Follow KVARTHA on Google news Follow Us!
ad

നാഥാ.....നീവരും....കാലൊച്ച കേള്‍ക്കുവാന്‍............

ദൈവപുത്രന്റെ കാലൊച്ച കേള്‍ക്കുവാന്‍ ഒരുപാട് കാത്തിരുന്നതാണ് കാരാട്ടിന്റെ പാര്‍ട്ടി. കാത്തിരുന്ന് കാത്തിരുന്നിട്ടും ക്രൈസ്തവസഭകളുടെ കരളിന്റെ കരിമ്പുതോട്ടം കട്ടെടുക്കാന്‍ സി.പി.എമ്മിന് ആയില്ല. പ്രത്യയശാസ്ത്രത്തിന് ദൈവത്തിന്റെ മണമില്ല. പകരം വിപ്ലവത്തിന്റേയും സോഷ്യലിസത്തിന്റേയും ചുമന്ന മുഖമാണ്. വ്യവസ്ഥിതികള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റേതാണ് കമ്മ്യൂണിസം. ചരിത്രത്തിലെ ശബ്ദ-നിശബ്ദവിപ്ലവങ്ങളില്‍ പോരിനിറങ്ങിയവരൊക്കെ പാര്‍ട്ടിയുടെ ചുമന്ന ചിന്തകളില്‍ ഉണ്ടാകും. ശ്രീനാരായണ ഗുരുവും സ്വാമിവിവേകാനന്ദനും പാര്‍ട്ടി പരീക്ഷിച്ചുവിജയിച്ച പാഠങ്ങളാണ്. ദൈവപുത്രനെ ജ്ഞാനസ്‌നാനം ചെയ്തത് സ്‌നാപഹയോഹന്നാനായിരുന്നു. ആയിരം ആയിരം ആലംബഹീനരെ അദ്ദേഹം ജ്ഞാനസ്‌നാനം ചെയ്യിച്ചു. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ പ്രത്യയശാസ്ത്രത്തിന്റെ ഭാണ്ഡം തുറക്കുമ്പോള്‍ ദൈവപുത്രനും ഉണ്ടാകണം, ഒരു പോരാളിയായി. ക്രിസ്തുവിന് മനുഷ്യപുത്രനായി പാര്‍ട്ടിസമ്മേളനം ജ്ഞാനസ്‌നാനം ചെയ്യും. പാര്‍ട്ടിഓഫീസുകളിലെല്ലാം മാര്‍ക്‌സിനും എംഗല്‍സിനുമൊപ്പം ക്രിസ്തുവിന്റെ പോരാട്ട ചിത്രവും സ്ഥാനം പിടിക്കും. ഭൂഗോളത്തിലെ സകലമാന ക്രിസ്തുമത വിശ്വാസികള്‍ക്കുമെന്നപോലെ ക്രിസ്തുവിനും സി.പി.എം സ്വന്തമാകും. കാല്‍വരിമലയിലെ ബലിപീഠത്തില്‍ പാര്‍ട്ടി തിരിതെളിക്കും. പ്രവര്‍ത്തകര്‍ വലതുമുഷ്ഠി വായുവില്‍ ഉയര്‍ത്തി അഭിവാദ്യം അര്‍പ്പിക്കും. ശ്രീനാരായണഗുരു അരുവിപ്പുറത്ത് ' ഈഴവശിവനെ ' പ്രതിഷ്ഠിച്ച ചരിത്രം പാര്‍ട്ടി കടമെടുക്കും. ക്രൈസ്തവ സഭകളുടെ ഇല്ലപ്പറമ്പുകള്‍ കാണ്‍കെ കാരാട്ട് ' മാര്‍ക്‌സിസ്റ്റ് ക്രിസ്തു' വിനെ പാര്‍ട്ടിയുടെ ഭൂമികയില്‍ പ്രതിഷ്ഠിക്കും. 2000 വര്‍ഷം മുമ്പത്തെ ക്രിസ്തു ചരിതം പാര്‍ട്ടി സമ്മേളനത്തില്‍ ദൃശ്യവിസ്മയമാകും. കുരിശും ചുമന്നാണ് വി.എസ്സിന്റെ നില്‍പ്പ്. പത്ത് കല്‍പ്പനകളും ലംഘിച്ചതാണ് വി.എസ്സിനെതിരെയുള്ള കുറ്റം. കല്‍പ്പനകേട്ട് നടക്കുന്നവര്‍ക്കുള്ളതാണ് പ്രസ്ഥാനത്തിന്റെ സ്വര്‍ഗ്ഗം. ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ പാര്‍ട്ടിക്ക് വിശ്വാസമില്ല, അത് വി.എസ്സിന്റേതായാലും ക്രിസ്തുവിന്റേതായാലും. ഇനി മുതല്‍ കുരിശിന്റെ വഴിയിലാണ് പാര്‍ട്ടി. എല്ലാം ക്രിസ്തുവിനാല്‍ ...............ക്രിസ്തുവഴി........ക്രിസ്തുവിലൂടെ........സ്‌തോത്രം...സ്‌തോത്രം!

-രാജു ശ്രീധരന്‍ 

Post a Comment