മഅദനി: വിചാരണ വേഗത്തിലാക്കാനും കടുത്ത വകുപ്പുകള്‍ നീക്കാനും കേരളം ഇടപെടുന്നു

 


ADVERTISEMENT

തിരുവനന്തപുരം: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് പ്രതി അബ്ദുല്‍ നാസര്‍ മഅ്ദനിയെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തില്‍ (അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് യു.എ.പി.എ.) നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരിനെ സമീപിച്ചേക്കും. ഇക്കാര്യത്തില്‍ കേരളത്തിലെ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും നിലപാട് ഒന്നാണെന്നു ചൂണ്ടിക്കാട്ടിയായിരിക്കും ഇതെന്നാണു സൂചന.

ബി.ജെ.പി.യുടെ പ്രഖ്യാപിത നിലപാട് മഅ്ദനിക്കെതിരും അദ്ദേഹത്തിനെതിരേ കേസ് എടുത്തതിനെ അനുകൂലിക്കുന്നതുമാണ്. എന്നാല്‍ കേരള  നിയമസഭയില്‍ പ്രാതിനിധ്യമുള്ള കക്ഷികളുടെ നിലപാട് പരിഗണിച്ചാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ കര്‍ണാടക മുഖ്യമന്ത്രി ജഗ്ദീഷ് ഷെട്ടാറിനു കത്ത് അയയ്ക്കുകയോ സര്‍ക്കാരിനു വേണ്ടി ചീഫ് സെക്രട്ടറി കര്‍ണാടക ചീഫ് സെക്രട്ടറിക്ക് കത്ത് അയയ്ക്കുകയോ ആയിരിക്കും ചെയ്യുക.

മഅ്ദനി ഉള്‍പെടെ മലയാളികള്‍ പ്രതികളായ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് വിചാരണ വേഗത്തിലാക്കണമെന്നും അഭ്യര്‍ത്ഥിക്കുമെന്നാണു വിവരം. ഈ രണ്ടു കാര്യങ്ങളും സംബന്ധിച്ച് നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചു പാസാക്കാനുള്ള സാധ്യതയും സര്‍ക്കാര്‍ ആരായുന്നുണ്ട്.

കടുത്ത വ്യവസ്ഥകള്‍ ഉള്‍പെടുന്ന യു.എ.പി.എയില്‍ പെടുത്തിയതുകൊണ്ടാണ് മഅ്ദനിക്ക് ജാമ്യം ലഭിക്കാതിരിക്കുന്നത്. മാത്രമല്ല, ഈ നിയമപ്രകാരം പ്രതികളായവര്‍ നിരപരാധിത്വം സ്വയം തെളിയിക്കേണ്ടി വരും. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് പ്രതിയായ തടിയന്റവിട നസീറുമായി ഫോണില്‍ സംസാരിച്ച തെളിവിന്റെ മാത്രം അടിസ്ഥാനത്തില്‍ പ്രതിയാക്കിയ മഅ്ദനിയെ ഈ നിയമത്തില്‍ കുടുക്കിയത് നീതിരഹിതമാണെന്ന് കേരള സര്‍ക്കാര്‍ കത്തില്‍ വിശദീകരിക്കും. താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്ന അദ്ദേഹത്തിന് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മാത്രമാണ് രണ്ടര വര്‍ഷത്തിനിടെ ആദ്യമായി അഞ്ചു ദിവസം ജാമ്യം ലഭിച്ചത്.

മഅ്ദനി ജസ്റ്റിസ് ഫോറവും മഅ്ദനിയുടെ കുടുംബവും പി.ഡി.പി. നേതൃത്വും വിവിധ മനുഷ്യാവകാശ സംഘടനകളുമെല്ലാം അഭ്യര്‍ത്ഥിച്ചത് അനുസരിച്ചുള്ള സര്‍ക്കാറിന്റെ ഇടപെടല്‍ മഅ്ദനിയുടെയും മറ്റു മലയാളി പ്രതികളുടെയും കാര്യത്തില്‍ അതീവ നിര്‍ണായകമാകും.

മഅദനി: വിചാരണ വേഗത്തിലാക്കാനും കടുത്ത വകുപ്പുകള്‍ നീക്കാനും കേരളം ഇടപെടുന്നുഅതേസമയം, മറ്റൊരു സംസ്ഥാനത്തെ പോലീസ് എടുത്ത, ദേശീയ ശ്രദ്ധയാകര്‍ഷിച്ച കേസില്‍ ഈ വിധത്തിലുള്ള ഇടപെടല്‍ സംസ്ഥാന സര്‍ക്കാരിനു സാധ്യമാണോ എന്ന നിയമോപദേശവും തേടുന്നുണ്ട്. യുഎപിഎയില്‍ നിന്നു മഅ്ദനിയെ ഒഴിവാക്കണം എന്ന് ആവശ്യപ്പെടാനാകില്ലെന്നും മഅ്ദനിയുടെ ആരോഗ്യ സ്ഥിതിയും മറ്റും പരിഗണിച്ച് വിചാരണ വേഗത്തിലാക്കണം എന്ന് ആവശ്യപ്പെടാമെന്നുമാണ് ഒരു വിഭാഗം നിയമ വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍, ഈ രണ്ടു കാര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നതില്‍ തെറ്റില്ലെന്നാണ് ഡോ. സെബാസ്റ്റിയന്‍ പോള്‍ ഉള്‍പെടെ മറ്റൊരു വിഭാഗം നിയമജ്ഞര്‍ സര്‍ക്കാരിനെ ധരിപ്പിച്ചിട്ടുള്ളത്.

Keywords:  Abdul Nasar Madani, Kerala, Thiruvananthapuram, Karnataka Government, BJP, Case, Court, Dr. Sebastian Paul, PDP, Bangalore Blast Case, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia