Follow KVARTHA on Google news Follow Us!
ad

മനീഷയും ചുറ്റുവട്ടത്തെ സദാചാര പോലീസുകാരും

കണ്ണൂര്‍ നഗരത്തില്‍ ഒരു യുവാവ് യുവതിയുമായി സംസാരിച്ചുകൊണ്ട് നില്‍ക്കുന്നു. കുറച്ചു സമയത്തിനു ശേഷം അവര്‍ കൂള്‍ബാറില്‍ കയറി ജ്യൂസോ മറ്റോ കഴിച്ചു. അപ്പോഴുണ്ട് ഒരു യുവാവ് ആരുമറിയാതെ Article, Kannur, kasaragod, Railway, Police, Liquor, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ണ്ണൂര്‍ നഗരത്തില്‍ ഒരു യുവാവ് യുവതിയുമായി സംസാരിച്ചുകൊണ്ട് നില്‍ക്കുന്നു. കുറച്ചു സമയത്തിനു ശേഷം അവര്‍ കൂള്‍ബാറില്‍ കയറി ജ്യൂസോ മറ്റോ കഴിച്ചു. അപ്പോഴുണ്ട് ഒരു യുവാവ് ആരുമറിയാതെ അവരെ പിന്‍തുടരുന്നു. വീണ്ടും അവര്‍ കുറേ സമയംകൂടി വര്‍ത്തമാനം പറഞ്ഞ് ആ നഗരത്തില്‍ നില്‍ക്കുന്നു. അതിനു ശേഷം ബസ് സ്റ്റോപ്പിലേക്ക് നീങ്ങിയ അവരെ യുവാവ് പിന്‍തുടരുന്നു. അവരുടെ സംഭാഷണം കേള്‍ക്കുന്നതിനായി കാത് കൂര്‍പിക്കുന്നു. പിന്നീട് യുവാവ് യുവതിയോടൊപ്പമുണ്ടായിരുന്ന യുവാവിനെ സൗഹൃദപൂര്‍വം അടുത്തേക്കു വിളിക്കുന്നു.

എന്താ നിന്റെ പേര്...? പേര് പറയാതെ എന്താ കാര്യമെന്നു തിരക്കിയ യുവാവിനോട് നീയല്ലേ ഹനീഫ എന്നൊരു ചോദ്യം. അല്ല വിവേക് എന്നാണ് പേരെന്ന് മറുപടി പറഞ്ഞു. പിന്നെയും പത്ത് മിനുട്ട് കഴിഞ്ഞു. പേര് ചോദിച്ച യുവാവ് ഫോണെടുത്ത് പലരേയും വിളിക്കുന്നു. പന്തികേട് തോന്നിയതുകൊണ്ട് യുവാവ് യുവതിയെ ബസില്‍ പറഞ്ഞയച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ പത്ത് പന്ത്രണ്ട് ആളുകള്‍ ബൈക്കുകളില്‍ പാഞ്ഞെത്തി. കൂട്ടത്തില്‍ അതികായനായ ഒരാള്‍ യുവാവിനെ കോളറിന് കുത്തിപിടിച്ച് വീണ്ടും പേര് ചോദിക്കുന്നു. വിവേകാണെന്ന് മറുപടി. എന്നാല്‍ എന്താണ് കാര്യമെന്ന് ചോദിച്ചിട്ട് ആരും മറുപടിയും പറയുന്നില്ല. പിന്നെ ഐഡന്റിറ്റി കാര്‍ഡ് കാണിക്കണമെന്നായി.

ഒടുവില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഐഡന്റിറ്റി കാര്‍ഡ് കാണിച്ചുകൊടുത്തു. അപ്പോള്‍ അതില്‍ പേര് വിവേകെന്നുതന്നെയാണ്. ഉടന്‍തന്നെ ക്രൂരന്‍മാരായെത്തിയവരുടെ മുഖഭാവം മാറി. ക്ഷമാപണത്തോടെ വിവേകിനെ നോക്കി. പിന്നെ ചുളിഞ്ഞ ഷര്‍ട്ട് അവര്‍തന്നെ നേരെയാക്കി. ഒടുവില്‍ ഒരു ഉപദേശവും ഇനി നിങ്ങള്‍ മീശ വടിച്ച് താടിമാത്രം വയ്ക്കരുത്. യുവാവിന് ഏറെകുറെ കാര്യങ്ങള്‍ ബോധ്യപ്പെട്ടു. കണ്ണൂരുകാരനല്ലാത്തതിനാല്‍ കാര്യങ്ങള്‍ ഇത്തരത്തിലാണെന്ന് ബോധ്യപ്പെടാന്‍ കുറച്ചു സമയം വേണ്ടിവന്നു. പിന്നെ എപ്പോഴും വിവേക് പറയുന്ന ഒരു വാക്കാണ്. കണ്ണൂരില്‍ കുറേ സദാചാര നാറികളുണ്ട്. അറു ബോറന്‍മാര്‍. അവരുടെ വീട്ടില്‍ അടുപ്പു പുകയുന്നുണ്ടോ എന്ന് അറിയില്ല. എങ്കിലും നാട്ടുകാര്‍ എന്താ ചെയ്യുന്നതെന്ന് നോക്കി നടക്കുകയാ ആ ചെറ്റകള്‍. മറ്റൊരു നാട്ടിലും ഇല്ലാത്ത അവസ്ഥ. ഇത് കണ്ണൂരിലെ മാത്രം അവസ്ഥയല്ല. കാസര്‍കോട് ഇക്കാര്യത്തില്‍ ഒരുപിടി മുന്നിലാണ്. ഇനി മറ്റൊരു കഥ കേട്ടോളൂ... ഇത് പ്രശസ്ത മാധ്യമപ്രവര്‍ത്തക ഷാഹിനയ്ക്ക് കഴിഞ്ഞ ദിവസം ഉണ്ടായ അനുഭവമാണ്.

'ജാമ്യം ഒക്കെ കിട്ടി മടിക്കെരിയില്‍ നിന്നും തിരിച്ചു രാത്രി പത്തു മണിയോടെയാണ് ഞാനും ജിഷയും കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയത്. ഞങ്ങളുടെ ട്രെയിന്‍ പുറപ്പെടാന്‍ രണ്ടു മണിക്കൂര്‍ സമയം ഉണ്ടായിരുന്നു. അവിടെ വെച്ച് ഞങ്ങള്‍ മനീഷയെ പരിചയപ്പെട്ടു. ട്രാന്‍സ്‌ജെന്‍ഡര്‍ ആണ് മനീഷ. നമ്മള്‍ അംഗീകരിച്ചു, കല്‍പ്പിച്ചു കൊടുത്തിട്ടുള്ള ലിംഗ സ്വത്വത്തിനു പുറത്തായത് കൊണ്ട്, കമ്യൂണിറ്റിയിലെ മറ്റു പലരെയും പോലെ മനീഷക്കും വീടില്ല, തെരുവിലാണ് ഉറക്കം. ഞങ്ങള്‍ സൗഹൃദത്തോടെ സംസാരിച്ചപ്പോള്‍ വലിയ സന്തോഷമായി മനീഷയ്ക്ക്. നിങ്ങള്‍ക്ക് എന്നെ പേടിയില്ലേ എന്നായിരുന്നു ആദ്യത്തെ ചോദ്യം. മനീഷയെ പോലെ നിരവധി സുഹൃത്തുക്കള്‍ ഞങ്ങള്‍ക്കുണ്ടെന്നു പറഞ്ഞു. സംസാരിച്ചു വന്നപ്പോള്‍ ഞങ്ങള്‍ക്ക് നിരവധി പൊതു സുഹൃത്തുക്കള്‍ ഉണ്ടെന്നു മനസ്സിലായതും മനീഷക്കു വലിയ ആഹ്ലാദമായി. ഞങ്ങള്‍ക്കും.

പ്ലാറ്റ്‌ഫോമില്‍ സംസാരിച്ചിരുന്ന ഞങ്ങള്‍ മൂന്നു പേരെയും ജനം ഒരു മാതിരി ശ്വാസം മുട്ടലോടെ തുറിച്ചു നോക്കുന്നതും ഞങ്ങളുടെ അരികിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതുമൊക്കെ അറിയുന്നുണ്ടായിരുന്നെങ്കിലും ഞങ്ങള്‍ അത് ശ്രദ്ധിക്കാന്‍ പോയില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു പോലീസുകാരന്‍ ഞങ്ങളുടെ തൊട്ടടുത്ത് വന്നു നിന്ന് ഞങ്ങള്‍ പറയുന്നത് ശ്രദ്ധിച്ചു. കണ്ണൂരിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനയായ സ്‌നേഹതീരത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും കേരളത്തിന് പുറത്തുള്ള ലൈംഗിക ന്യൂനപക്ഷ സംഘടനകളെ കുറിച്ചുമൊക്കെയായിരുന്നു അപ്പോള്‍ സംസാരിച്ചിരുന്നത്.

അത് കുറച്ചു നേരം കേട്ട് നിന്ന ശേഷം അയാള്‍ പോയി. അല്പം കഴിഞ്ഞപ്പോള്‍ ഇതേ പോലീസുകാരന്‍ മറ്റൊരാളുമായി വന്നു. അയാളുടെ കയ്യില്‍ ഒരു വലിയ വടി ഉണ്ടായിരുന്നു. ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് വലിയ ആക്രോശത്തോടെ അയാള്‍ വടി ചുഴറ്റി മനീഷക്കു നേരെ ചാടി വീണു. അര നിമിഷത്തേക്ക് സ്തംഭിച്ചു പോയെങ്കിലും പെട്ടെന്ന് ഞാന്‍ ഇടയ്ക്കു കയറി തടഞ്ഞു . തൊട്ടു പോകരുത് എന്ന് ഞാന്‍ പറഞ്ഞതോടെ അയാള്‍ ക്രോധം കൊണ്ട് അന്ധനായി. ഉടന്‍ അയാള്‍ ഞങ്ങള്‍ക്ക് നേരെ തിരിഞ്ഞു, നീയാരാ? എന്താ ഇവിടെ തുടങ്ങിയ ആക്രോശങ്ങള്‍. ഇവിടെ ഇരിക്കാന്‍ പാടില്ല, ഇപ്പോള്‍ സ്ഥലം വിടണം എന്ന് ഉറഞ്ഞു തുള്ളിക്കൊണ്ട് കല്പന. ഞങ്ങള്‍ വിട്ടു കൊടുത്തില്ല. തര്‍ക്കമായി, വലിയ ബഹളമായി. ഇവിടെ ഇരിക്കരുതെന്നു പറയാന്‍, റെയില്‍വേ സ്‌റ്റേഷന്‍ തനിക്കു സ്ത്രീധനമായി കിട്ടിയതാണോ എന്ന് ചോദിക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.

ചുറ്റും കൂടി നിന്നിരുന്ന പുംഗവന്‍മാരാരും ഒരക്ഷരം മിണ്ടിയില്ല. അവര്‍ പത്ര പ്രവര്‍ത്തകരാണെന്നും ഞങ്ങള്‍ ഇവിടെ സംസാരിച്ചിരിക്കുക മാത്രമായിരുന്നുവെന്നും വേറൊരു തെറ്റും ചെയ്തിട്ടില്ലെന്നും ഒക്കെ മനീഷ വിശദീകരിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതുന്നതു പോലെ. ഞങ്ങളുടെ രേഖകള്‍ കാണണം എന്നായി പിന്നെ ആക്രോശം. അത് റെയില്‍വേ പോലീസിനെ ബോധിപ്പിച്ചോളാം, ഞങ്ങളോട് ഇതൊക്കെ പറയാന്‍ നിങ്ങള്‍ ആരാ എന്നായി ഞങ്ങള്‍. 'ഞാന്‍ റെയില്‍വേ പോലീസ് തന്നെയാണ് എന്ന്് ഗര്‍ജിച്ചു കൊണ്ട് മറുപടി. അയാള്‍ യൂണിഫോമില്‍ ആയിരുന്നില്ല. വഴിയെ പോകുന്നവനും വരുന്നവനും ഒക്കെ പോലീസാണ് എന്ന്് അവകാശപ്പെട്ടാല്‍ അതംഗീകരിക്കേണ്ട കാര്യമെന്ത്? ഐഡി കാര്‍ഡ് കാണിച്ചു തന്നാല്‍ ഞങ്ങളുടെ യാത്രാരേഖകള്‍ കാണിക്കാം എന്ന നിലപാടില്‍ ഞങ്ങള്‍ ഉറച്ചു നിന്നു. ഐഡി കാര്‍ഡ് കാണിക്കാന്‍ എനിക്ക് സൗകര്യമില്ല എന്നായി ആ ചേട്ടന്‍. എങ്കില്‍ യാത്രാരേഖകള്‍ കാണിക്കാന്‍ ഞങ്ങള്‍ക്കും സൗകര്യമില്ലെന്ന് ഞങ്ങളും.

ഇതിനിടെ കൂടെയുള്ള പോലീസുകാരന് കുറേശ്ശെ കാര്യം തിരിഞ്ഞു തുടങ്ങി .ഇത് ജോലിയാവും എന്ന് മനസ്സിലായത് കൊണ്ടാണോ അയാള്‍ കോമ്പ്രമൈസ് ടോക് തുടങ്ങി. ചേച്ചീ എന്നൊക്കെയായി വിളി. നിങ്ങള്‍ ട്രെയിനില്‍ കയറാന്‍ വന്നതായിരിക്കാം, എന്നാല്‍ മനീഷ എന്തിനാണ് അവിടെ വന്നതെന്നായി അടുത്ത പ്രശനം. ഇതിനിടെ ജിഷ മനീഷക്കു വേണ്ടി ഒരു പ്ലാറ്റ്‌ഫോം ടിക്കറ്റ് എടുത്തിരുന്നു. ഉറഞ്ഞു തുള്ളിക്കൊണ്ടിരുന്ന മഫ്തി പോലീസുകാരന്‍, ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് ജിഷയുടെ കയ്യില്‍ നിന്നും അത് തട്ടിപ്പറിച്ചു. ഇത്രയും ആയതോടെ കാഴ്ചക്കാര്‍ ആയ ജനം സ്ഥിരം സമാധാന ഫോര്‍മുലയുമായി രംഗത്തെത്തി. പോട്ടെ, വിട്ടു കള, സാരമില്ല എന്നൊക്കെയായി കാഴ്ചക്കാര്‍. എന്തായാലും പ്ലാറ്റ് ഫോം ടിക്കറ്റ് എങ്ങനെയോ തിരിച്ചു ഞങ്ങളുടെ കയ്യില്‍തന്നെ എത്തി. ഇതിനിടെ കെ.കെ രാഗേഷ് ഒരു ട്രെയിനില്‍ വന്നിറങ്ങി. അപ്പോഴേക്കും യൂണിഫോം ഇട്ട സാര്‍ ഇടാത്ത സാറിനെയും കൊണ്ട് സ്ഥലം വിടുകയും ചെയ്തു. ഞങ്ങളോട് അസഭ്യം പറയുകയും മനീഷയെ പട്ടിയെ പോലെ തല്ലാന്‍ ഓങ്ങുകയും ചെയ്ത ആ പോലീസുകാരന്‍ നല്ലത് പോലെ മദ്യപിച്ചിരുന്നു.

ഇതുപോലുള്ള മറ്റനേകം സംഭവങ്ങള്‍ ദിവസേന ഉണ്ടാകുന്നുണ്ട്. ഗര്‍ഭിണിയായ ഭാര്യയോടൊപ്പം മയ്യില്‍ എന്ന സ്ഥലത്ത് നില്‍ക്കുകയായിരുന്ന നിഷാദ് എന്ന ചെറുപ്പക്കാരനെ ഒരുസംഘം അക്രമിച്ചിരുന്നു. തട്ടമിട്ട ഗര്‍ഭിണിയുടെ ഭര്‍ത്താവിനെ കണ്ടാല്‍ മുസല്‍മാനാണെന്ന് തോന്നില്ലായിരുന്നു. പേര് ചോദിച്ചപ്പോള്‍ നിഷാദ്. അതുകൂടി കേട്ടപ്പോള്‍ ഹാലിളകിയ നാറികള്‍ ഗര്‍ഭിണിയായ യുവതിക്കും കൊടുത്തു നല്ല അസല്‍ ചവിട്ട്. അതിനെതിരെ കേസ് കൊടുത്തതുകൊണ്ട് അവര്‍ക്ക് ശിക്ഷ നല്‍കാന്‍ കഴിഞ്ഞു. എന്നാല്‍ പലരും ഒച്ചവയ്ക്കാന്‍ മടിക്കുന്നതിനാല്‍ സദാചാരന്‍മാര്‍ വീണ്ടും വിലസുകയാണ്. ഇവന്‍മാര്‍ക്കെതിരെ കേസെടുക്കാന്‍ നിയമമുണ്ടെങ്കിലും ആരും അതിന് വേണ്ടി മെനക്കെടാറില്ല.

ഇത്തരം സംഭവങ്ങള്‍ സ്വജീവിതത്തില്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് പലരും മൂക്കത്ത് വിരല്‍ വയ്ക്കുന്നത്. ഇത്തരം സദാചാരന്‍മാര്‍ക്ക് പ്രായഭേദമില്ല. 15 മുതല്‍ 65 വരെയുള്ള കിളവന്‍മാര്‍ വരെ ഈ പണിക്ക് ഇറങ്ങിയിട്ടുണ്ട്. ഇനി ഇവനൊക്കെ ഈ പണിക്കിറങ്ങുമ്പോള്‍ വീട്ടിലിരിക്കുന്ന ഇവരുടെ ഭാര്യയും, പെങ്ങളുമെല്ലാം മറ്റ് വല്ല സദാചാരന്‍മാരുടേയും കൈയ്യില്‍പെടുന്നുണ്ടോ എന്നുകൂടി ശ്രദ്ധിക്കണം...

-എം.കെ. ജോസഫ്

Keywords: Article, Kannur, kasaragod, Railway, Police, Liquor, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment