Follow KVARTHA on Google news Follow Us!
ad

പെണ്ണെന്തിനാണ് മുടിനീട്ടി വളര്‍ത്തുന്നത്?

സ്ത്രീ-പുരുഷ വേര്‍തിരിവുകള്‍ അവസാനിപ്പിക്കണം. എന്തിനും ഏതിനും സ്ത്രീയേയും പുരുഷനെയും വേര്‍തിരിച്ചു കാണാന്‍ ശ്രമിക്കുന്ന പുരുഷ മേധാവിത്വത്തിന്റെ തന്ത്രങ്ങള്‍ Kookkanam-Rahman, Oprah Winfrey, Article, Women, Gents, Mother, Sister,
സ്ത്രീ-പുരുഷ വേര്‍തിരിവുകള്‍ അവസാനിപ്പിക്കണം. എന്തിനും ഏതിനും സ്ത്രീയേയും പുരുഷനെയും വേര്‍തിരിച്ചു കാണാന്‍ ശ്രമിക്കുന്ന പുരുഷ മേധാവിത്വത്തിന്റെ തന്ത്രങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതികരിക്കാനും, പ്രവര്‍ത്തിക്കാനും സ്ത്രീ സമൂഹം സന്നദ്ധമാവണം. ഈ വര്‍ഷത്തെ വനിതാദിനത്തില്‍ അതിനുളള കര്‍മ്മ പരിപാടികള്‍ ആരംഭിക്കണം. കേരളത്തില്‍ അത്തരമൊരു പരീക്ഷണത്തിന് സാധ്യതയുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് പല കാര്യങ്ങളും കേരള മോഡലില്‍ നിന്ന് സ്വീകരിക്കുകയാണല്ലോ പതിവ്.

സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ ഇകഴ്ന്നവരാണെന്നുളള പാഠം വീടുകളില്‍ നിന്നാണ് ആരംഭിക്കുന്നത്. 'നീ പെണ്ണാണെന്നോര്‍മ്മ വേണം' എന്ന് സ്ത്രീയായ അമ്മയോ, സഹോദരിയോ ആണ് ജനിച്ചു വീഴുമ്പോഴെ പെണ്‍കുട്ടിയെ ഓര്‍മ്മപ്പെടുത്തുന്നത്. അവിടുന്നങ്ങോട്ടു സര്‍വ്വ മേഖലകളിലും പെണ്ണിനെ മാറ്റി നിര്‍ത്തപ്പെടുന്നു. കാതുകുത്തും, മുടിവളര്‍ത്തലും, പൊട്ടുകുത്തലും, കാല്‍ത്തളയും, കൈവളയും, പെണ്‍വസ്ത്രവും ഒക്കെയായി അവളെ ആണ്‍കുട്ടിയില്‍ നിന്ന് വ്യത്യസ്തമായ ഒരു ജീവിയാക്കി മാറ്റുന്നു. ഇതൊക്കെ നല്ല കാര്യമാണെന്നും, അംഗീകാരമാണെന്നും പെണ്‍കുട്ടികള്‍ തെറ്റിദ്ധരിക്കപ്പെടുന്നു.

കുഞ്ഞുന്നാളിലെ ഡ്രസ്സില്‍ നിന്ന് തുടങ്ങാം. നാണം മറക്കലും, ശരീരത്തെ താപശൈത്യത്തില്‍ നിന്നു രക്ഷപെടുത്തലും ആണ് ഡ്രസ്സുധരിക്കുന്നതിന്റെ ആവശ്യമെന്ന് അറിയാം. എങ്കില്‍ ആണ്‍കുട്ടി പെണ്‍കുട്ടി വ്യത്യാസമില്ലാതെ ഡ്രസ്സിടീച്ചാല്‍ പോരെ? വളര്‍ന്നു വലുതാവുമ്പോഴും പാന്റ്സും ഷര്‍ട്ടുമായി രണ്ടു കൂട്ടര്‍ക്കും അണിഞ്ഞൊരുങ്ങാമല്ലോ? പെണ്ണെന്തിനാണ് മുടിനീട്ടി വളര്‍ത്തുന്നത്? ഇതാര് ഉണ്ടാക്കിയ കാഴ്ചപ്പാടാണ്.? ചെറുപ്പത്തിലെ മുടിവെട്ടി പാകപ്പെടുത്തി ശീലിപ്പിച്ചാല്‍ വളര്‍ന്നു വലുതാവുമ്പോഴും ആശീലമുണ്ടാവില്ലേ? വസ്ത്രധാരണമാണ് എല്ലാ പൊല്ലാപ്പുകള്‍ക്കും കാരമണമെന്ന് വിളിച്ചു കൂവുന്നവരുടെ നാവടപ്പിക്കാനും ഇത്തരം സമീപനം മൂലം സാധ്യമാവുകയും ചെയ്യും.

സ്ത്രീകളെ വ്യത്യസ്തമായി കാണുന്ന സര്‍വ രീതികളെയും എതിര്‍ക്കപ്പെടണം. രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌ക്കാരിക-മത മേഖലകളിലെല്ലാം. സ്ത്രീകളുടെ മാത്രമുളള ഗ്രൂപ്പുകളാക്കി മാറ്റി നിര്‍ത്തപ്പെടുന്ന പുരുഷ താല്പത്യങ്ങളും ചോദ്യം ചെയ്യപ്പെടണം. ഇവയിലെല്ലാം വനിതാവിഭാഗങ്ങള്‍ രൂപീകരിക്കുന്നുണ്ട്. അതില്‍ അംഗങ്ങളായി ചേരാനും സ്ത്രീകള്‍ തയ്യാറായി മുന്നോട്ടു വരുന്നു. എന്നിട്ട് സമത്വത്തിനും, തുല്യതയ്ക്കും വേണ്ടി പോരാടുന്നു. ഒന്നിച്ചു നിന്ന് പ്രവര്‍ത്തിക്കേണ്ട സ്ത്രീ-പുരുഷന്മാര്‍, വേറിട്ടു സംഘടനകളാക്കി നില്‍ക്കേണ്ട ആവശ്യമുണ്ടോ? ഇവിടെയും ദുര്‍ബ്ബലര്‍, ബലഹീനര്‍ എന്ന ചിന്ത പരത്തിയാണ് സ്ത്രീകളെ വേറിട്ടു സംഘടിപ്പിക്കാന്‍ പുരുഷ നേതൃത്വങ്ങള്‍ കരുനീക്കങ്ങള്‍ നടത്തിയത്.

Kookkanam-Rahman, Oprah Winfrey, Article, Women, Gents, Mother, Sister,
Oprah Winfrey
രാഷ്ട്രീയ കക്ഷികളില്‍ പുരുഷന്മാരെപോലെ തന്നെ മെമ്പര്‍ഷിപ്പുകള്‍ സ്ത്രീകളും നേടണം. അവര്‍ ഒപ്പം നിന്ന് പ്രവര്‍ത്തിക്കണം. പ്രത്യേകം-പ്രത്യേകം വിഭാഗങ്ങളായി പ്രവര്‍ത്തിക്കേണ്ടതില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയകാര്യത്തിലും. നേതൃസ്ഥാനത്തേക്കും കഴിവുളളവരെ അവര്‍ സ്ത്രീയായലും പുരുഷനായാലും തുല്യമായി പരിഗണിക്കപ്പെടണം. സംവരണമെന്ന നക്കാപ്പിച്ചയ്ക്ക് കാത്തു നില്‍ക്കാതെ, അതിനു വേണ്ടി സമരം ചെയ്യാതെ സ്ത്രീകള്‍ക്ക് സ്ഥാനം പിടിച്ചെടുക്കാനാവും. നരവംശ ശാസ്ത്രജ്ഞര്‍ അഭിപ്പായപ്പെടുന്നത് പോലെ സംസാര ശേഷിയും തന്ത്രജ്ഞതയും ക്ഷമയും പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് കൂടുതല്‍. പക്ഷെ ഇതംഗീകരിച്ചു തരാന്‍ പുരുഷന്മാര്‍ തയ്യാറല്ല. ആ നന്മകളൊക്കെ പ്രയോജനപ്പെടുത്താനുളള ത്രാണി കാണിക്കാന്‍ സ്ത്രീകള്‍ തയ്യാറാവണം.

കേരളത്തില്‍ ഏതൊരു സംരംഭം തുടങ്ങിയാലും, ആദ്യചിന്ത അതിന്റെ മഹിളാ വിഭാഗം രൂപീകരിക്കുകയെന്നതാണ്. ഈ ചിന്തയെയും ആദ്യംതന്നെ എതിര്‍ക്കപ്പെടണം. കച്ചവടക്കണ്ണുകളെ എതിര്‍ക്കുന്ന തൊഴിലാളി പ്രസ്ഥാനങ്ങള്‍ പോലും കച്ചവടക്കണ്ണോടെ തന്നെയാണ് സ്ത്രീകളെ പ്രത്യേക വിഭാഗമാക്കി മാറ്റി നിര്‍ത്താന്‍ വെമ്പല്‍കാട്ടുന്നത്.

സ്ത്രീകള്‍ സാഹിത്യ രചന നടത്തിയാല്‍ അത് പെണ്ണെഴുത്ത് എന്ന് പറഞ്ഞ് മാറ്റി നിര്‍ത്തപ്പെടുന്നു. എല്ലാ പത്ര-ദൃശ്യമാധ്യമങ്ങളും സ്ത്രീപക്ഷത്തിനായി പ്രത്യേക പ്രസിദ്ധീകരണങ്ങള്‍ ഉണ്ടാക്കാന്‍ മത്സരിക്കുകയാണ്. അത് വാരികകളോ, മാസികകളോ ആവാം. ഇതിന്റെയൊക്കെ പിന്നില്‍ സ്ത്രീ സമൂഹത്തിന്റെ ഉന്നതിയല്ല മറിച്ച് അവ വിറ്റ് കാശാക്കാന്‍ എളുപ്പമാണെന്ന മുതാലാളിത്ത ചിന്ത മാത്രമാണ്.

സംവരണം ഏതിലും ആവശ്യമില്ല എന്ന തന്റേടം സ്ത്രീകള്‍ കാണിക്കണം. ട്രെയിനിലും. ബസിലും പ്രത്യേക കമ്പാട്ടുമെന്റും, സീറ്റും നീക്കി വെക്കേണ്ടതില്ല. ഒന്നിച്ചു യാത്രചെയ്യുകയും, പരസ്പരം സഹായിക്കുകയും ചെയ്യുന്ന അവസ്ഥയാണുണ്ടാവേണ്ടത്. മാറ്റി നിര്‍ത്തപ്പെടേണ്ട. അല്ലെങ്കില്‍ ബലഹീനതയുടെ പേരില്‍ സംവരണം ചെയ്യപ്പേടേണ്ട ആവശ്യമില്ല. പെണ്‍ പളളിക്കൂടങ്ങളും, വനിതാകേളേജുകളും നിര്‍ത്തലാക്കിയേപറ്റൂ. ഇവിടങ്ങളിലൊക്കെ പഠിപ്പിക്കുന്നവര്‍ പുരുഷന്മാരാണെന്നും ഓര്‍ക്കണം. വനിതാ കണ്ടക്ടര്‍മാര്‍ പുരുഷ കണ്ടക്ടര്‍മാരെ വെല്ലുന്ന രിതിയില്‍ ബസുകളില്‍ കണ്ടക്ടമാരായി സേവനം ചെയ്യുമ്പോള്‍ വനിതകള്‍ക്ക് പ്രത്യേക സീറ്റ് വേണമെന്ന് ശഠിക്കുന്നതും വിരോധാഭാസമല്ലേ?

കടകളില്‍ സ്തുത്യര്‍ഹമായ രീതിയില്‍ ജോലി ചെയ്തു വരുന്ന പെണ്‍കുട്ടികളെ സെയില്‍സ് ഗേള്‍സ് എന്ന് നാമകരണം ചെയ്യരുത്. അതേ ജോലിചെയ്യുന്ന പുരുഷന്മാരെ സെയില്‍സ് മാന്‍ എന്ന് വിളിക്കപ്പെടുന്നുമില്ല. സെയില്‍സ് ഗേള്‍സിനു പകരം സെയില്‍സ് പേര്‍സണ്‍ ആയിക്കോട്ടെ.

സ്ത്രീകള്‍ക്കു മാത്രമായുളള ഇടങ്ങള്‍ ഉണ്ടാക്കിയെടുക്കുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഗുരുതരമാകുന്നത്. ശാരീരിക ധര്‍മ്മങ്ങളും, സാമൂഹ്യ ധര്‍മ്മങ്ങളും പുരുഷനും സ്ത്രീക്കും തുല്യമായിരിക്കെ എന്തിനാണ് ഈ വേര്‍ തിരിവുകള്‍? ശരീരഘടനയിലും ലൈംഗികാവയവങ്ങളിലും വ്യത്യാസമുണ്ട് എന്നത് അംഗീകരിക്കാം. ഇതൊഴിച്ച് ബാക്കി എല്ലാ കാര്യങ്ങളിലും സ്ത്രീ-പുരുഷ വ്യത്യാസമില്ല. ഈയൊരു അവസ്ഥയില്‍ സ്ത്രീയും പുരുഷനും പരസ്പരം സഹായികളാവേണ്ടവരാണ്. മാറ്റി നിര്‍ത്തപ്പെട്ട് സഹായം നല്‍കേണ്ടവരല്ല.

ലൈംഗികതയുടെ കാര്യത്തിലാണ് സ്ത്രീകളോട് പാരമ്യതയിലെത്തിയ വിവേചനം കാണിക്കുന്നത്. സ്ത്രീയെ ലൈംഗിക ഉപകരണമായി മാത്രം കാണുന്ന പുരുഷ മേധാവിത്വത്തെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ ഇനി ഒട്ടും അമാന്തിക്കരുത്. ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രികള്‍ മുഖം മറക്കണം എന്നതാണ് ഇക്കാലത്തെ സാമൂഹ്യ നീതി. പത്ര-ദൃശ്യമാധ്യമങ്ങളില്‍ ഇരകളെ ഇന്റര്‍വ്യൂ ചെയ്യുമ്പോഴും, വാര്‍ത്താ ചിത്രം കൊടുക്കുമ്പോഴും മുഖം മറച്ചാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇത് സ്ത്രീകളോട് കാട്ടുന്ന ഔദാര്യമല്ല. മറിച്ച് മുഖം മറച്ചത് ആരാണെന്നറിയാനും മുഖം മറക്കാതെ അവളെ കാണാന്‍ പുരുഷമനസ്സുകളെ തയ്യാറാക്കുനമുളള മാധ്യമ-മുതാലാളിത്ത തന്ത്രമാണത്.

