മാധ്യമങ്ങളുടെ കാളപ്രസവവും പ്രതികരണക്കാരുടെ കയറെടുത്തോടലും

 


ADVERTISEMENT

രവീന്ദ്രന്‍ പാടി

കാളപെറ്റുവെന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നവര്‍ എല്ലാ രംഗത്തുമുണ്ട്. മാധ്യമ മേഖലയിലും അത്തരക്കാര്‍ക്ക് യാതൊരു പഞ്ഞവുമില്ല. കാള പെറ്റുവെന്ന് കേള്‍ക്കേണ്ട താമസം അവര്‍ കിടാവിനെ പിടിച്ചുകെട്ടാന്‍ കയറുമെടുത്ത് ഒറ്റ ഓട്ടം വെച്ചുകൊടുക്കുന്ന കാഴ്ച നാം എത്രയോ കാണുന്നുണ്ട്.

ദൃശ്യ മാധ്യമങ്ങളിലും സോഷ്യല്‍ നെറ്റുവര്‍ക്കുകളിലും ഇങ്ങനെ ധാരാളം 'കാള പ്രസവങ്ങളും' 'കയറെടുത്ത് ഓട്ടവും' കാണാം. ഒരുമാസം മുമ്പ് ഇന്ത്യാവിഷന്‍ സംപ്രേഷണം ചെയ്ത സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് പരിപാടിയില്‍ പര്‍ദയെ കുറിച്ച് നടത്തിയ പരാമര്‍ശവും അതിന് കഴിഞ്ഞദിവസങ്ങളില്‍ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ വന്ന കമന്റുകളും ഇതിനൊരുദാഹരണമാണ്.

സൗദിയില്‍ നിതാഖത്ത് നിയമം കൊണ്ടുവരുന്നതിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ പ്രവാസി കുടുംബങ്ങളില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളിലേക്കും അവരുടെ ജീവിതത്തിലേക്കും കടന്നുചെന്ന് നടത്തിയ അന്വേഷണത്തില്‍ പര്‍ദയെ പ്രാകൃതവേഷമെന്ന് പരാമര്‍ശിച്ചതാണ് വലിയ ഒച്ചപ്പാടിനും എതിര്‍പിനും വഴിവെച്ചത്. സംഭവത്തില്‍ ഇടപെട്ട് ധാരാളംപേര്‍ അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയുണ്ടായി. പലരും വളരെ മാന്യവും സഭ്യവുമായ രീതിയില്‍ തങ്ങളുടെ അഭിപ്രായം സഹിഷ്ണുതയോടെ പ്രകടിപ്പിച്ചപ്പോള്‍ ചിലര്‍ വളരെ പ്രകോപനപരവും സഭ്യതയുടെ അതിരുകള്‍ ലംഘിച്ചുമാണ് ലേഖിക ഫൗസിയ മുസ്തയെയും ഇന്ത്യാവിഷനെയും ആക്രമിച്ചത്.

ഇത് ശരിയായ രീതിയല്ല. ഇന്ത്യയെപോലെ അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും ഏറെ അനുവദനീയമായ ഒരു രാജ്യത്ത് ആര്‍ക്കും ഏത് വിഷയത്തിലും ഇടപെട്ട് അഭിപ്രായം പറയാമെങ്കിലും അത് പറയേണ്ട സമയവും സന്ദര്‍ഭവും രീതിയും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മതവിശ്വാസികളുടെ ആരാധനാ രീതിയേയും അവരുടെ വിശ്വാസത്തേയും അവരുടെ ജീവിത സമ്പ്രദായത്തേയും വേഷത്തേയും ചോദ്യംചെയ്യാനോ അപഹസിക്കാനോ ഒരു സ്വാതന്ത്യവും ആര്‍ക്കും
അനുവദിക്കുന്നില്ല. എന്നാല്‍ അതിനെക്കുറിച്ചൊക്കെ മാന്യമായ രീതിയില്‍ എഴുതാനും പറയാനും ആശയസംവാദത്തിലേര്‍പെടാനും ഇവിടെ സ്വാതന്ത്ര്യമുണ്ടുതാനും.

ആ സ്വാതന്ത്ര്യം ഒരു പൗരനോ, ഒരു മാധ്യമമോ ഉപയോഗിക്കുമ്പോള്‍ അവരെ മോശമായി ചിത്രീകരിക്കാനും അശ്ലീല ഭാഷ ഉപയോഗിച്ച് നശിപ്പിക്കാനും ഭീഷണിപ്പെടുത്താനും തകര്‍ക്കാനും നോക്കുന്നത് ആശാസ്യമല്ല. ഇന്ത്യാ വിഷന്‍ പരിപാടിക്കെതിരെ വന്ന ഒരു പ്രതികരണത്തില്‍ പറയുന്നതുപോലെ ഒരു ചെറിയ ഭാഗം അടര്‍ത്തിയെടുത്ത് അതിനെ ഫ്‌ളാഷ് ന്യൂസും ലൈവ് ചര്‍ചയും ന്യൂസ് നൈറ്റും ആക്കാന്‍ ചാനലുകള്‍ക്ക് മാത്രമല്ല ജനങ്ങള്‍ക്കും അറിയാമെന്നത് അവഗണിക്കാന്‍ കഴിയാത്ത ഒരു വസ്തുതയാണ്.

രാഷ്ട്രീയ-മത നേതാക്കളുടെ വാക്കുകളും പ്രസംഗങ്ങളും ചില വരികള്‍ മാത്രം സന്ദര്‍ഭത്തിന് യോജിക്കാത്തവിധത്തില്‍ അടര്‍ത്തിയെടുത്ത് അത് പൊലിപ്പിക്കുകയും വിവാദമാക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന മാധ്യമ രീതിക്ക് ഒരു പാഠമാവുകയാണ് ഇന്ത്യാവിഷന്റെ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് പരിപാടിയില്‍ പര്‍ദയ്‌ക്കെതിരെ നടത്തിയ പരാമര്‍ശം. സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ആ വാര്‍ത്തക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ ക്യാമ്പയിനായി പ്രചരിപ്പിക്കുന്നു എന്ന് പറയുന്ന എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എം.പി. ബഷീര്‍ പരിപാടിയിലെ ഒരു ചെറിയ ഭാഗം അടര്‍ത്തിയെടുത്താണ് ഇങ്ങനെ പ്രചരിപ്പിക്കുന്നതെന്നും പറയുന്നു. അതിനുള്ള മറുപടിയായാണ് ഇത്തരം ചെറിയ ഭാഗങ്ങള്‍ അടര്‍ത്തിയെടുക്കാനുള്ള കഴിവ് തങ്ങള്‍ക്കുമുണ്ടെന്ന് ഒരു പ്രേക്ഷകന്‍ പ്രതികരിച്ചിരിക്കുന്നത്.

മാധ്യമങ്ങളുടെ കാളപ്രസവവും പ്രതികരണക്കാരുടെ കയറെടുത്തോടലുംഈയിടെ കെവാര്‍ത്ത പ്രസിദ്ധീകരിച്ച 'ടി.പി. വധത്തില്‍ പ്രതിയായ പി. മോഹനനെ പിണറായി ബഹിഷ്‌കരിക്കുന്നതിനു പിന്നിലെന്ത്?' എന്ന വാര്‍ത്തയിലും ചിലര്‍ മാന്യത മറികടന്നുള്ള പ്രതികരണമാണ് നടത്തിയിരിക്കുന്നത്. വാര്‍ത്തയോട്, അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളോട്, യോജിപ്പ് ഉണ്ടായാലും ഇല്ലെങ്കിലും അത് പ്രകടിപ്പിക്കുമ്പോള്‍ സ്വീകരിക്കേണ്ട സാമാന്യ മര്യാദ ഇവിടെ പലരും ലംഘിച്ചിരിക്കുന്നു. ഫലത്തില്‍ വാര്‍ത്തയോടല്ല അത് പറഞ്ഞ വ്യക്തിയോടും മാധ്യമത്തോടും ഉള്ള രോക്ഷപ്രകടനമായി പലപ്രതികരണങ്ങളും വഴിമാറിപ്പോകുന്നു.


പരിഷ്‌ക്കരണവാദികള്‍ എന്ന് അവകാശപ്പെടുന്നവര്‍ പോലും അപരിഷ്‌കൃതമായി പ്രതികരിക്കുന്നതും മറ്റൊരാളെ തേജോവധം ചെയ്യുന്നത് കുറ്റകരമാണെന്ന് വിശ്വസിക്കുന്ന ദൈവ വിശ്വാസി പച്ചയായ ഭാഷയില്‍ മറ്റുള്ളവരെ തെറിവിളിക്കുന്നതും തെറ്റായ സൂചനയാണ് നല്‍കുന്നത്. ഇത്തരക്കാര്‍ പ്രതിനിധാനം ചെയ്യുന്ന വിശ്വാസത്തേയോ സംഹിതകളേയോ പാര്‍ട്ടിയേയോ തെറ്റായി വ്യാഖ്യാനിക്കാനും തെറ്റിദ്ധരിപ്പിക്കാനും ഇവരുടെ ചെയ്തികള്‍ കാരണമാകുമെന്നതില്‍ സംശയമില്ല.


