Follow KVARTHA on Google news Follow Us!
ad

യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 4

മറ്റെ­ല്ലാ­രം­ഗത്തും എന്ന­പോലെ തന്നെ ഏറെ അഴി­മ­തിയും കുറ്റ­കൃ­ത്യ­ങ്ങളും നമ്മുടെ എയര്‍പോര്‍ട്ടു­കളില്‍ നട­ക്കുന്നു എന്നത് ഏവര്‍ക്കും അറി­യുന്ന Airport, Mumbai, Ibrahim Cherkala, Article, Police men, Dubai,
റ്റെ­ല്ലാ­രം­ഗത്തും എന്ന­പോലെ തന്നെ ഏറെ അഴി­മ­തിയും കുറ്റ­കൃ­ത്യ­ങ്ങളും നമ്മുടെ എയര്‍പോര്‍ട്ടു­കളില്‍ നട­ക്കുന്നു എന്നത് ഏവര്‍ക്കും അറി­യുന്ന കാര്യ­മാ­ണ്. രാജ്യാ­ന്തര കുറ്റ­വാ­ളി­കള്‍ക്ക് സുഖ­മായി യാത്ര ചെയ്യാന്‍ വഴി­കള്‍ ഒരു­ക്കി­ക്കൊ­ടു­ക്കുന്ന എത്ര­യോ ഉദ്യോ­ഗ­സ്ഥ­ന്മാര്‍ ഉള്ളത് കൊണ്ടാണ് മനു­ഷ്യ­ക്ക­ട­ത്തു­പോ­ലുള്ള കുറ്റ­കൃത്യങ്ങള്‍ ആവര്‍ത്തി­ക്ക­പ്പെ­ടു­ന്ന­ത്. മുംബൈ എയര്‍പോര്‍ട്ടിലെ കൈക്കൂ­ലിയും അഴി­മ­തിയും ഏറെ പ്രസി­ദ്ധ­മാ­ണ്. നമ്മുടെ കേര­ള­ത്തിലെ എയര്‍പോര്‍­ട്ടു­ക­ളിലും പണ്‍വാ­ണിഭ സംഘ­ങ്ങളും മറ്റു മാഫി­യ­കളും പണം വാരി എറിഞ്ഞ് അരു­താ­യ്മ­കള്‍ നട­ത്തുന്ന പല സംഭ­വ­ങ്ങളും തെളി­ഞ്ഞ­താ­ണ്.

വര്‍ഷ­ങ്ങള്‍ക്ക് മുമ്പ് ആദ്യ­യാത്ര മുംബൈ എയര്‍പോര്‍ട്ട് വഴി­യാ­യി­രു­ന്നു. ആ കാലത്ത് എമി­ഗ്രേ­ഷന്‍ ക്ലിയ­റന്‍സ് കിട്ടാന്‍ വലിയ ബുദ്ധി­മു­ട്ടാ­ണ്. എന്നാല്‍ മുംബൈ­യിലെ പല ഏജന്‍സി­കളും വളരെ എളു­പ്പ­ത്തില്‍ യാത്ര­ക്കാരെ കയറ്റിഅയ­ക്കും. എയര്‍പോര്‍ട്ടു ഉദ്യോ­ഗസ്ഥ സംഘവും ഏജന്‍സി­കളും തമ്മി­ലുള്ള കളി­യാണ് ഇത് എളു­പ്പ­മാ­ക്കു­ന്ന­ത്. ഇന്ന­ത്തെ­പ്പോലെ രാജ്യത്തെ എയര്‍പോര്‍ട്ടു­ക­ളില്‍ ഇത്ര­യ­ധികം സുര­ക്ഷാ­ക്ര­മീ­ക­ര­ണ­ങ്ങള്‍ ആ കാലത്ത് ഉണ്ടാ­യി­രു­ന്നി­ല്ല. യാത്ര­ക്കാ­രോ­ടൊപ്പം ഏജന്‍സി­യുടെ ആള്‍ക്കാര്‍ക്കും ഉള്ളില്‍ കടന്ന് കാര്യ­ങ്ങള്‍ നേടാന്‍ സാധി­ച്ചി­രു­ന്നു. ഓരോ ഏജന്‍സിക്കും ബന്ധ­മുള്ള ഉദ്യോ­­ഗ­സ്ഥ­ന്മാരും ഉണ്ടാകും. അവ­രുടെ പ്രവൃത്തി സമയം നോക്കി ഏജന്‍സി യാത്ര­ക്കാ­രു­മായി എത്തി നട­ത്തുന്ന ചവിട്ട് നാട­ക­ത്തില്‍ യാത്ര­ക്കാര്‍ കട­ന്നു­പോ­കു­ന്നു. ഇതിന് വാങ്ങുന്ന സംഖ്യ­യില്‍ നല്ലൊരു തുക ഉദ്യോ­ഗ­സ്ഥ­ന്മാര്‍ക്ക് ഉള്ള­താ­ണ്.

