പിള്ള പെരുന്തച്ചനാണെങ്കില്‍ ഗണേഷ് കുമാര്‍ പെരുന്തച്ചന്റെ മകനാണ്

 


ADVERTISEMENT

സംസ്ഥാനത്തെ ഒരു മന്ത്രിക്ക് കാമുകിയുടെ ഭര്‍ത്താവിന്റെ കൈയില്‍ നിന്ന് അടികൊണ്ടെന്ന ആരോപണം വിവാദമായിരിക്കുകയാണ്. കാമുകിയുടെ ഭര്‍ത്താവിനെ വഴിവിട്ട ഈ ബന്ധം അറിയിച്ചത് മന്ത്രി പത്‌നിയാണെന്നും ഇയാള്‍ മന്ത്രി മന്ദിരത്തിലെത്തി മര്‍ദിക്കുകയായിരുന്നെന്നും ഒരു പത്രം റിപോര്‍ട്ട് ചെയ്തതിന് പിന്നാലെ മന്ത്രിമാര്‍ ഉള്‍പെടുന്ന ഈ ഗവണ്‍മെന്റിന്റെ ചീഫ് വിപ്പ് പി.സി. ജോര്‍ജ് കാമുകിയുടെ ഭര്‍ത്താവിന്റെ കൈയില്‍ നിന്ന് തല്ലുകിട്ടിയ മന്ത്രി കെ.ബി. ഗണേഷ് കുമാറാണെന്ന് പറയുകയുണ്ടായി.

ഈ വിഷയത്തില്‍ ഗണേഷ് കുമാറിന്റെ ഭാഗത്തുനിന്നും തെറ്റുവല്ലതും സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിനെ ഒരിക്കലും ന്യായീകരിക്കുന്നില്ല. തെറ്റ് എന്തായാലും തെറ്റുതന്നെയാണ്. പക്ഷേ മുഖ്യമന്ത്രിയും, കെ.പി.സി.സി. പ്രസിഡന്റു മൊക്കെ ഈ വിഷയത്തില്‍ മൗനം പാലിക്കുമ്പോള്‍ അടികൊണ്ട മന്ത്രി ഗണേഷാണെന്ന് പറഞ്ഞ് പി.സി. ജോര്‍ജ് പരസ്യമായി രംഗത്തുവന്നതിനുപിന്നില്‍ ഗൂഢാലോചനയില്ലേയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

നെല്ലിയാമ്പതി വിഷയത്തില്‍ പി.സി. ജോര്‍ജും ഗണേഷ് കുമാറും തമ്മില്‍ നിയമസഭയില്‍ കൊമ്പുകോര്‍ത്തപ്പോള്‍ നിന്നെ ഞാന്‍ ഒതുക്കി മൂലയ്ക്കിരുത്തുമെന്ന് ഗണേഷ് കുമാറിനോട് പി.സി. ജോര്‍ജ് പറഞ്ഞത് നാമെല്ലാം കണ്ടതാണ്. 17 വര്‍ഷം കഴിഞ്ഞും സൂര്യനെല്ലി പീഡനക്കേസിലെ പെണ്‍കുട്ടി, പി.ജെ. കുര്യന്‍ തന്നെ പീഡിപ്പിച്ചതാണെന്ന് വിളിച്ചുപറയുമ്പോള്‍ പി.ജെ. കുര്യനെ ഇനിയെങ്കിലും ജീവിക്കാന്‍ അനുവദിച്ചുകൂടെയെന്ന് ഒരു സങ്കോചവും കൂടാതെ വിളിച്ചുപറഞ്ഞയാളാണ് പി.സി. ജോര്‍ജ്.

ഒരു പെണ്‍കുട്ടി വര്‍ഷം ഇത്ര കഴിഞ്ഞിട്ടും ഇയാള്‍ എന്നെ പീഡിച്ചതാണെന്ന് പറയുന്നതില്‍പ്പരം തെറ്റുണ്ടോ ഗണേഷ് കുമാര്‍ ഒരു കാമുകിയുടെ ഭര്‍ത്താവിന്റെ കൈയില്‍ നിന്ന് തല്ലുകൊണ്ടെന്ന് മറ്റൊരാള്‍ പറയുന്നത്. ആര്‍ക്കും ആരെക്കുറിച്ചും പറയാവുന്നതല്ലെ ഇത്. അതും ഗണേഷ് കുമാര്‍ മന്ത്രിയും അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനുമായ സ്ഥിതിക്ക്. 

ചിലപ്പോള്‍ കാര്യമില്ലാത്ത കാര്യത്തിനുപോലും പേരുദോഷം ഉണ്ടാകുക സ്വാഭാവികമാണ്. ഗണേഷ് കുമാറിന്റെ മുന്നണിയില്‍ തന്നെയുള്ള ഒരു വ്യക്തി, ചീഫ് വിപ്പ് പോലുള്ള ഉന്നതസ്ഥാനം വഹിക്കുന്നയാള്‍ ഒരു സ്ത്രീയെ സഹപ്രവര്‍ത്തകന്റെ കാമുകിയായി ചിത്രീകരിച്ചുകൊണ്ട് രംഗത്തുവരുമ്പോള്‍ അതിന്റെ പിന്നിലെ തിരക്കഥ ആരുടേതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പണ്ട് പത്തനാപുരത്തുവെച്ച് വി.എസ്. അച്യുതാനന്ദനെ 'ഞരമ്പ് രോഗിയെന്ന്' ഗണേഷ് കുമാര്‍ വിളിച്ചപ്പോള്‍ ഒപ്പമിരുന്ന് 
പ്രോത്സാഹിപ്പിച്ചയാളല്ലെ പി.സി. ജോര്‍ജ്. 

പിന്നെ ഇപ്പോള്‍ എന്തായീ മനം മാറ്റം? ഇനി യു.ഡി.എഫിനെ സംബന്ധിച്ച് ഗണേഷ് കുമാറിന് കാമുകിയുടെ ഭര്‍ത്താവില്‍ നിന്ന് അടികിട്ടിയിട്ടുണ്ടെങ്കില്‍ത് തന്നെ അത് വലിയ കാര്യമാണോ. മൂന്ന് തവണ കല്യാണം കഴിച്ച കല്യാണരാമന്‍ ശശി തരൂര്‍ അല്ലെ ഇപ്പോള്‍ കേന്ദ്രമന്ത്രിയായി വിലസുന്നത്. ഒന്നുമല്ലെങ്കില്‍ ഗണേഷ് കുമാര്‍ വിവാഹമോചനത്തിന്റെ വക്കില്‍ വരെ ചെന്നശേഷം ആ തീരുമാനം ഉപേക്ഷിച്ച് മക്കളോടും ഭാര്യയോടുമൊപ്പം കുടുംബജീവിതം നയിക്കുന്നയാളല്ലെ. 

തരം കിട്ടുമ്പോള്‍ ഭാര്യയെ മാറ്റിയെടുക്കുന്ന പണിയൊന്നും ഗണേഷ് കുമാറിനില്ലല്ലോ. ശശി തരൂരിന്റെ മൂന്നാം വിവാഹവും ആര്‍ഭാടമാക്കി അദ്ദേഹത്തെ വീരയോദ്ധാവാക്കിയ നാടല്ലേ നമ്മുടെ സാംസ്‌ക്കാരിക കേരളം. സൂര്യനെല്ലി പീഡനക്കേസില്‍ തന്നെ പീഡിപ്പിച്ചുവെന്ന് 17 വര്‍ഷമായി പെണ്‍കുട്ടി പറയുന്നയാളല്ലെ ഇന്ന് രാജ്യസഭാ ഉപാദ്ധ്യക്ഷനായി ഇരിക്കുന്നത്. 

അദ്ദേഹത്തിന്റെ രാജിവാങ്ങി ആരോപണ വിധേയനായതിന്റെ പേരില്‍ മാറി നില്‍ക്കാന്‍ പറയാതെ അദ്ദേഹത്തെ സംരക്ഷിക്കാനല്ലേ കേന്ദ്രവും ശ്രമിക്കുന്നത്. പണ്ട് മന്ത്രിമാരായിരുന്ന ജി. കാര്‍ത്തികേയനും, കടവൂര്‍ ശിവദാസനും ഇതുപോലൊരു വിവാദത്തില്‍ ചെന്ന് ചാടിയതാണ്. അന്ന് ആ സ്ത്രീ വിഷയമുണ്ടായപ്പോള്‍ ജീ. കാര്‍ത്തികേയന്‍ പൊട്ടിക്കരയുന്ന ചിത്രം എല്ലാവരും 
മറന്നുപോയോ? ഇങ്ങനെയൊക്കെയുള്ള സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ ആരും രാജിവയ്ക്കുകയോ ആരുടെയെങ്കിലും രാജിവാങ്ങുകയോ ചെയ്ത ചരിത്രം കോണ്‍ഗ്രസിനോ, മുന്നണിക്കോ, ഹൈക്കമാന്‍ഡിനോ ഉണ്ടോ. അങ്ങനെ ഒരു മാതൃക കാണിച്ചിട്ടുണ്ടെങ്കില്‍ അത് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാര്‍ മാത്രമായിരുന്നു. 

മന്ത്രിസഭയിലെ ഒരു മന്ത്രി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വനിത പരാതിപ്പെട്ടപ്പോള്‍ 24 മണിക്കൂറിനുള്ളില്‍ മന്ത്രിയുടെ മന്ത്രിക്കുപ്പായം അഴിപ്പിച്ചുവെച്ച പാരമ്പര്യം നായനാര്‍ക്കുണ്ട്. പണ്ട് മുണ്ടുകൊടുക്കല്‍ ചടങ്ങില്‍ വിദുരക്കേസില്‍പെട്ട നടന്‍ ജഗതി ശ്രീകുമാറിന് മുണ്ടുകൊടുക്കാന്‍ മനസുകാണിക്കാഞ്ഞ വി.എസും ഇക്കാര്യത്തില്‍ ഒരു പരിധിവരെ മാതൃകയാണ്. ഇതൊക്കെ വെച്ചുനോക്കുമ്പോള്‍ ഗണേഷ് വിഷയം ഒരു മഹാസംഭവമാണോ?

ഇനി ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് എന്താണ് വിഷമം. മകന്‍ പിള്ളയെക്കാളും മികച്ചമന്ത്രിയെന്ന് പേരെടുത്തതോ? അല്ലെങ്കില്‍ പിന്നെ ആര്‍. ബാലകൃഷ്ണപിള്ളയുടെ പ്രശ്‌നം എന്താണ്. 
പണ്ട് യു.ഡി.എഫിന്റെ ഭാഗമായിരുന്നു കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ്. പിള്ള അതിന്റെ ഡപ്യൂട്ടി ലീഡറായിരുന്നു. മൂവാറ്റുപുഴ പാര്‍ലമെന്റ് സീറ്റിനെച്ചൊല്ലി മാണിയും ജോസഫും തമ്മില്‍ കൊമ്പു കോര്‍ത്തപ്പോള്‍ യു.ഡി.എഫ്. നേതൃത്വം മൂവാറ്റുപുഴ സീറ്റ് മാണിഗ്രൂപ്പിന് നല്‍കുകയാണുണ്ടായത്. ഇതില്‍ പ്രതിഷേധിച്ച് പി.ജെ. ജോസഫ് മൂവാറ്റുപുഴയില്‍ സ്വതന്ത്രനായി മത്സരിക്കുകയും തോല്‍ക്കുകയും ചെയ്തു.

അവിടെ മാണിഗ്രൂപ്പില്‍പ്പെട്ട യു.ഡി.എഫിന്റെ പി.സി. തോമസ് വിജയിക്കുകയായിരുന്നു. പിന്നീട് ഈ വിഷയത്തിന്റെ പേരില്‍ യു.ഡി.എഫില്‍ നിന്നകന്ന പി.ജെ. ജോസഫ് പിന്നീട് എല്‍.ഡി.എഫിലേയ്ക്ക് ചേക്കേറിയപ്പോള്‍ പിള്ള ജോസഫ് ഗ്രുപ്പില്‍ നിന്ന് പിന്മാറി സ്വയം രൂപീകരിച്ച പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് (ബി). കെ. കരുണാകരന്റെ ആശീര്‍വാദത്തോടെ പ്രസ്തുത പാര്‍ട്ടി യു.ഡി.എഫിന്റെ ഘടകകക്ഷിയായിത്തീരുകയും ചെയ്തു. പിന്നീട് ആ ഗ്രുപ്പിന് കിട്ടിയ രണ്ട് എം.എല്‍.എ. മാരായിരുന്നു കൊട്ടാരക്കരയില്‍ നിന്നുള്ള പിള്ളയും, കല്ലൂപ്പാറയില്‍ നിന്നുള്ള ജോസഫ് എം. പുതുശേരിയും.

കരുണാകരന്‍ സര്‍ക്കാരില്‍ മന്ത്രിയായിരിക്കേ പഞ്ചാബ് മോഡല്‍ പ്രസംഗത്തിന്റെ പേരില്‍ ബാലകൃഷ്ണപിള്ളയ്ക്ക് മന്ത്രിസ്ഥാനം രാജിവെയ്‌ക്കേണ്ടിവന്നപ്പോള്‍ പകരം ആ ഗ്രൂപ്പിലുള്ള ജോസഫ്.എം.പുതുശേരിക്ക് മന്ത്രിസ്ഥാനം കൊടുക്കാന്‍ സര്‍ക്കാരിന് താല്പര്യമുണ്ടായിരുന്നു. പക്ഷേ പിള്ളയ്ക്ക് താല്പര്യമില്ലായിരുന്നു. ശിഷ്യന്‍ തന്നെക്കാളും വളരുന്നതുതന്നെ കാരണം (അതു തന്നെയായിരുന്നല്ലോ നമ്മുടെ കൊടിക്കുന്നില്‍ സുരേഷുമായുള്ള വിഷയവും). ഇവിടം മുതലാണ് പിള്ളയും പുതുശേരിയും തമ്മില്‍ അകലാന്‍ ഇടയായത്. പുതുശേരി പിന്നീട് മാണിഗ്രൂപ്പിന്റെ ഭാഗമായതോടെ കല്ലൂപ്പാറ ജോസഫ് എം. പുതുശേരിയിലൂടെ മാണിഗ്രൂപ്പ് പിടിച്ചെടുക്കുകയാണുണ്ടായത്. 

പിന്നീട് വന്ന തെരഞ്ഞെടുപ്പില്‍ പകരം പിള്ള ചോദിച്ചുവാങ്ങിയ സീറ്റാണ് പത്തനാപുരം. ആ സീറ്റില്‍ മത്സരിക്കാന്‍ പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെട്ട നേതാക്കന്മാര്‍ ഉണ്ടായിട്ടും പിള്ള വെറും ഒരു സിനിമ നടന്‍ മാത്രമായിരുന്ന തന്റെ പുത്രനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് താല്പര്യം കാണിച്ചത്. (മുമ്പ് കെ. കരുണാകരന്‍ കെ. മുരളീധരനെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ അമര്‍ഷം പൂണ്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ പരാതിപ്പെട്ടവരുടെകൂടെ പിള്ളയും ഉണ്ടായിരുന്നെന്ന് ഓര്‍ക്കുക). പത്താനാപുരത്ത് മത്സരിച്ച ഗണേഷ് കുമാര്‍ സിനിമ നടന്റെ ഗ്ലാമറില്‍ തന്നെ ജയിക്കുകയാണുണ്ടായത്. 

പിള്ള പെരുന്തച്ചനാണെങ്കില്‍ ഗണേഷ് കുമാര്‍ പെരുന്തച്ചന്റെ മകനാണ്തുടര്‍ന്ന് ആന്റണി മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമ്പോഴാണ് ഗണേഷും പിള്ളയും ഒന്നിച്ച് നിയമസഭയില്‍ എത്തുന്നത്. ആ സമയത്താണ് പിള്ള ഇടമലയാര്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത്. തുടര്‍ന്ന് പിള്ളയ്ക്ക് പകരം ആന്റണി മന്ത്രിസഭയില്‍ ഗണേഷനെ മന്ത്രിയാക്കുകയായിരുന്നു. അന്ന് കുറച്ച് അച്ഛനും മകനും തമ്മിലുള്ള നാടകമൊക്കെ നടന്നെങ്കിലും പുതുശേരിയെ മന്ത്രിയാക്കുന്നതില്‍ കാണിച്ച എതിര്‍പൊന്നും പിള്ളയ്ക്ക് മകന്റെ കാര്യത്തില്‍ ഇല്ലായിരുന്നു. അന്ന് ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു അച്ഛന്‍ കുറ്റവിമുക്തനായി തിരിച്ചുവരുമ്പോള്‍ അച്ഛനുവേണ്ടി സ്ഥാനം മാറിക്കൊടുക്കുമെന്ന്. 

ഗണേഷ് കുമാര്‍ പറഞ്ഞതുപോലെ പാലിക്കുകയും ചെയ്തു. പിള്ള കുറ്റവിമുക്തനായി തിരിച്ചുവന്നപ്പോള്‍ മന്ത്രിസ്ഥാനം രാജിവെച്ച് ഗണേഷ് കുമാര്‍ മാതൃക കാട്ടുകയും ചെയ്തു. അന്ന് കുറഞ്ഞനാളുകൊണ്ട്  ജനകീയനായ മികച്ച ഗതാഗതമന്ത്രി എന്ന് പേരെടുക്കാന്‍ ഗണേഷ് കുമാറിന് കഴിഞ്ഞെന്നുള്ള കാര്യത്തില്‍ സംശയമില്ല. ഇന്നും ആര്‍. ബാലകൃഷ്ണപിള്ളയെക്കാളും മന്ത്രിയെന്നുള്ള നിലയില്‍ ജനങ്ങളുടെ ഇടയില്‍ സ്വീകാര്യത ഗണേഷ് കുമാറിന് തന്നെയാണ്. വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ഇടമലയാര്‍ കേസില്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പിള്ളയ്ക്ക് ഒരു വര്‍ഷംജയിലിലേയ്ക്ക് പോകേണ്ടി വന്നു. ആ സമയത്തായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പ് വന്നത്. 

ജയിലില്‍ നിന്നുപോലും കൊട്ടാരക്കരയില്‍ നിന്നു മത്സരിക്കാന്‍ പിള്ള തുനിഞ്ഞതാണ്. അത് നടക്കാതെ വന്നപ്പോള്‍ സ്വന്തം മകളെ സ്ഥാനാര്‍ത്ഥിയാക്കാനും ശ്രമിച്ചു. പിന്നീട് സ്വന്തത്തില്‍പ്പെട്ട ഡോ. മുരളിയെന്നയാള്‍ക്ക് പാര്‍ട്ടി നേതാക്കളെയും അണികളെയും തഴഞ്ഞ് സ്ഥാനാര്‍ത്ഥിത്വം കൊടുക്കുകയാണ് ചെയ്തത്. പിള്ളയുടെയും ഡോ. മുരളിയുടെയുമൊക്കെ സ്വഭാവസവിശേഷത കൊണ്ട് അങ്ങനെ കൊട്ടാരക്കര മണ്ഡലം ചുവപ്പുകോട്ടയായിത്തീരുകയും ചെയ്തു. ഇനി ഉടനെയെങ്ങും പിള്ളയ്ക് അവിടെ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. 