കാര്യങ്ങളെ വസ്തുതാപരമായി പരിശോധിക്കാനും സഹിഷ്ണുതയോടെ സമീപിക്കാനും മാന്യമായ ഭാഷയിലൂടെ പ്രതികരിക്കാനും ഉള്ള ശീലം വായനക്കാര്‍ക്കിടയില്‍ വളര്‍ന്നുവരേണ്ടിയിരിക്കുന്നു.

മാധ്യമങ്ങളും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ, പ്രക്ഷേപണം ചെയ്യുകയോ ചെയ്യുമ്പോള്‍ ജനങ്ങളുടെ വികാരവും വിചാരവും മാനിക്കുകയും വേണം. അതിന് വിരുദ്ധമായ സമീപനം കൈക്കൊള്ളുമ്പോഴാണ് പലപ്പോഴും ജനങ്ങളുടെ ഭാഗത്തുനിന്നും അതിരുവിട്ടുള്ള പ്രതികരണം ഉണ്ടാകുന്നത്. ചുരുക്കത്തില്‍ മാധ്യമങ്ങളും ജനങ്ങളും പരസ്പര പൂരകവും സമൂഹത്തിലെ അഭിവാജ്യ ഘടകവുമാണ്.

ദൃശ്യ - ശ്രാവ്യ - അച്ചടി മാധ്യമങ്ങളെക്കാളും ജനങ്ങള്‍ക്ക് സ്വതന്ത്രമായി തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ ഏറെ അവസരം ലഭിക്കുന്നത് സോഷ്യല്‍ മീഡിയകളിലാണ്. അതിന് ഗുണവും ദോഷവുമുണ്ട്. അഭിപ്രായം പറയാന്‍ പറ്റുന്നു എന്ന കാരണത്താല്‍ എന്തും പറയുകയും അതൊരു സമ്പ്രദായമായി മാറ്റാനും ശ്രമിക്കുന്നവര്‍ ധാരാളമുണ്ട്.

മതത്തേയും വര്‍ഗീയ വികാരങ്ങളേയും ലൈഗീകതയേയും അതിലേക്ക് കൊണ്ടുവന്ന് തരംതാണ പ്രതികരണങ്ങളും സംവാദങ്ങളും നടത്താനാണ് പലരും ശ്രമിക്കുന്നത്. നേരാംവണ്ണം കൈകാര്യംചെയ്താല്‍ പല വിഷയങ്ങളെ കുറിച്ചും ഗൗരവവും ആധികാരികവും വിജ്ഞാന പ്രദവും ഉപകാരപ്രദവുമായ ചര്‍ചകള്‍ക്കും സംവാദങ്ങള്‍ക്കും ആശയ പ്രചരണത്തിനും സോഷ്യല്‍ മീഡിയകള്‍ വഴിവെക്കും.
മാധ്യമങ്ങളുടെ കാളപ്രസവവും പ്രതികരണക്കാരുടെ കയറെടുത്തോടലും
Ravindran Pady
(Writer)

സമൂഹത്തിന്റെ ഉന്നതിക്കും ജനങ്ങളെ ബാധിക്കുന്ന പല വിഷയങ്ങളിലും അഭിപ്രായ സ്വരൂപണത്തിനും അവ അധികാര കേന്ദ്രങ്ങളെ അറിയിച്ച് നടപടികള്‍ ഉണ്ടാക്കാനും സോഷ്യല്‍ മീഡിയകള്‍ പ്രയോജനപ്പെടും. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഫേസ്ബുക്ക് ഉള്‍പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ അധികവും പ്രത്യക്ഷപ്പെടുന്നതും ചര്‍ചചെയ്യപ്പെടുന്നതും നിലവാരം കുറഞ്ഞ വിഷയങ്ങളും പ്രകോപനവും അധിക്ഷേപവും നിറഞ്ഞ പ്രതികരണങ്ങളുമാണ്. ആ രീതി മാറിയേ തീരൂ.

Keywords: Nitaqat, Saudi Arabia, Media, Politics, Religion, Leaders, T.P.Chandrasekaharan, People, Kerala, Malayalam news, Kvartha, Article, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia