Follow KVARTHA on Google news Follow Us!
ad

കര്‍ഷകര്‍ പോരാടിയെടുത്ത ഉജ്വല വിജയം

കസ്തൂരിരംഗന്‍ റിപോര്‍ട്ട് സംബന്ധിച്ച വിവാദം കേരളത്തിലെ കര്‍ഷകരോടുള്ള യുഡിഎഫിന്റെയും സര്‍ക്കാരിന്റെയും പ്രതിബദ്ധത തെളിയിക്കാനുള്ള Article, Chief minster, Oommen Chandy, Kasthurirengan report, UDF Government, Kerala Government.
ഉമ്മന്‍ ചാണ്ടി

കസ്തൂരിരംഗന്‍ റിപോര്‍ട്ട് സംബന്ധിച്ച വിവാദം കേരളത്തിലെ കര്‍ഷകരോടുള്ള യുഡിഎഫിന്റെയും സര്‍ക്കാരിന്റെയും പ്രതിബദ്ധത തെളിയിക്കാനുള്ള അവസരമായിരുന്നു. ബിജെപിയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ഗാഡ്ഗില്‍ കമ്മിറ്റി റിപോര്‍ട്ട് നടപ്പാക്കണം എന്നാവശ്യപ്പെട്ടപ്പോള്‍ ഇടതുപക്ഷം ഇതു സംബന്ധിച്ചു ചേര്‍ന്ന സര്‍വകക്ഷിയോഗം ബഹിഷ്‌കരിച്ച് കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിച്ചു.  എന്നാല്‍, യുഡിഎഫിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഭഗീരഥ പ്രയത്‌നം ഫലമണിയുകയും കര്‍ഷക ലക്ഷങ്ങള്‍ക്ക് വലിയ ആശ്വാസം ലഭിക്കുകയും ചെയ്തു. ഏതാണ്ട് ഒരു വര്‍ഷം നീണ്ട ഉജ്വലമായ പോരാട്ടമായിരുന്നു അത്.

ജൈവവൈവിധ്യങ്ങളുടെ നിറകുടവും ആറു മഹാനദികളുടെ ജീവജലവും 500 ലക്ഷം ആളുകളുടെ ആവാസകേന്ദ്രവുമാണ് പശ്ചിമഘട്ടനിരകള്‍. പ്രകൃതിയും മനുഷ്യരും കൈകോര്‍ത്തു കഴിയുന്ന മേഖല. പശ്ചിമഘട്ട നിരകളില്‍ നിന്നും വന്‍തോതിലുള്ള പ്രകൃതി ചൂഷണം ഉണ്ടാകുന്നു എന്ന ആരോപണത്തിന്റെ വെളിച്ചത്തില്‍ അവയെ സംരക്ഷിക്കാനുള്ള നടപടികള്‍ ശിപാര്‍ശ ചെയ്യാന്‍ പ്രഫ. മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ്ധ സമിതി നിലവില്‍ വന്നു. അവര്‍ 2011 ഓഗസ്റ്റ് 31ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പിച്ച റിപോര്‍ട്ടില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ആ റിപോര്‍ട്ടിനെ കേരളം ഉള്‍പെടെ ആറ് സംസ്ഥാന സര്‍ക്കാരുകള്‍ എതിര്‍ത്തു. തുടര്‍ന്ന്  കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം ഡോ. കെ. കസ്തൂരിരംഗന്‍ ചെയര്‍മാനായി  ഉന്നതതല പ്രവര്‍ത്തക സമിതി രൂപീകരിച്ചു.


ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപോര്‍ട്ടുകളില്‍ ഏതെങ്കിലും നടപ്പാക്കണം എന്നാവശ്യപ്പെട്ട് ഗോവ  ഫൗണ്ടേഷന്‍ ഹരിത ട്രൈബ്യൂണലില്‍ എത്തിയപ്പോള്‍, കേന്ദ്രസര്‍ക്കാര്‍ താരതമ്യേന ഭേദപ്പെട്ട കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ചു. കസ്തൂരിരംഗന്‍ റിപോര്‍ട്ട് പ്രകാരം ആറ് സംസ്ഥാനങ്ങളിലായി 59,940 ച.കി.മീ പരിസ്ഥിതി ലോല പ്രദേശങ്ങളാണ്. ഇതില്‍ 13,108 ച.കി.മീ കേരളത്തിലാണ്. 20.51 ലക്ഷം ജനങ്ങള്‍ താമസിക്കുന്ന കേരളത്തിലെ 123 ഗ്രാമങ്ങള്‍ പരിസ്ഥിതി ലോലമാണ്. മഹാരാഷ്ട്രയില്‍ 2159 ഉം കര്‍ണാടകയില്‍ 1576 ഉം ഗ്രാമങ്ങള്‍ പരിസ്ഥിതി ലോലമാക്കി. റിപോര്‍ട്ടിലെ ശിപാര്‍ശകള്‍ അന്തിമമല്ലെന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അതില്‍ ഭേദഗതിയാകാമെന്നും വ്യവസ്ഥ ഉണ്ടായിരുന്നു. എന്നാല്‍, റിമോട്ട് സെന്‍സിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള പരിസ്ഥിതി ലോലപ്രദേശങ്ങളുടെ നിര്‍ണയത്തില്‍ തോട്ടങ്ങള്‍, കൃഷിയിടങ്ങള്‍, ജനവാസകേന്ദ്രങ്ങള്‍ എന്നിവയെയും വനഭൂമിയേയും തമ്മില്‍ വേര്‍തിരിക്കുവാന്‍ സാധിച്ചില്ല എന്നത് ഉള്‍പെടെയുള്ള ആക്ഷേപം ഉയര്‍ന്നു. ഇവ  ജനങ്ങളില്‍ ആശങ്കയും  പരിഭ്രാന്തിയും ഉണ്ടാക്കി.

ഇതിനിടെ, 2013 നവം. 13ന് കേന്ദ്ര പരിസ്ഥിതി- വനം മന്ത്രാലയം കസ്തൂരിരംഗന്‍ റിപോര്‍ട്ടിലുള്ള അഞ്ചു കാര്യങ്ങളില്‍ ഓഫീസ് നിര്‍ദേശം പുറപ്പെടുവിച്ചു. റെഡ് കാറ്റഗറിയില്‍പെട്ട വ്യവസായങ്ങള്‍, 20,000 ചതുരശ്ര മീറ്ററിലേറെ വ്യാപ്തിയുള്ള കെട്ടിടങ്ങള്‍, 1.5 ലക്ഷം ചതുരശ്ര മീറ്ററിലേറെയുള്ള പുതിയ ടൗണ്‍ഷിപ്പുകള്‍, താപോര്‍ജനിലയങ്ങള്‍, പാറമടകള്‍, ഖനനം, മണല്‍വാരല്‍ എന്നിവയാണവ. നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കായിരുന്നില്ല മറിച്ച്, അവരുടെ കീഴിലുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡ് പോലുള്ളവയ്ക്കായിരുന്നു.

മൂന്നംഗ വിദഗ്ദ്ധ സമിതി

ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചത്.  ഇതില്‍ നിന്ന് ഇടതുപക്ഷം വിട്ടുനിന്നു. എന്നാല്‍, ഗാഡ്ഗില്‍ റിപോര്‍ട്ട് നടപ്പാക്കണമെന്നു ബി.ജെ.പിയും പ്രതിപക്ഷനേതാവും ആവശ്യപ്പെട്ടു. സര്‍വകക്ഷിയോഗത്തിന്റെ അടിസ്ഥാനത്തില്‍ 2013 ഒക്‌ടോബര്‍ 29ന് മൂന്നംഗ വിദഗ്ദ്ധ സമിതിയെ  നിയോഗിച്ചു. സംസ്ഥാന ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഉമ്മന്‍ വി. ഉമ്മന്‍ കണ്‍വീനറും പ്രൊഫ. രാജശേഖരന്‍ പിളള, പി.സി. സിറിയക് ഐ.എ.എസ് (റിട്ട) എന്നിവര്‍ അംഗങ്ങളുമാണ്. വിദഗ്ദ്ധ സമിതിയുടെ ആദ്യ യോഗം 2013 നവംബര്‍ എട്ടിന് തൈക്കാട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നടന്നു.

തുടര്‍ന്ന് 2013 നവംബര്‍ 26  മുതല്‍  ഡിസംബര്‍ 12 വരെ വിദഗ്ദ്ധസമിതി പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ സിറ്റിങ്ങുകള്‍ നടത്തി. കമ്മിറ്റിക്കു മുമ്പാകെ 30,000  പേര്‍ എത്തി. ജനപങ്കാളിത്തത്താല്‍ വന്‍വിജയമായിരുന്നു ഓരോ സിറ്റിങ്ങും. തിരുവനന്തപുരത്ത് നടത്തിയ സിറ്റിങ്ങുകളില്‍ 13 സംഘടനകളിലെ അംഗങ്ങള്‍ പങ്കെടുത്തു. സുഗതകുമാരി ടീച്ചര്‍, ഡോ. ആര്‍.വി.ജി. മേനോന്‍, ഡോ. വി.എസ്. വിജയന്‍, പ്രൊഫ. എം.കെ. പ്രസാദ് തുടങ്ങിയ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രതിനിധികളും നിര്‍ദ്ദേശങ്ങള്‍ സമര്‍പിച്ചു. 123 വില്ലേജുകളിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ നേരിട്ടുള്ള പരിശോധനക്ക് പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് സെക്രട്ടറി, റവന്യൂ ഉദേ്യാഗസ്ഥന്‍, കൃഷി ഉദേ്യാഗസ്ഥന്‍, വനം ഉദേ്യാഗസ്ഥന്‍ എന്നിവര്‍ ഉള്‍പെട്ട അഞ്ചംഗ പഞ്ചായത്ത് സമിതിയെ നിയോഗിച്ചു. തുടര്‍ന്ന് വിദഗ്ദ്ധരുടെ സഹായത്തോടെ പഞ്ചായത്ത് സമിതികള്‍ തയാറാക്കിയ ഫിസിക്കല്‍ വെരിഫിക്കേഷന്‍ ഡാറ്റ ബയോഡൈവേഴ്‌സിറ്റി ബോര്‍ഡിനു നല്‍കി.

ചരിത്രദൗത്യം

കേരളം കണ്ട ഏറ്റവും ശ്രമകരമായ ഒരു ദൗത്യം വിദഗ്ദ്ധസമിതി ചുരുങ്ങിയ സമയത്തിനുള്ളില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. 2014 ജനുവരി മൂന്നിന് ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിനു റിപോര്‍ട്ട് സമര്‍പിച്ചു. 66 ദിവസങ്ങള്‍കൊണ്ടാണ് റിപോര്‍ട്ട് സമര്‍പിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ഇതു കേന്ദ്രപരിസ്ഥിതി വനം മന്ത്രാലയത്തിനു നല്‍കി. കേന്ദ്രനേതാക്കളും കേന്ദ്രമന്ത്രിമാരുമായി ഞാന്‍ പലവട്ടം ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി ഉള്‍പെടെയുള്ളവര്‍ക്ക് കത്തുകളെഴുതി. ദേശീയ ഹരിത ട്രൈബ്യുണലിന്റെ 2013 ഡിസംബര്‍ 16, 17 തീയതികളില്‍ ഡല്‍ഹിയില്‍ കൂടിയ യോഗത്തില്‍ ഡോ. ഉമ്മന്‍ വി. ഉമ്മന്‍ പങ്കെടുത്തു. കേന്ദ്രപരിസ്ഥിതി വനം മന്ത്രി വീരപ്പ മൊയ്‌ലിയേയും വകുപ്പ് സെക്രട്ടറി ഡോ. രാജഗോപാല്‍ ഉള്‍പെടെയുള്ള ഉന്നതോദ്യോഗസ്ഥരെയും നിരവധി തവണ സന്ദര്‍ശിച്ചു.
Article, Chief minster,  Oommen Chandy, Kasthurirengan report, UDF Government, Kerala Government.
തുടര്‍ന്ന് 2013 ഡിസംബര്‍ 20ന് ഓഫീസ് മെമ്മോറാണ്ടം പുറത്തിറങ്ങി. സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശം ലഭിച്ചശേഷം മാത്രമേ പരിസ്ഥിതി ലോലമേഖലകള്‍ സംബന്ധിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുകയുള്ളുവെന്നും സംസ്ഥാനങ്ങള്‍ക്ക് നേരിട്ടുള്ള പരിശോധനയിലൂടെ പരിസ്ഥിതിലോല മേഖലകളെ ഒഴിവാക്കാമെന്നും ഇതില്‍ വ്യക്തമാക്കി.

പ്രാദേശികതലത്തില്‍ നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു മാറ്റവും കസ്തൂരിരംഗന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വരുത്തിയിട്ടില്ലെന്നും വ്യക്തമാക്കപ്പെട്ടു. മാര്‍ച്ച് നാലിന് അടുത്ത ഓഫീസ് മെമ്മോറാണ്ടം പുറത്തിറങ്ങി. 123 ഗ്രാമങ്ങളില്‍ വിദഗ്ദ്ധ സമിതി നേരിട്ടുള്ള പഠനം നടത്തുകയും പഞ്ചായത്തു സമിതികള്‍ ശിപാര്‍ശ നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍, അന്തിമ വിജ്ഞാപനത്തില്‍ നിന്ന് കേരളത്തിലെ ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന 3115 ച.കി.മീ, പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് ഒഴിവാക്കും എന്നായിരുന്നു അത്. മറ്റു സംസ്ഥാനങ്ങള്‍ക്കും കേരളത്തിന്റെ മാതൃക പിന്തുടരാമെന്നും അതില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കരട് വിജ്ഞാപനം

കേരളത്തിന്റെ നിര്‍ദേശങ്ങളെല്ലാം സ്വീകരിച്ചുകൊണ്ടുള്ള 2014 മാര്‍ച്ച് പത്തിലെ കരട് വിജ്ഞാപന പ്രകാരം, കസ്തൂരി രംഗന്‍ റിപോര്‍ട്ടിലുള്ള കേരളത്തിന്റെ 13,108 ച.കി.മീ പരിസ്ഥിതി ലോല പ്രദേശം, 9,993.7 ചതുരശ്ര കി.മീ ആയി കുറയും. ജനവാസ കേന്ദ്രം, തോട്ടം, കൃഷി ഭൂമി എന്നിവയുള്ള 3115 ച.കി.മീ. ആണു കുറയുന്നത്.  കേരളത്തിലെ ജനങ്ങളുടെ ആവാസ- കൃഷി സ്ഥലങ്ങളില്‍  ഒരിഞ്ചു ഭൂമിപോലും ഇനി പരിസ്ഥിതി ലോല പ്രദേശത്തിന്റെ പട്ടികയിലില്ല. കര്‍ഷകര്‍ക്കും ജനങ്ങള്‍ക്കും നേരത്തേയുണ്ടായുണ്ടായിരുന്ന എല്ലാ സ്വാതന്ത്ര്യവും തുടര്‍ന്നും അനുഭവിക്കാം. നവംബര്‍ 13 ലെ ഓഫീസ് ഉത്തരവു പ്രകാരമുള്ള  നിയന്ത്രണങ്ങളും ഇനി ബാധകമല്ല. പരസ്ഥിതി ലോല മേഖലയില്‍ കുറവുണ്ടായത് കേരളത്തില്‍ നിന്നു മാത്രമാണ്. ഇതു സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകരോടുള്ള പ്രതിജ്ഞാബദ്ധതയോടെ നടത്തിയ കഠിനാധ്വാനത്തിന്റെയും ചിട്ടയായ പ്രവര്‍ത്തനത്തിന്റെയും പ്രതിഫലമാണ്.

ഹരിത ട്രൈബ്യൂണ്‍

കരട് വിജ്ഞാപനത്തിനെതിരെ ഉയര്‍ന്ന പരാതികള്‍ മാര്‍ച്ച് 24നു ഹരിത ട്രൈബ്യൂണല്‍ തള്ളിക്കളയുകയും അതില്‍ ഇടപെടുകയില്ലെന്നു വ്യക്തമാക്കുകയും ചെയ്തു. ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമിയും തോട്ടങ്ങളും വേര്‍തിരിച്ചുള്ള പരിസ്ഥിതി ലോല പ്രദേശങ്ങളുടെ മാപ്പ് ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പരാതികള്‍ അറിയിക്കാന്‍ സാവകാശവും നല്‍കി. ചില പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ 123 വില്ലേജുകളിലെ സര്‍വെ നമ്പര്‍ അടിസ്ഥാനമാക്കിയുള്ള കഡസ്ട്രല്‍ മാപ്പ് ഉപയോഗിച്ച് ജനവാസകേന്ദ്രങ്ങളും കൃഷിഭൂമിയും തോട്ടങ്ങളും കാടുമായി വേര്‍തിരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

വില്ലേജ് സമിതി ഇവ വീണ്ടും പരിശോധിച്ചുവരുകയാണ്. സര്‍വെ നമ്പരിന്റെ അടിസ്ഥാനത്തില്‍ ഇവയെ വേര്‍തിരിച്ച് തണ്ടപ്പേര്‍ സഹിതം ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡിനു കൈമാറണം. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രപരിസ്ഥിതി വനംവകുപ്പ് പരിസ്ഥിതി ലോല പ്രദേശങ്ങളുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കും. അവയാണ് അന്തിമ വിജ്ഞാപനത്തില്‍ ഇടംപിടിക്കുന്നത്.

നാടിന്റെ വിഷയം

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി, ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേന്ദ്രമന്ത്രി എ.കെ. ആന്റണി എന്നിവര്‍ നടത്തിയ ഇടപെടലുകളാണ് കേരളത്തിന് മാത്രമായി കരട് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ വഴിതെളിച്ചത്. കരട് വിജ്ഞാപനം തയാറാക്കി കഴിഞ്ഞപ്പോള്‍, തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നതിനാല്‍ വിജ്ഞാപനത്തിന് അനുമതി കിട്ടില്ലെന്ന പ്രചാരണവുമായി ഇടതുപാര്‍ട്ടികളും ഹൈറേഞ്ച് സംരക്ഷണ സമിതിയും രംഗത്തുവന്നു. എങ്ങനെയും വിജ്ഞാപനം മുടക്കി സംസ്ഥാന ഗവണ്‍മെന്റിനെ പ്രതിക്കൂട്ടിലാക്കി കര്‍ഷകരെ പ്രതിസന്ധിയിലാക്കുക എന്ന തന്ത്രമാണ് ഇടതുപക്ഷവും ഹൈറേഞ്ച് സംരക്ഷണ സമിതിയും സ്വീകരിച്ചത്. തെരഞ്ഞെടുപ്പില്‍ ഇടതുമായി യോജിച്ച് നീങ്ങുവാന്‍ ഹൈറേഞ്ച് സംരക്ഷണ സമിതി തീരുമാനിച്ചപ്പോള്‍, അവരുടെ ലക്ഷ്യം വ്യക്തമായി. കര്‍ഷകരോട് ഒരിക്കലും പ്രതിബദ്ധത കാട്ടാത്ത ഇടതുപക്ഷത്തോട് ഹൈറേഞ്ച് സംരക്ഷണ സമിതി കൈകോര്‍ത്തത് കര്‍ഷകരെ വേദനിപ്പിക്കുന്നു.

നോട്ടിഫിക്കേഷന്‍ സ്ഥലങ്ങളെക്കുറിച്ച് പ്രസിദ്ധീകരിച്ച മാപ്പില്‍ ഉണ്ടായ അപാകതകള്‍ പഞ്ചായത്തുസമിതി  പറഞ്ഞപ്രകാരം പരിഹരിച്ച് മുന്നോട്ട് പോകുമ്പോഴും ഹൈറേഞ്ച് സംരക്ഷണ സമിതി വീണ്ടും സാങ്കേതികമായ തടസ്സങ്ങള്‍ ഉന്നയിക്കുന്നതു കാണുമ്പോള്‍ സഹതാപമാണു തോന്നുന്നത്. കേന്ദ്ര ഗവണ്‍മെന്റിന്റെ ഭരണ കാലാവധി കഴിഞ്ഞുവെന്നും അതിനാല്‍ അന്തിമ വിജ്ഞാപനം ഉണ്ടാകില്ലെന്നും ആക്ഷേപിക്കുന്നു. പുതിയ ഗവണ്‍മെന്റ് ചുമതലയേല്‍ക്കുന്നതുവരെ നിലവിലുള്ള ഗവണ്‍മെന്റിന് എല്ലാ അധികാരങ്ങളോടും കൂടി തുടര്‍ന്ന് പ്രവത്തിക്കാനാകും എന്നതാണ് വസ്തുത.

കര്‍ഷകരെ വേദനിപ്പിക്കുന്ന ഒരു വിഷയം ഉണ്ടായപ്പോള്‍ അത് ഈ നാടിന്റെ പ്രശ്‌നമാണെന്നും എല്ലാവരുടെയും കൂട്ടായ്മയിലൂടെ അതു പരിഹിരിക്കണമെന്നുമായിരുന്നു സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍, ഇടതുപക്ഷം ഇതു സംബന്ധിച്ചു ചേര്‍ന്ന സര്‍വകക്ഷിയോഗം ബഹിഷ്‌കരിച്ചും ഹര്‍ത്താലുകള്‍ നടത്തിയും കളക്‌ട്രേറ്റുകള്‍ വളഞ്ഞും വഴിതടയല്‍ സമരം നടത്തിയും ജനജീവിതം കൂടുതല്‍ ദു:സഹമാക്കുകയാണു ചെയ്തത്. അതേസമയം, യുഡിഎഫും സംസ്ഥാന സര്‍ക്കാരും എണ്ണയിട്ട യന്ത്രംപോലെ അധ്വാനിക്കുകയായിരുന്നു. കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കാന്‍ യുഡിഎഫ് സര്‍ക്കാരിന് സാധിക്കുമെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. ഒരു വര്‍ഷം നീണ്ട കഠിനയത്‌നം ഫലപ്രാപ്തിയിലെത്തിയപ്പോള്‍ അത് അംഗീകരിക്കാന്‍ ഇക്കൂട്ടര്‍ തയാറാകുന്നില്ല.

അന്തിമ വിജ്ഞാപനം വന്നാലേ നമ്മുടെ പോരാട്ടം പൂര്‍ത്തിയാകുകയുള്ളൂ. ഈ പോരാട്ടത്തിനു മുന്നില്‍ നില്ക്കാന്‍ പ്രാപ്തിയുള്ള ജനപ്രതിനിധിയാകണം അവിടെ നിന്നു ജയിച്ചുവരാന്‍. കേരളത്തെ കേള്‍ക്കുന്ന ഒരു സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഉണ്ടാകും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Article, Chief minster,  Oommen Chandy, Kasthurirengan report, UDF Government, Kerala Government.

Post a Comment