ഇന്ന് ആര്‍. ബാലകൃഷ്ണപിള്ളയുടെ മനസ്സിലെ വിഷമം എന്നു പറഞ്ഞാല്‍, ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ കേരള കോണ്‍ഗ്രസിന്റെയും, യു.ഡി.എഫിന്റേയുമൊക്കെ രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച സീനിയറായ താന്‍ ചൊറിയും കുത്തി വീട്ടില്‍ മൂലയ്ക്കിരിക്കുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ തന്നെക്കാളും ജൂനിയറായ കെ.എം. മാണിയും പി.ജെ. ജോസഫുമൊക്കെ മന്ത്രിമാരായി വിലസുന്നത് പിള്ളയ്ക്ക് സഹിക്കാന്‍ പാടില്ലാത്ത കാര്യമാണ്. അവരോടൊപ്പം എത്താന്‍ പത്തനാപുരത്ത്  ഒരു ഉപതെരഞ്ഞെടുപ്പ് നടത്തിയേ മതിയാകൂ. അതിന് ഗണേഷ് കുമാര്‍  രാജിവെയ്ക്കണം. കുറച്ചുനാള്‍കൂടി ഗണേഷ് കുമാര്‍ സിനിമയിലും മറ്റുമായി നടക്കട്ടെ. 

എന്റെ കാലശേഷം മകനെ എനിക്കുള്ളതെല്ലം നിനക്കുതന്നെയെന്ന് പറയാം. അതല്ലെ ഈ 'അടി' വിവാദത്തിന്റെയും മറ്റുമുള്ള തിരക്കഥ. ഗണേഷ് കുമാര്‍ രാജിവെയ്ക്കണമെന്ന് തന്റെ സഹപ്രവര്‍ത്തകര്‍ പറയാത്തതും അച്ഛനുവേണ്ടി പത്തനാപുരം സീറ്റ് ഉപേക്ഷിക്കാമെന്ന് ഗണേഷ് കുമാര്‍ പറയാത്തതുമല്ലേ പിള്ളയുടെ ഈ തുള്ളലിനു കാരണം. അതിന് പി.സി.ജോര്‍ജിനെയും സുകുമാരന്‍ നായരെയും പോലുള്ളവരെ കൂട്ടുപിടിച്ച് ഇത്തരത്തിലുള്ള തറവേല കാണിക്കേണ്ടതുണ്ടോ. മകനോട് നേരിട്ട് ഇക്കാര്യം തുറന്നുപറഞ്ഞാല്‍ പണ്ട് മന്ത്രിസ്ഥാനം കൈവെള്ളയില്‍ വച്ചുതന്നതുപോലെ രാജിയും എഴുതി കൈയില്‍ത്തരും. അല്ലാതെ അച്ഛന്‍ മകനെ പുറത്താക്കിയെന്നും മകന്‍ അച്ഛനെ പുറത്താക്കിയെന്നുമുള്ള ഈ 'പൊറാട്ട് നാടകം ഇനിയെങ്കിലും ഒന്ന് നിറുത്തിക്കൂടെ. അതും നാലും മൂന്നും ഏഴുപേരുള്ള പാര്‍ട്ടിക്ക്!.' ബാലകൃഷ്ണപിള്ള പെരുന്തച്ചനാണെങ്കില്‍ ഗണേഷ് കുമാര്‍ പെരുന്തച്ചന്റെ മകനാണെന്ന് ഓര്‍ക്കുക'.

പിള്ള പെരുന്തച്ചനാണെങ്കില്‍ ഗണേഷ് കുമാര്‍ പെരുന്തച്ചന്റെ മകനാണ്
-സോണി കെ. ജോസഫ്, കല്ലറയ്ക്കല്‍

Keywords: K.B.Ganesh kumar, B.Balakrishna Pillai, Sarkkar, Minister, Idamalayar, Pathanapuram, Court, Actor, Wife, George,  year, Kvartha,Shashi Tharoor, Party, Members,Seat,Resigned, Cinema, Actor, Minister, Son, P.C George, V.S Achuthanandan, Father, K.M.Mani, P.J.Joseph, Daughter, Jail, Article, National news, Inter National news, Health news, Business news, Educational news, Gulf news, Gold news.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia