Follow KVARTHA on Google news Follow Us!
ad

പെണ്‍പൂരം

'അരവിന്ദമശോകഞ്ച ചൂതംചനവമാലിക നീലോല്പലം ചപഞ്ചൈതേ പഞ്ചബാണസ്യസായകാ.' സൃഷ്ടിയുടെ നിലനില്‍പ്പിനാധാരമായി മനുഷ്യനില്‍ രതിയുടെയും കാമത്തിന്റെയും സ്ഫുലിംഗങ്ങളുണര്‍ത്താന്‍ കാമദേവന്റെ പഞ്ചബാണങ്ങള്‍ ഭൂമണ്ഡലത്തില്‍ പൂക്കളുടെ നറുമണം പരത്തി ജീവന്റെ തുടിപ്പിനായി വൈകാരിക ഭാവമുണര്‍ത്തുന്ന പെണ്‍പൂരം.
Kasaragod
'അരവിന്ദമശോകഞ്ച
ചൂതംചനവമാലിക
നീലോല്പലം ചപഞ്ചൈതേ
പഞ്ചബാണസ്യസായകാ.'
സൃഷ്ടിയുടെ നിലനില്‍പ്പിനാധാരമായി മനുഷ്യനില്‍ രതിയുടെയും കാമത്തിന്റെയും സ്ഫുലിംഗങ്ങളുണര്‍ത്താന്‍ കാമദേവന്റെ പഞ്ചബാണങ്ങള്‍ ഭൂമണ്ഡലത്തില്‍ പൂക്കളുടെ നറുമണം പരത്തി ജീവന്റെ തുടിപ്പിനായി വൈകാരിക ഭാവമുണര്‍ത്തുന്ന പെണ്‍പൂരം. മീനപ്പൂരം വടക്കേമലബാറിന്റെ വസന്തോത്സവമാണ്. പൂരപൊലിമയില്‍ പെണ്ണും വിഷുസംക്രമത്തില്‍ ആണും ആനന്ദരസത്തില്‍ ആറാടുമെന്നാണ് പഴമ. പെരുമയില്‍ തെക്ക് തൃശൂര്‍പൂരവും ആറാട്ടുപുഴപൂരവും ചെനക്കത്തൂര്‍ പൂരവും പ്രശസ്തമാണ്. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെയും താളമേള കൊഴുപ്പിന്റെയും, കുടമാറ്റത്തിന്റെയും വര്‍ണ്ണവിസ്മയം തീര്‍ക്കുന്ന ആകാശ കാഴ്ചകള്‍ ജനലക്ഷങ്ങള്‍ക്ക് കണ്‍പൂരമാണ്.

മീനമാസത്തിലെ കാര്‍ത്തിക നക്ഷത്രം തൊട്ട് പൂരം വരെ നടക്കുന്ന ഒന്‍പത് ദിനരാത്രങ്ങളിലാണ് പൂരത്തിന്റെ അനുഷ്ഠാന ചടങ്ങുകള്‍. കാമദേവപ്രീതിക്കായി കന്യകമാര്‍ ഒത്തുകൂടി നടത്തുന്ന പൂജയും നിവേദ്യകര്‍മ്മങ്ങളും പൂര്‍വ്വാചാരത്തിന്റെ തുടര്‍ച്ചയാണ്. അവര്‍ണ്ണരുടെ ദേവീക്ഷേത്രങ്ങളില്‍ അഞ്ചും ഏഴും ദിവസങ്ങളിലായാണ് പൂരോത്സവ ചടങ്ങുകള്‍. മുരിക്കിന്‍ പൂവ്, എരിക്കിന്‍ പൂവ്, കട്ടപ്പൂവ്, ചെമ്പകപ്പൂവ്, എന്നിവ അര്‍പ്പിച്ച് പടിഞ്ഞാറ്റയിലെ കന്നിമൂലയിലും കിണറ്റിന്‍കരയിലും നിലവിളക്ക് തെളിയിച്ച് കാമദേവന് പൂജ നടത്തുന്നു. വീട്ടിലെ പ്രായമുള്ളവരാണ് കന്യകമാര്‍ക്ക് പൂക്കള്‍ വാരികൊടുക്കുന്നത്. കാമദേവന് പൂജ നടത്തുന്ന പെണ്‍കുട്ടികള്‍ വ്രതം നോല്‍ക്കണം. പ്രഭാതത്തില്‍ കുളിച്ച് ശുഭ്രവസ്ത്രം ധരിച്ചാണ് പൂരത്തിന് പൂവിടുക. പുലയസ്ത്രീകള്‍ മെടഞ്ഞു നല്‍കുന്ന പൂക്കൂടകളിലും മനോഹരമായി തുന്നിയ കുരിയകളിലുമാണ് കന്യകമാര്‍ പൂവ് ശേഖരിക്കുക. കൈ നിറയെ പൂക്കള്‍ വാരിയെടുത്ത് കാമദേവനെ മനസില്‍ ധ്യാനിച്ചാണ് പൂ സമര്‍പ്പണം.

കാമദഹനവും കാമന്റെ പൂനര്‍ജനനവും പൂരത്തിന്റെ പുരാവൃത്തമുണര്‍ത്തുന്നു. പരമശിവന്റെ നേത്രാഗ്നിയില്‍ ഭസ്മീകരിക്കപ്പെട്ട കാമപുനര്‍ജനിയുമായി ബന്ധപ്പെട്ട ആട്ടവും നൃത്തവും പൂവിടല്‍ ചടങ്ങുകളുമാണ് പൂരോത്സവത്തിന്റെ ഇതിവൃത്തം. പാര്‍വ്വതിയുടെ അപേക്ഷയിലും രതിയുടെ ദുഃഖത്തിലും മനസലിഞ്ഞ ശിവന്‍ കാമന്‍ ജനിക്കണമെങ്കില്‍ കാമപൂജ നടത്തുവാന്‍ കല്‍പ്പിക്കുകയാണ്. ദ്വാപരയുഗത്തില്‍ ശ്രീകൃഷ്ണന്റെയും രുഗ്മിണിയുടെയും പുത്രനായി കാമന്‍ പുനര്‍ജനിക്കാന്‍ മൂന്നുലോകങ്ങളിലെയും കന്യകമാര്‍ പൂവ് കൊണ്ട് കാമവിഗ്രഹം തീര്‍ത്ത് ചൈത്രമാസാദിത്യനായ വിഷ്ണു ഭഗവാനെ സ്തുതിച്ച് പൂജിച്ചു. ഇതുപ്രകാരം നടത്തിയ നടനമാണ് പൂരക്കളി. ഭഗവാന്‍ കൃഷ്ണന്റെ നിര്‍ദ്ദേശം അനുസരിച്ച് സ്ത്രീകള്‍ പാടികളിച്ച പൂരക്കളി പില്‍ക്കാലത്ത് പുരുഷന്‍മാര്‍ കൈയ്യടക്കി.

പൂരോത്സവത്തോടനുബന്ധിച്ച് വിവിധ ദേവീക്ഷേത്രങ്ങളില്‍ പൂരക്കളിയും മറത്തുകളിയുമുണ്ട്. തര്‍ക്കം, ജ്യോതിഷം, മീമാംസ, വ്യാകരണം, പുരാണകഥകള്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് മറത്തുകളി. മറത്തുകളിക്ക് രണ്ടു ക്ഷേത്രങ്ങളിലെ പണിക്കന്‍മാരാണ് പരസ്പ്പരം മാറ്റുരയ്ക്കുന്നത്. മികച്ച കളിക്കാരന് പട്ടും വളയും വീരശൃംഖലയും നല്‍കി ബഹുമാനിക്കുന്നു. പൂരക്കളിക്ക് കൊഴുപ്പേകാനായി കളിക്കിടയില്‍ ഓതിരം, കടകം തുടങ്ങിയ മെയ്യാഭ്യാസ മുറകളും പതിവുണ്ട്.
പൂരോത്സവത്തോടനുബന്ധിച്ച് ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠാബിംബങ്ങളും വിഗ്രഹങ്ങളും പള്ളിവാളുകളും ശുചീകരിച്ച് ചൈതന്യമാക്കുന്ന ചടങ്ങുകളുണ്ട്. ഉത്തരമലബാറില്‍ കണ്ണൂര്‍ പാലക്കുന്നിലെ കൊട്ടുക്കര നമ്പിതറവാട്ടില്‍ വിവിധ പൂക്കള്‍ കൊണ്ട് ഉണ്ടാക്കുന്ന കൂറ്റന്‍ കാമരൂപം ഏറെ പ്രശ്‌സതമാണ്. മകീരം ദിവസം കുടുംബക്കാരാണ് കാമരൂപമുണ്ടാക്കുന്നത്. മുച്ചിലോട്ട് ഭഗവതി പൂരംകുളി കഴിഞ്ഞ് കൊട്ടുക്കര നമ്പിതറവാട്ടില്‍ വരുന്ന സങ്കല്‍പത്തിലാണ് ഈ അനുഷ്ഠാനം. പൂരം നാളില്‍ ഉത്തരമലബാറിലെ വിവിധ വയലുകളില്‍ ആറാട്ടുത്സവവും ആര്‍ഭാടമായി നടത്തിവരുന്നുണ്ട്. കാമദേവന് മണ്ണപ്പവും, തവിടപ്പവും, അരിയപ്പവും ചുട്ടുണ്ടാക്കി വയലിലെ ആറാട്ടിനും ''വരണേ കാമ... നേരത്തെ കാലത്തെ വരണേ കാമാ... എന്നെ ചൊടിച്ചിട്ടും പോലെ കാമ... ഇനിയത്തെ കൊല്ലും വരണേ കാമ...'' എന്ന മൊഴി വഴക്കത്തോടെയാണ് പൂരമഹോത്സവത്തിന്റെ പരിസമാപ്തി. ക്ഷേത്രങ്ങളില്‍ തിടമ്പെഴുന്നള്ളത്തും, വിവിധ ക്ഷേത്രങ്ങളില്‍ നിന്നുള്ള ക്ഷേത്രേശന്മാരുടെ ഒത്തുകൂടിയുള്ള എഴുന്നള്ളത്തും ഭക്തിപൂര്‍വ്വം കൊണ്ടാടി വരുന്നുണ്ട്.

പൂരോത്സവവുമായി ബന്ധപ്പെട്ടാണ് ശാലിയപൊറാട്ട് അരങ്ങേറുക. പൊറാട്ട് ആഘോഷം കാര്‍ത്തിക നാളില്‍ പിലിക്കോട് തെരുവില്‍ നിന്നും ആരംഭിക്കും. പൂരം നാളിന് തലേ ദിവസം നീലേശ്വരത്തും കരിവെള്ളൂരിലും പൊറാട്ട് വേഷങ്ങളിറങ്ങും. പൂരം നാളില്‍ വെള്ളൂരിലും കാഞ്ഞങ്ങാട്ടും പൂരംകുളി കഴിഞ്ഞ് പയ്യന്നൂരിലും പൊറാട്ടുവേഷങ്ങള്‍ ഹാസ്യാനുകരണം നടത്തും. പ്രാചീന നാടക രൂപമായ പൊറാട്ട് ശാലിയ സമുദായക്കാരുടെ കൂട്ടായ്മയില്‍ ഉടലെടുത്ത അനുഷ്ഠാന കലാരൂപമാണ്. ആദ്യം ശാലിയന്‍മാരെ കളിയാക്കുന്ന പൊറാട്ടാണ്. ശേഷം തീയ്യപൊറാട്ട്, കണിശ്ശപൊറാട്ട് എന്നിങ്ങനെ വിവിധ വേഷം ധരിച്ച ആളുകളെ അനുകരിച്ചാണ് പൊറാട്ട് അവതരണം. സമുദായങ്ങള്‍ തമ്മിലുള്ള സ്‌നേഹവും സൗഹൃദവും ശക്തമാക്കാന്‍ നര്‍മ്മം കലര്‍ത്തിയ വിമര്‍ശനത്തിലൂടെ സാധ്യമാകുന്നു. പാവകര്‍മ്മങ്ങള്‍ക്ക് പരിഹാരമായും നേര്‍ച്ചയായും ശാലിയ സമുദായം പൊറാട്ട് വേഷങ്ങള്‍ കെട്ടികളിക്കുന്നു.

മദിച്ച ആനയെ തളര്‍ത്തിയും പാറചവിട്ടി ചേറാക്കിയും ദുഷ്ടനിഗ്രഹവും ശിഷ്ടപരിപാലനവും നടത്തിയ ദേവിയുടെ ചൈതന്യവത്തായ കഥകള്‍ കോലത്തുനാട്ടിലും അള്ളട നാട്ടിലും വാമൊഴി വഴക്കമായി നിലനില്‍ക്കുന്നുണ്ട്. അന്നദാതാവായ അമ്മയുടെ അധികാരപരിധിയില്‍പെടുന്ന ക്ഷേത്രങ്ങളിലെല്ലാം വര്‍ഷം തോറും കൊടിയേറുന്ന പെണ്‍പൂരം നാട്ടില്‍ ഐശ്വര്യസമൃദ്ധി ചൊരിയുന്നു. ദുഷ്ടനായ അല്ലോഹലന്‍ എന്ന അസുരന്റെ തലയറുത്ത് നാട്ടില്‍ ശാന്തിയും സമാധാനവും പരിപാലിച്ച പിലിക്കോട് രയരമംഗലം ക്ഷേത്രപരിധിയിലെ ദേവീക്ഷേത്രങ്ങളില്‍ നടക്കുന്ന പൂരോത്സവം പുരാതന പ്രശസ്തമാണ്. പൂരം കൂടിയാല്‍ കോഴി അറവുപോലും പാടില്ലെന്ന അലിഖിത നിയമം ഇവിടെ നൂറ്റാണ്ടുകളായി അവിശ്വാസികള്‍ പോലും ധിക്കരിക്കാറില്ല. പൂരോത്സവകാലമായാല്‍ കോഴിയറക്കുന്ന തെയ്യങ്ങളും ചടങ്ങുകളും നാട്ടില്‍ പാടില്ലാത്തതാണ്. ദേശാധിപത്യത്തില്‍ ഉടലെടുത്ത ഇത്തരം ആചാരങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പഴയകാലത്ത് കര്‍ശന നടപടിയുണ്ടായിരുന്നു. ചെറുവത്തൂര്‍ വീരഭദ്രക്ഷേത്രത്തിലെ കോഴിയുടെ ഓട്ടുപ്രതിമ പൂരോത്സവകാലത്ത് കോഴിയറുത്ത കുറ്റത്തിന് പ്രായശ്ചിത്തമായി സമര്‍പ്പിച്ചതാണെന്നാണ് വിശ്വാസം.

പൂരവും കാമപൂജയുടെ ആവീര്‍ഭാവവും സംബന്ധിച്ച് പത്മപുരണാത്തിലും കാമപൂജ വസന്തോത്സവമായി കൊണ്ടാടിയിരുന്നുവെന്ന് കാളിദാസന്റെ അഭിജ്ഞാന ശാകുന്തളത്തിലും പരാമര്‍ശിക്കുന്നുണ്ട്. ശകവര്‍ഷപ്രകാരം പൂരം ചൈത്രമാസത്തിലെ ശുക്ലപക്ഷത്രയോദശിയുമായി ഒത്തുവരുന്നുണ്ട്. വര്‍ദ്ധമാന മഹാവീരന്റെ ജന്മദിനമായ മഹാവീര ജയന്തിയായി കൊണ്ടാടപെട്ടിരുന്ന ആചാരമാണ് പൂരമെന്നും സങ്കല്‍പ്പമുണ്ട്. ഭാരത്തില്‍ ജൈനമതം ക്ഷയിച്ചതോടെ പഴയ ആഘോഷങ്ങളും ചടങ്ങുകളും ഇല്ലാതായതും തല്‍സ്ഥാനച്ച് പൂരംപോലെയുള്ള അനുഷ്ഠാന ഇടം തേടിയതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ജൈനമതത്തിലെ അഹിംസാ തത്വത്തില്‍ അടിയുറച്ച പഴയ ആഘോഷത്തിന്റെ പിന്‍തുടര്‍ച്ച പൂരത്തിന് മത്സ്യമാംസാദികള്‍ നിഷേധിക്കാന്‍ കാരണമായി കാണേണ്ടതുണ്ട്.

Writter
Chandran Muttath
-ചന്ദ്രന്‍ മുട്ടത്ത് 

Keywords: Pooram Festival, Article, Chandran Muttath

Post a Comment