മല്ലേശ്വരം ബോംബ് സ്‌ഫോടനക്കേസ് പ്രതികളെ കാണാന്‍ കുടുംബാംഗങ്ങള്‍ക്ക് കോടതി അനുമതി

 


ADVERTISEMENT

ബാംഗ്ലൂര്‍: മല്ലേശ്വരം ബോംബ് സ്‌ഫോടനക്കേസ് പ്രതികളെ കാണാന്‍ കുടുംബാംഗങ്ങള്‍ക്ക് കോടതി അനുമതി നല്‍കി. വ്യാഴാഴ്ച ബാംഗ്ലൂരിലെത്തിയ കുടുംബാംഗങ്ങള്‍ പ്രതികളെ കാണണമെന്നാവശ്യപ്പെട്ട് പോലീസിനെ സമീപിച്ചെങ്കിലും ഇവരുടെ ആവശ്യം പോലീസ് കമ്മീഷണര്‍ രാഘവേന്ദ്ര എച്ച്. ഔരദ്കര്‍ നിരാകരിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ വാര്‍ത്താ സമ്മേളനം വിളിച്ച് വിഷയം മാധ്യമങ്ങളുടെ ശ്രദ്ധയില്‌പെടുത്തുകയും ചെയ്തു. പിന്നീട് അഡ്വ. എസ്.ഐ. അബ്ദുല്‍ കലാം ബഹാദുര്‍ ഷായുടെ സഹായത്തോടെ കുടുംബാംഗങ്ങള്‍ കോടതിയുടെ സഹായം തേടി. രണ്ട് ദിവസത്തില്‍ ഒരിക്കല്‍ പ്രതികളെ കാണാനുള്ള അനുവാദമാണ് ചീഫ് മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി നല്‍കിയത്. സ്‌ഫോടനത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്നും അറസ്റ്റിലായവര്‍ നിരപരാധികളെന്ന് കണ്ടെത്തിയാല്‍ വിട്ടയക്കണമെന്നും കുടുംബാംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മല്ലേശ്വരം സ്‌ഫോടനക്കേസില്‍ പ്രതികളായി ജയിലില്‍ കഴിയുന്ന പീര്‍ മുഹിദ്ദീന്‍, ബഷീര്‍ എന്നിവര്‍ കുടുംബാംഗങ്ങളുടെ ഏക ആശ്രയമാണ്. ഇവര്‍ക്കൊപ്പം പിടിയിലായ പീര്‍ മുഹിദ്ദീന്റെ സഹോദരീ ഭര്‍ത്താവ് റസൂല്‍ മുഹിദ്ദീനെ പിന്നീട് പോലീസ് നിരപരാധിയെന്ന് കണ്ട് വിട്ടയച്ചിരുന്നു. പീര്‍ മുഹിദ്ദീന് ഭാര്യയും 8, 10, 11എന്നീപ്രായത്തിലുള്ള മൂന്ന് കുട്ടികളുമുണ്ട്. ബഷീറിന് ഭാര്യയും 5, 6, 8, 10 എന്നീപ്രായത്തിലുള്ള നാലുകുട്ടികളുമാണുള്ളത്. ബഷീറിന് യാതൊരു ക്രിമിനല്‍ പശ്ചാത്തലവുമില്ലെന്നും അദ്ദേഹം ഒരിക്കലും ബാംഗ്ലൂര്‍ സന്ദര്‍ശനം നടത്തിയിട്ടില്ലെന്നും ഭാര്യ ശംസുന്നീസ പറഞ്ഞു.

റസൂലിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി ബാംഗ്ലൂരില്‍ നിന്നും ചെന്നൈയിലെത്തിയതായിരുന്നു പീര്‍ മുഹിദ്ദീന്‍. ചെന്നൈയിലെത്തുന്ന തന്നെ കൂട്ടിക്കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് പീര്‍ ബന്ധുവായ ബഷീറിനെ വിളിച്ചിരുന്നു. ഇതനുസരിച്ച് ഏപ്രില്‍ 19ന് ചെന്നൈയിലെത്തിയ ബഷീര്‍, പീറിനേയും കൂട്ടി റസൂലിന്റെ സമീപത്തെത്തി. ഇവിടെ നിന്ന് മൂവരും കൂടി ബന്ധുവും എ.സി. മെക്കാനിക്കുമായ മുഹമ്മദ് സലീമിനെ കാണാന്‍ ടി നഗറിലെ പോത്തി മാര്‍ക്കറ്റിലെത്തി. റോഡ് സൈഡിലെ ഒരു ചായക്കടയില്‍നിന്നും ചായകുടിച്ചശേഷം സാധനങ്ങള്‍ വാങ്ങാനായി തിരിക്കുന്നതിനിടയില്‍ മഫ്തിയിലെത്തിയ പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പത്ത് പേരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. പിന്നീട് മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഏപ്രില്‍ 23ന് പുലര്‍ചെ ഒരുമണിക്ക് റസൂലിനേയും മുഹമ്മദിനേയും വിട്ടയച്ചു. പീറിനേയും ബഷീറിനേയും പോലീസ് അറസ്റ്റ് ചെയ്തു.

മല്ലേശ്വരം ബോംബ് സ്‌ഫോടനക്കേസിലെ മറ്റൊരു പ്രതിയായ കിച്ചന്‍ ബുഹാരിയും നിരപരാധിയാണെന്ന് അദ്ദേഹത്തിന്റെ മാതാവ് ദൗലത് പറഞ്ഞു. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ കുറ്റവിമുക്തനാക്കിയ കിച്ചന്‍ ബുഹാരിയെ യാതൊരു തെളിവുമില്ലാതെയാണ് പോലീസ് കസ്റ്റഡിയില്‍ വച്ചിരിക്കുന്നതെന്നും അവര്‍ ആരോപിച്ചു.

ഏപ്രില്‍ 12ന് കോയമ്പത്തൂരില്‍ നിന്നും ഡല്‍ഹിക്ക് പുറപ്പെട്ട കിച്ചന്‍ ബുഹാരി ഏപ്രില്‍ 14ന് ഡല്‍ഹിയിലെത്തി. അദ്ദേഹത്തിന്റെ സുഹൃത്തായ മറ്റൊരാളുടെ ജാമ്യത്തിനായി സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പിക്കുന്നതിനായി അഭിഭാഷകനെ കാണാനെത്തിയതായിരുന്നു കിച്ചന്‍. സുപ്രീം കോടതിയിലെ വാദം ശ്രവിക്കാനായി ഡല്‍ഹിയില്‍ രണ്ട് ദിവസം തങ്ങിയ കിച്ചന്‍ ഏപ്രില്‍ 16ന് ഡല്‍ഹിയില്‍ നിന്നും തിരിച്ചു. ഏപ്രില്‍ 17ന് രാത്രി 8.30ന് ദുരന്തോ എക്‌സ്പ്രസില്‍ കിച്ചന്‍ ചെന്നൈയിലെത്തി.
മല്ലേശ്വരം ബോംബ് സ്‌ഫോടനക്കേസ് പ്രതികളെ കാണാന്‍ കുടുംബാംഗങ്ങള്‍ക്ക് കോടതി അനുമതി
Photo Courtesy: N. Amit The Hindu
രണ്ട് ദിവസം ചെന്നൈയില്‍ തങ്ങിയ കിച്ചന്‍ ഏപ്രില്‍ 19ന് കോയമ്പത്തൂര്‍ക്ക് തിരിച്ചു. അവിടെ അദ്ദേഹം സുഹൃത്തായ സദ്ദാം ഹുസൈന്റെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. സെക്കന്റ് ഹാന്‍ഡ് ബൈക്കുകളുടെ ഡീലറായ സദ്ദാം ഹുസൈന്‍ മറ്റൊരു കേസില്‍ അകപ്പെട്ട് സേലം ജയിലില്‍ കഴിയുകയാണ്. മല്ലേശ്വരം സ്‌ഫോടനക്കേസില്‍ പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന നാലാമനാണ് സദ്ദാം ഹുസൈന്‍. ബോംബ് വെക്കാനുപയോഗിച്ച ബൈക്ക് ഏജന്റിന് കൈമാറിയെന്നാണ് ഇദ്ദേഹത്തിനെതിരെയുള്ള കേസ്. ഏപ്രില്‍ 22നാണ് കിച്ചനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. മേട്ടുപാളയത്ത് തന്റെ രണ്ട് സുഹൃത്തുക്കളായ സുലൈമാന്‍, സാലേഹ് എന്നിവരുമൊത്ത് ബസ് കാത്തുനില്‍ക്കുമ്പോഴായിരുന്നു അറസ്റ്റ്. സുലൈമാനേയും സാലേഹിനേയും പിന്നീട് ചോദ്യം ചെയ്ത ശേഷം പോലീസ് വിട്ടയച്ചു. കിച്ചന്‍ ബുഹാരി ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്.

എന്നാല്‍ ഈ വാര്‍ത്തകളോട് പ്രതികരിക്കാന്‍ ജോയിന്റ് കമ്മീഷണര്‍ എസ്. മുരുകന്‍ തയ്യാറായില്ല. അന്വേഷണം ശരിയായ ദിശയിലാണെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം കസ്റ്റഡിയിലുള്ളവരെക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടാന്‍ അദ്ദേഹം തയ്യാറായില്ല.

SUMMARY: The family members of the Malleswaram bomb blast terror suspects, who arrived in Bangalore Thursday, managed to get permission to meet their arrested relatives from a city court after the police had turned down their request.

Keywords: National news, Family members, Malleswaram, Bomb blast, Terror, Suspects, Arrived, Bangalore, Thursday, Managed, Get permission, Meet, Arrested, Relatives,
Shamshun Nisah
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia