ്പം നടത്തേണ്ടിയിരിക്കുന്നു.

രാവിലെ നടക്കാനിറങ്ങുമ്പോള്‍ കാണുന്ന ചില കാഴ്ചകളുണ്ട്. വഴിയരികിലെ വീടുകളില്‍ നിന്ന് കൗമാരപ്രായക്കാരായ ചെറുപ്പക്കാര്‍ കണ്ണുതിരുമ്മി എഴുന്നേറ്റ് പുറത്തേക്ക് വരുന്നത് കാണാം. അവരുടെ മൂത്രമൊഴിക്കുന്ന സീന്‍ പലപ്പോഴും കാണാറുണ്ട്. അടുത്ത മതിലിനോ, കയ്യാലക്കോ, കാര്യം സാധിക്കും. ആളുകള്‍ കടന്നു പോകുന്നതൊന്നും അവര്‍ക്ക് പ്രശ്‌നമല്ല. ആ ശീലം മാറ്റിയെടുക്കാന്‍ അവര്‍ക്കാവാത്തതെന്തേ? എന്ന് ആ പ്രവൃത്തി കാണുമ്പോഴൊക്കെ ചിന്തിക്കാറുണ്ട്.

റോഡരികില്‍ സ്ഥിതി ചെയ്യുന്ന മുസ്ലിം പളളികള്‍ യാത്രക്കാര്‍ക്ക് ഒരാശ്വാസമാണ്. ടോയ്‌ലറ്റുകള്‍ എല്ലാ മുസ്ലിം പളളികളോടനുബന്ധിച്ചുമുണ്ടാകും. പക്ഷേ അത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉപയോഗപ്പെടുത്താന്‍ പറ്റില്ലല്ലോ? എല്ലാവര്‍ക്കും ഉപയോഗപ്പെടുത്താന്‍ പറ്റുന്ന രീതിയില്‍ ടോയ്‌ലറ്റിന്റെ നിര്‍മ്മാണം നടത്താന്‍ പറ്റുമെങ്കില്‍ പൊതുജനങ്ങള്‍ക്കും അവ പ്രയോജനപ്പെടുത്താന്‍ പറ്റുമായിരുന്നു. വിശാല മനസോടെയും പൊതുജനാരോഗ്യത്തിന് വേണ്ടിയും അത്തരം ഒരു കര്‍മ്മ പദ്ധതി മുസ്ലിം പളളിക്കമ്മറ്റികളുടെ ഭാഗത്തുനിന്നുണ്ടായാല്‍ ശ്ലാഘനീയമായ ഒരു കര്‍മ്മ പദ്ധതിയായിരിക്കുമത്.

മൂത്രമൊഴിക്കുന്നതുമാത്രമല്ല, പൊതുനിരത്തുകളിലും, ബസ്സ്റ്റാന്‍ഡുകളിലും, സ്ഥാപനവരാന്തകളിലും, മുറുക്കിത്തുപ്പാനും, കാര്‍ക്കിച്ചുതുപ്പാനും ഒരു മടിയുമില്ല മലയാളിക്ക്. അതിലൂടെ ആളുകള്‍ കടന്നു പോകുമെന്നും, അവരുടെ വസ്ത്രത്തിനും, ചെരുപ്പിനും പറ്റിപ്പിടിക്കുമെന്നുളള ചിന്തയൊന്നും നമുക്കില്ല. കഴിഞ്ഞ ദിവസം വൈകിട്ട് നീലേശ്വരം ബസ്സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു ഞാന്‍. ഒരു ചെറുപ്പക്കാരന്‍ യാതൊരു കൂസലുമില്ലാതെ ആള്‍ക്കൂട്ടത്തിന് തൊട്ടു മുന്നിലായി കാര്‍ക്കിച്ചു തുപ്പി കടന്നുപോയി. ഞാന്‍ അയാളെ ക്രൂരമായൊന്നു നോക്കി. ആ നോട്ടമൊന്നും അയാളിലേക്കേശുമെന്നു തോന്നുന്നില്ല.

പെയ്ഡ് ടോയ്‌ലറ്റുകളാണ് നന്ന്. മലയാളിയുടെ പൗരബോധം പൂര്‍ണതയിലെത്തുന്നതുവരെ സൗജന്യമായി ഇത്തരം സൗകര്യം ഉണ്ടാക്കിക്കൊടുക്കരുത്. റോഡിലും, മതിലിലും, മരത്തിലും മൂത്രമൊഴിക്കുന്ന സ്വഭാവക്കാരായ മലയാളിയെ മാറ്റിയെടുക്കാന്‍ മറ്റെന്തുണ്ട് വഴി?

Kookkanam Rahman
(Writer)
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kookanam-Rahman, Article, Road, Singapore, Goverment, India, Woman, Urinating at public places and roadsides - Policing a public nuisance 

Post a Comment