ഇതു­പോലെ തന്നെ അന­ധി­കൃത സാധ­ന­ങ്ങ­ളു­മായി വിദേ­ശ­ങ്ങ­ളില്‍ നിന്നും എത്തു­ന്ന­വര്‍ക്കും സംര­ക്ഷണം നല്‍കാന്‍ കാവല്‍ ഉദ്യോ­ഗ­സ്ഥരും ഉണ്ട്. ഉദാ­ര­വല്‍ക്ക­ര­ണ­ത്തിന് മുമ്പ് വിദേശ സാധ­ന­ങ്ങള്‍ ഏറെയും എത്തി­യി­രു­ന്നത് ഇത്തരം ഒത്തു­ക­ളി­കള്‍ വഴി­യാ­ണ്. ലോക­ത്തില്‍ ഏത് രാജ്യത്ത് പുതി­യ­തായി എന്ത് മാര്‍ക്ക­റ്റില്‍ ഇറ­ങ്ങി­യാലും അത് ദുബൈ പോലുള്ള അന്താ­രാഷ്ട്ര വിപ­ണി­യില്‍ എത്തും. അത് വിമാനം കേറി ഉടനെ മുംബൈ­യിലെ ഗള്‍ഫ് ബസാ­റിലും എത്തും. വിദേശ സാധ­ന­ങ്ങള്‍ക്ക് ഏറ്റവും വില കിട്ടുന്ന മുംബൈ മാര്‍ക്കറ്റ് എക്കാ­ല­ത്തെയും മല­യാളി കച്ചവ­ട­ക്കാ­രുടെ പറു­ദീ­സ­യാ­യി. ഏത് സാധ­നവും എത്ര­യ­ധികം ഉണ്ടാ­യാലും ആവ­ശ്യ­ക്കാര്‍ ഉണ്ട് എന്ന­തു­കൊണ്ടും ബിസി­ന­സു­കാര്‍ മുബൈ­യില്‍ താവ­ള­മാ­ക്കി.


ഇല­ക്‌ട്രോ­ണിക് സാധ­ന­ങ്ങളും സ്വര്‍ണവും എല്ലാം ഒരുകാ­ലത്ത് വിദേ­ശ­യാ­ത്ര­ക്കാ­രുടെ ലഗേ­ജു­ക­ളില്‍ നല്ല സ്ഥാനം പിടി­ച്ചി­രു­ന്നു. ഇത് മ­ന­സിലാക്കി ഇന്ത്യന്‍ സര്‍ക്കാര്‍ നിയ­മ­പ­ര­മായി തന്നെ അഞ്ച് കിലോ സ്വര്‍ണം ഒരു യാത്ര­ക്കാ­രന് ടാക്‌സ് അടച്ച് കൊണ്ടു­വരാം എന്ന നിയമം വരെ ഒരി­ക്കല്‍ നട­പ്പി­ലാ­ക്കി. ഇത് ഇന്ത്യ­യിലെ സ്വര്‍ണ വ്യാപാ­രി­കള്‍ക്ക് വലിയ ലാഭ­മാണ് നേടി­ക്കൊ­ടു­ത്ത­ത്. അത് വരെ കള്ള­ക്ക­ട­ത്തായി സ്വര്‍ണരം­ഗത്ത് പ്രവര്‍ത്തി­ച്ചി­രുന്ന പലരും നേര്‍വ­ഴിയില്‍ തന്നെ പ്രവര്‍ത്തനം തുട­ങ്ങി.

ഇതി­നായി ആ കാലത്ത് യാത്ര ചെയ്തി­രുന്ന സാധാ­ര­ണ­ക്കാ­രായ യാത്ര­ക്കാരെ ഉപ­യോ­ഗി­ച്ചു. വര്‍ഷ­ങ്ങ­ളോളം വിദേ­ശത്ത് ജോലി ചെയ്തിട്ടും ജന്മ­നാ­ട്ടില്‍ തിരിച്ചുവരാന്‍ ചുറ്റു­പാ­ടു­കള്‍ അനു­വ­ദി­ക്കാത്ത പലര്‍ക്കും ഈ അവ­സരം വലിയ അനു­ഗ്ര­ഹ­മായി. ഇതിന് ഏറെ ഏജന്‍സി­കള്‍ ഉണ്ടാ­യി. യാത്ര­ക്കാര്‍ ഒരു­ങ്ങുന്ന കാര്യം പറ­ഞ്ഞാല്‍ സ്വര്‍ണക്ക­ച്ച­വ­ട­ക്കാ­രുടെ ഏജന്‍സി­യു­മായി ഇത്ത­ര­ക്കാര്‍ ബന്ധ­പ്പെ­ടും. ഇട­ത്ത­ട്ടു­കാ­രനും ചെറിയ കമ്മീ­ഷന്‍ കിട്ടും. മല­യാ­ളി­ക­ളില്‍ മറ്റു ജില്ല­ക്കാരെ അപേ­ക്ഷിച്ച് കാസര്‍കോട് ജില്ല­ക്കാ­രാ­യി­രുന്നു ഈ രംഗത്ത് പ്രവര്‍ത്തി­ച്ചി­രു­ന്നത്. മുംബൈ­യില്‍ വളരെ മുമ്പ് തന്നെ പല തൊഴി­ലിലും ഏര്‍പ്പെട്ട ഇവര്‍ മുംബൈ­യിലെ എല്ലാ കച്ച­വട രംഗത്തും ഏറെ സ്വാധീനം ചെലു­ത്തി­യി­രു­ന്നു.

അന്താ­രാഷ്ട്ര മാര്‍ക്ക­റ്റില്‍ സ്വര്‍ണവില ആ കാലത്ത് കുറ­വാ­യി­രു­ന്നു­വെ­ന്നത് കൊണ്ട് സര്‍ക്കാ­രിന്റെ സ്വര്‍ണനയം അന്ന് സ്വര്‍ണ­വ്യാ­പാ­രി­കള്‍ ശരിക്കും ഉപ­യോ­ഗി­ച്ചു. ഓരോ യാത്രാ­വി­മാ­ന­ത്തിലും പത്തും ഇരു­പതും യാത്ര­ക്കാര്‍ അഞ്ച് കിലോ സ്വര്‍ണ­വു­മായി എത്തു­മാ­യി­രു­ന്നു. ഇതില്‍ അധി­കവും സാധാ­ര­ണ­യാ­ത്ര­ക്കാ­രായ പ്രവാ­സി­ക­ളാ­യി­രു­ന്നു. പെട്ടെന്ന് നാട്ടില്‍ ഒന്ന് പോയി വരണമെന്ന് തോന്നി­യാല്‍ ഈ അവ­സരം അഞ്ചു­കിലോ സ്വര്‍ണ­വു­മായി വരാന്‍ പറ്റു­മാ­യി­രു­ന്നു. ആദ്യ സമ­യ­ങ്ങ­ളില്‍ വിമാന ടിക്ക­റ്റും, ഒരു സംഖ്യയും ഏജന്‍സി സ്വര്‍ണം എത്തി­ക്കു­ന്ന­വര്‍ക്ക് നല്‍കി­യി­രു­ന്നു. കൂടു­തല്‍ ആളു­കള്‍ ഇതിന് തയ്യാ­റാ­യ­പ്പോള്‍ ആനു­കൂ­ല്യ­ങ്ങളും കുറച്ച് സ്വര്‍ണക്ക­ച്ച­വ­ട­ക്കാര്‍, ലാഭം കൂട്ടാന്‍ തുട­ങ്ങി.

ഇത്തരം ഏര്‍പ്പാട് നില­വില്‍ ഉണ്ടാ­യി­രുന്ന സമയത്ത് എന്റെ ഒരു യാത്ര­യില്‍ നാട്ടു­കാ­ര­നും കൂട്ടു­കാ­ര­നു­മായ സുഹൃ­ത്തിന്റെ പ്രേര­ണ­കൊണ്ട് ഞാനും സ്വര്‍ണവു­മായി മുംബൈ­യി­ലേക്ക് യാത്ര തിരി­ച്ചു. ദുബൈ എയര്‍പോര്‍ട്ടിലും ഈ സ്വര്‍ണ­ക്ക­ട­ത്തിന് വലിയ പരി­ശോ­ധ­ന­കള്‍ ഉണ്ട്. സ്വര്‍ണമായി വരുന്ന യാത്ര­ക്കാ­ര­നെ­ക്കൊണ്ട് പോയി തൂക്കവും അതു­പോലെ അത് വാങ്ങിയ സ്ഥാപ­ന­ത്തിന്റെ ബില്ലും മറ്റു രേഖ­കളും സ്വര്‍ണ ബിസ്‌കറ്റ് നമ്പരും എല്ലാം ശരിക്കും അട­യാ­ള­പ്പെ­ടു­ത്തി­യി­ട്ടുണ്ടോ എന്ന് തിട്ട­പ്പെ­ടു­ത്തി­യ­തിന് ശേഷം മാത്രമേ കട­ത്തി­വി­ടു­ക­യു­ള്ളൂ.

മുംബൈ എയര്‍പോര്‍ട്ടില്‍ ആദ്യ­കാല യാത്ര­കള്‍ ചെയ്ത­വര്‍ക്ക് ഒരി­ക്കലും ഒരു നല്ല അനു­ഭ­വ­ങ്ങള്‍ ഓര്‍ക്കാന്‍ ഉണ്ടാ­കി­ല്ല. കാരണം, ഗേറ്റില്‍ കട­ത്തി­വ­ിടുന്ന സെക്യൂ­രിറ്റി ഉദ്യോ­ഗ­സ്ഥന്‍ മുതല്‍ തുടങ്ങും കൈ നീട്ടാന്‍. വലിയ സംഖ്യ ഒന്നും വേണ്ട, പത്ത് രൂപ­യാ­യാലും അത് ചിരി­യോടെ വാങ്ങി പോക്ക­റ്റില്‍ ഇടും. ആദ്യ യാത്ര­യില്‍ എമി­ഗ്രേ­ഷന്‍ ക്ലിയ­റന്‍സ് ഇല്ലാതെ ഏജന്‍സി­യോട് കൈക്കൂലി വാങ്ങി കട­ത്തി­വി­ടുന്ന അതേ ഉദ്യോ­ഗ­സ്ഥന്റെ അടുത്തും പിന്നീട് യാത്രയ്ക്ക് എത്തു­മ്പോള്‍ പാസ്‌പോര്‍ട്ട് പരി­ശോ­ധിച്ച് ഗൗര­വ­ത്തില്‍ ചോദ്യം ചെയ്യാന്‍ ആരം­ഭി­ക്കും. പരുങ്ങി നില്‍ക്കു­ന്ന­വ­നോട് ദേഷ്യ­ത്തോടെ പറയും അഞ്ഞൂറ് രൂപ തന്നാല്‍ പോകാം, ഇല്ലെ­ങ്കില്‍ അകത്തു കിട­ക്കേ­ണ്ടി­വ­രും. യാത്രാ ചിലവ് കഴിച്ച് പോക്ക­റ്റില്‍ ബാക്കി­യുള്ള നൂറോ, ഇരു­ന്നൂറോ രൂപ ചുരു­ട്ടി­പ്പി­ടിച്ചു കൈയ്യില്‍ വെച്ചു കൊടു­ത്താല്‍ രണ്ട് ചീത്ത വിളിച്ചു പാസ്‌പോര്‍ട്ട് എറി­ഞ്ഞു­ത­രും.

മട­ക്ക­യാ­ത്ര­യില്‍ എത്തു­മ്പോഴും ഓരോ ഗേറ്റ് കട­ക്കുമ്പോഴും വിര­ട്ടല്‍ കേള്‍ക്കാം. കസ്റ്റംസ് കൗണ്ട­റി­ലാണ് ഏറെ പിടി­ച്ചു­പ­റി­യു­ള്ള­ത്. അഞ്ചു രൂപ­യാ­യാലും സന്തോ­ഷ­ത്തോടെ വാങ്ങി പോക്ക­റ്റില്‍ ഇടുന്ന മുംബൈ പോലീ­സു­കാര്‍ക്കി­ട­യിലും ഏറെ മനു­ഷ്യ­ത്വവും നന്മയും ഉള്ള പോലീസു­കാര്‍ ഉണ്ടെ­ന്നത് വലിയ സത്യ­മാ­ണ്.

ഞാന്‍ അഞ്ച് കിലോ സ്വര്‍ണ­വ­മായി വന്ന് ബാങ്കില്‍ ടാക്‌സ് അടച്ച് തിരിച്ച് കസ്റ്റംസ് കൗണ്ട­റി­ലേക്ക് നട­ക്കു­മ്പോള്‍ വെപ്രാ­ള­ത്തി­നി­ട­യില്‍ സ്വര്‍ണം അട­ങ്ങിയ ചെറിയ ബാഗ് കൗണ്ട­റില്‍ തന്നെ മറ­ന്നു. എന്റെ ട്രോളി­യു­മായി മുന്നോട്ടു നീങ്ങു­മ്പോള്‍ കഴു­ത്തില്‍ ശക്തി­യായി ഒരു പിടി­വീ­ണു. ഞാന്‍ ഞെട്ടി! വേദ­ന­യോടെ തല ചെരിച്ച് നോക്കി. ഒരു പോലീ­സു­കാ­രന്‍ കൈയ്യില്‍ നീട്ടി­പ്പി­ടിച്ച സ്വര്‍ണം അട­ങ്ങിയ ബാഗു­മായി നില്‍ക്കു­ന്നു. ''എടോ, നിന്റെ ജീവി­ത­കാലം മുഴു­വന്‍ അദ്ധ്വാ­നി­ച്ചാലും ഇത് ഉണ്ടാ­ക്കാന്‍ കഴി­യി­ല്ലെന്ന് എനിക്ക് അറി­യാം. ഇതി­ല്ലാതെ നീ പുറത്ത് കട­ന്നാല്‍ നിന്നെ കാത്തു­നില്‍ക്കു­ന്ന­വര്‍ നിന്നെ കൊന്ന് ഓട­യില്‍ തള്ളും.'' അയാ­ളുടെ ദേഷ്യ­ത്തോ­ടെ­യുള്ള വാക്ക് കേട്ട് ഞാന്‍ അറി­യാതെ കര­ഞ്ഞു­പോ­യി. മറ്റൊ­രാ­ളുടെ കൈയ്യില്‍ കിട്ടി­യി­രു­ന്നെ­ങ്കില്‍ എന്റെ ഗതി എന്താ­കു­മാ­യി­രു­ന്നു. ബാഗ് വാങ്ങി സൂക്ഷി­ച്ചു­വെച്ച് മുന്നോട്ട് നീങ്ങി. ഗേറ്റിന് പുറത്ത് വരെ ആ പോലീ­സു­കാ­രന്‍ എന്റെ കൂടെ വന്നു. പുറത്ത് കട­ക്കാന്‍ നേരം ഞാന്‍ പോലീ­സു­കാ­രന്റെ രണ്ടു­കൈ­യ്യിലും അര്‍ത്തി­പ്പി­ടിച്ചു മുഖ­മ­മര്‍ത്തി ആയിരം നന്ദി പറ­ഞ്ഞു. പോക്ക­റ്റില്‍ നിന്നും അഞ്ഞൂറു രൂപ­യുടെ നോട്ട് എടുത്ത് അയാ­ളുടെ പോക്ക­റ്റില്‍ ഇട്ടു. അയാള്‍ മന്ദ­ഹാ­സ­ത്തോടെ മറ്റൊരു ഭാഗ­ത്തേക്ക് നട­ന്നു ആള്‍ക്കൂ­ട്ട­ത്തില്‍ മറ­ഞ്ഞു. പിന്നീടു പല യാത്ര­യിലും നോക്കിയെങ്കിലും ആ ദൈവ­ദൂ­തനെ കണ്ടെ­ത്താന്‍ പറ്റി­യി­ല്ല.

-ഇബ്രാഹിം ചെര്‍ക്കള

Also Read:
യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 5

Keywords: Airport, Mumbai, Ibrahim Cherkala, Article, Police men, Dubai, Travel scenes, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Mumbai Airport

Post a Comment