ഇതേ അവസരം തെറ്റു ചെയ്ത പുരുഷന്‍ മുഖം മിനുക്കി മധ്യമങ്ങള്‍ക്കുമുമ്പില്‍ വിലസുന്നു. പീഡിപ്പിക്കപ്പെട പെണ്‍കുട്ടിയുടെ പേര് പറയരുത്. അവള്‍ സ്ഥലനാമങ്ങളുടെ പേരില്‍ അറിയപ്പെടണം. ആരാണ് ഇത്തരം അജന്‍ഡകള്‍ തീരുമാനിച്ചത്? നേരത്തെ സൂചിപ്പിച്ച സ്ത്രീകള്‍ക്കുവേണ്ടി പുരുഷന്മാരാല്‍ സംഘടിപ്പിക്കപ്പെട്ട സ്ത്രീ സംഘടനകളുടെ മൗനാനുവാദത്തോടെയല്ലെ ഈരീതികള്‍ മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്? പീഡിപ്പിക്കപ്പെട്ടത് തന്റെ സഹോദരിയോ, ഭാര്യയോ, അമ്മയോ ആയാല്‍ തന്റെ കുടുംബത്തിന് അപമാനമുണ്ടാകുമെന്ന് ഭയക്കുന്ന പുരുഷന്‍ ഇത് മറച്ചു വെക്കാന്‍ തത്രപ്പെടുന്നു. പീഡിക്കപ്പെട്ട സ്ത്രീയെ ഇരയായും പീഡിപ്പിച്ച പുരുഷനെ ഹീറോ ആയും സമൂഹം കാണുന്നു.

ഇതിനും മാറ്റം വരുത്തണം. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി അവളുടെ പീഡനാനുഭവം തുറന്നു പറയണം. അവളുടെ ഊരും പേരും വെളിപ്പെടുത്തണം. തിരശ്ശീലയ്ക്ക് പിന്നില്‍ ഒളിഞ്ഞു നിന്നു വിലപിക്കുന്ന അവസ്ഥയ്ക്ക് പരിഹാരം കാണണം. എന്റെ ജീവിതം ഇതോടെ നശിച്ചു പോയി എന്നു കരുതാതെ, പീഡിപ്പിക്കപ്പെട്ട പുരുഷനെക്കുറിച്ച് എല്ലാകാര്യങ്ങളും വെളിച്ചത്തു കൊണ്ടു വരണം. അപമാനം സ്ത്രീക്കു മാത്രമുളളതല്ല അത് പുരുഷനും ബാധകമാണ്. സ്ത്രീ യെ അപമാനിതയായി കാണാനും, പുരുഷനെ ഹീറോ ആയിക്കാണാനും ഉളള സമൂഹത്തിന്റെ വീക്ഷണത്തിനു മാറ്റം വരുത്താന്‍ സ്ത്രീ വിചാരിച്ചാല്‍ സാധ്യമാവും.

ലോകത്തിലെ ഏറ്റവും വലിയ പണക്കാരിയുടെയും ഏറ്റവും കൂടുതല്‍ സ്വാധിനിച്ച സ്ത്രീയുടെയും പട്ടികയില്‍ ഇടം തേടിയ ഓപ്പറവിന്‍ഫ്രി ഒന്‍പതാം വയസില്‍ ഗാര്‍ഹിക ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടിയായിരുന്നു. ഒന്നും ഒന്നിന്റെയും അവസാന വാക്കല്ല എന്ന് വിന്‍ഫ്രീ കാട്ടിത്തന്നു. ധൈര്യം കാട്ടിജീവിക്കണമെന്നും, മുഖം മറച്ച് സ്വയം മറന്ന് ജീവിക്കാനുളളതല്ല ജീവിതമെന്നും വിന്‍ ഫ്രീയെന്ന സ്ത്രീ കാട്ടിത്തന്നു. ഈ വര്‍ഷത്തെ വനിതാദിനത്തില്‍ ഇത്തരമൊരു ചിന്താ ദിശയിലേക്ക് കേരള സ്ത്രീകള്‍ മാറിയെങ്കില്‍...

Kookkanam-Rahman, Oprah Winfrey, Article, Women, Gents, Mother, Sister,
-കൂക്കാനം റഹ്മാന്‍

Keywords: Kookkanam-Rahman, Oprah Winfrey, Article, Women, Gents, Mother, Sister, Dress, Group, Train, Bus, Compartment, Conductor, Molestation, Hero, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment